ബിന്നി കൃഷ്ണകുമാറിനോടും മ കള്‍ ശിവാംഗിയോടും സംസാരിച്ചു തുടങ്ങുമ്പോൾ ശരിക്കും ആരാണ് ഈ വീട്ടിലെ കുട്ടി എന്നു സംശയം തോന്നും. കലപില എന്ന വാക്കു കണ്ടുപിടിച്ചതു തന്നെ ശിവാംഗിക്കു വേണ്ടിയാണെന്നു പറഞ്ഞ് ബിന്നി ചിരിക്കുന്നു.
ചെന്നൈയിലെ വീട്. വാതിൽ തുറന്നപ്പോൾ മണിച്ചിത്രത്താഴിന്റെ തമിഴ് രൂപമായ ചന്ദ്രമുഖിയിലെ സീൻ മനസ്സിലേക്കു വന്നു. പ്രഭുവും ര ജനികാന്തും കിളിവാതിലിലൂടെ അകത്തേക്കു നോക്കിനിൽക്കുന്നു. മാന്ത്രികകളത്തിലേക്ക് ജ്യോതികയുടെ ഗംഗ നൃത്തച്ചുവടുവച്ചു വരുന്നു. ഒപ്പം രാ... രാ... എന്ന പാട്ടും. മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാർത്തായ തമിഴിൽ രാ...രാ... ആയപ്പോൾ പാടി ഹിറ്റാക്കിയത് ബിന്നി കൃഷ്ണകുമാറാണ്.
ഇടയ്ക്കു ചന്ദ്രമുഖിയെ പോലെ ശിവാംഗി വാതിൽ തള്ളിത്തുറന്നു വന്ന് അമ്മയോടു തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അകത്തേക്കു കയറിപ്പോകും. കുറച്ചു കഴിഞ്ഞ് ഗംഗയെ പോ ലെ വന്നു മലയാളത്തിൽ രണ്ടു ഡയലോഗ് അടിക്കും. മേക്കപ് വിഡിയോ എങ്ങനെ വൈറലാക്കാം എന്ന ആലോചനകളാണ് അകത്തു നടക്കുന്നത്.
കേരളത്തിൽ സംഗീത റിയാലിറ്റി ഷോകളിൽ അമ്മയുടെ പാട്ടും പൊട്ടും പിന്നെ, കമ്മലും മാലകളുമൊക്കെ വൻഹിറ്റാണ്. മകൾ പക്ഷേ, തമിഴ്നാട്ടിലെ സിംഗക്കുട്ടിയാണ്. ‘കുക്കു വിത് കോമാളി’ എന്ന കുക്കിങ് റിയാലിറ്റി ഷോയി ൽ ശിവാംഗി സൂപ്പർ ഹിറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.
ഇനി രണ്ടു പേരെക്കൂടി പരിചയപ്പെടാം; ബിന്നിയുടെ ഭർത്താവ് ഡോ.കൃഷ്ണകുമാർ, ശാസ്ത്രീയസംഗീത ജ്ഞൻ. മകൻ വിനായക് സുന്ദർ. അച്ഛനും അമ്മയും പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടും അതു കേൾക്കാതെ, ഡാൻസിനോടു താൽപര്യം കാണിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. അമ്മയുടെയും മകളുടെയും കലപിലയിൽ മ്യൂട്ടായി പോകുന്ന രണ്ടുപേരാണോ ഇവരെന്നു ന്യായമായും സംശയിക്കാം.
രാഗം താളത്തെ കണ്ടപോലെയാണു ഞങ്ങൾ കണ്ടുമുട്ടിയതെന്നു മക്കളോടു പറഞ്ഞിട്ടുണ്ടോ?
കൃഷ്ണകുമാർ: ഞങ്ങൾ രണ്ടുപേരും പാട്ടിന്റെ വീട്ടിൽ വളർന്നവരാണ്. എന്റെ അച്ഛൻ പ്രഫസർ കല്യാണ സുന്ദരം മാർ ഇവാനിയോസിലെ ഗണിതശാസ്ത്ര അധ്യാപകൻ. അമ്മ ശാരദകല്യാണ സുന്ദരം സംഗീതജ്‍ഞ. അമ്മയുടെ അടുത്തു പാട്ടു പഠിക്കാൻ വരുന്ന കുട്ടികൾക്കൊപ്പം ഞാനും ചേർന്നു. അങ്ങനെയാണു തുടക്കം.
ബിന്നി: എന്റെ അച്ഛനും അമ്മയും ഹിന്ദി അധ്യാപകരായിരുന്നു. പക്ഷേ, സംഗീതം ഒരുപാട് ഇഷ്ടപ്പെട്ടവർ. അ ക്കാലത്ത് തൊടുപുഴയിൽ സംഗീതഗുരുക്കന്മാർ വളരെ കുറവാണ്. അതുകൊണ്ടു തിരുവനന്തപുരത്തും തൃശൂരും കൊണ്ടുപോയാണ് അഞ്ചുമക്കളെയും പാട്ടു പഠിപ്പിച്ചിരുന്നത്. തിരുവനന്തപുരം ഗേൾസ് കോളജിൽ ചേർന്നതു തന്നെ പാട്ടു പഠിക്കാനായിരുന്നു. അങ്ങനെ കേരളായൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് ആദ്യമായി ഞങ്ങൾ കണ്ടുമുട്ടുന്നത്.
കൃഷ്ണകുമാർ : ഞാൻ പഠിച്ചത് മാർ ഇവാനിയോസി ലായിരുന്നു. കഥാപ്രസംഗം, ലളിതഗാനം, കർണാട്ടിക് മ്യൂസിക്, മോണോ ആക്ട് തുടങ്ങിയവയിലെല്ലാം കുട്ടിക്കാലം മുതലേ ബിന്നി പങ്കെടുക്കാറുണ്ടായിരുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകവുമായിരുന്നു. കോളജ് മത്സരവേദിയിലെ താരമായിരുന്നെന്നു പറയേണ്ടല്ലോ.
അങ്ങനെയൊരു വേദിയിൽ വച്ചാണ് ആദ്യമായി കാണുന്നത്. കർണാട്ടിക് മ്യൂസിക്കിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഞാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ബിന്നിയും ഒന്നാമത് എത്തി. അങ്ങനെ രണ്ട് ഒന്നാം സ്ഥാനക്കാർ വലിയ കൂട്ടുകാരായി. അതു പ്രണയമായി പിന്നെ, വിവാഹവും.
രണ്ടുപേരും ബാലമുരളി കൃഷ്ണയുടെ പ്രിയ ശിഷ്യരായിരുന്നെന്നു കേട്ടിട്ടുണ്ട്...
കൃഷ്ണകുമാർ: ചെന്നൈയിലെ അമ്മാവന്റെ വീട്ടിലേക്ക് അവധിക്കാലത്തു ഞാൻ പോകും. അതിനടുത്താണു ഗുരുജി അന്ന് താമസിച്ചിരുന്നത്. അമ്മാവനുമായി വലിയ അടുപ്പത്തിലായിരുന്നു ഗുരുജി. അതുകൊണ്ടു തന്നെ ചെന്നൈയിലെത്തുമ്പോള്‍ ഗുരുജിയുടെ വീട്ടിൽ ഞാൻ പോകും, അദ്ദേഹത്തിന്റെ കൂടെ കാരംസ് കളിക്കും. പിന്നീട് അദ്ദേഹത്തിനു കീഴിൽ സംഗീതം അഭ്യസിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും അദ്ദേഹം സംഗീത ഗുരുമാത്രമല്ല, ആത്മീയഗുരു കൂടിയാണ്. വിവാഹം കഴിഞ്ഞ് ചെന്നൈയിലെത്തിയ അടുത്ത ദിവസം ആദ്യമായി ഞങ്ങൾ പോയത് ഗുരുവിനു മുന്നിലേക്കാണ്.
ബിന്നി: ഗുരുജിയെ ആദ്യമായി കണ്ട ദിവസം ഇന്നും ഒാർമയുണ്ട്. ‘വറൂ... ഇറിക്കൂ’ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ക്ഷണിച്ചു. പിന്നെ, ജീവിതത്തിലെ ഏതൊക്കെ ഘട്ടങ്ങളിൽ അദ്ദേഹം നിഴലുപോലെ ഞങ്ങൾക്കൊപ്പം നിന്നു. മറക്കാനാകാത്ത എത്രയോ സന്ദർഭങ്ങൾ.
കൃഷ്ണന് ഒരു വലിയ ആക്സിഡന്റ് ഉണ്ടായി. അന്ന് ഗുരുജി വിദേശത്തായിരുന്നു. ആ യാത്ര പുറപ്പെടുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു, ‘കൃഷ്ണാ നീ സൂക്ഷിക്കണം. നിനക്ക് കഷ്ടകാല സമയമാണ്.’
ബൈക്ക് എടുത്ത് തൊട്ടടുത്ത കടയിലേക്കു പോയതാണ്. അപകടമുണ്ടായി. തലയ്ക്കു പരുക്കേറ്റു. ഒരാഴ്ചയോ ളം െവന്റിലേറ്ററിൽ. ഒരു മാസത്തോളം ആശുപത്രിയില്‍. തിരിച്ചു വരും എന്നാരും പ്രതീക്ഷിച്ചില്ല. പക്ഷേ, ഗുരുജി മാത്രം പറഞ്ഞു, ‘ഭയപ്പെടേണ്ട, കൃഷ്ണൻ തിരിച്ചുവരും.’ അദ്ദേഹം കൃഷ്ണനു വേണ്ടി പ്രാർഥിച്ചു കൊണ്ടേയിരുന്നു.
ആറു മക്കളായിരുന്നു ഗുരുജിക്ക്. ഏഴാമത്തെ മകനെ പോലെയായിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെയാണു കണ്ടത്. അവസാന ദിവസങ്ങളിൽ കൃഷ്ണന്റെ കൈപിടിച്ചു പറഞ്ഞു, ‘എനിക്കിനി ആഗ്രഹങ്ങളൊന്നുമില്ല. സംഗീതവുമായി ലോകം മുഴുവൻ സഞ്ചരിച്ചു. നിങ്ങളിലൂടെ എന്റെ സംഗീതം പിന്നെയും നിലനിൽക്കും. ഈ ജന്മത്തിൽ എനിക്ക് എന്താണു വേണ്ടത്?’
ഇടയ്ക്ക് അദ്ദേഹം പറയും, ‘കൃഷ്ണാ നീ സങ്കടപ്പെടേണ്ട. ഞാൻ പോയാലും നിന്റെ കൂടെ തന്നെ ഉണ്ടാകും.’ ആ സാന്നിധ്യം ഇപ്പോഴും ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്.