Saturday 27 May 2023 03:35 PM IST

എന്നെ കണ്ടതും ഹാജിയാർ ഉറക്കെയൊരു ചോദ്യം, ‘ആരാടാ ഈ ക്ഷയരോഗി?’; ഭാർഗവീനിലയത്തിലെ നായകനെ കാണാന്‍ നീലവെളിച്ചത്തിലെ നായിക എത്തിയപ്പോൾ...

Vijeesh Gopinath

Senior Sub Editor

_DSC5026 ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

അഭിനയത്തിന്റെ ഹിമാലയത്തിനു മുന്നിലേക്കാണു യാത്ര. മലയാളിക്കു സിനിമയുടെ മധുരം നുള്ളിത്തന്ന മധുവിന്‍റെ അരികിലേക്ക്. വെള്ളിത്തിരയിൽ രണ്ടു കാലങ്ങളിൽ യാത്ര ചെയ്തവരുടെ സമാഗമം കൂടിയാണിത്.  

മധു നായകനായ ‘ഭാർഗവീനിലയ’ത്തിൽ നിന്നാണു റിമ നായികയായ ‘നീലവെളിച്ചം’ പിറക്കുന്നത്. ആദ്യ സിനിമയിലെ നായകനെ കാണാൻ റീമേക്ക് സിനിമയിലെ നായികയെത്തുന്നു,  ഒരുപക്ഷേ, ഇങ്ങനെയൊരു ഒത്തു ചേരല്‍ അപൂർവം.

തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവൻ എന്ന വീട്ടിലിരുന്നു മധു ‘നീലവെളിച്ചം’ കാണുകയാണ്. മനസ്സില്‍ ഒാർമകളുടെ കടലിരമ്പം തന്നെ നടക്കുന്നുണ്ടാകാം. അൻപത്തി ഒമ്പതു വർഷം മുമ്പ്, സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ  ക്യാമറയ്ക്കു മുന്നിൽ നിന്ന ദിവസങ്ങൾ. 

നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയ്ക്കു ഭാര്‍ഗവീനിലയമെന്ന തിരക്കഥ എഴുതിയ വൈക്കം മുഹമ്മദ് ബഷീറും സംവിധായകൻ വിൻസെന്റും  മണ്ണില്‍ നിന്നു മാഞ്ഞു. മാകന്ദശാഖികളില്‍ രാക്കിളികള്‍ മയങ്ങാറായിട്ടും വരാത്ത പ്രാണസഖിയോട് ‘താമസമെന്തേ വരുവാന്‍ പ്രാണസഖീ...’എന്നു ചോദിച്ച കവി ഭാസ്കരന്‍ മാഷും സാന്ദ്രമധുരരാഗത്തില്‍ ‘ഏകാന്തതയുെട അപാരതീര’ത്തിന് ഈണം പകര്‍ന്ന ബാബുരാജും മനസ്സില്‍ നിറയും േപാല്‍ അതു പാടിയ കമുകറ പുരുഷോത്തമനും നമ്മെ വിട്ടു പോയി. കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന പ്രേംനസീറും വിജയനിര്‍മലയും അടൂർഭാസിയും പി.ജെ ആന്റണിയും കുതിരവട്ടംപപ്പുവും ഇന്നില്ല. ഇവരെക്കുറിച്ചൊക്കെയുള്ള ഓര്‍മകളുടെ  നീലവെളിച്ചം മധുവിന്‍റെ മനസ്സിൽ പരക്കുന്നുണ്ടാകും. 

അറുപതുകളിലെ അദ്‍ഭുതം

റിമ: ഭാർഗവിനിലയത്തിന്റെ തിരക്കഥ ഒരു അദ്‍ഭുതമായി എനിക്കെന്നും തോന്നാറുണ്ട്. 

മധു:  ബഷീറിന്റെ തിരക്കഥ വായിച്ചാൽ‌ അറിയാം  അതിൽ കാഴ്ചകളുടെ മാന്ത്രികതയാണ് എഴുതിവച്ചിരിക്കുന്നത്. ഒരുദാഹരണം പറയാം. ഭാർഗവിക്കുട്ടിയെ എഴുത്തുകാരന്‍ കടൽതീരത്തു വച്ചു കാണുന്ന രാത്രിയിൽ തിരക്കഥയിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, ‘അയാൾ തിരിഞ്ഞ് സമുദ്രത്തിലേക്കു നോക്കി. അസ്തമിക്കാറായ നിലാവിലേക്കെന്ന വണ്ണം കടലിൽ ഒരു പൊൻപാത പളപളാ ഇളകുന്നു...’

സാങ്കേതികവിദ്യ ഒരുപാടു വളര്‍ന്ന ഇന്നത്തെക്കാലത്ത് ‘പൊന്‍പാത പളപള ഇളകു’ന്നതു കാണിക്കാന്‍ വലിയ പ്രശ്നമില്ല.  പക്ഷേ, സംവിധായകന്‍ വിന്‍സന്‍റ് മാഷ് ആ വിഷ്വൽ മാജിക് അന്ന് അഭ്രപാളിയില്‍ എത്തിച്ചത് വലിയൊരദ‍്‍ഭുതമാണ്.

കാഴ്ച മാത്രമല്ല, കുഞ്ഞു  ശബ്ദങ്ങൾ വരെ  ചേർത്തു വച്ചിരുന്നു ബഷീര്‍ തിരക്കഥയില്‍. അടഞ്ഞു കിടക്കുന്ന ജനാല തുറക്കുന്നതു ‘ചട് ചടേ പട് പഠേ...’ ഒരു ജനൽ പെട്ടെന്നു വലിയ ശബ്ദത്തിൽ തുറക്കുന്ന ഫീൽ ഈ നാലു വാക്കിൽ കിട്ടുന്നുണ്ട്. പൂട്ടിക്കിടക്കുന്ന വാതിലിലെ താഴിനു വെള്ള ഇനാമൽ നിറമാണെന്നു വരെയുണ്ട്. അത്ര സൂക്ഷ്മമായിരുന്നു എഴുത്ത്.’’ 

ഭാർഗവീനിലയത്തിലെ നായികയെ തേടി സംവിധായകൻ വിൻസന്‍റ് മാഷ് കുറേ അലഞ്ഞു. അദ്ദേഹത്തിന്റെ മ നസ്സിൽ രണ്ടു കണ്ണുകളാണ് ഉണ്ടായിരുന്നത്. നായികയുടെ അഭിനയമോ അംഗലാവണ്യമോ ഒന്നുമല്ല, ഭാർഗവിക്കുട്ടിയുടെ കണ്ണുകൾ ആരെയും ആകർഷിക്കണം. ഒടുവിൽ തെലുങ്കിലെ ഒരു പ്രൊഡ്യൂസറിന്റെ മകളെ കണ്ടെത്തി. നിർമല എന്നായിരുന്നു പേര്. അവരുടെ ആദ്യ സിനിമ. ആ കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്. 

പക്ഷേ, കാലം എന്നെ അദ്ഭുതപ്പെടുത്തിയതു മറ്റൊരു രീതിയിലായിരുന്നു. നിർമല പിന്നീട‌ു വിജയ നിർ‌മലയായി. സംവിധായികയും നിർമാതാവുമായി. 1973 ൽ കവിത എന്ന മലയാള  സിനിമ സംവിധാനം ചെയ്തു. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതയായി.

റിമ   നൃത്തം ചെയ്യുന്ന കുട്ടിയല്ലേ. അതുകൊണ്ടു തന്നെ നീലവെളിച്ചത്തിലെ കഥാപാത്രത്തോടു ചേർന്നു നിൽക്കാനാകുന്നുണ്ടെന്നു സിനിമ കണ്ടപ്പോൾ  തോന്നി.    

റിമ: നീലവെളിച്ചത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴാണു നായിക വിജയനിർമലയെപറ്റി  കൂടുതൽ‌ പഠിച്ചത്. മലയാളത്തിലെ ആദ്യ വനിത സംവിധായിക കൂടിയായിരുന്നു അവര്‍. ഗിന്നസ്ബുക്കില്‍ വരെ ഇടം േനടിയിട്ടുണ്ട്. എന്തൊരു കരിയർ ആയിരുന്നു അത്. നടി, സംവിധായിക, നിർമാതാവ്... ആ കാലത്ത് ഒരു വനിതയുടെ വലിയ നേട്ടമല്ലേ ഇതെല്ലാം. 

അറുപതുകളിൽ ശരീരചലനങ്ങളിലും മുഖഭാവങ്ങളിലും എല്ലാം നാടകത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. നാടകത്തിൽ നിന്നു സിനിമയിലേക്കുള്ള ദൂരം താണ്ടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ആ അഭിനയ രീതി ഭാർഗവീനിലയത്തിലുമുണ്ട്. ഇപ്പോള്‍ സാങ്കേതിക വിദ്യയിൽ മാത്രമല്ല  അഭിനയത്തിലും പുതുമകളാണ്. ഇല്ലെങ്കില്‍ ഇന്നത്തെ കാഴ്ചക്കാര്‍ക്കിഷ്ടപ്പെടില്ല. ആ ഒരു മാറ്റം ഞാൻ അഭിനയത്തിൽ സ്വീകരിച്ചിട്ടുണ്ട്. 

ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും നായികമാർ കാൽനഖം കൊണ്ടു കളം വരച്ചു നിൽക്കുന്നവരല്ല. മനസിൽ തോന്നുന്നത് ഒളിച്ചു വയ്ക്കാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ബഷീർ അവർക്ക് നൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം ഞാനും ഈ സിനിമയിലെടുത്തിട്ടുണ്ട്. 

മധു: ഭാർഗവീ നിലയവും നീലവെളിച്ചവും തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ല.  രണ്ടും രണ്ടു കാലത്തിലുണ്ടായ സിനിമകളാണല്ലോ. റീമേക്ക് ബ്ലാക്ക് ആന്റ് വൈറ്റില്‍ തന്നെ വേണമെന്നു നിർബന്ധം പിടിക്കാത്തതാണു സുന്ദരമായത്. ഇത്രവും വർഷത്തിനു ശേഷം പുരോഗതിയല്ലേ നമുക്കു വേണ്ടത്.  

റിമ: ഭാർഗവീനിലയം പുതിയ സാങ്കേതിക വിദ്യയിൽ തന്നെ അവതരിപ്പിക്കണം എന്നായിരുന്നു ആഷിഖിന്റെ (സംവിധായകൻ ആഷിക് അബു) മനസ്സിൽ വന്ന ആദ്യ ചിന്ത. നിറവും ശബ്ദവും ഒക്കെ ഒരുപാടുള്ള തിരക്കഥയാണ്.   ബ്ലാക്ക് ആന്റ് വൈറ്റിലുള്ള പരിമിതി  ഇപ്പോഴില്ല. 

റിമ: മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ ആയിരുന്നല്ലോ ഇത്. അതിനു മുമ്പു മധുസാർ കണ്ട ഹൊറർ സിനിമകൾ ഏതൊക്കെയാണ്?  

മധു: അന്നും ഇന്നും ഭാർഗവീനിലയം ഒരു ഹൊറർ സിനിമയായി ഞാൻ കണ്ടിട്ടില്ല. ഒരു യക്ഷിയുടെ കഥയാണെങ്കിലും അതിൽ ഹൊറർ ഇല്ല എന്നാണു  തോന്നിയിട്ടുള്ളത്. എഴുത്തുകാരന്റെ അന്വേഷണമാണ്. ഒരേ സമയത്തു ത്രില്ലറും പ്രണയവും കുടുംബവും എല്ലാം അതിൽ വരുന്നുണ്ട്. ഇഷ്ടം തോന്നിക്കുന്ന ഒരു യക്ഷിയാണു ഭാർഗവിക്കുട്ടി. ഭയപ്പെടുത്തുക എന്നതിനപ്പുറം ഒരു കവിത പോലെ സുന്ദരം ആണ് ആ സിനിമ.

ആരാടാ... ഈ ക്ഷയരോഗി

റിമ: ഭാർഗവീ നിലയിത്തിലേക്കു മധു സാർ എങ്ങനെയാണ്  എത്തിയത്? 

മധു: മൂടുപടം എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതിന്റെ ക്യാമറാമാനായിരുന്നു വിൻസെന്റ് മാഷ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഭാർഗവീനിലയം.

നിര്‍മാതാവ് ചന്ദ്രതാര പ്രൊഡക്ഷൻസ് ഉടമ പരീക്കുട്ടി സാറിനു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടു സ്ത്രീകൾ കരയണം. അത്തരം സിനിമകൾ വിജയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. മറ്റു സിനിമകളുെടയെല്ലാം പാറ്റേണില്‍ നിന്നു വ്യത്യസ്തമായാണു ഭാര്‍ഗവീനിലയം ഒരുക്കിയത്. തീര്‍ത്തും വ്യത്യസ്തം. എന്നെ സംബന്ധിച്ചിടത്തോളം ഒരു നടനെന്ന രീതിയിൽ അംഗീകാരം കിട്ടിയത്. 

റിമ: സാർ അന്ന് സിനിമയിൽ  അഭിനയിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ?

മധു: അതെ. തിയറ്ററിലെത്തിയ എന്റെ ആറാമത്തെ സിനിമയാണെന്നു തോന്നുന്നു. ഞാനെപ്പോഴും ആലോചിച്ചിട്ടുണ്ട് ആ  റോൾ എന്തുകൊണ്ടു വിൻസെന്റ് മാഷ് തുടക്കക്കാരനായ എനിക്കു തന്നു എന്ന്. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ ഒറ്റയ്ക്കാണു സിനിമ മുന്നോട്ടു കൊണ്ടു പോകേണ്ടത്. നായകനോ നായികയോ പ്രധാന കഥാപാത്രങ്ങളോ ഒന്നും അതുവരെ സ്ക്രീനില്‍ എത്തുന്നില്ല. എന്തിന്, ആദ്യ ഒരുമണിക്കൂറില്‍ ഒരു പാട്ടു പോലും ഇല്ല. ഒരു തുടക്കക്കാരനെ ഇത് ഏൽപ്പിക്കാൻ എന്താകും കാരണം? പിന്നെയാണ് ഉത്തരം കിട്ടിയത്. അദ്ദേഹം എന്നിൽ കണ്ട വലിയ പ്ലസ് പോയന്റ് തുടക്കക്കാരനാണ് എന്നതു തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു തരുന്നത് അതു പോലെ സ്ക്രീനിലെത്തിക്കുന്ന ഒരാൾ.  

ഒരു തമാശ പറയാം. ‘കുട്ടിക്കുപ്പായം’ റിലീസ് ചെയ്തപ്പോള്‍  ഞാൻ മറ്റൊരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. തൃശൂരാണു ലൊക്കേഷൻ. കുട്ടിക്കുപ്പായം അവിടെ റിലീസു ചെയ്യുന്നു. ആ സിനിമ കാണാൻ ഞാനും ഒരു ചങ്ങാതിയും കൂടി സെക്കൻറ്ഷോയ്ക്കു കയറി. പടം തുടങ്ങി കുറച്ചു സമയം കഴിഞ്ഞാണ് എത്തിയത്. 

ബാല്‍ക്കണിയില്‍ ഞങ്ങളിരുന്ന സീറ്റിനു മുന്നിൽ‌ ഒരു പയ്യനും പ്രായമുള്ള ഹാജിയാരും ഉണ്ട്. സിനിമയിലൊരു പാട്ടുണ്ട്.

 ‘പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും

 പൊന്നിൻകുടമിന്നും പൊന്നിൻ കുടം..’

ആ പാട്ടിൽ എന്നെ കണ്ടതും ഹാജിയാർ ഉറക്കെയൊരു ചോദ്യം, ‘ആരാടാ ഈ ക്ഷയരോഗി?’ 

അത്രയ്ക്കു മെലിഞ്ഞ രൂപമായിരുന്നു എന്റേത്. അതു കേട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു. ഞാൻ മുന്നോട്ടു നീങ്ങി  അദ്ദേഹം കേൾക്കാൻ പറഞ്ഞു. ‘പുതിയ നടനാ, പേര് മധു.’ പിന്നെ പതുക്കെ തീയറ്ററിൽ നിന്നിറങ്ങി ഒറ്റയോട്ടം. 

 ഭാർഗവീ നിലയം ഹിറ്റായതോടെയാണു നടനെന്ന നിലയിൽ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അന്നൊക്കെ ഞാൻ വീട്ടിലുള്ള സമയം റോഡിൽ കൂടി പോകുന്നവർ ഉറക്കെ വിളിക്കുമായിരുന്നു, ‘ഭാർഗവിക്കുട്ടീ....’

Tags:
  • Celebrity Interview
  • Movies