Saturday 11 February 2023 03:41 PM IST

‘1000 രൂപയ്ക്കും 100 രൂപയ്ക്കും ഒരു ദിവസം എങ്ങനെ ജീവിക്കാം എന്നറിയാവുന്ന ആളാണ്’; ‘മിനിമലിസ’വുമായി മൃദുല വിജയ്

V.G. Nakul

Sub- Editor

mriddd4555hhhjjjjjj990 ഫോട്ടോ: അരുൺസോൾ

ആദ്യത്തെ കൺമണിയായി മകൾ ‘ധ്വനി കൃഷ്ണ’ എത്തിയതിന്റെ ആനന്ദത്തിലാണ് തിരുവനന്തപുരത്തെ ‘സൃഷ്ടി’ എന്ന വീട്. മലയാളികളുടെ പ്രിയതാരദമ്പതികളായ യുവകൃഷ്ണയുടെയും മ‍ൃദുല വിജയിന്റെയും സ്നേഹഭവനം.

13 വാടകവീടുകളിലെ താമസത്തിനു ശേഷം മകളുമൊത്ത് സ്വന്തം വീട്ടിൽ താമസം തുടങ്ങിയതിന്റെ സന്തോഷവും പുതിയ വിശേ ഷങ്ങളുമായി മൃദുല. ‘‘എന്റെ അച്ഛൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെ കുറവ്. ഞാൻ ജനിച്ചതും വളർന്നതും വാടക വീടുകളിലാണ്. എന്റെ പതിനാറാമത്തെ വയസ്സില്‍ അച്ഛന്റെ ടെൻഷന്‍ എന്നെയും ബാധിച്ചു തുടങ്ങി.  

കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം, ജീവിതചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി വീട്... അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. അതെന്റെ ജീവിതത്തിനു തെളിച്ചമുള്ള ലക്ഷ്യബോധം നൽകി.

പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുമ്പോൾ അറിയാതെ കണ്ണുനനഞ്ഞു. അ പ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമായിരുന്നു. അച്ഛനെയും അമ്മയെയും സ്വന്തം വീട്ടിലേക്കു കൈപിടിച്ചു കയറ്റാനായല്ലോ.  ‘സിംഗിൾ സ്റ്റാറ്റസി’ലാണു വീടു പണി തുടങ്ങിയത്. ഗൃഹപ്രവേശത്തിനു മുൻപ് വിവാഹം നടന്നു. അങ്ങനെ ഉണ്ണിയേട്ടനുമൊത്ത് (യുവ) പുതിയ വീട്ടിലേക്ക്.’’   

മകൾ വന്ന ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെയാണ് ?

എപ്പോഴും മോളുടെ കൂടെത്തന്നെയാകുമ്പോ ൾ അതിന്റേതായ എല്ലാ മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകുമല്ലോ. ഉത്തരവാദിത്തങ്ങൾ കൂടി. സമയം കൈകാര്യം ചെയ്യാൻ നന്നായി പഠിച്ചു. ഉറക്കം, ഭക്ഷണം കഴിക്കുന്ന സമയം, യാത്രകൾ എന്നിങ്ങനെ ചിട്ടകളൊക്കെ മോളെ ചുറ്റിപ്പറ്റിയാണ്. മോൾക്ക് വലിയ ശാഠ്യങ്ങളൊന്നുമില്ല. പക്ഷേ, രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് ഉണരും. അമ്മ എപ്പോഴും അടുത്തു വേണം എന്നില്ല. വിശക്കുമ്പോൾ കണ്ടാൽ മതി.

പ്രസവശേഷം ചെറിയ വിഷാദം തോന്നിയിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചു ഞാൻ ശ്രദ്ധാലുവായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം ജീവിതശൈലി മാറിയതിന്റെ അസ്വസ്ഥതകളും കൂടിയായപ്പോൾ ഏറെ ബുദ്ധിമുട്ടി. വെറുതേ ദേഷ്യപ്പെട്ടു. സങ്കടം വന്നു. ആദ്യ കുറേദിവസം അമ്മയായ സന്തോഷം പോലും വേണ്ടത്ര ആസ്വദിക്കാനായില്ല. ആ സമയത്ത് ഉണ്ണിയേട്ടന്‍ കരുതലോടെ ഒപ്പം നിന്നു. പതിയെ അതു മാറി. ഇപ്പോൾ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.

യുവയുടെ ‘അച്ഛൻ റോൾ’ എങ്ങനെയുണ്ട് ?

മോള്‍ ജനിച്ച് അടുത്ത ദിവസം മുതൽ ഉണ്ണിയേട്ടൻ ഷൂട്ടിനു പോകാൻ തുടങ്ങിയതാണ്. രാത്രിയിൽ ഓടി ആശുപത്രിയിൽ വരും, രാവിലെ പോകും. അതായിരുന്നു രീതി.

ആൾക്കു ശരിക്കും മോളുടെ കൂടെ ചെലവഴിക്കാൻ അധികം സമയം കിട്ടുന്നില്ല. നന്നായി മിസ് ചെയ്യുന്നുണ്ട്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ മോളുടെ കൂടെത്തന്നെയുണ്ടാകും.

കരിയറിലെ തിരക്കുകളിൽ നിന്നു മാറി നിൽക്കുമ്പോൾ ?

ഒരുപാടു മിസ് ചെയ്യുന്നുണ്ട്. ടിവി പ്രോഗ്രാമിലൂടെ ഉടൻ തന്നെ തിരികെ വരാനുള്ള തയാറെടുപ്പിലാണ്. പല പരിപാടികളും കാണുമ്പോൾ, നമ്മളും ഇതിൽ ഉണ്ടാകേണ്ടതായിരുന്നല്ലോ എന്നു ആലോചിക്കും.

ധാരാളം അവസരങ്ങൾ വേണ്ടെന്നു വച്ചു. ഇതൊക്കെ പറയുമ്പോഴും അതിനേക്കാളൊക്കെ വലിയ സന്തോഷമാണു മോളോ‍ടൊപ്പമുള്ള നിമിഷങ്ങൾ. നമ്മളിലൂടെ ഒരു ജീവൻ ഈ ലോകത്തേക്കു വരുകയല്ലേ. അപ്പോൾ അവരെ പരുവപ്പെടുത്തിയെടുക്കുക നമ്മുടെ ഉത്തരവാദിത്തമാണല്ലോ. പരമാവധി ഒപ്പം നിൽക്കുക. കരിയർ പ്രധാനമാണെങ്കിലും എന്റെ ഒന്നാമത്തെ പരിഗണന കുടുംബമാണ്.

DSCF2697

ചെറുപ്പം മുതലേ  ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന ആളാണോ മൃദുല ?

ചെറിയ പ്രായത്തിൽ തന്നെ വലിയ ഉത്തരവാദിത്തങ്ങൾ നമ്മളിലേക്കു വരുമ്പോൾ അങ്ങനെ ചിന്തിച്ചു തുടങ്ങും. ഈ ഫീൽഡിൽ നിൽക്കുന്ന എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെയല്ല ഞാനെന്നു പലരും പറഞ്ഞിട്ടുണ്ട്.

തുടക്കകാലത്തു സാധാരണ ഫോണായിരുന്നു എനിക്ക്. നടൻ മഹേഷ് അങ്കിൾ പറഞ്ഞിട്ടുണ്ട്, ‘ഞാൻ നിന്നെ അഭിനന്ദിക്കുന്നു. ഒരു ഹീറോയിന്റെ കയ്യിൽ ഇങ്ങനെ ഒരു ഫോൺ കാണാന്‍ സാധ്യതയില്ല’ എന്ന്.

എന്നെ സംബന്ധിച്ചു ഫോൺ അത്യാവശ്യ ഉപയോഗങ്ങൾക്കുള്ളതാണ്. ഒരു ഫോൺ ചീത്തയാകുമ്പോൾ മാത്രം അടുത്തതു മേടിച്ചാൽ മതി. അല്ലാതെ പുതിയ മോഡ ൽ ലോഞ്ച് ചെയ്തു എന്നറിയുമ്പോഴെ അതു വാങ്ങണമെന്ന ആഗ്രഹമൊന്നും എനിക്കു തോന്നാറില്ല. അത്യാവശ്യം ഫോട്ടോ എടുക്കാൻ പറ്റണം. ഫോൺ വിളിക്കാനും മെസേജ് അയക്കാനും പറ്റണം. അത്രേയുള്ളൂ.  

പലരും എന്നോടു ചോദിച്ചിട്ടുണ്ട്, ‘കുറച്ചു കൂടി അപ്ഡേറ്റ‍ഡ‍് ആയിക്കൂടേ മൃദുലയ്ക്ക്’ എന്ന്. പലരും കളിയാക്കിയിട്ടുമുണ്ട്. അതൊന്നും ശ്രദ്ധിക്കാറില്ല.

കോസ്റ്റ്യൂമിന്റെ കാര്യത്തിലും അങ്ങനെയാണ്. ഒട്ടും ബ്രാൻഡ് കോൺഷ്യസല്ല. അത്യാവശ്യം വൃത്തിയുള്ള, ചേരുന്നവ ഉപയോഗിക്കണം എന്നേയുള്ളൂ. ഇതൊന്നുമല്ല എനിക്കു പ്രധാനം. ഭാവി കൂടി മുന്നിൽ കണ്ടു കാര്യങ്ങ ൾ ചെയ്യുകയായിരുന്നു.

ഉണ്ണിയേട്ടനും അതുപോലെയാണ്. 1000 രൂപയ്ക്കും 100 രൂപയ്ക്കും ഒരു ദിവസം എങ്ങനെ ജീവിക്കാം എന്ന് അറിയാവുന്ന ആളാണ്. മോഡലിങ് ചെയ്തിരുന്ന കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും, ബെംഗളൂരുവിൽ 100 രൂപ കൊണ്ട് ഒരു ദിവസം തള്ളിനീക്കിയിരുന്നതിനെക്കുറിച്ചുമൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്.

വിവാഹത്തിലും മൃദുല ഈ ‘മിനിമലിസം’ പാലിച്ചിരുന്നു ?

ഞാൻ‍ പൊതുവേ ആഡംബരങ്ങളിൽ‌ വിശ്വസിക്കുന്ന ആളല്ല.  ഞങ്ങളുടെ വിവാഹവും വളരെ ലളിതമായാണു നടത്തിയത്. എന്റെ കല്യാണത്തിന്റെ ചെലവുകൾ സ്വയം കണ്ടെത്തിയ ആളാണു ഞാൻ. ഒരു ദിവസത്തിന്റെ ആഡംബരത്തിനു വേണ്ടി സമ്പാദിച്ച പണം അനാവശ്യമായി ചെലവഴിക്കുന്നത് എന്തിനെന്നായിരുന്നു ആലോചന.

മോൾ എങ്ങനെ വളരണം എന്നാണ് ആഗ്രഹിക്കുന്നത് ?

മകൾക്കു വേണ്ടി ഞങ്ങൾ എന്തെങ്കിലുമൊക്കെ കരുതി വച്ചേക്കാം. എന്നാൽ എല്ലാ വാശികളും നിർബന്ധബുദ്ധികളും അംഗീകരിക്കേണ്ടതില്ല. അവൾ എല്ലാം അറിഞ്ഞു വളരണം എന്നുണ്ട്. അധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കണം.

പ്രിയ വീട്

‘‘ഞങ്ങൾ അവസാനം താമസിച്ച തിരുവനന്തപുരം മലയത്തെ ‘ഭാസ്കരവിലാസ്’ എന്ന വാടകവീടാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. രാവിലെ എഴുന്നേറ്റു ബാൽക്കണിയിൽ ചെന്നു നിന്നു നോക്കിയാൽ നേരെ മുൻപിൽ മുക്കുന്നിമല കാണാം.  

കരിയറിൽ ഏറ്റവുമധികം തിരക്കുണ്ടായതും സ്വന്തം വീടെന്ന ചിന്തയോടെ, അതിനായുള്ള ശ്രമങ്ങൾ തുടങ്ങിയതും ഉണ്ണിയേട്ടനെ പരിചയപ്പെട്ടു. വിവാഹം ഉറപ്പിക്കുന്നതുമൊക്കെ ആ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു. അത്തരത്തിൽ പലവിധ അടുപ്പങ്ങൾ ആ ഇടത്തോടുണ്ട്. ഏകദേശം അഞ്ചു വർഷത്തോളം അ വിടെയായിരുന്നു.

നാട് തിരുവനന്തപുരത്താണെന്നു ഞാൻ പറയുമ്പോൾ, ‘അല്ല, സ്വന്തം സ്ഥലം ?’ എന്നു പലരും എടുത്തു ചോദിക്കും. സ്വന്തം വീടില്ലാതിരുന്നതിനാലാണ് ഈ ചോദ്യം. പലരും കളിയാക്കും പോലെയാണ് ചോദിക്കുക. എനിക്കതു പലപ്പോഴും വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്. എന്റെ അമ്മയും വാടകവീട്ടിൽ ജനിച്ചു വ ളർന്ന ആളാണ്. സ്വന്തം വീടുണ്ടാകുകയെന്നാൽ സ്വന്തം വിലാസം ഉണ്ടാകുക എന്നു കൂടിയാണല്ലോ.’’

Tags:
  • Celebrity Interview
  • Movies