Saturday 31 August 2019 02:43 PM IST

‘ഇങ്ങോട്ട് ജാഡ കാണിച്ചാൽ അതിന്റെ ആയിരമിരട്ടി തിരിച്ചു കാണിക്കാൻ എനിക്കറിയാം’; കുസൃതിയും കാര്യവുമായി അഹാന!

Lakshmi Premkumar

Sub Editor

ahhuuyt99 ഫോട്ടോ: ശ്യാം ബാബു

‘കണ്ണുകൾ കൊണ്ടു കഥ പറയുന്നവള്‍’. അഹാനയെ ആദ്യം കാണുമ്പോൾ തന്നെ എല്ലാവരെയും ആകർഷിക്കുന്നത് ആ കണ്ണുകളാണ്. ഒരുപാടു സിനിമകളിലൊന്നും കണ്ടിട്ടില്ല. വെറും മൂന്നേ മൂന്നു സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടം  കൈക്കുമ്പിളിലാക്കിയ ഇരുപത്തിനാലുകാരി. സ്വന്തമായ അഭിപ്രായവും  വീക്ഷണവും  കൃത്യമായ ചുവടുകളുമുള്ള പവർഫുള്‍ പെൺകുട്ടി. മലയാളികളുടെ ഇ ഷ്ടതാരം കൃഷ്ണകുമാറിന്റെ വീട്ടിലെ നേതാവായ അഹാനയോട് സംസാരിക്കുമ്പോൾ മനസ്സിൽ തോന്നിയത് അങ്ങനെയൊക്കെയാണ്.

ആദ്യ സിനിമ 2014 ൽ. രണ്ടാം സിനിമ 2016 ൽ  മൂന്ന് വർഷത്തിനു ശേഷം  വീണ്ടും വെള്ളിത്തിരയി ൽ. ഇടവേളകൾ മനഃപൂർവമാണോ?

ഒരിക്കലുമല്ല, മനഃപൂർവം ഗ്യാപ് എടുത്ത് അഭിനയിക്കാൻ ഞാൻ വലിയൊരു അഭിനയ പ്രതിഭയൊന്നുമല്ലല്ലോ. എന്നെ ആരും വിളിച്ചില്ല അതാണു കാര്യം. 2016 ൽ കമിറ്റ് ചെയ്ത സിനിമയാണ് ‘ലൂക്ക’. അന്നു മുതലേ അതിന്റെ വർക്കിന്റെയൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എനിക്ക് ഈ കാലം വലിയ ഇടവേളയായി തോന്നിയില്ല.

‘പതിനെട്ടാം പടി’ അപ്രതീക്ഷിതമായി വന്ന സിനിമയാണ്. ഇപ്പോള്‍ രണ്ടാഴ്ച വ്യത്യാസത്തിൽ സിനിമകളുടെ റിലീസും. നമുക്ക് ലഭിക്കാനുള്ളതാണെങ്കിൽ അതു നമ്മിലേക്കു വന്നു ചേരും എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ.

മലയാളികളുടെ പ്രിയ നടനാണ് കൃഷ്ണകുമാർ. മകൾക്കും ആ സ്നേഹം ലഭിക്കുന്നുണ്ടോ ?

അച്ഛനും അമ്മ സിന്ധുവും അഭിനയ രംഗത്തുള്ളതു കൊണ്ട് ഈ ഫീൽഡ്  ഞങ്ങൾക്ക് പുതുമയല്ല. സിനിമയിലേക്കാളും മിനിസ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അച്ഛൻ.  എത്ര മാറി നിന്നാലും അച്ഛന്റെ മുഖം പ്രേക്ഷകർ മറക്കില്ല. എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് അതാകാം അച്ഛനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ബ്ലസ്സിങ്. അച്ഛനോടുള്ള ആ സ്നേഹം ഞങ്ങളോടും എപ്പോഴുമുണ്ട്. പക്ഷേ, സിനിമയിൽ ഒരിക്കലും കൃഷ്ണകുമാറിന്റെ മകളാണ് അതുകൊണ്ട് അവസരം കൊടുത്തേക്കാം എന്ന് ആരും കരുതില്ല.

അഹാന സേഫ് സോണിലാണ്. എന്നിട്ടും സി നിമ കിട്ടാത്തതെന്തു കൊണ്ടാണ് ?

ഞാനൊരു സേഫ് സോണിലാണ് എന്നത് പലരുടെയും തെറ്റിധാരണയാണ്. എന്റെ അച്ഛൻ പ്രൊഡ്യൂസറോ, ഹിറ്റ് സംവിധായകനോ, തിരക്കഥാകൃത്തോ ആയിരുന്നെങ്കിൽ സമ്മതിക്കാം. ഞാൻ സേഫാണ്, എനിക്ക് എപ്പോൾ വേണമെങ്കിലും അഭിനയിക്കാമെന്ന്. പക്ഷേ, എന്റെ അച്ഛൻ ഇപ്പോഴും സിനിമയിൽ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടുന്ന, സിനിമയെ തീവ്രമായി ആഗ്രഹിക്കുന്ന ഒരു കലാകാരനാണ്.

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് തുടരെ സിനിമകളിൽ വന്നാൽ മാത്രമേ അയാൾ താരപദവിയിലേക്ക് ഉയരൂ. അല്ലാത്തവരെല്ലാം സിനിമയിൽ നിലനിൽക്കാൻ ഉള്ളുകൊണ്ടു സ മരം ചെയ്യുന്നവരാണ്. പിന്നെ, എല്ലാത്തിനുമുപരി ഭാഗ്യം പ്ര ധാന ഘടകമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

ആദ്യ സിനിമയായ ‘ഞാൻ സ്റ്റീവ് ലോപ്പസി’ലേക്ക് എത്തുന്നത്?

ഗീതു മോഹൻദാസ് വഴിയാണ് ആ അവസരം വരുന്നത്. അങ്ങനെ പറയുമ്പോൾ എല്ലാവരും കരുതും ഗീതു ചേച്ചിയുമായി പണ്ടു മുതലേ സൗഹൃദം ഉണ്ടായിരുന്നെന്ന്. അങ്ങനെയല്ല, ചേച്ചിയെ തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ആഘോഷങ്ങളിലും കണ്ടിട്ടുണ്ട്. അങ്ങനെ കാണുമ്പോഴൊക്കെ ഞങ്ങൾ ബാക്കിയുള്ളവരെ പോലെ പറയും ‘ഹായ് ദേ ഗീതു ചേച്ചി’. അങ്ങനെ അടുത്തു പോയി സംസാരിക്കും. അത്രേയുള്ളൂ. എപ്പോഴോ എന്റെ മുഖം  ഗീതു ചേച്ചിയുടെ മനസ്സിൽ പതി ഞ്ഞു കിടന്നു. അങ്ങനെയാണ് രാജീവേട്ടന്റെ  രണ്ടാമത്തെ സിനിമയായ സ്റ്റീവ് ലോപ്പസിലേക്ക് എന്നെ നിർദേശിച്ചത്. ഗീതു ചേച്ചി അച്ഛനെ വിളിച്ചു സംസാരിച്ചു. വീട്ടിൽ സിനിമാ എൻട്രി പണ്ടേ ഓക്കെ.

ഞാനാണെങ്കിൽ കറക്ട് പതിനെട്ട് വയസ്സ് തികഞ്ഞു നിൽക്കുന്നു. അങ്ങനെ ആ സിനിമ വളരെ മനോഹരമായി സംഭവിച്ചു. സത്യം പറഞ്ഞാൽ സിനിമയുടെ ഷൂട്ട് കഴിയുന്നതു വരെ എനിക്ക് രാജീവ് രവി എന്ന വ്യക്തിയെ കുറിച്ച് വല്യ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഗീതു ചേച്ചിയുടെ ഭർത്താവ് എന്നു മാത്രമേ ഞാൻ കരുതിയുള്ളൂ. അതുകൊണ്ടു അഭിനയിക്കുമ്പോഴും വളരെ കൂൾ ആയിരുന്നു. പിന്നീട് ഷൂട്ട് ഒക്കെ കഴിഞ്ഞ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് രാജീവേട്ടൻ ഒരു സംഭവമാണെന്നു മനസ്സിലായത്. ഞാനത് അദ്ദേഹത്തോടു തന്നെ പറഞ്ഞിട്ടുമുണ്ട്.  

ahaammmbvc88

രണ്ടാം സിനിമയിൽ അനിയത്തി വേഷമായിരു ന്നു. നായികയിൽ നിന്നു സഹോദരി വേഷം തി രഞ്ഞെടുത്തത് ?

ആദ്യ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ കരുതി ഇനി ഫുൾ തിരക്കായിരിക്കും. മാളിലൊന്നും പോകാനേ പറ്റില്ല എന്നൊക്കെ. ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വിചാരിച്ച പോലെ ആയിരുന്നില്ല നടന്നത്. പുറത്തിറങ്ങുമ്പോൾ എന്നെയാരും തിരിച്ചറിയുന്നു പോലുമില്ല. ആ സമയത്ത് ഞാൻ ചെന്നൈയിൽ വിഷ്വൽ കമ്യുണിക്കേഷൻ ഡിഗ്രിക്ക് പഠിക്കുന്നു.

സിനിമയ്ക്കു ശേഷം തിരികെ കോളജിലെത്തി. എങ്ങനെയും സിനിമയിൽ കരിയർ ഉറപ്പിക്കണമെന്ന ആഗ്രഹമായിരുന്നു അപ്പോൾ മനസ്സ് നിറയെ. അതിനായി ഒട്ടേറെ മാനേജർമാരെ കാണുന്നു, സംസാരിക്കുന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. കേട്ട കഥകൾ പലതും സിനിമ ആകുമോ എന്നു പോലും ഉറപ്പില്ല.

 ആ സമയത്തെ എന്റെ പ്രശ്നം ഞാനൊരു പുതുമുഖമല്ല. ഒരു നായികയാണ്. എന്നാൽ അറിയപ്പെടുന്ന നായികയല്ലതാനും. ആ അവസ്ഥ ഭീകരമാണ്. എല്ലാ സിനിമയിലും വേണ്ടത് ഒരു പുതുമുഖത്തെ അെല്ലങ്കിൽ ഹിറ്റ് നായികയെ. ഇതു രണ്ടും അല്ലാത്തതിനാൽ കാത്തിരിപ്പിന്റെ മൂന്നു വർഷങ്ങൾ പിന്നിട്ടു. ആ സമയത്ത് വന്ന അവസരങ്ങളാണ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യും ‘ലൂക്ക’യും. പല കാരണങ്ങൾ കൊണ്ടു ‘ലൂക്ക’യുടെ ഷൂട്ട് വൈകി.

 ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഞാനുറപ്പിച്ചിരുന്നു ഇതു ഹിറ്റാകുമെന്ന്. പിന്നെ, ആ സിനിമയിൽ ഞാൻ കാണുന്ന നായിക ശാന്തി കൃഷ്ണയാണ്. അവരുടെ കഥയാണ്. അതുകൊണ്ടാണ് ധൈര്യമായി നിവിന്റെ സഹോദരി വേഷം തിരഞ്ഞെടുത്തത്.  

ഏറ്റവും ഇളയ സഹോദരി ഹൻസികയും ‘ലൂക്ക’യിലൂടെ സിനിമയിൽ എത്തിയല്ലോ?

ഹൻസു എന്റെ കുട്ടിക്കാലമാണ് സിനിമയിൽ ചെയ്യുന്നത്. ‘ലൂക്ക’യുടെ കഥാചർച്ച സമയത്ത് തന്നെ ഹൻസുവിനെ സംവിധായകൻ സിനിമയിലെടുത്തിരുന്നു. പലരും പറഞ്ഞു എന്നേയും അവളേയും കണ്ടാൽ ഒരുപോലെയുണ്ടെന്ന്. ശരിക്കും ഞാനും മൂന്നാമത്തെ അനിയത്തി ഇഷാനിയുമാണ് ഒരുപോലെ. അച്ഛനും അമ്മയ്ക്കും വരെ ചിലപ്പോൾ മാറി പോകും.

ഞാൻ സോഫയിൽ ഇരിക്കുമ്പോൾ ഇഷാനീ എന്നു വിളിച്ചാണ് അച്ഛൻ അടുത്തേക്ക് വരിക. ഇവരെ രണ്ടു പേരെയും കൂടാതെ ഒരാൾ കൂടെയുണ്ട്, ദിയ. വീട്ടിലെ ഏറ്റവും കുറുമ്പത്തി അവളാണ്. ചെറുപ്പത്തിൽ ആൺകുട്ടികൾ കാണിക്കുന്ന എല്ലാ വികൃതിയും ദിയ ചെയ്യും. അച്ഛനുമമ്മയും എപ്പോഴും അവളെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുന്നുണ്ടാകും. വീട്ടിൽ ഞാൻ ബാക്കി മൂന്നു പേരുടേയും കാര്യത്തിൽ ഇടപെടും അഭിപ്രായങ്ങൾ പറയും. പക്ഷേ, അവർ തിരിച്ച് ഒന്നിലും ഇടപെടാറില്ല. കാരണം ഞാൻ വീട്ടിലെ മൂത്തയാളല്ലേ...

മൂത്ത കുട്ടിയല്ലേ ഇളയവരുടെ മാതൃക ?

അങ്ങനെ മാതൃകയൊന്നുമല്ല. അവർക്കെല്ലാം അവരുടേതായ വ്യക്തിത്വമുണ്ട്. അതിനു പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാൻ. പിന്നെ, എനിക്ക് സന്തോഷം വന്നാൽ പെട്ടെന്ന് ചിരിക്കും. സങ്കടം വന്നാൽ എവിടെ ആയാലും കരയും. വിഷമം കരഞ്ഞാൽ മാത്രമേ തീരൂ.  

അച്ഛനും മക്കളുമെല്ലാം ഒന്നിച്ച് ഒരു മുറിയിൽ ഉറങ്ങുന്ന വീട്, ഇന്ന് വിരളമല്ലേ?

യെസ്, ഞങ്ങളുടേത് സ്പെഷൽ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിർബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം. ബെഡ്‌റൂമിൽ കയറുന്നതിന് മുൻപേ എല്ലാവരും മൊബൈൽ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് കൂടിയുണ്ട്. ഞങ്ങൾ നാലു പേരും നാലു മുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് ഏസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടേ ? ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയ?

ahhh8

‘പതിനെട്ടാം പടി’യെ കുറിച്ചുള്ള പ്രതീക്ഷകൾ?

ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ‘പതിനെട്ടാംപടി’ എന്നസിനിമയെ കുറിച്ച് നേരത്തേ തന്നെ കേട്ടിരുന്നു. എന്റെ കുറച്ചു ഫ്രണ്ട്സ് ഈ സിനിമയിൽ വർക് ചെയ്യുന്നുണ്ട്. ഒരുപാട് പുതുമുഖങ്ങൾ ഈ സിനിമയിലൂടെ വരുന്നുണ്ട്. ഒരിക്കൽ ഞാൻ അവരുടെ ആക്ടിങ് ക്യാംപിൽ ചുമ്മാ പോയി.  അഭിനയവും  പാട്ടും ബഹളവുമൊക്കെയായി നല്ല രസം. ഇതേസമയം തന്നെ അതിലെ ആനി  ടീച്ചർ എന്ന കഥാപാത്രത്തിനായി അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

ഒരുപാട് പുതുമുഖങ്ങളെ പരീക്ഷിച്ചു. പക്ഷേ, ശരിയാകുന്നില്ല. ഒടുവിൽ അത് എന്റെയടുത്തെത്തി. ഗസ്റ്റ് റോളാണ്. പക്ഷേ, പ്രധാന വേഷമാണ്. ‘ലൂക്ക’യിെല നിഹാരികയും ആ നി ടീച്ചറും എനിക്ക് ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. സണ്ണി വെയ്ൻ നായകനായ ‘പിടികിട്ടാപുള്ളി’ യാണ് ഇ പ്പോൾ ഷൂട്ട് നടക്കുന്ന പ്രോജക്ട്.

ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്ന സെലിബ്രി റ്റി ആയല്ലോ?

സെലിബ്രിറ്റി ആയെന്ന തോന്നലൊന്നും ഇല്ല. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ തിയറ്ററിലെത്തിയപ്പോൾ മുതൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. കൂടെ നിന്നു ഫോട്ടോയെടുക്കാനൊക്കെ വരും. എന്നെ എപ്പോഴും സൂപ്പർ സെലിബ്രിറ്റിയായി കാണുന്നത് ഹൻസുവിന്റെ ഫ്രണ്ട്സാണ്. കഴിഞ്ഞ ദിവസം അവളെ ട്യൂഷന് വിടാൻ കൊണ്ടു ചെന്നപ്പോൾ ഒരു കുട്ടി ഓട്ടോഗ്രഫ് ചോദിച്ചു. അതായിരുന്നു സെലിബ്രിറ്റി ലൈഫിലെ ആദ്യത്തെ ഓട്ടോഗ്രഫ്. പിന്നെ, തിരുവനന്തപുരത്ത് നമ്മൾ ‘കട്ട ലോക്കൽ’ അല്ലേ. സ്വന്തം വീട്ടിലെ കുട്ടിയോട്  എന്നപോലെയുള്ള സ്നേഹം  ഇവിടെ എല്ലാവർക്കും എന്നോടുണ്ട്.

അച്ഛന്റെ ഇഷ്ടവും സന്തോഷവും

സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാളത്തിലെ ഏക നടൻ. ട്രോളൻമാർ അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകൾ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെൺമക്കളെ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്.

അതിൽ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്. എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം  എനിക്ക് ഷൂട്ടുണ്ടെങ്കിൽ അതിന്റെ തിരക്ക്. അച്ഛൻ എത്ര നേരം വേണമെങ്കിലും വീട്ടിൽ തന്നെയിരിക്കും. വീട്, മുറ്റം. അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടിൽ പൂട്ടിയിട്ടാൽ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛൻ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങൾ മക്കളിൽ അടിച്ചേൽപിക്കാറില്ല.

പൊസിറ്റീവും നെഗറ്റീവും

ഇങ്ങോട്ട് ജാഡ കാണിച്ചാൽ അതിന്റെ ആയിരമിരട്ടി ജാഡ തിരിച്ചു കാണിക്കാൻ എനിക്കറിയാം. അതെന്റെ പൊസിറ്റീവാണോ നെഗറ്റീവാണോ എന്നറിയില്ല. ചിലയാളുകളുണ്ട്, നമുക്ക് അവസരം കിട്ടാൻ വേണ്ടി അവരുടെ കാൽക്കീഴിൽ നിൽക്കണമെന്ന് ശഠിക്കുന്നവർ. അവരു പറയുന്നപോലെ പ്രവർത്തിക്കുക, സംസാരിക്കുക, അവരുടെ ആവശ്യം കഴിയുമ്പോൾ നമ്മളെ നിസാരമായി അവഗണിക്കും. അതെനിക്കിഷ്ടമല്ല. എന്റെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കുമാണ് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത്. മനഃസാക്ഷിക്ക് വിപരീതമായി ഒന്നും ചെയ്യില്ല. ആരുടേയും കാലുപിടിച്ച് നേടുന്നതൊന്നും എനിക്ക് വേണ്ട. വിഷ്വൽ കമൂണിക്കേഷനിൽ പിജി ചെയ്യുകയാണ് ഞാനിപ്പോൾ. നന്നായി പഠിക്കുക, നന്നായി അഭിനയിക്കുക ഇതുമാത്രമേ എന്റെ മുന്നിലുള്ളൂ.

ajjhgfds00
Tags:
  • Celebrity Interview
  • Movies