Saturday 14 August 2021 02:37 PM IST

‘‌കുറച്ച് തടിച്ചുരുണ്ട് ഇരുന്നാൽ സ്കിൻ ടൈറ്റായിട്ടിരിക്കും, ചുളിവുകൾ കാണില്ല; അതേയുള്ളൂ ബ്യൂട്ടി സീക്രട്ട്’: മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

Lakshmi Premkumar

Sub Editor

laksss4434fghhhg ഫോട്ടോ: തമ്മി രാമൻ

ഇരുപത് വർഷം പിന്നിടുന്ന സിനിമാ ജീവിതത്തിലെ അനുഭവങ്ങളും വിശേഷങ്ങളുമായി നടി ലക്ഷ്മി ഗോപാലസ്വാമി

വർഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികൾ വലുതാകുമ്പോഴാണെന്ന് പറയാറില്ലേ. ദുൽഖർ സൽമാനൊപ്പം ‘സല്യൂട്ടി’ൽ അഭിനയിക്കാനെത്തിയപ്പോൾ ലക്ഷ്മിഗോപാല സ്വാമിയും അങ്ങനെ ചിന്തിച്ചിരിക്കണം. ഇരുപത് വർഷം മുൻപ് ലക്ഷ്മിയുടെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. ‘അരയന്നങ്ങളുടെ വീട്’.  

പണ്ട് കണ്ട ദുൽഖർ ദാ, വലിയ ചെക്കനായി മുന്നിൽ. ദുൽഖറിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ലക്ഷ്മി സന്തോഷം പങ്കുവച്ചു. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ ലക്ഷ്മിയുടെ മകന്റെ വേഷത്തിലെത്തുമ്പോൾ കാളിദാസ് ജയറാമിന് ഏഴു വയസ്സ്. വർഷങ്ങൾക്കു ശേഷം  സിനിമാ സെറ്റിൽ കാളിദാസിനെ കണ്ടപ്പോഴും ലക്ഷ്മിക്ക് അദ്ഭുതം തോന്നി. കൊച്ചുകുട്ടിയിൽ നിന്ന് ചെറുപ്പക്കാരനിലേക്കുള്ള വളർച്ച.

ലക്ഷ്മി സിനിമയിലെത്തി 20 വർഷം കഴിഞ്ഞെന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്കു തോന്നുന്നത് മറ്റൊരതിശയമാണ്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്മി  ഇപ്പോഴും പഴയതു പോലെ തന്നെ. മാരിറ്റൽ സ്റ്റാറ്റസിലും മാറ്റമൊന്നുമില്ല. പ്രിയതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾക്കൊപ്പം.

ദുൽഖറിനും കാളിദാസനും ഒപ്പം അഭിനയിച്ചപ്പോൾ?

ദുൽഖറിനൊപ്പം ‘സല്യൂട്ട്’ എന്ന സിനിമയിലാണ് അഭിനയിച്ചത്. എത്ര കൂളായിട്ടുള്ള ചെറുപ്പക്കാരനാണ് ദുൽഖർ. അവരുടെ തന്നെ പ്രൊഡക്‌ഷനും ആയിരുന്നു. എത്ര രസമായിട്ടാണ് ആ കുട്ടി കാര്യങ്ങൾ മാനേജ് ചെയ്യുന്നത്. എല്ലാവരോടും ഒരേ പോലെ നന്നായി പെരുമാറുന്നു. എന്നെ സംബന്ധിച്ച് ആ സിനിമയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രത്തിനു ശേഷം  റോഷൻ ആൻഡ്രൂസ് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കിട്ടിയ അവസരമാണ് ‘സല്യൂട്ട്’.

കാളിദാസിനൊപ്പം ചെയ്തത് ‘രജനി’ എന്ന ചിത്രമായിരുന്നു. ഞങ്ങൾക്ക് കോംപിനേഷൻ  സീനൊന്നും ഉണ്ടായിരുന്നില്ല. കാരവാനിലാണ് കാളിദാസിനെ കാണുന്നത്. എന്റെ കുഞ്ഞു മോനായി വന്ന കുട്ടി, ഇത്രയും വലിയ നടനായി മുന്നിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. ഹൃദയം നിറഞ്ഞ് തുളുമ്പി.   

03-copy

വിവാഹം വേണമെന്ന് തോന്നിയിരുന്നോ ?

വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട്. കൊറോണക്കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയൻ ഉ ണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.

എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോ? വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. അതു നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല.

ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ ?  

ജീവിതം എപ്പോഴും ലഭിക്കലുകളും നഷ്ടപ്പെടലുകളുമാണ്. ഒരു സന്തോഷകരമായ സിനിമയുടെ ഷൂട്ടിങ് പാക്കപ് ഡേയിൽ വല്ലാത്ത ഒറ്റപ്പെടൽ തോന്നാറുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് വിവാഹം കഴിച്ചു പോകുമ്പോൾ, വേണ്ടപ്പെട്ടവർ സമീപത്തു നിന്നും വേറെ എങ്ങോട്ടെങ്കിലും പോകുമ്പോൾ, ഒരു യാത്ര അവസാനിക്കുന്ന ദിവസം എല്ലാം ആ ഒറ്റപ്പെടൽ അനുഭവിക്കാറുണ്ട്. പക്ഷേ, അതങ്ങനെയാണെന്ന് മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട്.  

lekshmi566hnmm

ആദ്യ സിനിമയായ അരയന്നങ്ങളുടെ വീട്ടിലേക്ക് വന്നത് ?

ആ പേര് കൃത്യമായി പറയാൻ പത്തു ദിവസമെടുത്തു. മോഡലിങും നൃത്തവും മാത്രം ചെയ്തിരുന്ന എനിക്ക് പുതിയ ലോകമായിരുന്നു അത്. ഒരു പിക്നിക്കിന് വരുന്ന പോലെയാണ് ആദ്യ ദിനം വന്നത്. പേടി കൊണ്ട് എണ്‍പതോളം ഓഫറുകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ, ഈ ചിത്രം വന്നപ്പോൾ നോ പറഞ്ഞില്ല. അതായിരുന്നു യോഗം.

പേടിയുണ്ടായിട്ടും സിനിമ കരിയറായി ഉറപ്പിച്ചത് എങ്ങനെ ?

ലോഹിതദാസ് എന്ന സംവിധായകന്റെ സിനിമ, മമ്മൂട്ടി നായകൻ, ഇതിലെല്ലാം ഉപരിയായി രണ്ട് കുട്ടികളുടെ അമ്മ ഇതെല്ലാം ആകർഷിച്ചു. ആദ്യം ലോഹിതദാസ് സാറിനെ കാണുന്നത് ലക്കിടിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്. അന്ന് അധികം സംസാരമൊന്നുമില്ല. ഞാനാകെ അദ്ഭുതപ്പെട്ടു. ഇത്രയും സംസാരിക്കാത്ത ഒരാൾ എങ്ങനെ സംവിധായകനായി എന്നോർത്തു. സെറ്റിൽ വന്നപ്പോൾ കഥയാകെ മാറി. ഒരുപാട് താമശകൾ പറയുന്ന, അഭിനേതാക്കളെ എഴുതിയിട്ട വഴികളിലൂടെ നടത്തുന്നൊരാൾ.

സ്നേഹം ഒഴുകുന്ന അദ്ദേഹത്തിന്റെ കണ്ണുകളാണ് എപ്പോഴും ആദ്യം ഓർമ വരിക. സത്യൻ അന്തിക്കാട് സാറിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളി’ലേക്ക് എന്നെ നിർദേശിച്ചതും ലോഹിത് സാറാണ്. ഒരു സിനിമ മതിയെന്ന എന്റെ തീരുമാനം മാറ്റി, ഈയൊരു ചിത്രത്തിൽ കൂടി അഭിനയിക്കൂ എന്ന് നിർബന്ധിച്ച് എന്നെ പറഞ്ഞു വിടുകയായിരുന്നു. അതായിരുന്നു ജീവിതത്തിലെ സ്‌റ്റെപ്പിങ് സ്‌റ്റോൺ.  

0E4A4105

ഈ സൗന്ദര്യം ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിന് പിന്നിൽ ?  

നന്നായി ഉറങ്ങും, നന്നായി വെള്ളം കുടിക്കും. വെജിറ്റേറിയനാണ്. സൗന്ദര്യത്തെക്കുറിച്ചും ചർമത്തിന്റെ മിനുപ്പിനെക്കുറിച്ചും ടെൻഷൻ ആകാറില്ല. 40 കഴിയുമ്പോൾ ചർമത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണം. അയ്യോ, എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്നാലോചിച്ചുള്ള ടെൻഷൻ വിട്ടാൽ തന്നെ മനസ്സ് ചെറുപ്പമാകും. അല്ലാതെ വേറെ ടിപ്സ് ഒന്നുമില്ല. പിന്നെ, വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാൽ സ്കിൻ ടൈറ്റായിട്ടിരിക്കും. ചുളിവുകൾ കാണില്ല. അതേയുള്ളൂ സീക്രട്ട്.

എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും ഭാഗ്യമല്ലേ ?

വീടിനു മാത്രമല്ല, മനസ്സിനും വേണമൊരു വാതിൽ. അസ്വസ്ഥമാക്കുന്നതൊന്നും അകത്തേക്ക് കടത്തരുത്. അതാണ് സന്തോഷത്തിലേക്കുള്ള എന്റെ കുറുക്കുവഴി. മൂഡ് സ്വിങ്സ് എനിക്കുമുണ്ടാകാറുണ്ട്. സങ്കടം തോന്നാറുണ്ട്. ആ സമയത്ത് കൂടുതൽ സ്പിരിച്വൽ ആകും. നല്ലൊരു സപ്പോർട്ടിങ് ഫാമിലി ഉള്ളതാണ് എന്റെ ഭാഗ്യം. ഈ പ്രായത്തിലും ഒറ്റയ്ക്ക് ജീവിക്കുന്നത് കുടുംബത്തിന്റെ പൂർണ പിന്തുണ ഉള്ളതു കൊണ്ടാണ്.

ഈ ലോക്‌ഡൗൺ കാലത്ത് ഏറെ സന്തോഷമുള്ള ഒരു കാര്യമുണ്ട്. ഏറെ നാളുകൾക്ക് ശേഷം ഞാനും അനുജൻ അർജുനും ഒന്നിച്ച് ബെംഗളൂരുവിലെ വീട്ടിൽ ഉണ്ടായിരുന്നു. തിരക്കുകളിൽ മിസ് ആയിപ്പോയ കൊച്ചു കൊച്ചു സന്തോഷങ്ങൾ അങ്ങനെ തിരികെ വന്നു.

Tags:
  • Celebrity Interview
  • Movies