Thursday 13 December 2018 04:55 PM IST

ചിപ്പിയുടെ വാനമ്പാടികൾ...

Unni Balachandran

Sub Editor

chippy002
ഫോട്ടോ: സരിൻ രാംദാസ്

വീട്ടിലുള്ളവരെല്ലാം കൂടി ഒളിച്ചു കളിക്കുകയാണ്. കോളിങ് ബെല്ലാണ് സാറ്റ് മരം. മുഖം പൊത്തിയിരുന്ന് എണ്ണുന്നതോ ചിപ്പിയുടെ മകൾ അവന്തിക. അമ്മ തങ്കവും ചിപ്പിയും ഗൗരിയുമാണ് അകത്ത് ഒളിച്ചിരിക്കുന്നത്. നൂറുവരെ എണ്ണിയശേഷം വീടിനുള്ളിൽ പമ്മിയിരിക്കുന്ന മൂന്നാളെയും പിടിക്കാൻ അവന്തിക അകത്തേക്ക് ഓടി. അടുക്കളയിൽ ഒളിച്ചിരുന്ന മുത്തശ്ശിയെ അവന്തിക പെട്ടെന്ന് കണ്ടുപിടിച്ചു.

ബാക്കിയുള്ള രണ്ടാളെ തേടി മുകളിലെ നിലയിലേക്ക് കയറി. ആ തക്കം നോക്കി സ്റ്റെയർ കെയ്സിനു താഴെ പമ്മിയിരുന്ന ചിപ്പിയും ഗൗരിയും വന്ന് സാറ്റടിച്ചു. അവരുടെ വിജയാഘോഷം കേട്ടെത്തിയ അവന്തിക ഓടി വന്ന് ഗൗരിയെ എടുത്തുപൊക്കി. രണ്ടാളുടെയും കളിചിരികൾ കണ്ട് ചിപ്പിയുടെ അമ്മ തങ്കം പറഞ്ഞു, ‘അവന്തിക ചിപ്പിയുടെ മകളാണ്. ഗൗരി ‘വാനമ്പാടി’ സീരിയലിൽ ചിപ്പിയുടെ മകളായി അഭിനയിക്കുന്നു. അവന്തിക ലെക്കോൾ സ്കൂളിൽ പത്താം ക്ലാസിലും ഗൗരി കാർമൽ സ്കൂളിൽ അഞ്ചാം ക്ലാസിലും പഠിക്കുന്നു. ഗൗരിമോൾ ഞങ്ങളുടെ സ്വന്തം മകളെപ്പോലെയാണ്.’ പറഞ്ഞു തീർന്നതും മുത്തശ്ശിക്കടുത്തിരിക്കാൻ മക്കൾ ഓടിവന്നു.

അവന്തിക: ഗൗരികുട്ടാ, ചിപ്പിയമ്മ സീരിയലിൽ എങ്ങനെയാ? വഴക്കു പറയുമോ? അതോ നല്ല കൂട്ടാണോ?

ഗൗരി: ഏയ്, ചിപ്പിയമ്മ പാവമാ. വഴക്കൊന്നും പറയില്ല. എന്നോടു ഭയങ്കര സ്നേഹമാ. ഞാൻ കഴിക്കാതെ നടക്കുമ്പൊ പിറകെ വന്ന് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും.

ചിപ്പി: മോൾക്ക് ഈ സീരിയലിൽ മുടി മുറിക്കണം എ ന്നു പറഞ്ഞിട്ടും പേടിയൊന്നുമില്ലാരുന്നല്ലോ. എന്നോടു പറഞ്ഞിട്ടില്ലേ ഇതിൽ അഭിനയിക്കാൻ എന്തോ പ്രത്യേക ഇഷ്ടമുണ്ടെന്ന്. അതെന്താ?

chippy006

ഗൗരി: എന്റെ അച്ഛൻ പ്രകാശനും അമ്മ അമ്പിളിയും നന്നായി പാട്ടു പാടും. സീരിയലിലെ അച്ഛൻ കഥാപാത്രമായ മോഹൻകുമാറും  വലിയ പാട്ടുകാരനാണ്. പിന്നെ, ഞാൻ കുഞ്ഞായിരിക്കുമ്പൊ എന്റെ അച്ഛൻ പ്രകാശൻ അപകടത്തിൽ മരിച്ചുപോയതാ. ഈ സീരിയലിൽ അമ്മയായി അഭിനയിക്കുന്ന ചിപ്പി ആന്റിയാണ് വണ്ടിയപകടത്തിൽ മരിക്കുന്നേ.
ഞാൻ ഇപ്പോഴും സ്വപ്നത്തിൽ അച്ഛനെ കാണാറും സംസാരിക്കാറുമൊക്കെയുണ്ട്, അതുപോലെ തന്നെയാണ് സീരിയലിലെ സന്ദർഭങ്ങളും. ചിപ്പി ആന്റി എന്നെ സ്വപ്നത്തിൽ വന്ന് സ്നേഹിക്കും. അനുമോളായി അഭിനയിക്കുമ്പോളും ഇത് എന്റെ തന്നെ അനുഭവങ്ങളാണല്ലോ എന്ന് തോന്നാറുണ്ട്.

അവന്തിക: അതൊക്കെ പോട്ടെ. ചിപ്പിയമ്മയുടെ മകളെ ന്ന് ആളുകൾ വിളിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടോ?

ഗൗരി: പിന്നില്ലേ. റോഡിലൂടെ നടക്കുമ്പൊ  ആരെങ്കിലും ‘വാനമ്പാടിയെന്ന്’ പറഞ്ഞാൽ തന്നെ എനിക്ക് ഭയങ്കര സന്തോഷമാ. അപ്പോഴാ ചിപ്പിയമ്മയുടെ മകളാണെന്ന് ചോദിച്ചാൽ. അല്ല, ചേച്ചിക്ക് ഇത്തിരി അസൂയയുണ്ടല്ലേ? ആ ചോദ്യം കേട്ടതും ചിപ്പി അറിയാതെ ചിരിച്ചുപോയി, എന്നിട്ട് ഗൗരിയുടെ തലയിൽ തലോടി.

അവന്തിക: അങ്ങനെയാണെങ്കിൽ ഞാൻ സ്കൂളിൽ കൂട്ടുകാരികളോട് അങ്ങനെ പറയുമായിരുന്നോ?

ചിപ്പി: എന്ത്? എപ്പൊ?

അവന്തിക: എന്റെ സ്കൂളിൽ ഇവളൊരു വട്ടം ഗസ്റ്റായി വന്നായിരുന്നു. അന്നിവൾ പാടുന്നത് കാണാൻ ഞാൻ സൈഡിൽ ഒരിടത്ത് ഒതുങ്ങി നിന്നു നോക്കി. എങ്ങനെയാണെന്നറിയില്ല. ഇവളെന്നെ കണ്ടുപിടിച്ച് പാട്ടിനിടയി ൽ ‘സൈറ്റ്’ അടിച്ചു കാണിച്ചു. ടീച്ചർമാരോട് ‘അവന്തിക ചേച്ചിയെ കാണണം’ എന്നു പറഞ്ഞ് എന്നെ ബാക് സ്‌റ്റേജിലേക്ക് വിളിപ്പിച്ചു. അന്നെന്റെ കൂട്ടുകാരികളും കൂടെ വന്നായിരുന്നു. അവരെന്നോട് ചോദിച്ചു ഇവളെന്റെ അനിയത്തിയാണോന്ന്? ഇവളുടെ മുഖത്തൊരുമ്മയും കൊടുത്തിട്ട് ഞാൻ പറഞ്ഞു, എന്റെ സ്വന്തം അനിയത്തിക്കുട്ടിയാണെന്ന്.

chippy005

ചിപ്പി: ഇത്രേം വിശദമായിട്ട് അന്നു നീ എന്നോട് പറഞ്ഞില്ലല്ലോ.

ഗൗരി: അതു പിന്നെ, ചേച്ചിയുടേയും അനിയത്തിയുടേ യും എല്ലാ രഹസ്യങ്ങളും അമ്മമാരോടു പറയാൻ പറ്റുമോ. ചേച്ചീ, വീട്ടിൽ ചിപ്പിയമ്മ എങ്ങനെയാ?

അവന്തിക: സീരിയലിൽ പാവമായി മാത്രമല്ലേ അഭിനയിക്കാറുള്ളൂ. അതുകൊണ്ട് കൂട്ടുകാരികൾ പറയും അമ്മ പാവമാ യതുകൊണ്ട് നിനക്ക് സുഖമല്ലേയെന്ന്. അമ്മ ദേഷ്യപ്പെടുമെന്നു പറഞ്ഞാൽ ആരും വിശ്വസിക്കത്തില്ലന്നേ, പാവം ഞാൻ.

ഗൗരി: ആദ്യം വന്നപ്പോൾ ആൺകുട്ടിയാകാൻ മുടി മുറിക്കും എന്നു പറഞ്ഞ് ചിപ്പിയമ്മയും എന്നെ പേടിപ്പിക്കുമായിരുന്നു. സ്കൂളിൽ ചെല്ലുമ്പോൾ ചിലരൊക്കെ ചോദിച്ചിട്ടുണ്ട്, ‘മുടി വെട്ടിയാൽ ഇത്ര പെട്ടെന്ന് വീണ്ടും വരുമോയെന്ന്’. എന്നോട് സ്കൂളിൽ  എല്ലാവരും ചേച്ചിയുടേയും  ചിപ്പിയമ്മയുടേയും വിശേഷങ്ങൾ ചോദിക്കാറുണ്ട്. ചേച്ചിക്ക് അഭിനയിക്കാൻ  ഇ ഷ്ടം ഇല്ലേയെന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്.

അവന്തിക: എനിക്ക് ‘ബിഹൈൻഡ് ദ് ക്യാമറ’ നിൽക്കാനാ  ഇഷ്ടം. അച്ഛന്റേം  അമ്മയുടേം  കൂടെ  സെറ്റിൽ  പോകാറുണ്ട്. പക്ഷേ, അവിടെ വച്ചാരെങ്കിലും അഭിനയിക്കുന്നോ എന്ന് ചോദിച്ചാൽ അപ്പോ തന്നെ കട്ട് പറഞ്ഞു മുങ്ങും.

ഗൗരി: എനിക്ക് അഭിനയിക്കാൻ വലിയ ഇഷ്ടമാണ്, ഭയങ്കര രസമാ ചേച്ചീ അഭിനയം. കുഞ്ഞായിരിക്കുമ്പൊ മുതൽ പാട്ട് പഠിച്ചിട്ടുണ്ട്. ആറു വയസ്സുള്ളപ്പോൾ ‘സ്നേഹസാന്ത്വനം’ എന്നൊരു നാടകത്തിൽ ഞാൻ പാടാൻ പോയി. പാട്ട് കേട്ടിഷ്ടപ്പെട്ടപ്പോ ആ അങ്കിള്മാര്, അതിന് ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചു. ശബ്ദം കൊടുത്തു കഴിഞ്ഞപ്പോ അഭിനയിക്കാമോയെന്നായി. ഞാെനല്ലാത്തിനും റെഡിയല്ലേ. ആ നാടകത്തിലെ പാട്ടിന് മികച്ച ഗായികയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും കിട്ടി. ഇപ്പോ ‘ഓവർടേക്ക്’ എന്നൊരു മലയാള സിനിമയിൽ പാട്ടും പാടി. ആദ്യം അഭിനയിച്ച സീരിയൽ മഴവിൽ മനോരമയിലെ ‘ബന്ധുവാര് ശത്രുവാര്’ ആണ്.

chippy004

ചിപ്പി: അങ്കുകുട്ടി ‘ശ്രീ ഗുരുവായൂരപ്പൻ’ സീരിയലിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. നന്നായി പാടിയിരുന്ന കുട്ടിയാ, പിന്നെ പാട്ടു പഠിക്കുന്നതും നിർത്തി ഉഴപ്പിയായി. എല്ലാം ക്ഷമിക്കാം. പക്ഷേ, എപ്പോ പുറത്തിറങ്ങാൻ പോയാലും ജീൻസും ടീഷർട്ടുമിട്ട് വരുന്നതാ സഹിക്കാൻ പറ്റാത്തെ.  പട്ടു പാവാടേം  ബ്ലൗസുമൊന്നും അവൾക്ക് അത്ര പ്രിയം ഇല്ല.

അവന്തിക:  അപ്പോ, അമ്മ എല്ലാ സീരിയലിലും കരഞ്ഞ് അഭിനയിക്കുന്നതോ? മടുപ്പ് തോന്നാറില്ലേ.

ഗൗരി: ശരിയാ. അതെന്താ ചിപ്പിയമ്മേ ഈ കരയുന്ന വേഷം മാത്രം സിനിമയിലും സീരിയലിലും ചെയ്യുന്നത്?

ചിപ്പി: ഞാൻ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. ഒരു ഡിസ്കഷനിൽ ചെന്നിരിക്കുമ്പോ അവർ ആദ്യം പറയുന്നത് ഇങ്ങനെയാ, ‘ഒരു പാവം കാരക്ടറാണ് നായിക’. അപ്പോഴേ എനിക്ക് മനസ്സിലാകും ഇതെനിക്കിട്ടുള്ള പണിയാണെന്ന്. ആദ്യ  സിനിമ ‘പാഥേയം’ കെപിഎസി ലളിത ചേച്ചി വഴിയാണ് കിട്ടിയത്. ലളിത ചേച്ചിയെ പണ്ടുമുതലേ വീട്ടിൽ എല്ലാവർക്കും അറിയാം. ഭരതൻ സാർ സിനിമയ്ക്കായി നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ചേച്ചിയെന്റെ ഫോട്ടോ സാറിെന കാണിച്ചു. അങ്ങനെയാണ് ‘പാഥേയത്തിൽ’ എത്തുന്നത്. മലയാള സിനിമയിൽ കൂടുതലും ‘പെങ്ങൾ’ കാരക്ടേഴ്സാണ് ഞാൻ ചെയ്തിട്ടുള്ളത്. ‘സ്ഫടിക’ത്തിലെ പോലെ ചേട്ടനു വേണ്ടിയോ അല്ലെങ്കിൽ കുടുംബപ്രശ്നം കാരണമോ കരയാനുള്ള യോഗം കൃത്യമായി എനിക്ക് കിട്ടും.

കന്നഡയിൽ മുപ്പതിലധികം  സിനിമയിൽ ലീഡ് റോൾ  ചെയ്തിട്ടുണ്ട്. സീരിയലിൽ ഇപ്പോൾ സെലക്ടീവാണ്. ‘വാനമ്പാടി’യിലെ പോലെ നല്ല വേഷങ്ങൾ വന്നാൽ മാത്രമേ ചെയ്യൂ. പക്ഷേ, അവിടെയും കരച്ചിൽ എന്നെ വിട്ടു പോയിട്ടില്ല.

അവന്തിക: ‘ഹിറ്റ്ലറി’ലെ അമ്മയുടെ റോൾ എനിക്കിഷ്ടമാ, അതിൽ അത്രയ്ക്ക് കരച്ചിലൊന്നുമില്ല. പക്ഷേ, ഭയങ്കര ബോറൻ ഡ്രസ്സൊക്കെയാ അന്ന് അമ്മ ഉപയോഗിച്ചിരുന്നുത്.

chippy003

ഗൗരി: ആണോ ചിപ്പിയമ്മേ?

ചിപ്പി: ആ കാലത്തെ ഡ്രസല്ലേ മോളെ, ഇപ്പോ കാണുമ്പോ അതെല്ലാം ഔട്ട് ഓഫ് ഫാഷനായല്ലേ തോന്നൂ.

അവന്തിക: ഇപ്പോ അമ്മ പുതിയ ഡിസൈനുള്ള ഡ്രസും നല്ല മേക്കപ്പും ഇട്ടല്ലാതെ പുറത്തിറങ്ങത്തുമില്ല. അതുകൊണ്ട്, അമ്മേടെ പഴയ സിനിമയിലെ ഡ്രസിങ് ഒക്കെ പറഞ്ഞ് ഞാൻ കളിയാക്കാറുണ്ട്.

ചിപ്പി: മതി, മതി. ഇങ്ങനെ പോയാൽ  ശരിയാകില്ല. രണ്ടും കൂടെ എനിക്കിട്ട് കുറച്ചു നേരമായി പാര പണിയുന്നു. നിങ്ങൾക്കിട്ട് ഞാനൊരു പണി തരാം. രണ്ടാളും രണ്ടു വശത്തേക്ക് നിൽക്ക്. ഇനിയാണ് ‘റാപ്പിഡ് ഫയർ റൗണ്ട്’.

ഗൗരി: അതെന്ത് സാധനമാ ?

അവന്തിക: പെട്ടെന്ന് ചോദ്യം ചോദിക്കും, പെട്ടെന്ന് ഉത്തരം പറയണം. സിംപിൾ.

ഗൗരി: ഓകെ. ചോദ്യം സിംപിൾ ആയാൽ ഉത്തരം സ്പീഡിൽ ആകും.

ചിപ്പി: ഇഷ്ടമുള്ള നടൻ ?

ഗൗരി: നടൻമാരെ എല്ലാരേയും ഇഷ്ടമാ. നടിമാരിൽ രമ്യാ നമ്പീശൻ, എനിക്ക് രമ്യചേച്ചിയെപ്പോലെ പാടുകയും അഭിനയിക്കുകയും വേണം.

അവന്തിക: എല്ലാരേയും ഇഷ്ടമാണ്, പക്ഷേ, മോഹൻലാലിനോട് ഇത്തിരി ഇഷ്ടം കൂടുതൽ.

ചിപ്പി: ഇഷ്ടമുള്ള പാട്ട്?

ഗൗരി: ഒരേയൊരു ഊരിൽ (ബാഹുബലി 2)

അവന്തിക: കണ്ട് കണ്ട് കൊതി (മാമ്പഴക്കാലം)

ചിപ്പി: അവസാന ചോദ്യമാണേ. ആദ്യം അവന്തിക പറഞ്ഞാൽ മതി. ഗൗരിയിൽ ഇഷ്ടമുള്ളതെന്തൊക്കെ? അടിയുണ്ടാക്കാനുള്ള ചോദ്യമാണിതെന്ന് മനസ്സിലാക്കി അവന്തിക അമ്മയെ നോക്കി. അതേസമയം ചോദ്യം കേട്ടതും അനിയത്തിയുടെ കുറുമ്പോടെ കുഞ്ഞ് വാനമ്പാടി ചെവി കൂർപ്പിച്ചു വച്ചു.

അവന്തിക: അവൾ ഫ്രണ്ട്‌ലിയാണ്, പാവമാണ്, ചിരിയുമിഷ്ടമാണ്.

ചിപ്പി: ഇനി ഗൗരി ചേച്ചിയെക്കുറിച്ച് പറയൂ...?

ഗൗരി: എനിക്കങ്ങനെയൊന്നും പറയാൻ അറിയില്ല. ചേച്ചി ഒത്തിരി പാവമാ... നല്ല ചേച്ചിയാ. പിന്നെയും  എന്തെങ്കിലും കൂടി പറയണമെന്നുണ്ട് ഗൗരിക്ക്.  കുഞ്ഞുവിരൽ ഉയർത്തി ഒരു കാര്യം കൂടി പറയണമെന്നുണ്ടെന്ന മട്ടിൽ ആലോചിക്കുന്നു. ‘ചേച്ചി അഭിനയിക്കില്ലെന്നല്ലേ പറഞ്ഞുള്ളൂ. സംവിധായിക ആയാൽ എന്നെ നായികയാക്കണം. സീരിയലിൽ അല്ല, സിനിമയിൽ.’

chippy001