Wednesday 12 August 2020 02:28 PM IST

‘രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു, അത് എട്ടു മാസത്തോളം നീണ്ടു’; ഗർഭകാലത്തെ അനുഭവം പറഞ്ഞ് ദിവ്യ ഉണ്ണി

Lakshmi Premkumar

Sub Editor

divyaagvhvhyff

‘ഐ ലൗ യൂ മോർ ദാൻ ഐ കാൻ എക്സ്പ്രസ്. ഹാവിങ് യൂ ബൈ മൈ സൈ ഡ് മേക്സ് ദിസ് ലൈഫ് ദ് ഹാപ്പിയസ്റ്റ്, ഫോർച്ചുനേറ്റ്, ആന്‍ഡ് മോസ്റ്റ് ഗ്രേറ്റ്ഫുൾ.’- ഭർത്താവ് അരുണിന്‍റെ പിറന്നാൾ ദിനത്തിൽ ദിവ്യാ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണ്. വീണ്ടും അമ്മയായതിന്‍റെ സന്തോഷത്തിലാണു ദിവ്യ. 

അമേരിക്കയിലെ ടെക്സസിലെ വീട്ടിൽ കുഞ്ഞിച്ചിരികളുടെയും താലോലങ്ങളുടേയും ബഹളം. ‘വെണ്ണിലാ കൊമ്പിലെ രാപ്പാടി... എന്നുമീ ഏട്ടന്റെ ചിങ്കാരി...’ ഒരാൾ പാടി നിർത്തുന്നിടത്തു നിന്നു മറ്റെയാൾ തുടങ്ങുകയായി... ‘മഞ്ഞുനീര്‍ തുള്ളി േപാല്‍ നിന്നോമല്‍...’ തിരക്കുകൾക്കും കുഞ്ഞു കൊഞ്ചലുകൾക്കും, കോവിഡിന്റെ ഭീതിക്കുമിടയിൽ ദിവ്യാ ഉണ്ണി വനിതയോട് മനസ്സ് തുറക്കുകയാണ്.

ഏറ്റവും പുതിയ വിശേഷങ്ങളെ കുറിച്ച് ? 

മൂന്നാമതും അമ്മയായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം. ജനുവരി 14 ന്. ഇവിടെ അമേരിക്കയിൽ തന്നെയായിരുന്നു പ്രസവം. മോളാണ്. ഐശ്വര്യ ഉണ്ണി അ രുൺ കുമാർ എന്നു േപരിട്ടു. മീനാക്ഷിയും അർജുനുമാണ് എന്റെ മൂത്ത കുട്ടികൾ. അവർക്കാണ് കുഞ്ഞനുജത്തി വന്നതിന്റെ ഏറ്റവും വലിയ സന്തോഷം 

ഒൻപതു വർഷത്തിന് ശേഷം അമ്മയായ അനുഭവം?

എല്ലാവരുടേയും ജീവിതത്തിൽ നല്ല കാലവും ചീത്ത കാലവും ഉണ്ടാകില്ലേ. ഇപ്പോൾ എന്റെ ജീവിതം ഹാപ്പിയാണ്. ആദ്യ രണ്ടു മക്കളും തമ്മിൽ വലിയ വയസ്സ് വ്യത്യാസം ഇല്ല. പക്ഷേ, മൂന്നാമത്തെയാൾ നല്ല വ്യത്യാസത്തിലാണ് ഉണ്ടായത്. വളരെ എക്സൈറ്റഡായിരുന്നു ഞങ്ങള്‍. ഒരു ജൂൺ മാസത്തിലാണ് കുഞ്ഞുവാവ ഉള്ളിലുണ്ടെന്ന് അറിഞ്ഞത്. എനിക്കാണെങ്കിൽ നിരവധി ഡാൻസ് പ്രോഗ്രാമുകൾ നേരത്തെ ബുക്ക് ചെയ്തിട്ടുമുണ്ട്. അരുൺ പറഞ്ഞു, നൃത്തം ജനിച്ച നാൾ മുതൽ ഉള്ളതല്ലേ, ഇതൊര്‍ത്ത് ഒന്നും മാറ്റിവയ്ക്കണ്ട എന്ന്. ഡോക്ടറോടു ചോദിച്ചപ്പോഴും മറ്റു പ്രശ്നമൊന്നുമില്ല എന്നും സ്വന്തമായി ധൈര്യമുണ്ടെങ്കിൽ ചെയ്തോളാനും ഉപദേശിച്ചു. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ട് മാസത്തോളം നീണ്ടു എന്നതാണ് ഏറ്റവും വലിയ കാര്യം. 

മുപ്പത്തിയേഴാം വയസ്സിൽ മൂന്നാമത്തെ ഡെലിവറി?

അതോര്‍ത്തു ചില ഉത്കണ്ഠകളുണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. തലേദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവത്തിനു ശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ, പ്രസവാനന്തര ശുശ്രൂഷകളും. പതുക്കെയാണ് തിരികെ നൃത്തപരിശീലനങ്ങളിലേക്കു വന്നത്. ഓരോ സ്‌റ്റെപ്പായി വച്ച് പ്രാക്ടീസ് തുടങ്ങി.  വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്ന് തോന്നുന്നു. 

divyhbjvbjbg778

ഗർഭകാലത്തെ മറക്കാൻ കഴിയാത്ത ഒരനുഭവം ? 

ആദ്യ കാലത്തുണ്ടാകുന്ന മോണിങ് സിക്ക്നസും മറ്റും എനിക്കുമുണ്ടായിരുന്നു. അതോര്‍ത്ത് ഒരു കാര്യവും മാറ്റി വയ്ക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു പോകും വഴി മണ്ണാറശാല അമ്പലത്തിൽ കയറി. ഞാൻ ഇതുവരെ നൃത്ത പരിപാടി അവതരിപ്പിക്കാത്ത അമ്പലമാണത്. നടയിൽ തൊഴുതു നില്‍ക്കുമ്പോൾ മനസ്സിൽ കരുതി ഇവിടെ ഒരു നൃത്തം അവതരിപ്പിക്കാൻ പറ്റിയിരുന്നെങ്കിലെന്ന്. തിരിച്ചു പോരും മുന്‍പ് ക്ഷേത്രഭാരവാഹികളോട് അതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. എന്റെയൊപ്പം അച്ഛനും അരുണും ഉണ്ടായിരുന്നു. അച്ഛൻ ചോദിച്ചു, ‘ഇപ്പോ വയ്യാണ്ടിരിക്കുകയല്ലേ, ഈയടുത്ത് അവർ വിളിച്ചാൽ എങ്ങനാ ചെയ്യുക.’ അപ്പോൾ ഞാൻ പറഞ്ഞു ‘അവർ ഇനി അടുത്ത കൊല്ലത്തേക്കേ വിളിക്കൂ അച്ഛാ’. 

വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മണ്ണാറശാലയിൽ നിന്നു വിളിയെത്തി. ഈ വർഷം തന്നെ ഡാൻസ് അവതരിപ്പിക്കാമോ എന്നു ചോദിച്ച്. അതും മനോഹരമായി ചെയ്യാനായി എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ആ സമയമായപ്പോഴേക്കും അത്യാവശ്യം വയറൊക്കെയായി. വാദ്യമേളക്കാരൊക്കെ റിഹേഴ്സലിന് എത്തിയപ്പോഴാണ് ഞാൻ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. എല്ലാവർക്കും വലിയ അതിശയമായിരുന്നു. 

ഗുരുവായൂർ നടയിൽ ചുവടുവച്ച അനുഭവം ? 

അന്ന് എട്ടാം മാസത്തിന്റെ ആരംഭമാണ്. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് എന്നെ നോക്കുന്നവർക്കേ എനിക്കു വയറുണ്ടെന്ന് തോന്നുകയുള്ളൂ. അല്ലാതെ ആര്‍ക്കും മനസ്സിലായിട്ടില്ല. സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഗുരുവായൂരിലേക്ക് എന്‍റെ ഡാന്‍സ് നേരത്തെ ബുക്ക് ചെയ്തതാണ്. പറ്റുമെങ്കിൽ നൃത്തം െചയ്യാം എന്നായിരുന്നു മനസ്സിൽ. ഞാൻ വളരെ കോൺഫിഡന്റായിരുന്നു. അച്ഛനും അമ്മയും അരുണും പൂർണ സപ്പോർട്ടോടെ കൂടെ നിന്നു. 

ഹിരണ്യകശിപുവിന്റെയും കയാഥുവിന്റെയും മകനായി പ്രഹ്ലാദൻ ജനിക്കുന്ന കഥയാണ് അവതരിപ്പിച്ചത്. വയറ്റിൽ കിടക്കുമ്പോൾ തന്നെ വിഷ്ണു നാമം ജപിച്ച് വിഷ്ണു ഭക്തനായി മാറുന്ന പ്രഹ്ലാദൻ. ഓരോ ചുവടുകൾ വയ്ക്കുമ്പോഴും എന്റെ വയറ്റിൽ കിടന്ന് മോൾ കൈകാലുകൾ ഇളക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.

Tags:
  • Celebrity Interview
  • Movies