Saturday 31 October 2020 03:32 PM IST

‘ഒരുപാട് പേർ പറയാൻ ആഗ്രഹിച്ച കാര്യം ഞാൻ പറഞ്ഞു എന്നുമാത്രം’; വൈറൽ സുന്ദരി അനശ്വര രാജൻ മനസ്സ് തുറക്കുന്നു

Lakshmi Premkumar

Sub Editor

anaswara5433456678
1. ഫോട്ടോ : ബേസിൽ പൗലോ

‘അനൂ...  ഉടുപ്പ് നേരെയിടൂ ’ അനശ്വരയുടെ മനോഹരമായ ബ്ലൂ ഫ്രോക് നേരെയാക്കി കൊണ്ട് അമ്മ ഉഷ പറഞ്ഞു. ഒരു കണ്ണടച്ച് ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരിയോടെ അനശ്വര ‘‘അമ്മയ്ക്ക് നെഞ്ചിലെ പെടപ്പ് ഇതുവരെ മാറിയിട്ടില്ലാന്ന് തോന്നുന്നു’’ കണ്ണടച്ച്  തുറക്കുന്ന വേഗത്തിലാണ് അനശ്വര വസ്ത്രധാരണത്തിന്റെ പേരില്‍ വൈറലായി മാറിയത്. അതിലും വേഗത്തിൽ മലയാള സിനിമാലോകം മുഴുവൻ അനശ്വരയ്ക്ക് സപ്പോർട്ടുമായെത്തി. ‘യെസ് വീ ഹാവ് ലെഗ്സ്’ എന്ന ഹാ ഷ് ടാഗോടു കൂടി പ്രായഭേദമന്യേ പെൺകുട്ടികൾ അനശ്വരയ്ക്ക് ഐ ക്യദാർഢ്യം പ്രഖ്യാപിച്ചു.

കണ്ണൂരിനും  കാസർകോടിനുമിടയിലുള്ള കരിവള്ളൂർ എന്ന ഗ്രാമത്തിലെ വീട്ടിലിരുന്ന് അനശ്വര ഇതെല്ലാം കണ്ട് അദ്ഭുതപ്പെട്ടു. എങ്ങനെയായിരുന്നു ആ ദിവസങ്ങൾ? വിപ്ലവ ദിവസങ്ങളുടെ ഓർമകൾ വനിതയിലൂടെ ആദ്യമായി പങ്കുവയ്ക്കുകയാണ് അനശ്വര രാജൻ.

ആ ചിത്രം പോസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം ?

സെപ്റ്റംബർ എട്ടിന് പതിനെട്ടാം പിറന്നാളായിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെയായതുകൊണ്ട് വീട്ടിൽ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ടുപോയ എന്റെയാ ഷോട്സും ടോപ്പും.

പതിനെട്ടാമത്തെ ബർത്ഡേക്ക് പതിനെട്ട് സമ്മാനങ്ങൾ അവൾ ഒരുക്കിയിരുന്നു. അതും പലപ്പോഴായി ഞാൻ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങൾ ഓർത്തു വച്ച്. ചേച്ചി ഇതൊക്കെ ഓൺലൈൻ വഴി ബുക്ക് ചെയ്യും. എന്നിട്ട് കൊറിയർ വരുമ്പോൾ ഞാനറിയാതെ അപ്പുറത്തെ വീട്ടിൽ കൊണ്ടു പോയി വയ്ക്കും. അങ്ങനെ ബർത്‌ഡേയുടെ തലേന്നാൾ ഇതെല്ലാം നിരത്തി വച്ച് എനിക്ക് കിടിലൻ സർപ്രൈസ് തന്നു.

ഓരോ സമ്മാനവും പൊട്ടിക്കുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ്സ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു ആ ടോപ്പും ഷോട്സും. പിറ്റേദിവസം ആ ഡ്രസ്സ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം.

അനശ്വര ഈ പ്രശ്നം അറിഞ്ഞത് എപ്പോഴാണ്?

എനിക്ക് സ്വന്തമായി ഫോൺ ഇല്ല. അമ്മയുടെ ഫോണിൽ  ഇ ൻസ്റ്റഗ്രാം മാത്രം ഉപയോഗിക്കും. ഞങ്ങളുടെ വീടിനടുത്ത് തന്നെയുള്ള എന്റെയൊരു കസിന്റെ കല്യാണം ആയിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാൻ കല്യാണപരിപാടികളുടെ തിരക്കിലായി. ഇതിനിടയിൽ അമ്മയ്ക്ക് പല വിളികളും വരുന്നുണ്ട്. അമ്മ എന്നോട് ഒന്നും പറഞ്ഞതുമില്ല. പിന്നീടാണ് അറിഞ്ഞത് ചാനലിൽ നിന്നുവരെ വിളിച്ചു.

എന്റെ ഫോട്ടോയ്ക്ക് താഴെ അത്രയും മോശം കമന്റുകൾ നിറഞ്ഞിരുന്നു. സൈബർ അറ്റാക്കിങ് എന്നൊക്കെ പറയില്ലേ, അതുതന്നെ. പ്രശ്നം കുറച്ചു കൂടി വലുതായപ്പോൾ അമ്മ എന്നോട് കാര്യം പറഞ്ഞു. പക്ഷേ, എനിക്ക് ചിരിയാണ് വന്നത്. അപ്പോൾ മനസ്സിലൂടെ വന്ന കാര്യമാണ് രണ്ടാമത്തെ ചിത്രത്തിൽ പങ്കുവച്ചത്.

ചിത്രത്തിനൊപ്പം പങ്കുവച്ച ആ വരികളോ ?

പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഓർമയിൽ പെട്ടെന്ന് വന്ന വരികളാണിത്. ‘എന്റെ പ്രവൃത്തികൾ മറ്റൊരാളെ അസ്വസ്ഥമാക്കേണ്ട ഒരു കാര്യവുമില്ല. എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അവർ സ്വയം ഒന്ന് ചിന്തിച്ചാൽ മതി’. എന്റെ അഭിപ്രായം ഇതാണെന്ന് പറഞ്ഞപ്പോൾ ചേച്ചിയാണ് ഫുൾ സപ്പോർട്ട് തന്നത്.

ഈ ആശയം വച്ച് രണ്ട് ഫോട്ടോകൾ കൂടി ഇട്ടായിരുന്നു എന്റെ മറുപടി. എന്തിനും ശക്തിയായി അച്ഛനും ഒപ്പമുണ്ടായിരുന്നു. അമ്മയെ സംബന്ധിച്ച് മോളെ കുറിച്ച് ആരും ഒന്നും പറയുന്നത് അമ്മയ്ക്കിഷ്ടമില്ല. അതുകൊണ്ട് ആദ്യമൊന്ന് പരിഭ്രമിച്ചു. സ്വാഭാവികമായും അമ്മമാരല്ലേ. പിന്നെ, പെട്ടെന്ന് മാറി ഡബിൾ കൂളായി. ‌‌

ആദ്യമായാണ് സൈബർ അറ്റാക്, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു ?

ഞങ്ങളുടേത് സാധാരണ കുടുംബമാണ്. അച്ഛൻ രാജൻ, കെഎസ്‌ഇബിയിൽ നിന്നു റിട്ടയറായി. അമ്മ ഉഷ അംഗൻവാടി ടീച്ചറായിരുന്നു. ചേച്ചി ഐശ്വര്യ ബാങ്ക് കോച്ചിങ്ങിന് പോകുന്നു. ഞങ്ങളുടെ വീട്ടിൽ ഇത് പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു പ്രശ്നമാണ്. എനിക്ക് വെസ്റ്റേൺ ഉടുപ്പുകൾ ഭയങ്കര ഇഷ്ടമാണെന്ന് എന്റെ ചേച്ചിക്ക് അറിയാം. എപ്പോഴും ഞാനത് വാങ്ങി തരുമോ എന്ന് ചോദിക്കുമ്പോൾ അവൾ പറയും, എനിക്ക് ജോലി കിട്ടിയിട്ട് ആദ്യം നിനക്കതായിരിക്കും വാങ്ങി തരുന്നതെന്ന്. അതുകൊണ്ടു തന്നെ ചേച്ചി എന്റെ ഏറ്റവും വലിയ ശക്തിയായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.

അച്ഛനാണെങ്കിൽ ഓരോ കമന്റും വായിച്ചിട്ട് ചിരിക്കുകയാണ് ചെയ്തത്. എനിക്ക് എന്റേതായ വസ്ത്ര സ്വാതന്ത്ര്യം തരുന്നവരാണ് എന്റെ വീട്ടുകാർ.

ഈ സപ്പോർട്ട് പ്രതീക്ഷിച്ചിരുന്നോ ?

ഇല്ല, ഒരിക്കലും ഇല്ല. ഞാനെന്റെ പ്രതിഷേധം എന്ന നിലയിലാണ് രണ്ടാമത് ചിത്രം ഇട്ടത്. അതോട് കൂടി അതൊരു പോരാട്ടമായി മാറുകയായിരുന്നു. മലയാള സിനിമാ ലോകം മുഴുവൻ ഒപ്പം നിന്നതാണ് ഏറ്റവും വലിയ സന്തോഷം. എനിക്കറിയുന്നതും അറിയാത്തതുമായ നിരവധിപ്പേർ. ആ ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലെ ഫോണിന് വിശ്രമമില്ലായിരുന്നു. എല്ലാവരും എന്നോട് ധൈര്യമായിട്ടിരിക്ക്, ഞങ്ങളുണ്ട് കൂടെ എന്നായിരുന്നു പറഞ്ഞത്.

ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ അറിയാം. ആയിരക്കണക്കിന് ആളുകളാണ് പൊസിറ്റീവായി പ്രതികരിച്ചത്. ഒരുപാട് പേർ പറയാൻ ആഗ്രഹിച്ച കാര്യമായിരുന്നു അത്. ഞാനതിന് ഒരു കാരണമായി എന്ന മാത്രം. അങ്ങനെയൊരു പൊസിറ്റീവ് മൂവ്മെന്റിന് തുടക്കം ഇടാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഹാപ്പിയാണ്.

Tags:
  • Celebrity Interview
  • Movies