Friday 17 February 2023 04:51 PM IST

‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്; പതിനെട്ടു വയസ്സിനു മുകളിലുള്ള ആർക്കും സിനിമ കാണാം: ബോള്‍ഡ് മറുപടികളുമായി സ്വാസിക

V.G. Nakul

Sub- Editor

swasika-goldred ഫോട്ടോ: ബേസിൽ പൗലോ

‘‘അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ചാൽ മിണ്ടാൻ പറ്റുമോ?’’ -സ്വാസിക വിജയ് നിലപാടു വ്യക്തമാക്കുന്നു.

നായിക കഥാപാത്രം തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നോ?

13 വർഷമായി വന്നും പോയും സിനിമയിലുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതിനാൽ, നായികയായി അവസരങ്ങള്‍  കിട്ടണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും ചിന്തിക്കാറില്ല, നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധവുമില്ല. നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങള്‍ കിട്ടണം. 

‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ലെ വേഷം മറ്റൊരാൾ ചെയ്യേണ്ടിയിരുന്നതാണ്. പെട്ടെന്നാണ് എന്നിലേക്കെത്തിയത്. ചെറുതെങ്കിലും അതു ശ്രദ്ധിക്കപ്പെട്ടു. സിനിമയിലേക്ക് റീ എൻട്രി കിട്ടി. ഇപ്പോഴും അതിലെ ‘തേപ്പുകാരി’ ചർച്ചകളിലുണ്ട്. സന്തോഷം. ആ സിനിമയിൽ അഭിനയിക്കുമ്പോഴാണു നടൻ സിജു വിൽസണ്‍ എന്നോടു ‘വാസന്തി’ സിനിമയെക്കുറിച്ചു പറയുന്നത്. സിജുവായിരുന്നു അതിന്റെ നിർമാണം.  

പല പ്രതിസന്ധികൾ താണ്ടി ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും ചിത്രം റിലീസ് ചെയ്യാനോ പ്രേക്ഷകരിലേക്ക് എത്തിക്കാനോ കഴിഞ്ഞില്ല. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ആ സന്തോഷവാർത്ത വന്നത്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം. ചാനലിൽ വാർത്ത കണ്ടിരിക്കെ സ്ക്രീനിൽ ഞാനെന്റെ പേര് വായിച്ചു. മികച്ച സഹനടി– സ്വാസിക വിജയ്. സിനിമ– വാസന്തി. ആ ഞെട്ടലിൽ ഫോൺ കയ്യിൽ നിന്നു താഴെപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. ഒരുപാടു സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.  

ചതുരം സിനിമയിൽ നായിക കഥാപാത്രമായപ്പോൾ ?

സിനിമകൾ കിട്ടുന്നുണ്ടെങ്കിലും  നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിൽ  സങ്കടം തോന്നിയിരുന്നു. സംസ്ഥാന അവാ ർഡ് കിട്ടിയ ശേഷമാണു സിദ്ധുവേട്ടന്റെ (സിദ്ധാർഥ് ഭരത ൻ) വിളി വന്നത്. 

കഥ കേട്ടു. ഞാൻ ഇതുവരെ ചെയ്യാത്ത തരം സിനിമയാണ്. ഉള്ളിൽ ടെൻഷനുണ്ടായിരുന്നെങ്കിലും അതു പുറത്തു കാണിക്കാതെ ആ അവസരം സ്വീകരിച്ചു. ഒരു ചിത്രത്തിന്റെ മൊത്തം തിരക്കഥ വായിക്കുക, ഇഷ്ടമുള്ള കോസ്റ്റ്യൂം തിരഞ്ഞെടുക്കുക തുടങ്ങി ആ സിനിമ തന്ന അനുഭവങ്ങൾ പലതും പുതിയതായിരുന്നു.

_BAP2865

ഗ്ലാമര്‍ റോളിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നു തോന്നിയിരുന്നോ ?

അതൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരും എന്നാണല്ലോ പ്രതീക്ഷിക്കുക.  സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. 

സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്. പതിനെട്ടു വയസ്സിനു മുകളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും. 

എപ്പോഴും ചിരിച്ചു സന്തോഷത്തോടെ പെരുമാറുന്നതിന്റെ രഹസ്യം എന്താണ് ?

ആളുകളെ കാണുമ്പോൾ, ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോഴൊക്കെ ഞാനറിയാതെ സന്തോഷത്തിലാകും. വീട്ടിൽ വെറുതേയിരിക്കുമ്പോഴാണ് ആവശ്യമില്ലാത്തതു ചിന്തിച്ചു സങ്കടപ്പെടുന്നതും മുഖം വീർപ്പിക്കുന്നതും. ‘നാട്ടുകാരുടെയടുത്തു ചെല്ലുമ്പോൾ എന്താ അവളുടെ ചിരി. വീട്ടിലിരിക്കുമ്പോൾ, മുഖം വീർപ്പിക്കും. എന്താ ഇത്ര ആലോചന’ എന്ന് അമ്മ ചോദിക്കും.

വീട് മൂവാറ്റുപുഴയിലാണ്. അച്ഛന്‍ വിജയകുമാർ, അ മ്മ ഗിരിജ, സഹോദരൻ ആകാശ്.  പൂജ വിജയ് എന്നാണ് എന്റെ യഥാർഥ പേര്. തമിഴിൽ അഭിനയിച്ചപ്പോഴാണു സ്വാസിക എന്നു മാറ്റിയത്.  ചെറുപ്പം  മുതലേ നൃത്തം പഠിക്കുന്നു. അതിലൂടെയാണ് അഭിനയത്തോടുള്ള ഇഷ്ടം വന്നത്. നൃത്തം  ഒരു പ്ലസ് പോയിന്റായി തോന്നിയിട്ടുണ്ട്. മാത്രമല്ല, നൃത്തവും പാട്ടും പരിശീലിക്കുന്നതു മാനസിക സന്തോഷം തരും. താരങ്ങളിൽ ചിലർ ചില ചോദ്യങ്ങളോടു പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതു നമ്മള്‍ കാണുന്നതാണല്ലോ. എന്തിനാണ് ആളുകൾ ‌ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ കുപിതരാകുന്നത്?   

Tags:
  • Celebrity Interview
  • Movies