Saturday 18 January 2020 05:16 PM IST

‘അസഹിഷ്ണുത കൂടി, ഇന്നായിരുന്നു ‘നിർമാല്യ’ത്തിന്റെ ക്ലൈമാക്സ് എഴുതിയതെങ്കിൽ തിയറ്ററിന് തീവച്ചേനേ!’

Sreerekha

Senior Sub Editor

_REE1130b_1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബോബിയും സഞ്ജയും ഒന്നിച്ച് ഇതുവരെ 12 സിനിമകൾക്കു തിരക്കഥയെഴുതി. തിരക്കഥാകൃത്തുക്കളായിട്ട് 16 വർഷങ്ങൾ. പക്ഷേ, സിനിമയെക്കുറിച്ചുള്ള ഏറ്റവും മധുരമായ ഒാർമയേതെന്നു ചോദിച്ചാൽ രണ്ടു പേരുടെയും മനസ്സ് കുട്ടിക്കാലത്തേക്കു പോകും. അച്ഛൻ (പ്രേംപ്രകാശ്) നിർമിച്ച സിനിമ ‘കൂടെവിടെ’യുടെ സെറ്റിൽ ഷൂട്ടിങ് കാണാൻ പോയ ദിനങ്ങൾ. ഉൗട്ടിയുടെ മഞ്ഞും തണുപ്പും െപാതിഞ്ഞ ലൊക്കേഷൻ. പത്മരാജന്റെ സിനിമ. മമ്മൂട്ടി നായകൻ.

അന്ന്, കുട്ടികളായ സഞ്ജയിനെയും ബോബിയെയും കാറിലിരുത്തി മമ്മൂട്ടി ഒരു ഡ്രൈവ് പോയി. ഉൗട്ടിയുടെ തണുപ്പു മൂടിയ താഴ്‌വരകളിലൂടെ കാർ അതിവേഗത്തിൽ പറന്നപ്പോൾ‍ ശരിക്കും ജീവൻ കയ്യിലെടുത്ത പോലെ തോന്നിയിരുന്നു. എങ്കിലും ആ ‘സ്റ്റൈലൈസ്ഡ് ഡ്രൈവിങ്ങി’ന്റെ ഹരം മനസ്സിൽ നിന്നൊരിക്കലും മാഞ്ഞില്ല. അന്നത്തെ മറക്കാത്ത മറ്റൊരോർമ കൂടിയുണ്ട്. ഒരു നടൻ സെറ്റിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത് അന്നാണ് ആദ്യം കണ്ടത്. കഥാപാത്രത്തിന്റെ മനസ്സ് ആഴത്തിൽ തൊട്ടറിഞ്ഞ് മമ്മൂട്ടി കരുത്തോടെ ഡയലോഗ് പറയുന്നത് അദ്ഭുതത്തോടെയാണു കേട്ടു നിന്നത്.  

പുതിയ സിനിമ ‘വൺ’ന്റെ ലൊക്കേഷനിൽ മമ്മൂട്ടി ഡയലോഗ് പറയുമ്പോഴുള്ള ആ മാന്ത്രികത നോക്കി നിന്നപ്പോഴും പണ്ടു തോന്നിയ അതേ വിസ്മയം അനുഭവപ്പെട്ടു സഞ്ജയിനും ബോബിക്കും. മമ്മൂട്ടിക്കു വേണ്ടി ഒരു തിരക്കഥയെഴുതുക, വർഷങ്ങളായി ഇരുവരും മനസ്സിൽ സൂക്ഷിച്ച സ്വപ്നമായിരുന്നു. ഈ ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടിക്ക്.  

ഒരു രാഷ്ട്രീയക്കാരന്റെ കഥ പറയാൻ തീരുമാനിച്ചത്?

സഞ്ജയ്: ശരിക്കും പൊതുജനം രാഷ്ട്രീയനേതാക്കളെ കാണുന്നത് ഒരു തരം ‘സിനിസിസം’ നിറഞ്ഞ മനസ്സോടെയാണ്. രാഷ്ട്രീയക്കാരെല്ലാം കുഴപ്പക്കാരാണ്, അഴിമതിക്കാരാണെന്ന ധാരണയാണ്. പക്ഷേ, എല്ലാ പാർട്ടിയിലും നല്ല ഒന്നാന്തരം ലീഡേഴ്സ് ഉണ്ടായിട്ടുള്ള രാജ്യമാണ് ഇന്ത്യ. നാടിനു വേണ്ടി 24 മണിക്കൂറും ഒാടി നടന്ന് അർപണബോധത്തോടെ പ്രവർത്തിക്കുന്ന സമുന്നത നേതാക്കൾ നമുക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം നേതാക്കൾ ഇപ്പോഴുമുണ്ട്. അവർ രാജ്യത്ത് എത്രയോ മാറ്റങ്ങൾ, പുരോഗതികൾ കൊണ്ടു വന്നിരിക്കുന്നു. രാഷ്ട്രീയരംഗത്തെ അഴിമതികളുെട പേരിൽ എല്ലാവരെയും മോശക്കാരായി കാണുന്നു സമൂഹം. മമ്മുക്കയോട് ഈ തീം പറഞ്ഞപ്പോൾ ഇഷ്ടമായി. ഡയറക്ടർ സന്തോഷ് വിശ്വനാഥിനും വളരെ ഇഷ്ടപ്പെട്ടു. ഈ കഥാപാത്രം ഒരാളെ റോൾമോഡൽ ആക്കിയെഴുതിയതല്ല. പക്ഷേ, പല നേതാക്കളുടെയും ഭാവങ്ങൾ, അംശങ്ങൾ ഈ കഥാപാത്രത്തിൽ ഉണ്ടായിട്ടുണ്ടാകാം.

ബോബി: ഈ തിരക്കഥയെഴുതാനായി പല നേതാക്കളുെട യും ജീവിതം അടുത്തു കണ്ടു. ദിവസത്തിലെ 24 മണിക്കൂറും പ്രവർത്തനനിരതരായവർ. 60 വയസ്സിനു മുകളിലായിട്ടും അവരിൽ പലരുടെയും എനർജി വിസ്മയിപ്പിച്ചു. ഈ സിനിമയിലൂടെ ഞങ്ങൾ പുതിയൊരു ആശയം മുന്നോട്ടു വയ്ക്കുന്നുണ്ട്.    

രാഷ്ട്രീയപ്രവർത്തകന് മമ്മൂട്ടിയുടെ മുഖം വന്നത്?

സഞ്ജയ്: മമ്മുക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് ഞ ങ്ങളുെട കരിയറിലെ നാഴികക്കല്ലാണ്. ഈ സിനിമയുടെ കഥ പറയാൻ മമ്മുക്കയെ കാണാൻ പോകുന്നതിനു മുൻപൊരു ദിവസം ഞങ്ങൾ യാ‍ദൃച്ഛികമായി അദ്ദേഹത്തിന്റെ പഴയ സിനിമ ‘തൃഷ്ണ’ കണ്ടിരുന്നു. എം. ടി – െഎ. വി ശശി ടീമിന്റെ ചിത്രം. അതിൽ സാഹിത്യഭംഗിയുള്ള പല ഡയലോഗുകളും മമ്മുക്ക എത്ര കയ്യടക്കത്തോടെയാണു പറയുന്നതെന്നു ശ്രദ്ധിച്ചിരുന്നു.

ഈ കാര്യം ഞങ്ങൾ ചോദിച്ചപ്പോൾ മമ്മുക്ക പറഞ്ഞു; കോളജ് കാലം തൊട്ടേ താൻ നല്ലൊരു വായനക്കാരനായിരുന്നെന്നും എംടി സാറിന്റെ എല്ലാ സാഹിത്യകൃതികളും തിരക്കഥകളുമൊക്കെ നേരത്തേ വായിച്ചിരുന്നതിനാൽ ആ സാഹിത്യഭാഷ ഹൃദയത്തിൽ പതിഞ്ഞിരുന്നെന്നും.

മമ്മുക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ്. ‘വരിക ൾക്കിടയിലെ വായന’ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണിത്. ‘വൺ’ സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ്.  

മലയാളത്തിലെ ഫെമിനിസ്റ്റ് തിരക്കഥാകൃത്തുക്കളെന്നാണല്ലോ നിങ്ങളെ വിശേഷിപ്പിക്കുന്നത്?

സഞ്ജയ്: നമ്മുടെ സമൂഹത്തിലെ ആണുങ്ങൾ ജനിക്കുമ്പോഴേ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളുള്ളവർ ആയിക്കൊള്ളണമെന്നില്ല. വിദ്യാഭ്യാസം, വായന, നിലവാരമുള്ള സ്ത്രീസൗഹൃദങ്ങൾ ഇതിലൂടെയെല്ലാം അവർ ആർജിച്ചെടുക്കുന്നതാണ് സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ. ഞങ്ങളെ സംബന്ധിച്ച് അതിനുള്ള അന്തരീക്ഷമുണ്ടായി.

എന്റെ മനസ്സിലൊരു കഥ വന്നാൽ അത് ആദ്യം ചർച്ച ചെയ്യുന്നത് ഭാര്യ അഞ്ജനയോടാണ്. എഴുതുന്നതിൽ വൈരുധ്യം ഉണ്ടെങ്കിൽ അഞ്ജന ചൂണ്ടിക്കാണിക്കും. ഇങ്ങനെയല്ല ഒരു സ്ത്രീ ഇതിനെ വീക്ഷിക്കുന്നത് എന്ന് തിരുത്തും. ‘ഹൗ ഒാൾഡ് ആർ യൂ’ എഴുതുമ്പോൾ എന്തായിരിക്കും മഞ്ജുവിന്റെ കഥാപാത്രം പ്രസിഡന്റിനോട് ചോദിക്കുന്ന ആ ചോദ്യം എന്ന് ഞങ്ങൾക്ക് എത്രയാലോചിച്ചിട്ടും കിട്ടിയില്ല. അപ്പോൾ അഞ്ജനയാണു പറഞ്ഞത് ‘ഹൂ ഡിസൈഡ്സ് ദി എക്സ്പയറി ഡേറ്റ് ഒാഫ് എ വുമൻസ് ഡ്രീം’ എന്നായാലോ? എന്ന്.  

നല്ല ആൺപെൺ സൗഹൃദങ്ങളുെട അഭാവമാകാം കേരള ത്തിൽ സ്ത്രീകൾക്കെതിരെയുള്ള പല അതിക്രമങ്ങളുടെയും കാരണമെന്നു തോന്നുന്നു. കാമുകീകാമുകന്മാർ, ഭാര്യാഭർത്താക്കന്മാർ ഇെതാന്നുമല്ലാത്ത തലത്തിലുള്ള നല്ല സൗഹൃദം നമുക്കു കുറവാണ്. എവിെടയോ രസകരമായൊരു കാര്യം കേട്ടു; ഒരുമിച്ചു നടന്നിട്ടും ചീത്തപ്പേര് കേൾപ്പിക്കാത്ത രണ്ടേ രണ്ടു പേരേയുള്ളൂ കേരളത്തിലെന്ന്– കൂട്ടുസനും ഡാകിനിയും!  

ബോബി: എനിക്ക് ഒരു ഡ്രൈവ് കിട്ടുന്നത് മറ്റ് സിനിമകൾ കാണുമ്പോഴാണ്. ഇന്ത്യൻ സിനിമകളും വിദേശ സിനിമകളും ധാരാളം കാണാറുണ്ട്. കഥാപാത്രങ്ങളുടെ ജീവിതം, മനോവിചാരങ്ങൾ ഇവ ആഴത്തിൽ മനസ്സിലാക്കാൻ ഈ സിനിമ കാണൽ സഹായിക്കുന്നു. അടിസ്ഥാനപരമായ മനോവികാരങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ലോകത്തെവിടെയായാലും ഒരുപോലെ ആയിരിക്കുമെന്നു തോന്നുന്നു.  

അമ്മ നൽകിയ പ്രചോദനമുണ്ടോ?

_REE1155

സഞ്ജയ്: ഞങ്ങളെ വായനയിലേക്കു കൊണ്ടുവന്നത് അമ്മയായിരുന്നു. ബിസിഎം കോളജിൽ ഇംഗ്ലിഷ് അധ്യാപികയായി വിരമിച്ചു അമ്മ (ഡെയ്സി ലൂക്ക്). മിക്ക സ്ക്രിപ്റ്റുകളും പൂർത്തിയാക്കി കഴിഞ്ഞ് അമ്മയ്ക്കു വായിക്കാൻ കൊടുക്കും. അമ്മ പറയുന്ന സജൻഷൻസ് പരിഗണിക്കാറുണ്ട്. കുട്ടിക്കാലം മുതലേ എല്ലാ തരം ബുക്കുകളും അമ്മ ഞങ്ങൾക്ക് വാങ്ങിത്തരുമായിരുന്നു. ബാലരമയും പൂമ്പാറ്റയും ട്വിങ്കിളും പോലുള്ള ബാലപ്രസിദ്ധീകരണങ്ങൾ മുതൽ മലയാളസാഹിത്യകൃതി കളും ലോകസാഹിത്യത്തിലെ ക്ലാസിക്കുകളും വരെ.

നമ്മുടെ അമ്മസങ്കൽപം അമ്മയുണ്ടാക്കിയ ഭക്ഷണം, അമ്മയുടെ സാരിയുടെ ഗന്ധം, പൂജാമുറിയിലെ അമ്മ തുടങ്ങിയ ചില പരമ്പരാഗത സങ്കൽപങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇതൊന്നും അല്ലാത്ത ഒരു അമ്മയില്ലേ? അമ്മയുടെ വ്യക്തിത്വം, അമ്മയുടെ മനസ്സ്... അതു മനസ്സിലാക്കാനാണു നമ്മൾ ശ്രമിക്കേണ്ടത്. കോളജിലെ പ്രഗൽഭയായ അധ്യാപികയെന്നതാണ് അമ്മയെക്കുറിച്ച് ഞങ്ങളുെട മനസ്സിലുള്ള ചിത്രം.  

ബോബി: പൂർണസ്വാതന്ത്ര്യം അമ്മ ഞങ്ങൾക്കു തന്നിരുന്നു. എല്ലാ പുസ്തകപ്രദർശനങ്ങൾക്കും അമ്മ െകാണ്ടുപോകുമായിരുന്നു. ആ അടിത്തറ ഞങ്ങളെ എഴുത്തുകാരെന്ന നിലയിലും മനുഷ്യരെന്ന നിലയിലും വളരാൻ സഹായിച്ചിട്ടുണ്ട്.  

സിനിമയുടെ അന്തരീക്ഷത്തിൽ വളരാൻ കഴിഞ്ഞില്ലേ?

സഞ്ജയ്:  ഒാർമ വച്ച കാലം മുതൽ എല്ലാ വർഷവും അച്ഛൻ (പ്രേം പ്രകാശ്) ഒരു സിനിമ നിർമിക്കാറുണ്ടായിരുന്നു. ‘െപരുവഴിയമ്പലം’ അച്ഛൻ ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ കുട്ടികളാണ്. കോട്ടയത്തെ തറവാട്ടു വീട്ടിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരുമെല്ലാം വന്നിരുന്നു. ഇവരുെട ചർച്ചകൾ ഒളിഞ്ഞും മറഞ്ഞും കേട്ടാണു ഞങ്ങൾ വളർന്നത്.  

ബോബി: അച്ഛന്റെ സഹോദരൻ ജോസ് പ്രകാശ് ഞങ്ങളുെട കുട്ടിക്കാലത്ത് വലിയ നടനാണ്. ജോസ് പ്രകാശ് വല്യപ്പച്ചൻ തറവാട്ടു വീട്ടിൽ വരുന്ന സമയത്ത് ഗേറ്റിനു പുറത്ത് വലിയ ജനക്കൂട്ടം കാണാൻ കാത്തുനിൽക്കുമായിരുന്നു.  

ജീവിതത്തിൽ നിന്നാണോ കഥകൾ കണ്ടെത്തുന്നത്?

സഞ്ജയ്: ജീവിതത്തിൽ നിന്ന് ഒരുപാട് സംഭവങ്ങളും മനുഷ്യരും നേരിട്ടും അല്ലാതെയും കയറി വരുന്നുണ്ട്. ഞങ്ങളുടെ ആദ്യ തിരക്കഥ, ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലെ ‘സിബ്ലിങ് റൈവൽറി’ ഞാൻ നേരിട്ടനുഭവിച്ചതാണ്. ‘നോട്ട്ബുക്കി’ന്റെ കഥയുടെ പ്രചോദനം ഞങ്ങൾക്ക് അടുത്തറിയാവുന്ന ചിലരുടെ സൗഹൃദങ്ങളാണ്. ‘ഹൗ ഒാൾഡ് ആർ യൂ’വിലെ നിരുപമയെ പോലെ പല സ്ത്രീകളെയും അടുത്തറിയാം.

ബോബി: ‘അയാളും ഞാനും തമ്മി’ലെ സലിംകുമാറിന്റെ കഥാപാത്രത്തെ ജീവിതത്തിൽ നിന്നു പകർത്തിയതാണ്. മെഡിക്കൽ പഠനകാലത്ത് അത്തരം ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരു പത്രവാർത്തയായിരുന്നു ‘ട്രാഫിക്കി’ന്റെ പ്രചോദനം.    

_REE1139

രാജേഷ് പിള്ളയുമായുള്ള സൗഹ‍ൃദത്തെക്കുറിച്ച്?

സഞ്ജയ്: ‘മിലി’ കഴിഞ്ഞ ശേഷം ‘വേട്ട’ തുടങ്ങുമ്പോൾ രാജേഷിന് അസുഖം കലശലായിരുന്നു. ഞങ്ങളുെട ഏതു സിനിമയും  ഞങ്ങളൊന്നിച്ചായിരുന്നു ആദ്യത്തെ ഷോ കാണുക. ‘വേട്ട’ റിലീസാകുമ്പോൾ െകാച്ചിയിൽ വച്ച് ഒന്നിച്ചു കാണാമെന്ന് പ്ലാൻ ചെയ്തിരുന്നു.

അപ്പോഴേക്കും അസുഖം കൂടി തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ രാജേഷ് െഎസിയുവിലായി. ആ സമയത്ത് കൊച്ചിയിലെ ഹോസ്പിറ്റലിലേക്കു വരാൻ രാജേഷ് വാശി പിടിച്ചത് ഇവിടെ വന്ന ശേഷം ഞങ്ങളൊന്നിച്ചു സിനിമ കാണാൻ പോകാമെന്ന വിചാരത്തിലായിരുന്നു.

പക്ഷേ, ആംബുലൻസിൽ കൊച്ചിയിലേക്കു വരുന്ന വഴി തന്നെ രാജേഷ് അബോധാവസ്ഥയിലായി. നേരേ ആശുപത്രിയിൽ അഡ്മിറ്റായി. എന്റെയൊപ്പം സിനിമ കാണുകയെന്ന മോഹം കാരണമാണോ രാജേഷ് കുറച്ചു ദിവസം മുൻപേ ജീവിതത്തോട് വിട പറഞ്ഞതെന്നു പോലുമെനിക്കു തോന്നാറുണ്ട്! ഞാനിന്നും ‘വേട്ട’ കണ്ടിട്ടില്ല. ഇനി കാണാനും ഉദ്ദേശിക്കുന്നില്ല... കാരണം, രാജേഷിന്റെ കൂടെയിരുന്നല്ലാതെ ആ സിനിമ എനിക്കു കാണാനാകില്ല...

ഡോക്ടർ തിരക്കഥാകൃത്താകുമ്പോൾ?

ബോബി: ഹോസ്പിറ്റലിലേക്ക് കടക്കുന്ന നിമിഷം ഞാൻ സിനിമ പൂർണമായും മനസ്സിൽ നിന്നു മാറ്റി വച്ചിരിക്കും. സിനിമാ സംബന്ധിയായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല.  

രണ്ടു പേർ ഒന്നിച്ചെഴുതുന്നതിന്റെ പ്ലസ് പോയിന്റ്സ്?

ബോബി: രണ്ടു പേരുടെ ചിന്തകൾ വരുമ്പോൾ സീൻ കൂടുതൽ മികച്ചതാക്കാൻ സാധിക്കും. അഭിപ്രായ വ്യത്യാസമുണ്ടായാലും ചർച്ച ചെയ്ത്  അനുയോജ്യമായത് തിരഞ്ഞെടുക്കും.

സഞ്ജയ്: ഞങ്ങളെ ആകർഷിച്ചു നിർത്തുന്ന കഥാബീജമാണെങ്കിൽ കുറേ നാളെടുത്ത് വിശദമായ സ്റ്റോറിയുണ്ടാക്കും. അതു കഴി‍‍ഞ്ഞ് സംവിധായകനുമായി കഥ ചർച്ച ചെയ്യും. സംവിധായകൻ പറയുന്ന മാറ്റങ്ങളും വരുത്തിയ ശേഷമാണ് തിരക്കഥാ രചന. ഒാരോ സീനും എഴുതും മുൻപ് ചർച്ചയിലൂടെ ഒരു ധാരണയിെലത്തിയിട്ടാണു ഞങ്ങൾ സീനുകളെഴുതുക.   

പ്രതീക്ഷയോടെ ചെയ്ത സിനിമ പരാജയപ്പെടുമ്പോൾ?

സഞ്ജയ്: വിഷമം ഉണ്ടാകും. ആ വിഷമം നമ്മളെ കീഴടക്കാതിരുന്നാൽ മതി. അതുപോലെ, സിനിമ ഹിറ്റായാലും ആ സന്തോഷം, എക്സൈറ്റ്മെന്റ് അമിതമാകാതെ നോക്കണം.  

ബോബി: കാസനോവ, നിർണായകം, സ്കൂൾ ബസ് ഈ സിനിമകൾ പ്രതീക്ഷിച്ചതു പോലെ വിജയിച്ചില്ല. വിചാരിച്ചതു പോലെ അവ ആളുകളുെട മനസ്സിലേക്കെത്തിയില്ലെങ്കിൽ ഞങ്ങളുെട തിരക്കഥയുടെ കുറ്റമാണെന്നു തന്നെ കരുതുന്നു.

സാമൂഹിക പ്രശ്നങ്ങളിൽ ഏറ്റവും വിഷമിപ്പിക്കുന്നവ?   

സഞ്ജയ്: സ്ത്രീപുരുഷസമത്വം ഇല്ലായ്മ. മറ്റൊന്ന്, ജാതി, മതം ഇവ മനുഷ്യനെ വിഭജിക്കുന്നത്. ദൈവത്തെ ഭജിക്കുന്ന ആരാധനാലായത്തിൽ എല്ലാ മനുഷ്യരും ഒരുമിച്ചു കൂടുന്നില്ല. പക്ഷേ, തിയറ്ററിലോ ചായക്കടയിലോ ജാതിമതഭേദം മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നില്ല. ഇതിന്റെ  ൈവചിത്ര്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒരാൾക്ക് ബ്ലഡ് വേണമെങ്കിൽ നമ്മൾ ഇന്ന ജാതി, മതം എന്നു നോക്കാറില്ല. പക്ഷേ, മകൾക്ക് കല്യാണമാലോചിക്കണമെങ്കിൽ ഇന്ന ജാതിക്കാരനും മതത്തിലുള്ളവനും േവണം...! ഒരേ സൂര്യനും ഒരേ മഴയും ഒരേ വെയിലും ആണു നമ്മൾ അനുഭവിക്കുന്നത്. എന്നിട്ടും എന്തിനാണ് ഈ വേർതിരിവ്!  ഇതിനു ഞാൻ കണ്ട പരിഹാരം– മക്കളെ സ്കൂളിൽ ചേർത്തപ്പോൾ റജിസ്റ്ററിൽ ‘നോ റിലീജിയൻ’ എന്നാണു ചേർത്തത്.

ബോബി: മ‌നുഷ്യർക്കിടയിൽ അസഹിഷ്ണുത വല്ലാതെ കൂടിയിട്ടുണ്ട്. ഇന്നായിരുന്നെങ്കിൽ ‘നിർമാല്യ’ത്തിന്റെ ക്ലൈമാക്സ് എംടിക്ക് അങ്ങനെ എഴുതാൻ സാധിക്കുമോ? വിഗ്രഹത്തിലേക്ക് കാർക്കിച്ചു തുപ്പുന്ന സീനെഴുതിയാൽ തിയറ്ററിനു തീവച്ചേനേ. നിസ്സാരകാര്യങ്ങൾക്കു പോലും കുറേ പേരുടെ വികാരം വ്രണപ്പെട്ടു എന്നു പറ‍ഞ്ഞ് കോടതിയിലേക്കു പോകുന്ന അവസ്ഥ ഉൾക്കൊള്ളാനാകുന്നില്ല.

ഇതുവരെ എഴുതിയ സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാരാണ്?

ബോബി: അങ്ങനെ ഒരിക്കലും പറയാൻ സാധിക്കില്ല. ഞങ്ങ ളെ സംബന്ധിച്ച് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഏറ്റവും പ്രിയപ്പെട്ടത്.

Tags:
  • Celebrity Interview
  • Movies