Friday 03 November 2023 02:25 PM IST

‘സോഷ്യൽ മീഡിയയിൽ ഞാനില്ല, ആ പേജുകൾ എന്റേതല്ല! വാട്സാപ്പ് പോലും ഉണ്ടായിരുന്നില്ല’; സംഗീത മനസ് തുറക്കുന്നു

Vijeesh Gopinath

Senior Sub Editor

sangeetha-innn67789 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയിലെ സംഗീത ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ഒറ്റ മുങ്ങൽ. ഇടയ്ക്ക്  ‘ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ’  എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും.  പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത ഓടിക്കൊണ്ടേയിരുന്നു. 

ഒൻപത് വർഷം മുൻപ് ഒരേ ഒരാൾക്കു മാത്രമാണ് അതിനു കഴിഞ്ഞത്– ശ്രീനിവാസന്.  നമ്പർ തപ്പിയെടുത്തു ശ്രീനിവാസൻ സംഗീതയെ വിളിക്കുന്നു. കോൾ കണ്ടപ്പോഴേ  ഉറപ്പിച്ചു,  അഭിനയിക്കണമെന്നു പറയാനാണു വിളിക്കുന്നത്. എന്തെങ്കിലും തിരക്കു പറഞ്ഞു മുങ്ങണം. മകളുടെ പഠനത്തെക്കുറിച്ചു പറയാം.  സംഗീത ഫോൺ എടുത്തു. ശ്രീനിവാസന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. ‘‘സംഗീത മഹാത്മാഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ’’ 

ഉണ്ടെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. ‘‘അദ്ദേഹം അനുഭവിച്ച ത്യാഗം എത്രയാണെന്ന് അറിയില്ലേ? അത്രയൊന്നും സംഗീത സിനിമയ്ക്കു വേണ്ടി ചെയ്യേണ്ട. എനിക്കു വേണ്ടി മാത്രം ഒരു സിനിമയിൽ അഭിനയിക്കണം.’ 

പൊട്ടിച്ചിരിയോടെ  സംഗീത പറയുന്നു,‘‘ പറ്റില്ല എന്നു പറയാനിരുന്ന എനിക്ക് യെസ് പറഞ്ഞു വയ്ക്കേണ്ടി വന്നു. അതായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ. അതെന്റെ തിരിച്ചു വരവായിരുന്നില്ല, ശ്രീനി സാർ വിളിച്ചതുകൊണ്ടു മാത്രം അഭിനയിച്ചു. അത് കഴിഞ്ഞ്   പിന്നെയും മടങ്ങി പോയി. 

പക്ഷേ, ഈ വരവിൽ എന്റെ ഭാഗത്തു നിന്ന് ഇടവേളകൾ ഉണ്ടാവില്ല. ഞാൻ മാത്രം തീരുമാനിച്ചിട്ടു കാര്യമില്ലെന്നറിയാം, സിനിമയല്ലേ?’’ ചെന്നൈയി ൽ ജനിച്ചു വളർന്ന സംഗീത തമിഴ് തൊട്ട മലയാളത്തിൽ സംസാരിച്ചു തുടങ്ങി. 

19 വയസുള്ളപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ചു. അന്നു പലരും ചെയ്യാൻ പേടിക്കുന്ന കാര്യമാണത്...

അതിനു മുൻപും എന്നേക്കാൾ പ്രായമുള്ള റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതെന്റെ ജോലി ആയിട്ടാണ് കണ്ടത്.തിരക്കഥ ഇഷ്ടപ്പെട്ടാൽ,നല്ല കഥാപാത്രമായാൽ അഭിനയിക്കും. അതാണ് എന്നത്തെയും തീരുമാനും. സ്ക്രീനിൽ എന്റെ പ്രായം കാണിക്കണം എന്നൊന്നും   ഒാർക്കാറില്ല.  ചാവേറിലും  എന്നേക്കാൾ പ്രായമുള്ള അമ്മ വേഷമാണ്. 

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാൾക്ക് ഇങ്ങനെയല്ലേ ചിന്തിക്കാനാവൂ. ഞാൻ പഠിച്ചതും വളർ‌ന്നതും എല്ലാം ചെന്നൈയിലാണ്. അച്ഛന്റെ വീട് മലപ്പുറം കോട്ടയ്ക്കലും അമ്മ പാലക്കാടും.  

ശരിക്കും ചേട്ടനെയാണ് ആദ്യം സിനിമ േതടി വന്നത്. മിസ്റ്റർ ഇന്ത്യയുടെ തമിഴ് റീമേക്കായ എൻ രത്തത്തിൻ രത്തമേ എന്ന സിനിമയിലേക്കാണ് ചേട്ടന്  അവസരം കിട്ടിയത്.  ഒഡിഷന്  ഞാനും പോയി. എന്നാൽ  അവർ മറ്റൊരു കുട്ടിയെ മുൻപേ തിരഞ്ഞെടുത്തിരുന്നു. ഞാൻ വന്നത് ഒഡിഷനാണെന്നു കരുതി  അഭിനയിച്ചു കാണിക്കാൻ പറഞ്ഞു.  ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. അന്നെനിക്ക് പത്തു വയസ്സായിരുന്നു. പിന്നെ  കുറച്ചു സിനിമയിൽ ‘ആൾക്കൂട്ടത്തിലെ കുട്ടിയായി’. അതു കഴിഞ്ഞ്  നായികയും. 

തിലകൻ, ഇന്നസെന്റ്,  മറഞ്ഞു പോയ എത്ര പ്രതിഭകൾക്കൊപ്പമാണ് അഭിനയിച്ചിരിക്കുന്നത് അല്ലേ?

അതെന്റെ വലിയ ഭാഗ്യമായാണ് തോന്നാറുള്ളത്. ആ സിനിമകൾ കാണുമ്പോൾ അവരെക്കുറിച്ചൊക്കെ ഒാർക്കാറുണ്ട്. നരേന്ദ്രപ്രസാദ് സാർ, രാജൻപിദേവ് സാർ... മൺമറഞ്ഞു പോയ എത്ര പ്രതിഭകൾ.  

അന്ന് വെറും കുട്ടിയായിരുന്നില്ലേ ഞാൻ.അതുകൊണ്ടു തന്നെ ഇവരെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അവരുടെ അനുഭവസമ്പത്തും അറിവുമൊന്നും  ചോദിച്ചു മനസ്സിലാക്കാൻ പറ്റിയില്ലെന്ന സങ്കടമുണ്ട്. 

സോഷ്യൽമീഡിയയിൽ സജീവമല്ലല്ലോ?

സോഷ്യൽ മീഡിയയിൽ നിന്നു മാറി നിന്നെന്നല്ല, മറിച്ച് അതിൽ വന്നിട്ടേയില്ല എന്നാണ് പറയേണ്ടത്. ആരൊക്കെയോ ഫെയ്സ് ബുക്കിലും ഇൻസ്റ്റയിലുമെല്ലാം പേജുകൾ ഉണ്ടാക്കി. അതൊന്നും എന്റേതല്ല. അതിനേക്കാൾ തമാശ വിക്കിപീഡിയയിൽ ആണ്. ഞാൻ ജനിക്കും മുന്നേയുള്ള സിനിമയിൽ അഭിനയിച്ചെന്ന് അതിലുണ്ട്. അതു കണ്ട് ചിലർ ചോദിക്കും, എംടിയുടെ മഞ്ഞിലൊക്കെ അഭിനയിച്ചിട്ടുണ്ടോ എന്ന്. അത് ഞാനല്ല. 

വനിതയിലെ അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു, ഫോണിൽ ഇപ്പോൾ പാൽക്കാരന്റെയും പത്രക്കാരന്റെയുമൊക്കെ നമ്പരുകളേ ഉള്ളൂ എന്ന്. ഇപ്പോഴോ?

ഇപ്പോൾ പിന്നെയും സംവിധായകരുടെയും നിർമാതാക്കളുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട്. വാട്സാപ്പ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ഉപയോഗിച്ചു തുടങ്ങി. വീണ്ടും സിനിമയിലേക്ക് എത്തിയതിന്റെ മാറ്റങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ട്. 

Tags:
  • Celebrity Interview
  • Movies