Wednesday 27 March 2024 12:44 PM IST

‘ഞാൻ ഇവിടം വരെ എത്താൻ കാരണം രാഹുലേട്ടനാണ്’: ഭർത്താവ് തന്നെ ഭാവിവരൻ: പ്രേമലുവിലെ കാർത്തിക: അഖില ചാറ്റ്

Ammu Joas

Sub Editor

akhila-bhar

അനുരാഗത്തിന്റെ എൻജിനീയറിങ്

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഡ ബ്മാഷിലും മ്യൂസിക്കലിയിലുമൊക്കെ റീൽസ് ചെയ്തത്. അതിൽ ചിലതു വൈറലായതോടെ ആവേശം കൂടി. എങ്കിലും സിനിമയിലെത്തും എന്നൊന്നും പ്രതീക്ഷിച്ചില്ല.

എംഎസ്‌സി മൈക്രോബയോളജി ആണു പഠിച്ചത്. പഠനം കഴിഞ്ഞു ജോലിക്കു കയറി ഒരു വർഷത്തിനുള്ളിൽ കല്യാണവും കഴിഞ്ഞു. വിവാഹശേഷം ഞാനും ഭർത്താവ് രാഹുലും കൂടി സിനിമകളിലെ സീനുകൾ അഭിനയിച്ച് റീൽസ് ചെയ്യുമായിരുന്നു. അ തു കണ്ടിട്ടാണ് അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിലേക്കു ക്ഷണിച്ചത്.

കാർത്തികയുടേയും പ്രേമലു

പ്രേമലുവിന്റെ സഹഎഴുത്തുകാരൻ കിരൺ ജോസി അനുരാഗ് എൻജിനീയറിങ് വർക്സിന്റെ സംവിധായകനായിരുന്നു. ‘പ്രേമലു’ സംവിധായകന്‍ ഗിരീഷ് എ.ഡിയായിരുന്നു പ്രൊഡ്യൂസർ. ആ പരിചയമാണ് ‘പ്രേമലു’വിൽ എത്തിച്ചത്. ഓഡിഷൻ കഴിഞ്ഞ് അധികം വൈകാതെ തന്നെ കാർത്തികയെ എനിക്കു കിട്ടി. എന്റെ മൂന്നാമത്തെ സിനിമയാണു പ്രേമലു. പൂവനാണ് ആദ്യ സിനിമ. പിന്നീട് അയൽവാശി.

മുൻപ് മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ബോഡി ഷെയ്മിങ് നേരിട്ടുണ്ട്. ചില അവസരങ്ങളും നഷ്ടമായി. അന്നൊന്നും വണ്ണം വയ്ക്കണമെന്നു ചിന്തിച്ചിട്ടില്ല. പ്രേമലുവിലെ കാർത്തികയ്ക്കു വേണ്ടി ശരീരഭാരം കൂട്ടണമെന്നു പറഞ്ഞപ്പോൾ ജിം വർക്കൗട്ട് ചെയ്തും ഡയറ്റ് പാലിച്ചും വണ്ണം കൂട്ടി. എന്റെ ആദ്യ മുഴുനീള കഥാപാത്രമല്ലേ, അതുകൊണ്ടു തയാറെടുപ്പുകൾക്കൊരു കുറവും വരുത്തിയില്ല.

100 കോടി ക്ലബിലെത്തിയ സ്നേഹം

സിനിമയിലെ പോലെ ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചാണു താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഷൂട്ട് കഴിഞ്ഞ്, ഞങ്ങളും നസ്‌ലനും ശ്യാമേട്ടനും സംഗീതേട്ടനും ഒന്നിച്ചു കൂടും. പിന്നെ, ഭക്ഷണമുണ്ടാക്കി കഴിച്ചും ടെറസ്സിലിരുന്നു പാട്ടു പാടിയും അടിച്ചുപൊളിക്കും.

പ്രേമലുവിലെ ‘യയ്യയാ...’ പാട്ടിനൊപ്പമുള്ള നൃത്തരംഗത്തിൽ നസ്‌ലന്റെയും സംഗീതേട്ടന്റെയും എക്സപ്രഷൻസ് അവരുടെ സ്വന്തം ഇംപ്രൊവൈസേഷനാണ്. അത്ര സ്വാതന്ത്ര്യത്തോടെയാണു ഞങ്ങൾ അഭിനയിച്ചത്.

ഷൂട്ടിനിടയ്ക്ക് എനിക്കും ശ്യാമേട്ടനും പനി പിടിച്ചു. ഹോസ്പിറ്റലിൽ നിന്നു വന്നാണ് സിനിമയിലെ എന്റെ കല്യാണ റിസപ്ഷൻ രംഗം ഷൂട്ട് ചെയ്യുന്നത്. ലൊക്കേഷനിലെത്തിയപ്പോ ൾ എല്ലാ ക്ഷീണവും മറന്നു. കുടുംബം പോലുള്ള കൂട്ടുകാർക്കൊപ്പം സിനിമ ചെയ്ത സന്തോഷം മനസ്സിൽ 100 കോടി ക്ലബിലാണ്.

akhila

പ്രണയത്തിന്റെ കൈ പിടിച്ച്...

വീട് പയ്യന്നൂർ ആണ്. ‘പ്രേമലു’വിൽ എന്റെ ഭാവിവരന്‍ വികാസായി എത്തുന്നത് ഭർത്താവ് തന്നെയാണ്. ഒരു ദിവസം ‘ഭാവി വരനായി ഭർത്താവ് എത്തുമോ’ എന്നു ഗിരീഷേട്ടൻ ചോദിച്ചു. അഭിനയിക്കാൻ ഏറെയിഷ്ടമുള്ള രാഹുലേട്ടന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ല. ഒരേ നാട്ടുകാരാണ്‌ ഞങ്ങൾ. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. ഫയർ & റെസ്ക്യൂ ഡിപ്പാർട്മെന്റിൽ ഓഫിസറാണ് അദ്ദേഹം.

ഞാൻ ഇവിടം വരെ എത്താൻ കാരണം രാഹുലേട്ടനാണ്. ഇത്തിരി മടിച്ചിയായ എന്നെക്കൊണ്ട് റീൽസ് ചെയ്യിക്കുന്നതും കാസ്റ്റിങ് കോൾസിന് അയപ്പിക്കുന്നതുമൊക്കെ രാഹുലേട്ടനാണ്. നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോൾ.

അമ്മു ജൊവാസ്

ഫോട്ടോ: രാകേഷ് പുത്തൂർ