Friday 14 August 2020 02:31 PM IST

‘കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണമെന്ന് നിർബന്ധമാണ്; നമ്മുടെ സംസ്കാരം പറഞ്ഞുകൊടുക്കാൻ മടിക്കാറില്ല’; ദിവ്യ ഉണ്ണി പറയുന്നു

Lakshmi Premkumar

Sub Editor

divya6678t8hijojooioi

അമേരിക്കയിലെ ടെക്സസിലെ വീട്ടിൽ കുഞ്ഞിച്ചിരികളുടെയും താലോലങ്ങളുടേയും ബഹളം. ‘വെണ്ണിലാ കൊമ്പിലെ രാപ്പാടി... എന്നുമീ ഏട്ടന്റെ ചിങ്കാരി...’ ഒരാൾ പാടി നിർത്തുന്നിടത്തു നിന്നു മറ്റെയാൾ തുടങ്ങുകയായി... ‘മഞ്ഞുനീര്‍ തുള്ളി േപാല്‍ നിന്നോമല്‍...’ തിരക്കുകൾക്കും കുഞ്ഞു കൊഞ്ചലുകൾക്കും, കോവിഡിന്റെ ഭീതിക്കുമിടയിൽ ദിവ്യാ ഉണ്ണി വനിതയോട് മനസ്സ് തുറക്കുകയാണ്.

അമേരിക്കയിലാണ്, ചുറ്റും കോവിഡാണ്. ഈ കാലം നിത്യജീവിതത്തെ ബാധിച്ചോ? 

കോവിഡ് സത്യത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ജീവിതത്തിൽ കൊണ്ടു വന്നിട്ടുള്ളത്. വീട്ടില്‍ കുഞ്ഞുവാവ വന്ന് വലിയ താമസമൊന്നുമില്ലാതെയാണ് കോവിഡിന്റെ ഭീഷണി വ്യാപകമാകുന്നത്. മോള് വന്നപ്പോൾ തന്നെ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളിൽ നിന്നു നിരവധി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി. സ്വാഭാവികമായും അതുണ്ടാകുമല്ലോ. ഇപ്പോൾ അവളുടെ സൗകര്യത്തിന് അനുസരിച്ചാണ് എല്ലാം. 

പതുക്കെ ഞാനെന്റെ തിരക്കുകളിലേക്ക് തിരിയുമ്പോഴാണ് കോവിഡ് രൂക്ഷമാകുന്നത്. ഇവിടുത്തെ രോഗികളുടെ എണ്ണം വർധിക്കുന്നു. ആകെ ഭീതികരമായ അവസ്ഥയിലേക്ക് രാജ്യം മാറി. കുട്ടികളുടെ പഠനം വീട്ടിലായി. അതിനോടൊക്കെ പൊരുത്തപ്പെടേണ്ടി വന്നു. കുട്ടികൾക്ക് മാനസികസമ്മർദം വരാതെ നോക്കണം. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടാണ് ഇപ്പോൾ എന്റെ ക്ലാസുകളൊക്കെ. അതും ഓൺലൈൻ വഴിയാതുകൊണ്ട് അതിലും നല്ല ശ്രദ്ധ വേണം. 

വീണ്ടും പഴയ പോലെ സുന്ദരി, ആ രഹസ്യമെന്താണ് ? 

സുന്ദരിയാണെന്നു കേൾക്കാൻ തന്നെ സന്തോഷം. പക്ഷേ, അങ്ങനെ ഒരു രഹസ്യവും ഇല്ല. ഞാൻ ഡാൻസ് പ്രാക്ടീസ് ചെയ്യാറുണ്ട്. ജീവിതത്തിൽ ഇതുവരെ സസ്യാഹാരം മാത്രമേ കഴിച്ചിട്ടുള്ളൂ. അമേരിക്കയില്‍ സ്ഥിരവാസമായിട്ടു പോലും ജങ്ക് ഫൂഡ് കഴിച്ചിട്ടേയില്ല. ഇവയില്‍ ഏതെങ്കിലും ഒരു കാരണമായിരിക്കും. 

വീട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ് ? 

ഭർത്താവ് അരുൺ കുമാർ മണികണ്ഠൻ എന്‍ജിനീയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് രണ്ടു വര്‍ഷം മുൻപായിരുന്നു വിവാഹം. മുംബൈ സെറ്റിൽഡ് മലയാളി ഫാമിലിയാണ് അദ്ദേഹത്തിന്റേത്. നാട്ടിൽ തിരുവനന്തപുരമാണ് സ്വദേശം. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും പ്രഷ്യസ് തിങ്സിൽ ഒന്നാണ് അദ്ദേഹം. മോന്‍ അർജുന് പതിനൊന്ന് വയസ്സായി. രണ്ടാമത്തെ മോൾ മീനാക്ഷിക്ക് ഒൻപതും. ഫുൾടൈം വാവയെ ചുറ്റിപറ്റി നടക്കലാണ് ഇപ്പോൾ ഇരുവരുടെയും പണി. 

dibgftfdtf77654

നാടിനെ മിസ്സ് ചെയ്യാറുണ്ടോ? 

എല്ലാ വർഷവും ഞങ്ങൾ കുട്ടികളുമായി നാട്ടിൽ വരാറുണ്ട്. നാടുമായിട്ടുള്ള കണക്‌ഷൻ മക്കൾക്ക് ഉണ്ടാകണമെന്നത് വലിയ നിർബന്ധമാണ്. ഡാന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി ചിലപ്പോൾ നാലും അഞ്ചും ദിവസത്തേക്കൊക്കെ വന്നു പോരാറുണ്ട്. നാട്ടിലെത്തിയാല്‍ പ്രധാന സന്ദര്‍ശനം അമ്പലങ്ങളാണ്. പിന്നെ, സാരിയും ഡാൻസിന് ആവശ്യമുള്ള ആഭരണങ്ങളും വാങ്ങാൻ ഷോപ്പിങ്. ഗുരുക്കൻമാരെ കാണാനും പോകും.

ഏറ്റവും പ്രണയം അമ്പലങ്ങളോടാണെന്ന് കേട്ടിട്ടുണ്ട്...

ഒരു കൂട്ടം ക്ഷേത്രങ്ങളുണ്ട്. എനിക്കെപ്പോഴും പോകാൻ ആഗ്രഹമുള്ളവ. അമേരിക്കയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പോയിട്ടുണ്ട്. മധുരമീനാക്ഷിയുടെ വലിയ ഭക്തയാണ് ഞാൻ. അതാണ് മോളുടെ പേരുപോലും അങ്ങനെയിട്ടത്.  ഇങ്ങ് അമേരിക്കയിൽ ഇരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാനെപ്പോഴും നാട്ടിലെ അമ്പലനടകളിൽ പോകും, പ്രാർഥിക്കും. അപ്പോൾ നാട്ടിൽ എ ത്തി കഴിഞ്ഞുള്ള കാര്യം പ്രത്യേകം പറയണ്ടല്ലോ. മക്കളെയും കൂട്ടി അവിടെയൊക്കെ പോകും. അതൊരു അനുഭൂതിയാണ്. കൊച്ചിയിൽ  ഞങ്ങളുടെ വീടിനോട് ചേർന്നുള്ള പൊന്നേത്ത് ഭഗവതി ക്ഷേത്രം മുതൽ എന്റെ എല്ലാ പ്രിയപ്പെട്ട അമ്പലങ്ങളുടേയും ബലമാണ് ഈ ജീവിതം. 

നൃത്തവും അഭിനയവും മാറ്റിവച്ചാൽ, വീട്ടിലെ ദിവ്യാ ഉണ്ണി എങ്ങനെയാണ് ? 

ഞാൻ പൊതുവേ ഒരു ബഹളക്കാരിയല്ല, പണ്ടും ഇന്നും. മൂന്നു മക്കളുടെ അമ്മ എന്ന നിലയിൽ നോക്കിയാലും ഒരുപാട് ദേഷ്യപ്പെടുന്ന, ചീത്ത പറയുന്ന ഒരാളല്ല ഞാൻ. പറഞ്ഞു കൊടുക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കും. എന്നെ സംബന്ധിച്ച് കുട്ടികൾ സ്വന്തം നാടിന്റെ വില അറിയണമെന്ന് നിർബന്ധമാണ്. സാധാരണ ഗതിയിൽ നാട്ടിൽ വളരുന്ന കുട്ടികൾക്ക് അത് സ്വാഭാവികമായി വന്നു ചേരും. പക്ഷേ, ഇവിടെ ജനിച്ചു വളരുന്ന മക്കൾക്ക് നമ്മൾ പ്രത്യേക ശ്രമങ്ങളിലൂടെ അതു പഠിപ്പിച്ചു കൊടുക്കണം. 

നമ്മുടെ സംസ്കാരം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുമുണ്ട്. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ കാര്യം എടുത്താൽ ഞാനെപ്പോഴും പറയും ഇന്ത്യൻ ഭക്ഷണം വേണം കഴിക്കാൻ. അമേരിക്കൻ ഫൂഡിന് അഡിക്ടാകല്ലേ എന്ന്. നമ്മുടെ ഭക്ഷണത്തിന്റെ പേരുകളൊക്കെ അറിഞ്ഞിരിക്കണം എന്നും എനിക്കു നിർബന്ധമാണ്. അവര്‍ ‘ദാറ്റ് യെല്ലോ തിങ്, ദിസ് ഗ്രീൻ സ്റ്റഫ്’ എന്നൊക്കെയാണ് പ്രയോഗിക്കുക. ഞാൻ അതൊക്കെ മാറ്റി സാമ്പാർ, മെഴുക്കുപുരട്ടി, തോരൻ, തുടങ്ങിയവയെല്ലാം പഠിപ്പിക്കും. 

Tags:
  • Celebrity Interview
  • Movies