Tuesday 24 July 2018 05:08 PM IST

അമ്മ സെൽഫി എന്നൊരു പ്രത്യേകതരം സെൽഫിയുണ്ട്: അപർണ ബാലമുരളി

Rakhy Raz

Sub Editor

aparnna-bala001 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘കോളജിലൊക്കെ ആയ സ്ഥിതിക്ക് ഒരു ഫോൺ ആഗ്രഹിക്കുന്നത് അത്ര തെറ്റാണോ അച്ഛാ ?’ ‘നിഷ്ക്കു’ ലെവലിലുള്ള കട്ടിങ്സ് ഒക്കെയിട്ടാണ് അച്ഛനോടിത് പറഞ്ഞത്.  അന്ന് നമ്മളെ സിൽമേല് എടുത്തിട്ടൊന്നുമില്ല. എങ്കിലും ‘എത്ര പാവം കുട്ടിയാാാ ന്റെ കുട്ടി’ എന്ന് അച്ഛന് തോന്നത്തക്ക വിധത്തിൽ ഭാവാഭിനയത്തിന്റെ പരകോടിയിൽ നിന്നാണ് പറഞ്ഞതെന്ന് ഉറപ്പാണ്. പക്ഷേ, ‘ഇവിടെ കൊണ്ട് കടുക് വറുക്കാതെ ഗോ ടു യുവർ ക്ലാസസ്’ എന്ന മട്ടിൽ ഒരു ചിരി ചിരിക്കുകയാണ് അച്ഛൻ ചെയ്തത്. സംഗതി ഏറ്റില്ല എന്ന് മനസിലായതോടെ ഹാപ്പിയായിട്ട് ആ ആഗ്രഹം അങ്ങ് മറന്നു. അച്ഛനും അമ്മയും വേണ്ടെന്ന് തീരുമാനിച്ചത് വേണം എന്ന് വാശി പിടിക്കാറില്ല. അത്ര നല്ല കുട്ടിയാണ് ഞാൻ.

പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അ ച്ഛൻ എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു സുന്ദര ൻ സ്മാർട് ഫോൺ. അവന്റെ പേരാണ് സാംസങ് എസ് ഫോർ.  2 മെഗാ പിക്സൽ ഫ്രണ്ട് ഷൂട്ടർ ക്യാമറ  ഇന്ന് ഒരു സംഭവമല്ലെങ്കിലും  ആദ്യമായി സ്മാർട് ഫോൺ കിട്ടുന്ന പെൺകുട്ടിക്ക് അത് വല്യ നേട്ടം തന്നെയാണ്.  അതും സെൽഫിയെടുക്കാൻ കൊതിച്ചു കൊതിച്ചിരിക്കുന്ന ഒരാൾക്ക്. അന്ന് ഞാൻ  ഗ്ലോബൽ  പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിൽ ബി ആർക്ക് ഫസ്റ്റ് ഇ യർ ആയിട്ടേ ഉണ്ടായിരുന്നുള്ളു.  ഇപ്പോ ബി ആർക്ക് അഞ്ചാം വർഷം ആണ്. ഇത്രയും നാൾ കൊണ്ട് ഇഷ്ടം പോലെ സെൽഫിയെടുത്ത് കൂട്ടിയിട്ടുണ്ട്. ആദ്യമായി സ്മാർട് ഫോൺ വാങ്ങിയ ശേഷം  കോളജിലേക്കുള്ള ആ പോക്ക്... കലക്കി, കിടുക്കി, തിമിർത്ത്...

പാഴാക്കാനുള്ളതല്ല സെൽഫി

വെറുതേ സെൽഫിയെടുത്ത് കൂട്ടുന്ന സ്വഭാവം എനിക്കില്ല കേട്ടോ. മൂഡ് തോന്നുമ്പൊ മാത്രമേ എടുക്കൂ. ആകാശത്തേക്ക് മൊബൈൽ പൊങ്ങുമ്പൊ തന്നെ വരില്ലേ പിന്നിൽ മിനിമം ഒരഞ്ചെട്ട് പേർ. പിന്നെ മൂഡോടു മൂഡ് ആണ്. ക്ലാസ്റൂമിൽ (ടീച്ചർമാരുടെ കണ്ണ് വെട്ടിച്ച്), കാന്റീനിൽ കത്തി വച്ചിരിക്കുമ്പോൾ, മരത്തണലിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ ഒക്കെ സെൽഫിയുടെ പ്രളയമായിരിക്കും.  അതൊക്കെ പരസ്പരം ഷെയർ ചെയ്യും. പതിനായിരം സെൽഫി ഉണ്ടെങ്കിലും ചോദിക്കും, ‘‘എടാ.. നീയാ..കോർണറിൽ വച്ചൊന്ന് എടുത്തില്ലായിരുന്നോ.. അതെന്താ തരാത്തേ?  

സാംസങ് എസ് ഫോറിൽ നിന്ന് നേരെ ചാടിയത് ഐ ഫോണിലേക്കാണ്. ആദ്യം ഐ ഫോൺ ഫൈവ്.  ഇപ്പോ ടെൻ വരെ എത്തി. എനിക്ക് ആദ്യ ഐ ഫോൺ വാങ്ങിത്തന്നത് അ ച്ഛന്റെ ചേട്ടന്റെ മകൻ അരുൺ ആണ്. അച്ഛനും അമ്മയും അല്ലാതെ, ഞാനെന്തെങ്കിലും ചോദിച്ചാൽ വാങ്ങിത്തരുന്ന ചങ്ക് ചേട്ടായിയാണ് അരുൺ.

ഐ ഫോൺ ടെൻ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം  അതിൽ സൂപ്പർ ആയിട്ട് സെൽഫി എടുക്കാം. ബാക്ക്ഗ്രൗണ്ട്  ബ്ലർ ആക്കി പോർട്രെയിറ്റ് മോഡിലൊക്കെ സൂപ്പർ ക്വാളിറ്റിയുള്ള സെൽഫി എടുക്കാൻ കഴിയും. സ്വന്തം കാശുകൊണ്ട് വാങ്ങിയെന്ന അഭിമാനവുമുണ്ട്.  കാശുള്ളപ്പോഴല്ലേ നമുക്ക് എന്തെങ്കിലുമൊക്കെ വാങ്ങാൻ പറ്റൂ.

എന്റെ അഡാർ സെൽഫികൾ

ലാഭമുണ്ടാകണം എന്ന് വ്യക്തമായ ധാരണയോടെ എടുക്കുന്ന സെൽഫികളാണ് അഡാർ സെൽഫികൾ. അതായത് ഞാൻ ഒരു സ്പെഷൽ റെസിപ്പി കുക്ക് ചെയ്യാൻ തീരുമാനിക്കുന്നു. ആദ്യം ചെയ്യുക നല്ല വസ്ത്രമണിഞ്ഞ് സെൽഫിക്ക് തയാറാകുകയാണ്. അത് കഴിഞ്ഞാൽ ക്യാമറ സെറ്റ് ചെയ്തു വയ്ക്കും എന്നിട്ടേ ചേരുവകൾ തയ്യാറാക്കൂ. വല്ലപ്പോഴും നമ്മൾ ഗോളടിക്കുമ്പോ അത് പടം ആക്കി പരസ്യപ്പെടുത്തി അഭിനന്ദനങ്ങൾ വാരിക്കൂട്ടിയില്ലെങ്കിൽ പിന്നെന്ത് നമ്മള്..

വാട്സാപ്പിൽ ഇടാൻ ഇഷ്ടം അൽപം ലൈവ് ആയ പ്രൊഫൈൽ പിക്ചറുകളാണ്. പ്രൊഫൈൽ പിക്ചർ ഇടാൻ വേണ്ടി സെൽഫി എടുക്കലില്ല. മൂഡ് പിക്ചേഴ്സ് പ്രൊഫൈൽ ആക്കുകയേ പതിവുള്ളു. വീട്ടിൽ വെറുതേ ഇരിക്കുമ്പോഴാണ് ഞാൻ ഏറ്റവും ആസ്വദിച്ച് സെൽഫി എടുക്കുന്നത്. ചുമ്മാ കണ്ണാടി നോക്കുമ്പോ നമുക്ക് തോന്നാറില്ലേ.. ‘ശ്ശൊ നീയിത്ര സുന്ദരിയായിരുന്നോ.. എന്നിട്ട് ഞാനെന്താ ഇതുവരെ തിരിച്ചറിയാത്തേ..’ എന്ന്. അങ്ങനെ ഒരു സൂപ്പർ സെൽഫി അറ്റംപ്റ്റ് നടക്കുമ്പോൾ കോളിങ് ബെൽ അടിക്കുന്നവരാണ് എന്റെ ഏറ്റവും വലിയ ശത്രു. പോട്ടെ സാരമില്ല, സില്ലി എനിമീസ്...

പിന്നെ ഞാൻ ‘അമ്മ സെൽഫി’ എന്നു വിളിക്കുന്ന ഒരു സംഭവമുണ്ട്. അമ്മയ്ക്ക് അയച്ചു കൊടുക്കാൻ മാത്രം എടുക്കുന്ന സെൽഫി. ദൂരെ പ്രോഗ്രാമുകൾക്കും മറ്റും പോകുമ്പോൾ പുട്ടിന് തേങ്ങാപ്പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ഓരോ സെൽഫിയെടുത്ത് അമ്മയ്ക്ക് അയക്കും. അമ്മയ്ക്ക് ഇഷ്ടമാണ് അത് കാണാൻ. യുഎസ് ട്രിപ്പിന് പോയപ്പോഴായിരിക്കും ഏറ്റവും കൂടുതൽ ‘അമ്മ സെൽഫി’ ഞാൻ എടുത്തിട്ടുണ്ടാകുക.  എയർപോർട്ടിൽ തുടങ്ങിയ സെൽഫിയെടുപ്പ് തിരിച്ച് വീട്ടിലെത്തി അമ്മയോടൊപ്പം നിന്നൊരു സെൽഫിയെടുത്താണ് അവസാനിപ്പിച്ചത്.

എന്നുവച്ച് എന്റെ വീട്ടിലെ സെൽഫി അഡിക്റ്റ് ഞാനാണ് എന്നൊന്നും കരുതിക്കളയല്ലേ.. എന്നെ വെട്ടുന്ന ടീംസ് ആണ് അച്ഛനും അമ്മയും. അച്ഛൻ മാത്രമെടുക്കുന്നു, അമ്മ മാത്രമെടുക്കുന്നു, രണ്ടു പേരും ചേർന്ന് എടുക്കുന്നു.. ഹുംം.. ശരിക്കും ഫോൺ ബഫ്സ് തന്നെയാണ് അവർ. ചിലപ്പോ സെൽഫി എടുക്കാൻ വേണ്ടി നമ്മൾ ശ്രമിക്കുമ്പോൾ എന്തുചെയ്താലും ശരിയാകില്ല. എടുത്ത് എടുത്ത് കൈ വേദനിച്ചാലും ഒരൊറ്റ ഫോട്ടോ പോലും നന്നായി കിട്ടില്ല. അപ്പോ ശരിക്കും  നമ്മൾ വിളിച്ചു പോകും, ‘ഐ വിൽ കിൽ യൂ സെൽഫീ..’

aparna-bala002

ഓർമകളാണ് സെൽഫികൾ

നല്ല മൊമെന്റ്സ് എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ട് ചിലപ്പോൾ സെൽഫി എടുക്കാൻ മറക്കും. ഒരിക്കൽ ഹൈദരാബാദിലെ ഒരു ഷോയിൽ വച്ച് എ.ആർ റഹ്മാനെ കണ്ടപ്പോൾ ഞാൻ പോയി സംസാരിച്ചു. പക്ഷേ, സെൽഫി എടുക്കാൻ എക്സൈറ്റ്മെന്റിൽ മറന്നു. ‘നീയെന്ത് പരിപാടിയാണ് കാണിച്ചത്. ഒരു സെൽഫി എടുക്കാൻ വല്ല പ്രയാസവുമുണ്ടായിരുന്നോ?’ എന്നാണ് അമ്മ ചോദിച്ചത്. ആ സെൽഫി മിസ് ആക്കിയത് അമ്മയ്ക്ക് നിരാശയായിപ്പോയി. അതൊരു വൻ നഷ്ടമായി എന്ന് എനിക്കും തോന്നി. കാരണം ഞാനും അച്ഛനും അമ്മയും ഒക്കെ പാട്ടുകാർ കൂടിയാണല്ലോ.

മമ്മൂക്കയോടും  ലാലേട്ടനോടും  ഒപ്പമുള്ള സെൽഫികളൊക്കെ എന്റെ കൈവശം ഉണ്ട്. അമ്മയുടെ ഷോയിലൊക്കെ അവരെ കാണുമ്പോൾ സെൽഫി എടുക്കണമെന്നൊക്കെ നമുക്ക് ആഗ്രഹം തോന്നുമെങ്കിലും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി ചോദിക്കാറുണ്ടായിരുന്നില്ല. നമുക്ക് പേടിയായിരിക്കും  മടിയായിരിക്കും എന്നൊക്കെ അറിയുന്നതു കൊണ്ട് നമ്മുടെ അടുത്ത് വന്ന് അവർ സംസാരിക്കും. നമ്മുടെ  ഫോൺ വാങ്ങി അ വർ തന്നെ സെൽഫി എടുത്ത് തരും.

സെൽഫി സെൽഫിഷാണോ ?

‘സെൽഫി ഈസ് സെൽഫിഷ്’ എന്നത് ദാസേട്ടന്റെ അഭിപ്രായമാണ്. അത് മാനിക്കേണ്ടതാണ്. ഞങ്ങളെപ്പോലുള്ള പുതിയ പിള്ളേരുടെ അടുത്ത് വന്ന് സെൽഫിയെടുക്കുന്നതു പോലെയല്ല അത്. ദാസേട്ടൻ ഒരു ലെജൻഡ് ആണ്. ചോദിക്കുക പോലും ചെയ്യാതെ സെൽഫി എടുക്കാൻ ശ്രമിച്ചത് മോശമായിപ്പോയി.  

സെലിബ്രിറ്റികൾ കുറേയൊക്കെ  പബ്ലിക്  ഫിഗേഴ്സ് ആ ണ്.  പക്ഷേ, ചില സമയത്ത് ഫോട്ടോ എടുക്കാനും  മറ്റും അവർ മാനസികമായി തയ്യാർ  ആയിരിക്കില്ല.  സാഹചര്യം, മൂഡ് എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടു വേണം സെൽഫി എടുക്കാൻ.  ഫോട്ടോ എടുക്കുന്നതു പോലെയല്ല സെൽഫി എന്നതും ഓർക്കണം. അത് കുറച്ചു കൂടി ഇന്റിമേറ്റ് ആയ കാര്യമാണ്.

ഒരിക്കൽ ഒരാൾ എന്റെയടുത്ത് ആവേശത്തോടെ വന്ന് നിന്ന് സെൽഫി എടുത്തു. ‘അപർണയുടെ റേഡിയോ ഇന്റർവ്യൂ ഞാൻ കേട്ടിരുന്നു’ എന്നു പറഞ്ഞപ്പോ ഞാൻ താങ്ക്സ് പറഞ്ഞു. അപ്പൊ അയാള് പറയുകയാ..  ‘ആ ഇന്റർവ്യൂ എനിക്കത്ര ഇഷ്ടമായൊന്നുമില്ല, നിങ്ങൾ ഭയങ്കര ഓവറായിരുന്നു’ എന്ന്.  എങ്കിൽ പിന്നെ താനെന്തിനാ സെൽഫി എടുത്തേ എന്ന് ഞാൻ ചോദിച്ചു. ആ സെൽഫി ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ  അയാൾക്ക് അത് പറ്റില്ല. പിന്നെ സോറി പറച്ചിലായി.

അയാൾ സെൽഫി എടുക്കാൻ വന്നു എന്നത് എനിക്ക് സന്തോഷമായിരുന്നു. കാരണം അതൊരു അംഗീകാരമാണ്.  പക്ഷേ  അയാൾക്ക് എന്നെ ഇഷ്ടമല്ല. അപ്പോൾ പിന്നെ സെൽഫി എടുത്തത് നാട്ടുകാരെ കാണിച്ച് കൈയ്യടി വാങ്ങാൻ അ ല്ലേ..?  നമ്മളോടൊപ്പമുള്ള സെൽഫി വേണം. പക്ഷേ, അംഗീകരിക്കാൻ വയ്യ.  വിമർശനവും സെൽഫിയും കൂടെ വേണ്ട. അത് മോശം മനോഭാവമാണ്.

aparna-bala003

കുട്ടീസിന്റെ സെൽഫീസ്

കുട്ടികൾ വന്ന് സെൽഫി എടുക്കുന്നത് വളരെ ഇഷ്ടമാണ്. ഒരിക്കൽ ഷോപ്പിങ് മാളിൽ നിൽക്കുമ്പോൾ വിനോദയാത്രക്കെത്തിയ സ്കൂൾ കുട്ടികൾ സെൽഫി ചോദിച്ചു വന്നു. അവർ യാത്രയ്ക്കിടയിൽ ഞാൻ അഭിനയിച്ച ‘സൺഡേ ഹോളിഡേ’  കണ്ടിരുന്നു. ആ എക്സൈറ്റ്മെന്റുമായി അവർ പൊതിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചു.

ഒരർഥത്തിൽ സെൽഫികൾ നമ്മുടെ മനസ് തന്നെയാണ്. മനസിന്റെ സ്നേഹം, സന്തോഷം, സ്വാർഥത, വിഡ്ഢിത്തം ഒക്കെ സെൽഫികളിലൂടെ വെളിപ്പെടുന്നുണ്ട്. പക്ഷേ, എടുക്കുമ്പോൾ നമ്മൾ അതൊന്നും ആലോചിക്കാറില്ല.

ഹോട്ടലിന്റെ ലോബിയിൽ സെൽഫി കഥ പറഞ്ഞിരിക്കെ അപർണയെ തേടി ദാ, വരുന്നു മൂന്ന് കുട്ടി ആരാധകർ. കോഴിക്കോട്ടു നിന്നു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ഈ കൊച്ചു മിടുക്കികൾ.  അഞ്ചാം ക്ലാസുകാരി ലാമിയ, രണ്ടാം ക്ലാസുകാരി അമീക, പിന്നെ, പത്താം ക്ലാസിൽ പഠിക്കുന്ന ഇഷ്മ. വാ നമുക്ക് സെൽഫി എടുക്കാം ഒന്നു പറഞ്ഞ് അപർണ അവരുടെ ഫോൺ വാങ്ങി കാമറയിൽ നോക്കി ഉറക്കെ പറഞ്ഞു, സേ ചീസ്‌സ്‌സ്‌സ്....

ശ്രദ്ധിക്കൂ കുട്ടികളേ...

സെൽഫിയെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില മ ര്യാദകളുണ്ട്. അബദ്ധങ്ങൾ പറ്റാതിരിക്കാനും പൊ തുജന മധ്യത്തിൽ അപമാനിതരാകാതിരിക്കാനും ഇവ ശ്രദ്ധിച്ചോളൂ...
∙ അൽപം മാന്യത പ്ലീസ്
സെൽഫിയെടുക്കും മുമ്പ് ആർക്കൊപ്പമാണോ സെ ൽഫി എടുക്കാൻ ഉദ്ദേശിക്കുന്നത് അവരോട് അനുവാദം ചോദിച്ച ശേഷം മാത്രം.
∙ സേഫ് സെൽഫി പ്ലീസ്
സാഹസികമായ സ്ഥലങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും  സെൽഫി ഒഴിവാക്കുക.
∙ കീപ് ഡിസ്റ്റൻസ് പ്ലീസ്
ഫോട്ടോയെടുക്കാൻ ഒരു സെലിബ്രിറ്റി സമ്മതിച്ചാലുടൻ ദാ വരുന്നു കഴുത്തിന് ചുറ്റുമൊരു കൈ. വളരെ ക്ലോസാണെന്ന് കാണിക്കാൻ പിന്നെ ഞെക്കി ശ്വാസം മുട്ടിച്ചൊരു സെൽഫി. ഒട്ടി ചേർന്നു നിൽക്കാതെ അൽപം  അകലം  പാലിക്കുന്നതല്ലേ നല്ലത് ?  
∙ ചുറ്റുപാടിലേക്ക് ഒരു നോട്ടം പ്ലീസ്
സെൽഫി എടുക്കുന്ന വേദി കൂടി ശ്രദ്ധിക്കണം. ഇ ണങ്ങുന്ന സാഹചര്യമാണെങ്കിൽ മാത്രം ക്യാമറ ക്ലിക്കൂ. മരണവീട്ടിലും മറ്റും ‘സെൽഫിഷ്’ ആകരുതേ...

aparna-bala004