Wednesday 03 November 2021 03:02 PM IST

‘ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്, അതിലൊന്നും കുറ്റബോധവുമില്ല’: തിരിച്ചു വരവിൽ ആൻ

Vijeesh Gopinath

Senior Sub Editor

anne-augustine-74

ഏറ്റവും പ്രിയപ്പെട്ട ഇടം ഏതെന്നു ചോദിച്ചാൽ അച്ഛന്റെ ‘ഇടംനെ‍ഞ്ച്’ ആണെന്ന് ആൻ പറയും. സിനിമയിലെ ഇടവേളകളിൽ അഗസ്റ്റിൻ വീട്ടിൽ എത്തുമ്പോൾ ആഘോഷത്തിന്റെ അമ്പു പെരുന്നാളിന് കൊടിയേറുമായിരുന്നു. കോഴിക്കോടൻ സൗഹൃദങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തും. രാവുകൾ പൊടിപൊടിക്കുമ്പോൾ അച്ഛന്റെ നെ‍ഞ്ചിൽ പറ്റിപ്പിടിച്ചുറങ്ങിയ കുട്ടിക്കാലം.

ആ കാലമൊന്നും ഇനി തിരികെ എത്തില്ലെന്ന സങ്കടത്തോളം വ ലിയ നീറ്റൽ മറ്റൊന്നിനുമില്ലെന്ന് ആൻ ഇപ്പോഴും പറയുന്നു. ജീവിതത്തിൽ പിന്നീടെത്തിയ എല്ലാ സങ്കട മേഘങ്ങളെയും ഒാടിച്ചു കളയാ ൻ അച്ഛന്റെ ഒാർമകൾ മതിയെന്നും.

അച്ഛന്റെ മരണം, വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചത്, സിനിമയിൽ നിന്നു മാറി നിന്നത്... ഇരുപത്തിനാലു വയസ്സിനുള്ളി ൽ മുള്ളുരഞ്ഞു നീറിയതെല്ലാം മാഞ്ഞു കഴിഞ്ഞു. ആൻ പറഞ്ഞു തുട ങ്ങിയത് പുതിയ സന്തോഷങ്ങളെക്കുറിച്ചാണ്.

‘‘മൂന്നുനാലു വർഷം ഞാൻ എന്തു ചെയ്തെന്ന് എനിക്ക് ഒാർമയില്ല. ബ്ലാക്ക് ഒൗട്ട് എന്നു തന്നെ പറയാം. ഇന്നലെകളെക്കുറിച്ച് ഒാർമിക്കുന്നതിനേക്കാൾ പുതിയ സന്തോഷങ്ങളുടെ ഭംഗിയെക്കുറിച്ചു പറയാം.

ഞാനിപ്പോൾ ബെംഗളൂരുവിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക്‌ ഷൻ ഹൗസ് നടത്തുന്നു. കേരള, കർണാടക ടൂറിസത്തിന്റെയും, വിസ്താര, ബ്രിട്ടാനിയ പോലെയുള്ള പല രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങൾ ചെയ്യുന്നു... രണ്ടു സിനിമകൾ നിർമിക്കാൻ പോകുന്നു. പിന്നെ, മലയാള സിനിമയിലേക്കു തിരിച്ചു വരുന്നു...

ജീവിതത്തിലെ പല നിർണായക തിരുമാനങ്ങളും എടുത്തത് ബെംഗളൂരുവിൽ ആണ‌ല്ലേ?

ഈ നഗരവും എന്റെ ജീവിതവും തമ്മിൽ വലിയ ബന്ധമുണ്ട്. എല്ലാ തുടക്കങ്ങളും ഇവിടെ നിന്നാണ്. ഇവിടെ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ലാലു അങ്കിൾ (ലാൽജോസ്) എൽസമ്മ എന്ന ആൺകുട്ടിയിൽ നായികയാകാൻ വിളിച്ചത്. കരിയർ ഇനി സിനിമ തന്നെയെന്നുറപ്പിച്ചാണ് പോയതെങ്കിലും ഈ നഗരത്തിലേക്കു തിരിച്ചു വന്നു. സൈക്കോളജിയിൽ പി.ജി എടുത്തു. മൂന്നു വർഷം മുൻപ് ഇവിടെ സ്വന്തമായി പ്രൊഡക്‌ഷൻ ഹൗസ് തുടങ്ങി. വീണ്ടും അഭിനയിക്കാനുള്ള തീരുമാനമെടുത്തതും ഇതേ നഗരത്തിൽ നിന്ന്.

ചേച്ചി ജീതു െബംഗളൂരുവിലുണ്ട്. അമ്മ ഹാൻസി ഇടയ്ക്ക് എന്റെ അടുത്തു വന്നു നിൽക്കാറുണ്ട്. ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തുള്ള സ്ത്രീ അമ്മയാണ്. എല്ലാ പ്രതിസന്ധികളിലും അമ്മ എന്നെ ചേർത്തു പിടിച്ചു.

അമ്മ ഇവിടെ ഇല്ലാത്തപ്പോൾ കുടുംബ സുഹൃത്തായ എൽസിയാന്റിയുടെയും റോയ് അങ്കിളിന്റെയും വീട്ടിൽ പോയി മൂക്കുമുട്ടെ ഫൂഡ് അടിച്ചു തിരിച്ചു പോരും. എന്തു സങ്കടം വന്നാലും അവരുടെ അടുത്തേക്കാണ് ഒാടിച്ചെല്ലുന്നത്. അങ്ങനെ െബംഗളൂരു സെക്കൻഡ് ഹോം ആയി.

‘‘ഫോട്ടോഷൂട്ടിനു മുൻപ് ചോദിക്കാൻ മറന്നു, കൂട്ടത്തിലാർക്കെങ്കിലും നായ്ക്കളെ പേടിയുണ്ടോ? കാണുമ്പോൾ ഭീകരന്മാരാണെന്നു തോന്നും. പക്ഷേ, പാവങ്ങളാണ്. കാറിലിരിക്കുന്നുണ്ട്, ഇങ്ങോട്ടു കൊണ്ടു വരട്ടെ...’’

‘‘പേടിയുണ്ടോ എന്നു ചോദിച്ചാൽ...’’

ഉത്തരം പറയുന്നതിനു മുന്‍പേ രണ്ടു ജർമൻഷെേപ്പഡും ഒരു റോട്ട്‌വീലറും സ്റ്റുഡിയോയിലേക്കു ചാടി വന്നു മസിൽ പിടിച്ചു, കണ്ണുരുട്ടി. പിന്നെ, ആനിന്റെ അടുത്ത് ‘ബ്ലാക്ക് ക്യാറ്റായി’ ഇരുന്നു. ഫോട്ടോയ്ക്കു വേണ്ടി മര്യാദക്കാരായി പോസ് െചയ്തു.

ഇവരെക്കുറിച്ചു പറയൂ...

പ്രൊഡക്‌ഷൻഹൗസായ മിരമാർ തുടങ്ങിയപ്പോൾ ഒരു പെറ്റിനെ ദത്തെടുക്കാൻ തീരുമാനിച്ചു. മിരമാർ തുടങ്ങിയ അതേ ഏപ്രിൽ മാസത്തിൽ വന്നതുകൊണ്ട് ഞാനിവനെ ‘ഏപ്രിലെ’ന്നു വിളിച്ചു. പിന്നെ, വന്നത് ആർച്ചി ആയിരുന്നു.

അതു കഴിഞ്ഞാണ് ഒസ എത്തുന്നത്. ഒസയെയും ദത്ത് എടുത്തതാണ്. നടുവിനു പരുക്കേറ്റതു കൊണ്ട് ദത്തെടുക്കാൻ പലരും മടിച്ചിരുന്നു. എന്തു പേരിടണം എന്നു കുറേ ആലോചിച്ചു. ഞാനപ്പോൾ ‘ഒസാർക്ക്’ എന്ന വെബ്സീരീസ് കാണുകയായിരുന്നു. അങ്ങനെ പേര് ഒസ എന്നാക്കി.

ലുക്ക് കണ്ടു പേടിക്കേണ്ട. മൂന്നും പാവങ്ങളാണ്. മൈൻഡ് ചെയ്തില്ലെങ്കിൽ വലിയ വിഷമമാകും. അതു പ്രകടിപ്പിക്കുകയും ചെയ്യും. ഒസയൊക്കെ ഇരുന്നു കരയും. എന്റെ മൂ ഡ് ചെയ്ഞ്ചുകൾ പോലും ഇവർക്കു മനസ്സിലാകും. എനിക്കു സങ്കടം വന്നെന്നു തോന്നിയാൽ കൂടുതൽ ശ്രദ്ധിക്കും.

സിനിമയിൽ നിന്ന് അഞ്ചു വർഷം മാറിയത് എന്തിനായിരുന്നു?

അന്ന് സിനിമയെ ഗൗരവമായിട്ട് എടുത്തിരുന്നില്ല. ഒരുപാടുപേർ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്നും തിരിച്ചറിഞ്ഞില്ല. സിനിമ എന്നു പറഞ്ഞാൽ എനിക്ക് അച്ഛനായിരുന്നു. സെറ്റിൽ നടക്കുന്നതൊക്കെ വന്നു പറയുക, ഞാനഭിനയിച്ച സിനിമ അച്ഛൻ കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക. ഇതിനൊക്കെ വേണ്ടിയാണ് അന്ന് അഭിനയിച്ചത്.

അതുകൊണ്ടു തന്നെ അച്ഛന്റെ മരണവും ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. അവസരങ്ങളൊക്കെ വേണ്ടെന്നു വ ച്ചു. ആ ദിവസങ്ങൾ വാക്കുകള്‍ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു.

ജീവിതത്തിൽ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.

ഒരു ദിവസം തീരുമാനിച്ചു– ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തു വന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബെംഗളൂരുവിലേക്ക് പോന്നു. പ്രൊഡക്‌ഷൻ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി. ഇപ്പോള്‍ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.

പല തീരുമാനങ്ങളും കൃത്യസമയത്ത് എ ടുെത്തന്നു തോന്നുന്നുണ്ടോ?

പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നത്.

വിധിയിൽ വിശ്വസിക്കുന്ന ആളാണു ഞാൻ. ജീവിതത്തിൽ ഇതെല്ലാം എ ന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകൾ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു.

കുറച്ചു കൂടി പക്വത വന്നിട്ടു മതിയായിരുന്നു വിവാഹം എന്നിപ്പോൾ തോന്നുന്നുണ്ടോ?

മുൻപു പറഞ്ഞതു പോലെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തിൽ‌ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാൻ കാണുന്നത്.

ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. എന്നും പ്രാർഥിക്കുന്ന ആളാണ് ഞാൻ. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാർഥനയാകാം ആ ദിവസങ്ങൾ മറികടക്കാൻ സഹായിച്ചത്. കരഞ്ഞു തകർന്ന് ഉറങ്ങാൻ കിടന്നാലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോ ൾ മനസ്സു പറയും– സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളിൽ നിന്നൊക്കെ ഉണർന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു.

അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാൻ മാത്രം ഉൾപ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നിൽക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവർക്കും പ്രശ്നങ്ങളില്ലേ? എന്നെക്കാൾ എത്രയോ വ ലിയ സങ്കടങ്ങൾ നേരിടുന്നവരുണ്ടാകും.

anne-augustine

സന്തോഷത്തോടെയിരിക്കാൻ എന്തൊക്കെ ചെയ്യും?

ഒാരോരുത്തരുടെയും സന്തോഷം വ്യത്യസ്തമല്ലേ? നമ്മുടെ ‘സന്തോഷമരുന്ന്’ നമ്മൾ തന്നെ കണ്ടെത്തിയാൽ മതി.കുറേ കരഞ്ഞാൽ തന്നെ മനസ്സിന് നല്ല ആശ്വാസം കിട്ടും എന്നാണ് വിശ്വാസം. ആൺകുട്ടിയായാലും പെൺകുട്ടിയായാലും കരയുന്നത് അത്ര വലിയ നാണക്കേടൊന്നുമല്ല. അതോടെ മനസ്സൊന്നു തണുക്കും.

അമ്മയെ വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതി പല കാര്യങ്ങളും പറഞ്ഞിരുന്നില്ല. പക്ഷേ, അമ്മയുടെ മനസ്സിന് കരുത്തു കൂടുതലാണെന്നു തിരിച്ചറി‍ഞ്ഞതോടെ തുറന്നു പറയാൻ തുടങ്ങി. ഇങ്ങനെ ആരോടെങ്കിലും തുറന്നു പറയുക.

പിന്നെ, ജീവിതത്തിലെ തിരക്കുകള്‍ ആസ്വദിക്കാൻ പഠിക്കുക. പണ്ട് അച്ഛന്റെ കൂടെ ‘പാതിരാ ഡ്രൈവിനു’ പോ കും. ബീച്ചിലൊക്കെ ഒന്നു കറങ്ങും. ജ്യൂസുകുടിച്ച് തിരിച്ചു പോരും. ആ ശീലം ഇപ്പോഴുമുണ്ട്. െബംഗളൂരുവിൽ ഒ സയ്ക്കൊപ്പമാണ് രാത്രിയാത്രകൾ. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ചെറുതാണ്. ഒരു കുഞ്ഞു ചോക്‌ ലെറ്റ് കിട്ടിയാൽ മതി എനിക്കു സന്തോഷിക്കാൻ.

വീണ്ടും സിനിമയിലേക്കു വരികയാണല്ലോ, ഇത്രയും വർഷം മാറി നിൽക്കുമെന്ന് ഒാർത്തിരുന്നോ?

പ്ലാൻ ചെയ്തൊന്നുമല്ല സിനിമ തിരഞ്ഞെടുത്തിരുന്നത്. ‘നീന’യിൽ അഭിനയിച്ചു രണ്ടു വർഷം കഴിഞ്ഞാണ് ‘സോളോ’യിലെത്തുന്നത്. ലാലുഅങ്കിൾ വിളിച്ചതു കൊണ്ടു മാത്രമാണ് ‘നീന’യിൽ അഭിനയിച്ചത്. അതുപോലെ ‘സോളോ’യുടെ സംവിധായകൻ ബിജോയ് എന്റെ സുഹൃത്തായി‌രുന്നു. അന്നൊക്കെ എന്താ അഭിനയിക്കാത്തത് എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.

തിരിച്ചു വരുന്നത് ‘ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയിലൂടെയാണ്. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്‍ സാറാണ് തിരക്കഥ. അദ്ദേഹം ആദ്യമായി എഴുതുന്ന തിരക്കഥ. ‘സുകൃത’മുൾപ്പടെയുള്ള സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ സാറാണ് സംവിധായകൻ. സുരാജേട്ടനാണ് നായകൻ. ഈ മാസം അവസാനം മാഹിയിൽ ഷൂട്ട് തുടങ്ങാനാണ് പ്ലാൻ.

കഴിഞ്ഞ കുറേ വർഷങ്ങൾ ജീവിതത്തിൽ നിന്നു മായ്ചു ക ളയണം എന്നു തോന്നുന്നുണ്ടോ?

ഒരിക്കലും മായ്ചു കളയില്ല. നല്ല ഒാർമകളും മോശം ഒാർമ കളും ഉണ്ട്. ഇതെല്ലാം പാഠമാണ്. കഴിഞ്ഞ നാലഞ്ചു വർഷത്തെ അനുഭവമാണ് ഇപ്പോഴുള്ള ‍ഞാൻ.

ജീവിതത്തിൽ‌ എന്തൊക്കെ പ്രതീക്ഷിക്കാം, പ്രതീക്ഷിക്കരുത് എന്നു തിരിച്ചറിഞ്ഞു. ആസ്വദിച്ചു ജോലി ചെയ്യാൻ പഠിച്ചു. ഏറ്റവും ഇഷ്ടമുള്ളതു ചെയ്യുമ്പോൾ‌ മറ്റുള്ളവർ ന മ്മളെ പിന്തുടരാൻ തുടങ്ങും. അതുകൊണ്ട്, ഇപ്പോഴത്തെ എന്നെയോർത്ത് അഭിമാനമുണ്ട്. ഈ സന്തോഷത്തിൽ ഇ തുപോലെ മുന്നോട്ടു പോകാനാണ് തീരുമാനം.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കോസ്റ്റ്യൂം: കഹാനി, കോഴിക്കോട്