സിനിമയിലെ സംഗീത ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ഒറ്റ മുങ്ങൽ. ഇടയ്ക്ക് ‘ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ’ എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത ഒാടിക്കൊണ്ടേയിരുന്നു.
ഒൻപത് വർഷം മുൻപ് ഒരേ ഒരാൾക്കു മാത്രമാണ് അതിനു കഴിഞ്ഞത്– ശ്രീനിവാസന്. നമ്പർ തപ്പിയെടുത്തു ശ്രീനിവാസൻ സംഗീതയെ വിളിക്കുന്നു. കോൾ കണ്ടപ്പോഴേ ഉറപ്പിച്ചു, അഭിനയിക്കണമെന്നു പറയാനാണു വിളിക്കുന്നത്. എന്തെങ്കിലും തിരക്കു പറഞ്ഞു മുങ്ങണം. മകളുടെ പഠനത്തെക്കുറിച്ചു പറയാം. സംഗീത ഫോൺ എടുത്തു. ശ്രീനിവാസന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. ‘‘സംഗീത മഹാത്മാഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ’’
ഉണ്ടെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. ‘‘അ ദ്ദേഹം അനുഭവിച്ച ത്യാഗം എത്രയാണെന്ന് അറിയില്ലേ? അത്രയൊന്നും സംഗീത സിനിമയ്ക്കു വേണ്ടി ചെയ്യേണ്ട. എനിക്കു വേണ്ടി മാത്രം ഒരു സിനിമയിൽ അഭിനയിക്കണം.’
പൊട്ടിച്ചിരിയോടെ സംഗീത പറയുന്നു,‘‘ പറ്റില്ല എന്നു പറയാനിരുന്ന എനിക്ക് യെസ് പറഞ്ഞു വയ്ക്കേണ്ടി വന്നു. അതായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ. അതെന്റെ തിരിച്ചു വരവായിരുന്നില്ല, ശ്രീനി സാർ വിളിച്ചതുകൊണ്ടു മാത്രം അഭിനയിച്ചു. അത് കഴിഞ്ഞ് പിന്നെയും മടങ്ങി പോയി.
പക്ഷേ, ഈ വരവിൽ എന്റെ ഭാഗത്തു നിന്ന് ഇടവേളകൾ ഉണ്ടാവില്ല. ഞാൻ മാത്രം തീരുമാനിച്ചിട്ടു കാര്യമില്ലെന്നറിയാം, സിനിമയല്ലേ?’’ ചെന്നൈയി ൽ ജനിച്ചു വളർന്ന സംഗീത തമിഴ് തൊട്ട മലയാളത്തിൽ സംസാരിച്ചു തുടങ്ങി.
മടങ്ങി വരവു ചാവേറിലൂടെ. പക്ഷേ വളരെ ചെറിയ റോൾ. എന്താണ് അങ്ങനെയൊരു തീരുമാനം?
‘ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു ക ഥാപാത്രത്തിന് എന്റെ മനസ്സിൽ ചേച്ചിയുടെ മുഖമാണ്. ’ ഇതായിരുന്നു സംവിധായകൻ ടിനു പാപ്പച്ചൻ ആദ്യം പറഞ്ഞത്. ഒരു വർഷമായിട്ട് സിനിമയിലേക്കു തിരിച്ചു വന്നാലോ എന്ന ആലോചന ഉണ്ടായിരുന്നു.
ആ ഫോൺകോളിനു ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചു വരാം. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പമല്ല, ഈ പ്രൊജക്ടാണ് എന്നെ ആകർഷിച്ചത്.
പിന്നെ, ജോയ് സാറിന്റെയാണല്ലോ(ജോയ് മാത്യ) തിരക്കഥ. അതിലും വാല്യു കണ്ടു. വർഷങ്ങൾക്കു മുന്നേ അങ്കിൾ സിനിമയിൽ മമ്മൂട്ടിസാറിനൊപ്പം അഭിനയിക്കാൻ അദ്ദേഹം വിളിച്ചതാണ്.
ചാവേറിനു ശേഷം ഇപ്പോൾ അർജുൻ രമേഷ് സംവിധാനം ചെയ്യുന്ന പരാക്രമം എന്ന സിനിമയിൽ അഭിനയിക്കുന്നു.
എന്തിനാണ് ഇത്രയും മാറി നിന്നത്?
സത്യം പറഞ്ഞാൽ അതെനിക്കും അറിയില്ല. മനപൂർവം മാറി നിന്നതല്ല. അങ്ങനെ സംഭവിച്ചതാണ്. കല്യാണം കഴിഞ്ഞു, മകൾ ജനിച്ചു. ആ തിരക്കിൽ ഞാൻ സിനിമയിൽ അഭിനയിച്ചിരുന്നെന്ന് പോലും മറന്നു പോയി. കുട്ടിക്കാലം മുതൽക്കേ ‘ഡെഡിക്കേറ്റഡ് ആർടിസ്റ്റ്’ ആവാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ വീട്ടിലെ കാര്യങ്ങൾക്കിടയിൽ ഒാടിവന്ന് പാതി മനസോടെ അഭിനയിക്കാൻ തോന്നിയില്ല. ലൊക്കേഷനിലെത്തിക്കഴിഞ്ഞാൽ ഒാടി പോവാനും പറ്റില്ല. അങ്ങനെയൊക്കെയാണു ഞാൻ ചിന്തിച്ചത്.
കുട്ടിക്കാലത്തേ സിനിമയിൽ എത്തിയെങ്കിലും ജീവിതത്തിൽ ആ ‘ലൈംലൈറ്റിൽ’ നിൽക്കാൻ ആഗ്രഹിച്ചിട്ടേയില്ല. ആ കാര്യത്തിൽ ‘ശ്യാമള’യാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ഒാടി നടന്നു നോക്കുന്ന ആൾ. മാറി നിന്നതും ഇപ്പോൾ തിരിച്ചു വന്നതും ഒന്നും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല. ജീവിതത്തിനൊപ്പം ഒഴുകി പോവാനാണ് ഇഷ്ടം.
മാറി നിന്ന കാലത്തും മലയാള സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു. നായാട്ടും ഉയരെയും പ്രേമവുമൊക്കെ ആവർത്തിച്ചു കണ്ട സിനിമകളാണ്.

മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് അലമാരയിൽ കാണുമ്പോൾ മാറി നിൽക്കേണ്ടിയിരുന്നില്ലെന്നു തോന്നാറില്ലേ?
അങ്ങനെയൊന്നും ഇല്ല. ആ ദിവസങ്ങളിൽ ഞാൻ സന്തോഷിക്കുകയായിരുന്നു. ഏതുകാര്യവും ഇഷ്ടത്തോടു കൂടിയെ എനിക്ക് ചെയ്യാനാവൂ. കംഫർടബിൾ സോൺ എന്ന വാക്കിന് എന്റെ അർഥം വേറെയാണ്. സന്തോഷം പകരുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന സ്ഥലമാണ് എന്റെ കംഫർട്സോൺ. അന്നതു വീടായിരുന്നു.
തേടി വന്ന ഒരുപാടു സിനിമകളിൽ ഞാൻ അഭിനയിച്ചില്ല. ആ സിനിമകൾ റിലീസ് ആയപ്പോൾ ഇതിൽ അഭിനയിക്കേണ്ടതായിരുന്നല്ലോ എന്നു മാത്രം തോന്നും. അല്ലാതെ വിഷമിച്ചിട്ടൊന്നുമില്ല. ആരുടെയും നിർബന്ധത്തിനല്ലല്ലോ, വീടും സിനിമയും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയാത്തതു കൊണ്ടാണല്ലോ വേണ്ടെന്നു വച്ചത്. അപ്പോൾ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.
മോൾ പഠനവുമായി വീട്ടിൽ നിന്ന് അകന്നു നിന്നപ്പോൾ മുതൽ തിരിച്ചു വരവിനെക്കുറിച്ച് ഒാർത്തു തുടങ്ങി. ഇപ്പോൾ അവൾ പൈലറ്റ് ലൈസൻസ് എടുത്തു. ഇനി എന്റെ പിന്തുണ അത്ര വേണ്ടിവരില്ലല്ലോ...
സായി തേജസ്വതി. മകളുടെ പേരിന് നല്ല ഭംഗിയുണ്ടല്ലോ?
സായി ഭക്തയായിരുന്നു. കുഞ്ഞു ജനിച്ചാൽ പേരിനൊപ്പം സായി എന്നു ചേർക്കാമെന്ന് പ്രണയകാലത്തേ പ്രാർഥിച്ചിരുന്നു. മകൾ ജനിച്ചപ്പോൾ എന്റെ സഹോദരീ ഭർത്താവ് ന്യൂമറോളജി നോക്കി എസ് ഇൽ തുടങ്ങുന്ന പേര് നല്ലതാണെന്നു പറഞ്ഞു. അതോടെ ഉറപ്പിച്ചു, പേരിന്റെ ആദ്യ വാക്ക് സായി. ‘തേജസ്വതി’ കണ്ടെത്തിയത് ഭർത്താവ് ശരവണൻ ആണ്. ‘രാജാവിന്റെ മകൾ’, അതാണ് ആ വാക്കിന്റെ അർഥം.
ജിംനാസ്റ്റിക് ആയിരുന്നു അവളുടെ ആദ്യ സ്വപ്നം. ദേശീയതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇടയ്ക്കു കാലിനു ചെറിയൊരു പരുക്കു പറ്റി. കഠിനമായ പരിശീലനം തുടർന്നാൽ വീണ്ടു പരുക്കു പറ്റാമെന്ന് ഡോക്ടർ പറഞ്ഞതോടെ അതിൽ നിന്നു പിന്മാറി.
പത്താം ക്ലാസിൽ വച്ച് അവൾ എന്താവണം എന്ന സ്വപ്നം പറഞ്ഞു–പൈലറ്റ്. എല്ലാവരും ഞെട്ടി. രണ്ടു വീട്ടിലെയും അമ്മമാർക്ക് ആഗ്രഹം ഡോക്ടറാക്കാൻ. പ്ലസ് ടു കഴിയുമ്പോൾ ആഗ്രഹത്തിനെന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്നു ഞാൻ പ്രതീക്ഷിച്ചു, പക്ഷേ, അവൾ ഉറപ്പിച്ചു. ഇപ്പോൾ കോഴ്സ് പൂർത്തിയാക്കി. ലൈസൻസ് കിട്ടി. ഇനി പറക്കട്ടെ, അവളുടെ ആഗ്രഹമല്ലേ...
അഭിമുഖത്തിന്റെ പൂർണരൂപം
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ