Tuesday 04 September 2018 04:10 PM IST

ഫുട്ബോൾ അറിയാത്ത സുഡാനി ഫ്രം ലാഗോസ്! കരിയില കിക്ക് പോലെ മലയാളി മനസ്സിൽ പറന്നിറങ്ങിയ ‘സുഡാനി’ പറയുന്നു

Ammu Joas

Sub Editor

sud

ഗൂഗിൾ കിക്ക് ഓഫ് 

സെവൻസ് ഫുട്ബോള‍്‍ കളിക്കാൻ മലപ്പുറത്തെത്തുന്ന ആഫ്രിക്കൻ രാജ്യക്കാരെല്ലാം മലയാളികൾക്ക് സുഡാനിയാണ്. അങ്ങനെയൊരാളെ തേടിയാണ് ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകനായ സക്കരിയ എന്നിലേക്കെത്തിയത്. അതിന് നന്ദി പറയാനുള്ളത് ഗൂഗിളിനോടാണ്.

ചില ആഫ്രിക്കൻ, അമേരിക്കൻ രാജ്യങ്ങളിൽ ആദ്യം ഒഡിഷൻ നടത്തിയെങ്കിലും യോജിച്ച ആളെ കണ്ടെത്താൻ അവർക്കായില്ല. പിന്നെ, ചെറുപ്പക്കാരായ നൈജീരിയൻ നടന്മാരെ ഗൂഗിളിൽ പരതുന്നതിനിടയിലാണ് എന്നെക്കുറിച്ചറിയുന്നത്. ആദ്യമൊന്നും  ഞാൻ വിശ്വസിച്ചതേയില്ല, ആരോ പറ്റിക്കുകയാണെന്നാ കരുതിയത്. നൈജീരിയയിൽ നിന്ന് ഇങ്ങ് കേരളത്തിൽ വന്നു സിനിമ ചെയ്യുമെന്ന് കരുതിയില്ല എന്നു പറഞ്ഞാൽ പോരാ, കേരളം എന്ന നാടിനെക്കുറിച്ച്  കേട്ടിട്ടുകൂടിയില്ലായിരുന്നു. പക്ഷേ, ഇന്ത്യ അറിയാം. ഇന്ത്യക്കാരിയേയും... ആ ഫ്ലാഷ്ബാക്ക് വഴിയേ പറയാം...

സെന്റർ സ്പോട്ട്

സാമുവൽ അബിയോള റോബിൻസൺ എന്നാണ് മുഴുവൻ പേര്. 2013ൽ തുട ങ്ങിയതാണ് കരിയർ, 15–ാം വയസ്സിൽ. വാൾട് ഡിസ്നിയുടെ ‘‍ഡെസ്പറേറ്റ് ഹൗസ്‌വൈഫ്സ് ഓഫ് ആഫ്രിക്ക’ യായിരുന്നു ആദ്യ പ്രോജക്ട്. ഇതുവരെ മൂന്നു സിനിമകളിലും അഞ്ച് ടിവി സീരീസിലും അഭിനയിച്ചു. ഭാഷ ഏതായാലും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നതാണ് കരിയർ ലക്ഷ്യം. മലയാളത്തിൽ നിന്ന് അവസരം വന്നപ്പോൾ ഇവിടത്തെ സിനിമയെക്കുറിച്ച് ഒരന്വേഷണം നടത്തി. മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എ ന്നിവരുടെയൊക്കെ മൂവി സീനുകളും ടീസറുകളുമൊക്കെ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. ‘ബിഗ് ബി’യിലെ ഡയലോഗ് ഡബ്സ്മാഷ് ചെയ്തത് അത്ര ആരാധന തോന്നിയതുകൊണ്ടാണ്. 

sudu

പെനൽറ്റി കിക്ക്

കേരളത്തിന് ഫുട്ബോൾ ഒരു വികാരമാണ്. അതേപോലെതന്നെ ഞങ്ങൾ നൈജീരിയക്കാർക്കും. ലാഗോസ് ആണ് എന്റെ നാട്, ഭാഷ യൊറുബ. അവിടെ ഫുട്ബോൾ കളിക്കാനറിയാത്ത ചുരുക്കം പേരിലൊരാളാണ് ഞാനെന്നു പറയുന്നതിൽ ചെറുതല്ലാത്ത ചമ്മലുണ്ട്. ചെറുപ്പത്തിൽ എല്ലാവരെയും പോലെ ഫുട്ബോൾ കളിച്ചിട്ടുണ്ടെങ്കിലും പ്രഫഷനലായി പഠി ക്കുന്നത് ഈ സിനിമയ്ക്കു വേണ്ടിയാണ്. ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നതായിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ് കഴിഞ്ഞിട്ടും അന്നെന്റെ ടെൻഷൻ മാറിയില്ല. ചെയ്തതു നന്നായോ, എല്ലാവർക്കും ഇഷ്ടമായോ എന്നൊക്കെയോർത്ത് രാത്രി ഉറക്കം പോലും വന്നില്ല. പക്ഷേ, പിന്നീടിങ്ങോട്ട് ഷൂട്ട് ശരിക്കും ആസ്വദിച്ചു. നൈജീരിയക്കാരാനായ ഫുട്ബോൾ കളിക്കാരനും  ടീം  മാനേജരും തമ്മിലുള്ള ആത്മബന്ധമാണ് ‘സുഡാനി ഫ്രം നൈജീരിയ.’ സൗബിൻ ചേട്ടന്‍ അഭിനയിച്ച മാനേജർ മജീദുമായി എനിക്ക് വേഗം ഇഴുകിച്ചേരാനായി. ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും മികച്ച നടനാണ് സൗബിൻ. തമാശക്കാരനായാണ് എല്ലാവർക്കും പരിചിതനെങ്കിലും ഏതു കഥാപാത്രവും സൗബിന് വഴങ്ങും.

ഹെഡർ  

കഴിഞ്ഞ ഒക്ടോബറിലാണ് ഞാൻ കേരളത്തിലെത്തുന്നത്. ‘പിക്ചർ പെർഫെക്ട്’ ആയ നാടാണ് കേരളം. നിറയെ മരങ്ങളും പച്ചപ്പും. ക്യാമറ എവിടേക്കു തിരിച്ചുവച്ച് ചിത്രമെടുത്താലും അതിൽ സൗന്ദര്യമുണ്ടാകും. മലയാളം പഠിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളം, എന്താണ്... എന്നിങ്ങനെ വളരെ കുറച്ചു വാക്കുകളെ പറയാനറിയൂ. പിന്നെ, കമന്റ് ബോക്സിൽ വരുന്നവയുടെ അർഥം തേടിപ്പോയി കണ്ടെത്തിയ വാക്കുകളാണ് പൊളി, കട്ട വെയ്റ്റിങ് ഒക്കെ. ഇവിടത്തെ പൊറോട്ടയും മട്ടൻകറിയും അടിപൊളിയാണ്. ബിരിയാണി, അപ്പം, ദോശ, പഴംപൊരി അങ്ങനെ രുചികളുടെ കലവറ തന്നെയാണ് കേരളം. സിനിമാ സെറ്റും കേരളവും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടിപ്പോൾ, എന്റെ ഭാഷയിൽ പറഞ്ഞാൽ ‘മോ മിസ് യിൻ ഗൻ കേരള’. കഴിഞ്ഞ മാസം റിട്ടേൺ ഫ്ലൈറ്റ് കയറിയപ്പോൾ ഉള്ളിൽ    വിങ്ങലായിരുന്നു. ഇനിയും സിനിമകൾ വന്നാൽ പറന്നു വരാൻ റെഡിയായിരിക്കുകയാണ് ഞാൻ. 

ഓഫ് സൈഡ്

കോളജിൽ വച്ചു നടന്ന ഫിലിം പ്രമോഷനൽ പ്രോഗാമിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ ഒരു പെൺ കുട്ടിയെ തമാശയ്ക്കു പ്രപ്പോസ്‌ ചെയ്തതല്ലാതെ കേരളത്തിൽ നിന്നു കൊണ്ടുവന്ന പ്രണയ ഓർമകളൊന്നുമില്ല. കേരളത്തിലെ പെൺകുട്ടികൾ വളരെ സുന്ദരികളാണ്. അവരുടെ നീളൻ മുടിയുടെ ഭംഗി, ഹോ എന്റെ സാറേ... 

ഹൈസ്കൂളിൽ വച്ച് സ്കൂൾമേറ്റായ പെൺകുട്ടിയോട് ഒരിഷ്ടമുണ്ടായിരുന്നു. കോഇൻസിഡൻസ് എ ന്താണെന്നോ, അവളൊരു ഇന്ത്യക്കാരിയായിരുന്നു. നേരത്തെ പറഞ്ഞ ഫ്ലാഷ്ബാക്ക് ഇപ്പോൾ പിടികിട്ടിയില്ലേ. ഒരു റൊമാന്റിക് ലവ് സ്റ്റോറിയിൽ അഭിനയിക്കണമെന്നതാണ് ഇപ്പോൾ മനസ്സിലുള്ള ആഗ്രഹം.

good92

ഗോൾ...!!!

ദുൽഖർ സൽമാൻ എന്റെ മെസേജിന് മറുപടി തന്ന നിമിഷം. ഓ മൈ ഗോ‍ഡ്!!! ഞാൻ ഏറെ ആരാധിക്കുന്ന താരം എന്നെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഫോളോ ചെയ്യുന്നു എന്നുകൂടി അറിഞ്ഞപ്പോള്‍ തുള്ളിച്ചാടാനാണ് തോന്നിയത്. ഫെയ്സ്ബുക് ലൈവിൽ കണ്ടത് സന്തോഷത്തിന്റെ ഒരു ശതമാനം മാത്രമാണ്. സൂപ്പർസ്റ്റാറിന്റെ മകനായായിട്ടും സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത  യൂത്ത്  ഐക്കണാണ്  ദുൽഖർ.  ബോളിവുഡ് സിനിമകൾ നൈജീരിയയിൽ വരാറുണ്ട്. മലയാള സിനിമയൊന്നും കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിലെത്തിയ ദിവസം മുതൽ ഓരോ തിരക്കുകളായിരുന്നു. ഇനി സമയം പോലെ ഓരോന്നായി കാണണം.