Saturday 06 November 2021 02:33 PM IST

‘അമ്മ ധൈര്യമായി പോയിട്ട് വാ, ഇവിടെ ഞങ്ങൾ മാനേജ് ചെയ്തോളാം’: എന്റെ ചെക്കൻമാർ തന്നു പ്രചോദനം: ടെസ പറയുന്നു

Lakshmi Premkumar

Sub Editor

tessa-ivw

നല്ല കോട്ടൻ സാരിയുടുത്ത്, ഇടയ്ക്കൊക്കെ വടിവൊത്ത കുർത്തയണിഞ്ഞ് കൃത്യം എട്ടു മണിക്ക് സീരിയലിൽ പ്രത്യക്ഷപ്പെടുന്ന നായികയെ കണ്ടപ്പോൾ പലരും മനസ്സിൽ ചോദിച്ചു, ‘ഈ മുഖം വേറെവിടെയോ കണ്ടിട്ടുണ്ടല്ലോ’. പരസ്യത്തിന്റെ സമയത്ത് ചാനലൊന്ന് മാറ്റിയപ്പോൾ അതാ, പട്ടാളവേഷക്കാരനായ മമ്മൂട്ടിയെ പോളിസി എടുക്കാൻ നിർബന്ധിക്കുന്നു നമ്മുടെ സീരിയലിലെ അതേ നായിക.

2003ൽ പുറത്തിറങ്ങിയ ‘പട്ടാള’ത്തിലെ വിമലയായ ടെസ തന്നെയാണ് മഴവിൽ മനോരമയിലെ ‘ എന്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിലെ അനുപമയും. 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും അനുപമ ആ പഴയ വിമല തന്നെ. അതേ ഭംഗിയും, അതേ ചുറുചുറുക്കും.

ആദ്യ സിനിമയ്ക്കു ശേഷം പിന്നെ, അവസരങ്ങൾ വേ ണ്ടെന്നു വച്ചതാണോ?

2003ൽ ആദ്യ സിനിമ. ശേഷം വിവാഹമായി, തിരക്കായി, അബുദാബിയിൽ സെറ്റിലായി. 2015നു ശേഷം ചില സിനിമകൾ. ആകെ അഞ്ചു ചിത്രങ്ങളേ ഉള്ളൂ ലിസ്റ്റിൽ.

മക്കൾ ചെറുതായിരുന്ന സമയത്ത് വന്ന കുറച്ച് പടങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. മക്കളെ വിട്ട് ഇത്രയും ദൂരം വന്ന് ജോലി ചെയ്യാൻ എന്തുകൊണ്ടോ മനസ്സ് അനുവദിച്ചില്ല. അവരെ പിരിഞ്ഞിരിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇ പ്പോൾ അവർ കുറച്ച് മുതിർന്നു, അവരുടെ കാര്യങ്ങൾക്ക് പ്രാപ്തരായി.

ഇനി നല്ലൊരു വേഷം വേണമെന്നായിരുന്നു മനസ്സിൽ. എന്തിനാണ് ഇത്രയും നാളുകൾക്കു ശേഷം വന്ന് ഈ റോ ൾ ചെയ്തത് എന്ന് പ്രേക്ഷകർക്കും തോന്നാൻ പാടില്ലല്ലോ. വേറൊരു കാര്യം മിക്ക സീരിയലുകളുടെയും ഷൂട്ട് തിരുവനന്തപുരത്തായിരിക്കും. അവിടെയെനിക്ക് യാതൊരു ബന്ധങ്ങളുമില്ല. മറിച്ച് കൊച്ചിയിലാണെങ്കില്‍ എന്റെ വീടുണ്ട്. പഠിച്ചത് അവിടെയാണ്. ബന്ധുക്കളുമുണ്ട്. അങ്ങനെയിരിക്കെ ‘മഴവിൽ മനോരമ’യിൽ നിന്ന് ഒരു വിളി വന്നു. ‘എന്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിൽ നിന്നും.

ആങ്കറിങ്, സിനിമ ഇപ്പോൾ സീരിയലും. എല്ലാ രംഗങ്ങളിലും തിളങ്ങണമെന്നാണോ?

പണ്ടു മുതലേ എനിക്ക് അവതാരകയാകാനാണ് ഇഷ്ടം. സിനിമയോ സീരിയലോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. നന്നായി സംസാരിക്കാനാണ് ഏറ്റവും ഇഷ്ടം. ഇപ്പോഴും കൂടെ ആരെങ്കിലും വേണം. മിണ്ടാനും കേൾക്കാനുമൊക്കെ. കോളജിൽ പഠിക്കുമ്പോഴാണ് ആങ്കറിങ്ങിലേക്ക് എ ത്തിയത്. ആങ്കറിങ് കണ്ടു തന്നെയാണ് ലാലുവേട്ടൻ ‘പട്ടാളം’ സിനിമയിലേക്ക് ക്ഷണിക്കുന്നതും.

ആദ്യത്തെ സിനിമ ചെയ്തപ്പോഴാണ് മനസ്സിലായത് എ നിക്ക് അഭിനയിക്കാനും ഇഷ്ടമാണ് എന്ന്. സീരിയലുകളിലേക്ക് വന്നപ്പോള്‍ ഉണ്ടായിരുന്ന കൺഫ്യൂഷൻ ലോങ് ടൈം കമിറ്റ്മെന്റ് ഏറ്റെടുത്താൽ എന്ത് ചെയ്യും എന്നതായിരുന്നു. എല്ലാ മാസവും അബുദാബിക്ക് യാത്ര ചെയ്യാൻ കഴിയുമോ, മക്കളെ കാണാൻ പറ്റുമോ? പക്ഷേ, എല്ലാം ഒത്തു വന്നു. ഇപ്പോഴും കരിയർ പ്ലാനിങ് ഒന്നുമില്ല. ജീവിതം എന്നെയിങ്ങനെ കൊണ്ടു പോകുന്നു. ഒരു തോണിയിലിരുന്ന് ‍‍ഞാനിങ്ങനെ യാത്ര ചെയ്യുന്നു. അത്രേയുള്ളൂ.

കുടുംബത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

എന്റെ ഭർത്താവ് അനിൽ, അദ്ദേഹം അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ചാട്ടേർഡ് അക്കൗണ്ടന്റാണ്. ര ണ്ടു മക്കളാണ്. റോഷൻ ഒൻപതിലും രാഹുൽ നാലിലും. അവിടെയുള്ള സമയത്ത് ഭക്ഷണം തൊട്ട് വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്തിരുന്നത് ഞാൻ തന്നെയാണ്. പക്ഷേ, ഇങ്ങനെയൊരു ഓഫർ വന്നപ്പോൾ ഞാനാദ്യമേ പറഞ്ഞു, ‘ഇത് ഒരു ദീർഘകാല പ്രോസസാണ്. നമ്മൾ ഏറ്റെടുത്താൽ പിന്നെ, പാതി വഴിയിൽ നിർത്താൻ കഴിയില്ല എന്ന്’. പക്ഷേ, അദ്ദഹം പറഞ്ഞത് , ‘ധൈര്യമായി അത് ഏറ്റെടുക്കൂ’ എന്നാണ്.

അതിലും വലിയ സപ്പോർട്ട് നൽകി ‍എന്റെ ചെക്കൻമാരും. ‘അമ്മ ധൈര്യമായി പോയിട്ട് വാ. ഇവിടെ ഞങ്ങൾ മാനേജ് ചെയ്തോളാം’ എന്നാണ് അവർ പറഞ്ഞത്. പണ്ട് തൊട്ടേ എന്റെ സിനിമകളെല്ലാം അവർ കാണാറുണ്ട്. അമ്മമികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം.

ഷോപ്പിങ്ങിനു പോകുമ്പോൾ മാളിൽ നിന്ന് പലതും വാങ്ങിക്കൊണ്ടുവരണമെന്ന് അവർ പറഞ്ഞേൽപിക്കും. ചിലപ്പോൾ ഞാനവരെ പറ്റിക്കും, മറന്നു പോയി എന്നൊക്കെ പറഞ്ഞ്. അപ്പോൾ അവര് പറയും, ‘അമ്മ നല്ലൊരു ആക്ട്രസ്സ് ആണെന്ന് ഞങ്ങൾക്ക് അറിയാം. വെറുതേ പറ്റിക്കണ്ട’ എന്ന്. റീ എൻട്രിയെ കുറിച്ച് പറഞ്ഞപ്പോൾ കുടുംബത്തിലെ മൂന്നു പേരിൽ ആരെങ്കിലും ഒരാൾ പോകണ്ട എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഞാൻ ഇത് വേണ്ടെന്ന് വച്ചേനെ.

തയാറാക്കിയത്: ലക്ഷ്മി പ്രേംകുമാർ

ഫോട്ടോ: ബേസിൽ പൗലോ