Saturday 27 February 2021 04:39 PM IST

‘‍മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്; എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു’: മനസ്സ് തുറന്ന് മാളവിക മോഹനൻ

Vijeesh Gopinath

Senior Sub Editor

newMOHANAN_A_2017_01_057 ഫോട്ടോ: ശ്രേയൻസ് ദങ്കർവാൾ

ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടാണ് മാളവിക മോഹനൻ വളർന്നത്. ഷാരൂഖ് ഖാെന്‍റ ഡോണും ആമിര്‍ ഖാെന്‍റ തലാഷും ഉൾപ്പടെ െമഗാഹിറ്റ് ബോളിവുഡ് സിനിമകൾക്ക് ക്യാമറ ഒരുക്കിയ കെ.യു. മോഹ നന്റെ മകൾ. േകാവിഡ് േലാക്ഡൗണിനു േശഷം തിയറ്ററുകളെ പ്രകമ്പനം െകാള്ളിച്ചെത്തിയ ‘മാസ്റ്റർ’ സിനിമയില്‍ വിജയ് കഥാപാത്രമായ ജെ.ഡിയുടെ പ്രിയപ്പെട്ട ചാരു...

കുട്ടിക്കാലത്ത് മാളവികയ്ക്ക് അച്ഛൻ വലിയൊരു മാജിക്കുകാരനാണെന്ന് തോന്നിയിരുന്നു. അച്ഛനൊപ്പം ലൊക്കേഷനിൽ പോയ ഒരു ദിവസം സിനിമയ്ക്കു വേണ്ടി മഴ പെയ്യുന്നതു കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ,  അച്ഛൻ അത് ക്യാമറയിലാക്കിയപ്പോൾ കാണാൻ നല്ല ഭംഗി. ശരിക്കും മഴ പോലെ... വലുതായാൽ ക്യാമറയ്ക്കു പിന്നിൽ നിൽക്കണം എന്നായി അതോടെ ആഗ്രഹം.

ശരിക്കുമുള്ള മാജിക്കുകാരൻ സംവിധായകനാണെന്നു പിന്നെയാണ് മനസ്സിലായത്. മൈക്കിൽ കൂടി ‘റെയിൻ’ എന്ന് പറയുമ്പോൾ ദേ, മഴ പെയ്യുന്നു. എ ന്നാൽ സംവിധായിക ആയാലോ എന്നായി ചിന്ത. മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുമ്പോഴും ഏതു മേഖലയിലേക്ക് പോകണം എന്ന സംശയക്കടലിൽ തന്നെ. അപ്പോഴാണ് ആ സിംഹത്തിന്റെ മുന്നിൽ എത്തിയത്–ആമിർ ഖാൻ.

‘‘തലാഷ് സിനിമയുടെ  ഷൂട്ടിങ് കാണാനായി പോയി. കുറച്ചകലെ ആമിർ ഖാൻ ഒരു കാറിലിരിക്കുന്നു. അദ്ദേഹം ഇടയ്ക്ക് ഞാനിരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നുണ്ട്. ഷോട്ട് കഴിഞ്ഞപ്പോൾ സംസാരിക്കാൻ അവസരം കിട്ടി.  ഏതു മേഖലയിലേക്ക് എത്താനാണ് പ്ലാനെന്നു ചോദിച്ചു. ഞാനും ആ സംശയത്തിലാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘ക്യാമറയ്ക്കു പിന്നിലല്ല, മുന്നിലാണ് നിങ്ങളുടെ സ്ഥാനം.’

ആദ്യമായാണ് ഒരാൾ എന്നോട് അഭിനയം തിരഞ്ഞെടുക്കാൻ പറയുന്നത്. അതും ആമിർ ഖാൻ. അതു തന്ന ആത്മവിശ്വാസം വലുതാണ്.

വളരുന്നത് ബോളിവുഡ് ലോകത്ത്, ചുവടുറപ്പിക്കുന്നത് തമിഴിൽ. പക്ഷേ, നന്നായി മലയാളം പറയുന്നുമുണ്ടല്ലോ?

മനസ്സു കൊണ്ട് ഞാനിപ്പോഴും ‘പയ്യന്നൂർകാരി’യാണ്.  അച്ഛനും അമ്മയും മലയാളികൾ‌. അച്ഛന്റെ വീട് പയ്യന്നൂരാണ്. മുംബൈയിൽ പഠിച്ചു വളർന്ന കുട്ടിക്ക് പലപ്പോഴും വീടും നാടുമായുള്ള ബന്ധം അറ്റു പോകേണ്ടതാണ്. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല വളർന്നത്. വീട് ഇപ്പോഴും ഒരു മിനി കേരളം തന്നെ.

വർഷത്തിലൊരിക്കൽ നാട്ടിൽ പോകും. ഒരു മാസത്തോളം നിൽക്കും. നാട്ടിൽ നല്ല സുഹൃത്തുക്കളുണ്ട്. മലയാള സിനിമകൾ കണ്ടാണ് വളർ‌ന്നത്. വീട്ടിൽ മലയാളമേ സംസാരിക്കാറുള്ളൂ. ഭക്ഷണത്തിൽ പോലും നാടിന്റെ ടച്ച് ഉണ്ട്. ഷൂട്ടിനല്ലാതെ അച്ഛനെയും അമ്മയെയും വിട്ടു നിന്നിട്ടുമില്ല.

ഞാനിപ്പോഴും പാർ‌ട്ടികൾ ഇഷ്ടപ്പെടുന്ന ഒരാളല്ല. അമ്മയും അച്ഛനും ഒറ്റ കാര്യം മാത്രമേ ഇടയ്ക്കിടെ ഒാർമിപ്പിക്കാറുള്ളൂ. എവിടെ പോയാലും അധികം വൈകും മുൻപേ വീട്ടിൽ എത്തണം. ക്രിയേറ്റീവ് ആയ ഒരാളെ മുംബൈ തരുന്ന സ്വാതന്ത്ര്യം നല്ല രീതിയിൽ സ്വാധീനിക്കും. പല സംസ്കാരമുള്ള സുഹൃത്തുക്കൾ, അവരുടെ സംസാരവും ഭക്ഷണവും രീതികളും എല്ലാം എന്റെ സ്വഭാവം രൂപപ്പെടുത്താൻ സാഹായിച്ചു.

പിന്നെ, എനിക്ക് മലയാളത്തേക്കാളും ബോളിവുഡിനെക്കാളും അവസരങ്ങൾ കിട്ടുന്നതു തമിഴിലാണ്. ‘നിന്റെ കർമ ഭൂമി തമിഴാണ്’എന്ന് അമ്മ എപ്പോഴും പറയും.

MALAVIKA_MOHANAN_-1-Recovered

‘പട്ടം പോലെ’ ആയിരുന്നു ആദ്യ സിനിമ. ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലേ?

പിന്നേ, പ്രതീക്ഷിക്കാതിരിക്കുമോ. ദുൽഖറിന്റെ നായിക, അച്ഛനെ പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’ യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി.

പക്ഷേ, സിനിമ തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.

സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാടു പേർ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോൾ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരു ക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ  അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാടു പേർ ചർച്ച ചെയ്യും. മാനസികമായി വ ലിയ ആഘാതമുണ്ടാക്കും.

സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല.  വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ‌ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകൾ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ‌ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ.

പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ പഠിച്ചു.

Tags:
  • Celebrity Interview
  • Movies