ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്.
‘‘അഴകിയ ലൈല എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനം ഈ സിനിമയിലുള്ളതുകൊണ്ട് തിയറ്ററിൽ അത് ഓളമുണ്ടാക്കുമെന്നു തോന്നിയിരുന്നു. ട്രെൻഡിങ് ആകുമെന്നു ചിന്തിച്ചതേയില്ല. കേരളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും അതു വൈറലായി. പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ പോയപ്പോൾ ഒരാൾ പറഞ്ഞു, ‘പണ്ട് അഴകിയ ലൈല കേൾക്കുമ്പോൾ രംഭയെയാണ് ഓർമ വരുന്നതെങ്കിൽ ഇപ്പോഴതു നിങ്ങളാണ്’ എന്ന്. ആദ്യമായാണ് പോസിറ്റീവ് ആയി ഞാൻ ട്രെൻഡിങ് ആകുന്നത്. സാധാരണ എയറില്‍ ആകാറാണു പതിവ്.’’ പൊട്ടിച്ചിരിച്ചുകൊണ്ട് നിഖില പറയുന്നു.
നിഖില സൗത്ത് ഇന്ത്യയുടെ മുഴുവൻ താരമായി മാറുകയാണല്ലോ ?
‘ഗുരുവായൂർ അമ്പലനടയിൽ’ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിടവേളയ്ക്കു ശേഷമാണു തമിഴ് സിനിമയിൽ അ ഭിനയിക്കുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ ആത്മകഥയായ വാഴൈ ആണ് ഏറ്റവും പുതിയ തമിഴ് ചിത്രം. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആണിത്.
സ്വന്തം കഥ ലോകത്തോടു പറയാനാണത്രേ അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു വന്നതുപോലും. കേന്ദ്രകഥാപാത്രമായ പൊന്‍വേൽ എന്ന കുട്ടിയുടെ അധ്യാപിക ആണ് എന്റെ കഥാപാത്രം. നല്ലൊരു പാട്ടും കിട്ടി.
ചിത്രീകരണം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് സൈക്കിൾ ചവിട്ടാൻ അറിയാമോ എന്നു സംവിധായകൻ ചോദിക്കുന്നത്. അറിയില്ലെന്നു പറഞ്ഞതോടെ അദ്ദേഹം ആകെ നിരാശനായി. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാനതു പഠിച്ചെടുത്തു. തിരക്കുകൾ കാരണം പ്രിവ്യൂ ഷോ കാണാൻ സാധിച്ചില്ല. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.
മലയാളത്തിൽ കുറച്ചു സീരിയസ്, ആംഗ്രി ടൈപ്പ് കഥാപാത്രങ്ങളാണ് ഈയടുത്തു വന്നതിൽ കൂടുതലും. ‘നുണക്കുഴി’യിലെ റിമിയും വ്യത്യസ്തയല്ല. ഇവയൊക്കെ പല സമയത്ത് അ ഭിനയിച്ച സിനിമകളാണ്. റിലീസ് ആയപ്പോൾ എല്ലാം ഒരുമിച്ചിങ്ങു വന്നു. ഇതൊക്കെ കണ്ടിട്ട് നിഖില ഇനി ഇത്തരം കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്നു പലരും ഉറപ്പിച്ച മട്ടാണ്.
വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ക ഥ ഇന്നുവരെയാണ് മലയാളത്തിലെ ഏറ്റവും പുതിയ റിലീസ്. പ്രണയകഥയാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയിൽ. വിനയ് ഗോവിന്ദിന്റെ ‘ഗെറ്റ് സെറ്റ് ബേബി’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അണലി, ഐസ് എന്നീ വെബ് സീരീസുകളും ഉടനെത്തും.
അഭിമുഖങ്ങളിൽ നിഖില ‘തഗ്ഗ് സ്റ്റാർ’ ആണല്ലോ ?
എന്തിനോടും അപ്പപ്പോൾ പ്രതികരിച്ചാണു ശീലം. ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവരെന്താണു നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്ന്. പലപ്പോഴും പറയുന്നതാകില്ല ചർച്ചയാകുക.
സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എത്തുമ്പോൾ തുറന്നു പ്രതികരിക്കാൻ സാധിച്ചെന്നു വരില്ല. അപ്പോൾ എന്തെങ്കിലും മറുപടി കൊടുത്ത് ഒഴിഞ്ഞു മാറും. പിന്നീട് ബിജിഎം ഒക്കെ ഇട്ട് റീലുകൾ ഇറങ്ങുമ്പോഴാണ് ഉത്തരം തഗ്ഗ് ആയിരുന്നുവെന്ന് അറിയുക.
വയനാട് ദുരിതാശ്വാസ ക്യാംപിലെ വിഡിയോ വൈറലായല്ലോ, ഒപ്പം കുറച്ചു നെഗറ്റീവ് കമന്റുകളും.
വയനാട് ദുരന്തസമയത്തു ഞാൻ തളിപ്പറമ്പിലെ വീട്ടിലായിരുന്നു. വയനാട്ടിലേക്കുള്ള കളക്‌ഷൻ പോയിന്റിൽ സാധനങ്ങൾ കൊടുക്കാൻ പോയതാണു ഞാനും സുഹൃത്തുക്കളും. അവിടെ കുറച്ചധികം ജോലികൾ ഉണ്ടായിരുന്നതുകൊണ്ട് അവർക്കൊപ്പം കൂടി. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ?
ഒരു സാധാരണ തളിപ്പറമ്പുകാരി ആയാണ് ഞാൻ അവിടെ പോയത്. അല്ലാതെ താരപരിവേഷം കാണേണ്ട കാര്യമൊന്നും അതിലില്ല. ക്യാംപിന്റെ മുഴുവൻ വിഡിയോയും വൊളന്റിയർ പകർത്തിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വിഡിയോ വൈറലായി എന്നറിയുന്നത്.
ഇതിനിടെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തി. അതൊന്നും കാര്യമായെടുത്തില്ല. ഒരു അടിയന്തര ഘട്ടത്തിൽ എല്ലാവരും ചെയ്യുന്ന പ്രവർത്തനത്തിൽ ഞാനും ഭാഗമായി എന്നേയുള്ളൂ. എത്രയോ പേർ വയനാടിനു വേണ്ടി രാപകലില്ലാതെ, സ്വയം മറന്നു പ്രവർത്തിച്ചു. അവർക്കു മുന്നിൽ വലിയ കാര്യം ചെയ്തു എന്ന ഭാവത്തോടെ നിൽക്കാൻ എനിക്കൊരിക്കലും ആവില്ല.