ആ വിപ്ലവം കേരളത്തില്‍ തുടങ്ങിക്കഴിഞ്ഞു..
സോഷ്യൽമീഡിയ പറയുന്നത് വിവാഹത്തോടെ ആഷിക് എന്ന സുഹൃത്തിനെ റിമയ്ക്ക് നഷ്ടമായെന്നാണല്ലോ...
ആഷിക് എന്ന സുഹൃത്തിനെയും കാമുകനെയും ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല. കാരണം അതെന്റെ മാത്രം നഷ്ടമാകും. അതു ഞാനൊരിക്കലും എന്നോടു തന്നെ ചെയ്യില്ല.
റിമ എന്തു പറഞ്ഞാലും ആക്രമിക്കാൻ ഒരു സംഘം സോഷ്യൽമീഡിയയിലുണ്ടോ?
എന്തു പറഞ്ഞാലും ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന ഒ രു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നു ഞാനനുഭവിക്കുന്ന പിന്തുണയുണ്ട്. പുതിയ സിനിമയുടെ റിലീസിനായി നിൽക്കുമ്പോൾ എന്നെ ചേർത്തു പിടിക്കുന്ന വലിയൊരു കൂട്ടം ആൾക്കാരുണ്ടെന്നു തിരിച്ചറിഞ്ഞു. ആ കൂട്ടത്തിൽ സ്ത്രീകൾ മാത്രമല്ല. എൽജിബിടിക്യൂ കമ്യൂണിറ്റി ഉണ്ട്. പുരോഗമനപരമായി ചിന്തിക്കുന്ന പുരുഷന്മാരുണ്ട്. എെന്ന പിന്തുണയ്ക്കാൻ ആൾക്കാരുണ്ടെന്ന് ഇത്രവേഗം പറയാൻ പറ്റുമെന്ന് ഒരുകാലത്തു വിശ്വസിച്ചിരുന്നില്ല. ഒരുപാടു സന്തോഷത്തോടു കൂടിയാണ് അതു തിരിച്ചറിയുന്നത്.
ഭാർഗവിക്കുട്ടിയുടെ കാലത്തു നിന്ന് ഇപ്പോഴത്തെ തലമുറയിലേക്ക് എത്തിയിട്ടും സ്വന്തം സ്വപ്നങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ അനുവാദമില്ലെന്നു തോന്നാറുണ്ടോ?
ഞാൻ ആരോടും അനുവാദം ചോദിച്ചിട്ട് ഒന്നും ചെയ്യാറില്ല എന്നതാണു സത്യം. അതാണ് ശീലം. പക്ഷേ, ഇന്ന് കേരളത്തിലുള്ള പെൺകുട്ടികൾക്കു സ്വന്തം സ്വപ്നങ്ങൾക്കനുസരിച്ചു ജീവിക്കാനാകുന്നില്ല എന്നതു യാഥാർഥ്യം തന്നെയാണ്. അങ്ങനെ അവർക്ക് ഒാർഗാനിക് ആയി അവരുടെ സ്പേസിൽ നിന്നു വിജയിക്കാനും പറക്കാനും പുതുലോകങ്ങൾ കണ്ടെത്താനും ഒറ്റയ്ക്കും ഇഷ്ടമുള്ളവർക്കൊപ്പവും യാത്ര ചെയ്യാനും തോൽക്കാനും ജയിക്കാനും വേണ്ടെന്നുവയ്ക്കാനും ഒക്കെ തീരുമാനമെടുക്കാനുള്ള കൾച്ചറൽ റെവല്യൂഷൻ കേരളത്തിൽ നടക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതു തുടങ്ങിക്കഴിഞ്ഞു എന്നാണു വിശ്വസിക്കുന്നത്.
സിനിമയിൽ ലിംഗവ്യത്യാസം ഇല്ലാതാക്കുക എന്ന പോരാട്ടം റിമ ഉൾപ്പടെയുള്ളവരാണ് തുടങ്ങിവച്ചത്. എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു?
ഇന്ന് സിനിമയുടെ ഉള്ളിൽ സ്ത്രീകൾക്കു ചോദിക്കാനും പറയാനും ഉള്ള അവകാശം ഉണ്ട്. സ്ത്രീകളുടെ പ്രതിഭയ്ക്ക്, സമയത്തിന്, സുരക്ഷയ്ക്ക്, ജോലിസ്ഥലത്തുള്ള സമാധാനത്തിന് ഒക്കെ അവകാശമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞ കാലമാണിത്. തുല്യതയുണ്ടെന്ന ബോദ്ധ്യത്തിലേക്കു ചിന്തിച്ചു തുടങ്ങാനുള്ള പ്രേരണയായിരുന്നു ഞങ്ങളുടെ പ്രവർത്തനം. അതിനെ അങ്ങനെ കാണാനും മനസ്സിലാക്കാനുമാണു ഞാൻ ആഗ്രഹിക്കുന്നത്.
അത്തരം സമരങ്ങൾ ഒറ്റപ്പെടുത്തിയിട്ടില്ലേ?
തീര്‍ച്ചയായും ഒറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ വേദനിച്ചിട്ടും ഉണ്ട്. മാറ്റത്തിനു വേണ്ടിയുള്ള എ ല്ലാ പോരാട്ടങ്ങളും അങ്ങനെ തന്നെയാണ്. അതിനായി ശ്രമിക്കുമ്പോൾ മനസിൽ ഉരസലുകളുണ്ടാകും. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും പലരും നമ്മളെ ഒറ്റപ്പെടുത്തും. മുറിവേൽപ്പിക്കും. അതാണു ചരിത്രം പറഞ്ഞു തന്നിട്ടുള്ളത്.
പക്ഷേ, അത്തരം ഒറ്റപ്പെടുത്തലുകളിൽ തളർന്നിരിക്കാൻ ഉള്ള സാവകാശം ജീവിതം എനിക്ക് തന്നില്ല. അതാണ് അദ്ഭുതം. എത്ര വീണുപോയാലും മുന്നോട്ടു പറക്കാനുള്ള ഒരു തീപ്പൊരി മനസ്സിൽ വന്നു വീഴും. അതാണ് ഇത്രയും നാളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.