ADVERTISEMENT

ഒരോ ഇൻസ്റ്റ പോസ്റ്റും മംമ്തയുടെ ജീവിതകഥയാണ്‌ പുതിയ രോഗാവസ്ഥയെ തിരക്കുകൾ കൊണ്ടുനേരിടുന്ന മംമ്തയോടൊപ്പം...

ചിലര്‍ ചോദിക്കും, മംമ്തയെ  എവിടെയാണു തിരയേണ്ടത്? ചിലപ്പോൾ എയർപോട്ട് ലോഞ്ചിൽ. അല്ലെങ്കിൽ മാനത്ത്...

ADVERTISEMENT

എന്നും യാത്ര ഇഷ്ടമാണ്. വെറുതെയിരിക്കാനുള്ള സമയം കിട്ടിയാൽ ബാഗുമെടുത്ത് ഇറങ്ങും. ചിലപ്പോൾ ദുബായിലേക്ക്. ബഹ്റൈനിലേക്ക് അതുമല്ലെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലൊസാഞ്ചലസിലേക്ക്. അതുപോലൊരു യാത്രയിൽ എടുത്ത ചിത്രമാണിത്.

2014 ലാണു ഞാൻ കാൻസർ ചികിത്സയ്ക്കായി ലൊസാഞ്ചലസിലേക്കു പോയത്. കഴിഞ്ഞ വർഷം അവിടുത്തെ ഫ്ലാറ്റു വിട്ട് കൊച്ചിയിലേക്കു മടങ്ങി പോന്നു. എട്ടു വർഷം കൊണ്ടു നടന്ന എല്ലാ സാധനങ്ങളും അവിടെ സ്റ്റോറേജിൽ വച്ചിട്ടുണ്ട്. ജീവിതത്തിന്റെ എഴുപതു ശതമാനവും ഇപ്പോഴും ആ ബോക്സുകളിൽ ആണെന്നു പറയാം.

ADVERTISEMENT

പലരും കരുതിയിരിക്കുന്നത് ഇപ്പോഴും ഞാൻ യുഎസിൽ ആണെന്നാണ്. പക്ഷേ, കൊച്ചിയിലുണ്ട്. സിനിമകളുടെ തിരക്കിലായതോടെ പണ്ടത്തെ പോലെ ‘പറക്കൽ’ കുറവാണ്. എങ്കിലും ഇപ്പോഴും ഒരു പ്രശ്നമുണ്ടാകുമ്പോൾ ലൊസാഞ്ചലസിലേക്കു തിരിച്ചു പറക്കാനാണ് എനിക്കു തോന്നാറുള്ളത്. പണ്ടു കാൻസർ ചികിത്സയ്ക്കായി പോയി ഒറ്റയ്ക്കു നേരിട്ടതു കൊണ്ടുമാത്രമല്ല ഈ ഇഷ്ടം. സ്വാതന്ത്ര്യം, സ്വകാര്യത, നിയമങ്ങൾ ഇതൊക്കെയാണു ലൊസാഞ്ചലസ് എന്നെ മടക്കി വിളിക്കുന്നത്.

അവിടെ സ്ഥിരമായി നിൽക്കാൻ അമേരിക്കൻ ചെറുക്കനെ തപ്പിയെടുക്കാൻ കൂട്ടുകാരും ചികിത്സിക്കുന്ന ഡോക്ടർമാരും പറയും. അത്തരം ഷോട്ട് കട്ടുകൾക്കു ഞാനില്ല. പക്ഷേ, രണ്ടു ജീവിതമാണ് ഞാൻ നയിക്കുന്നത്. ഒന്ന് അവർക്കറിയാവുന്ന മംമ്ത. അപ്പുറത്ത് എന്റെ സിനിമ, നാട്, അച്ഛനമ്മമാർ... അതൊക്കെ വിട്ടു പോകാനാകുമോ?

ADVERTISEMENT

കാൻസർ വീണ്ടും വന്നപ്പോൾ ജീവിതത്തിൽ വലിയ തിരിച്ചറിവുണ്ടായി. എന്റെ ഇമോഷനൽ ലൈഫ് സ്റ്റൈൽ തെറ്റായിരുന്നു. അതുകൊണ്ടു തന്നെ ഇമോഷനൽ‌ മാലിന്യങ്ങൾ മനസ്സിൽ എടുത്തുവയ്ക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഇപ്പോൾ മനസ്സിനെ സുന്ദരമായി ശൂന്യമാക്കി വച്ച് സന്തോഷിക്കാൻ പറ്റുന്നുണ്ട്. ആ ശൂന്യത തിരിച്ചറിയാൻ പറ്റുന്നുണ്ട്. അതിൽ മുന്നോട്ടു പോകാനും.

ഒാർമകളുടെ ശക്തിക്കു കരുത്തു കൂടുതലാണ്. പഴയൊരു കാലം മറികടന്ന ഒാർമയാണ് ഇന്ന് എന്റെ ഊർജം.

കാൻസർ കാലം മറികടന്ന ഒാർമ. അതാണെന്നെ വീണ്ടും കരുത്തുള്ള ആളാക്കി മാറ്റുന്നത്. ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ചിലപ്പോൾ നമ്മൾ ക്ഷീണിച്ചു പോകും. പറ്റിയാൽ ആരുടെയെങ്കിലും തോളിൽ ചാരാമെന്ന തോന്നലുണ്ടാകും. അതൊക്കെ ആത്മവിശ്വാസക്കുറവു കൊണ്ടുള്ള തോന്നലുകളാണ്. മറികടന്ന കാലത്തെക്കുറിച്ചുള്ള ഒാർമയാണ് ആത്മവിശ്വാസത്തിന്റെ ഇന്ധനം. അതു കിട്ടിത്തുടങ്ങി.

വിറ്റിലിഗോ എന്ന അസുഖത്തിന്റെ ഇടയിൽ നടത്തിയ യാത്രയിൽ എടുത്ത  ഫോട്ടോയാണിത്. ഏതോ മരുന്നിന്റെ പാർശ്വഫലമാണു തൊലിപ്പുറത്തു പാടുകൾ വന്നത്. ഒാട്ടോ ഇമ്യൂൺ കുഴപ്പങ്ങൾ പലതരത്തിൽ നമ്മുടെ ശരീരത്തെ ബാധിക്കാം. ചിലപ്പോൾ ആന്തരികാവയവങ്ങളെ വരെ ബാധിച്ചേക്കാം. അത്രയ്ക്കൊന്നും സംഭവിച്ചില്ലല്ലോ.

കാൻസറിനായി ചികിത്സിച്ച യുഎസിലെ  ഡോക്ടർമാർ ഞാൻ കഴിച്ചിരുന്ന എല്ലാ മരുന്നുകളും നിർത്താൻ ആവശ്യപ്പെട്ടു. ശരീരത്തിനു സ്വയം ഭേദമാകാനുള്ള സമയം കൊടുക്കാൻ നിർദേശിച്ചു. ഇപ്പോൾ ആയുർവേദ ചികിത്സയാണ്. പഴയ നിറം തിരികെ വന്നു തുടങ്ങി. പൂർണമായി ഭേദമായാൽ ചികിത്സാരീതിയെക്കുറിച്ചു തുറന്നു പറയും.  

ഒപ്പമുള്ളവരുടെ സിംപതി ബ്രേക്ക് ചെയ്താലേ ഏതു രോഗാവസ്ഥയിൽ നിന്നും മുന്നോട്ടു പോകാനാകൂ. അച്ഛനും അമ്മയും ഒക്കെ നമ്മൾ‌ക്കൊപ്പം നിൽക്കുമ്പോഴുള്ള  മാനസികാവസ്ഥയിൽ നിന്നു പുറത്തുവരാനായാണ് യുഎസില്‍ ഒറ്റയ്ക്കു ചികിത്സയ്ക്കായി പോയത്.

മെമ്മറി ഒാഫ് സാഡ്നസ് മായ്ച്ചു കളയണം. എപ്പോഴും അതിനാണു ശ്രമിക്കുന്നത്.

ADVERTISEMENT