Saturday 20 June 2020 03:26 PM IST

‘വെറുതെ ഒരു പേരിന് ഗ്ലാമറസായി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല’; വൈറൽ ‘ഫോട്ടോഷൂട്ടി’നെ കുറിച്ച് ദീപ്തി സതി

Nithin Joseph

Sub Editor

deepthi9768675
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദീപ്തി സതിക്ക് വർണാഭമായ സ്വപ്നങ്ങളുടെ വർഷമാണിത്...

നീനയായ കഥ

2012ലെ മിസ് കേരള കിരീടമാണ് ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് മിസ് ഇന്ത്യ മൽസരം. ആ സമയത്താണ് ലാൽ ജോസ് സാറിന്റെ ‘നീന’യിലേക്ക് വിളിക്കുന്നത്. ഒഡിഷൻ നടന്ന്, മൂന്നാം ദിവസം ഞാനാണ് നീനയെന്ന് അറിഞ്ഞു. മുടിയൊക്കെ വെട്ടി, ടോംബോയിഷ് ലുക്കിൽ നടക്കുന്ന പെൺകുട്ടിയാണല്ലോ നീന. പക്ഷേ, എനിക്ക് നല്ല നീളമുള്ള മുടിയായിരുന്നു അന്ന്. മുടി മുറിക്കാൻ പറയാൻ സാറിന് വലിയ സങ്കടം. മുടി മുറിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് പല ആവർത്തി ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ഞാൻ ഹാപ്പിയായിരുന്നു. ഞാൻ പഠിച്ചത് ഗേൾസ് ഒൺലി സ്കൂളിലാണ്. വ്യത്യസ്ത ആറ്റിറ്റ്യൂഡിലുള്ള പെൺകുട്ടികളായിരുന്നു ചുറ്റും. നീനയായപ്പോൾ അവരായിരുന്നു റഫറൻസ്.

 ‘അയ്യ’ കണ്ട് അമ്പടാ എന്നായി

ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ‘അയ്യ’ എന്ന ഹിന്ദി സിനിമ റിലീസാകുന്നത്. അന്നെനിക്ക് മലയാള സിനിമയെക്കുറിച്ചോ ഇവിടുത്തെ താരങ്ങളെക്കുറിച്ചോ അധികമൊന്നും അറിയില്ല. റാണി മുഖർജി നായികയായ ആ സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നടനായിരുന്നു നായകൻ. അയാളുടെ ലുക്കും സ്ക്രീൻ പ്രസൻസുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീട് വർഷങ്ങൾക്കു ശേഷം ‘ഡ്രൈവിങ് ലൈസൻസി’ൽ അതേ നടന്റെ നായികയായി ഒരുമിച്ച് അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ. മറ്റാരുമല്ല, പ്രിയപ്പെട്ട പൃഥ്വിരാജ്.

സൂപ്പർതാരങ്ങളുടെ മാത്രം നായികയോ

സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഇഷ്ടപ്പെട്ട സിനിമ മാത്രമേ ചെയ്യൂ എന്ന് നിർബന്ധം പിടിക്കാൻ കൈനിറയെ സിനിമക   ളൊന്നുമില്ല. വരുന്ന ഓഫറുകളിൽ മെച്ചപ്പെട്ടവ തിരഞ്ഞെടുക്കുന്നു, എന്നെക്കൊണ്ട് ആകും വിധം മികച്ച രീതിയിൽ അ വതരിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഞാൻ വളരെ ഭാഗ്യവതിയാണ്. ഈ ചുരുങ്ങിയ കാലംകൊണ്ട് മമ്മൂക്ക, ദുൽഖർ, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു. മലയാളത്തിലെ എന്റെ രണ്ടാമത്തെ സിനിമയാണ് മമ്മുക്കയ്ക്കൊപ്പമുള്ള ‘പുള്ളിക്കാരന്‍ സ്റ്റാറാ’.

ഇനിയും ആഗ്രഹങ്ങൾ മനസ്സിൽ ബാക്കിയുണ്ട്. ലാലേട്ടന്റെയും വിനീത് ശ്രീനിവാസന്റെയും കൂടെ ഒരു സിനിമയെങ്കിലും ചെയ്യണം.

ലളിതവും സുന്ദരവുമായ വിശേഷങ്ങൾ

എനിക്ക് കിട്ടിയ പുതുവർഷ സമ്മാനം, അതാണ് ‘ലളിതം സുന്ദരം’ എന്ന സിനിമ. ജനുവരി ഒന്നാം തീയതിയാണ് സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഞാനേറെ ഇഷ്ടപ്പെടുന്ന മ‍ഞ്ജുചേച്ചി നായികയും നിർമാതാവുമാകുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിനൊപ്പം ഒരു സിനിമ, അ തൊരു ഭാഗ്യമാണ്. ‘ലവ കുശ’ എന്ന സിനിമയ്ക്കു ശേഷം വീണ്ടും ബിജു മേനോനൊപ്പം അഭിനയിക്കുന്നു. മധു വാരിയർ ആദ്യമായി സംവിധായകനാകുന്നു. എല്ലാത്തിലുമുപരി, രസമുള്ള കഥയാണ്. കൊറോണ മൂലം സിനിമയുടെ അവസാനഘട്ട ഷൂട്ട് മുടങ്ങി. എല്ലാമൊന്ന് ശാന്തമായാൽ ഉടനെ സിനിമ തിയറ്ററുകളിലെത്തും.

ബിക്കിനി ഫോട്ടോ വൈറലോ വൈറൽ

അതൊരു ഫോട്ടോഷൂട്ട് ആണെന്ന് തെറ്റിദ്ധരിച്ചവരാണ് കൂടുതലും. എന്റെ ആദ്യ മറാത്തി സിനിമയായ ‘ലക്കി’യിലെ ഒരു രംഗമാണ് അത്. അത്തരമൊരു സീൻ ചെയ്യാൻ തുടക്കത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ആ സീൻ സിനിമയ്ക്ക് ആവശ്യമായിരുന്നു. അത് സംവിധായകൻ വ്യക്തമായി പറഞ്ഞപ്പോൾ ഞാനും കൂളായി. ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ സംഭവം വൈറലായി. കൂടുതലും പൊസിറ്റീവ് കമന്റുകളാണ് എനിക്ക് കിട്ടിയത്.

വെറുതെ ഒരു പേരിന് ഗ്ലാമറസായി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. ഒരു സീനിന്റെ പൂർണതയ്ക്ക് ആവശ്യമെങ്കിൽ ചെയ്യേണ്ടത് അഭിനേതാവ് എന്ന നിലയില്‍ എന്റെ കടമയുമാണ്.

ലോക്‌ഡൗൺ ഡെയ്സ് @ മുബൈ

മുംബൈയിലെ വീട്ടിൽ അമ്മ മാധുരിക്കും അച്ഛൻ ദിവ്യേഷ് സതിക്കുമൊപ്പമാണ് ഇപ്പോൾ. ഉറക്കം, സിനിമ, വിശ്രമം, കുറച്ച് വർക്കൗട്ട്, ഇടയ്ക്ക് അമ്മയെ സഹായിക്കൽ. പിന്നെ, ഡാൻസും ചിത്രരചനയും. ഇതെല്ലാമായി ഹാപ്പിയാണ്. 2020ൽ ഒരുപാട് യാത്രകൾ നടത്തണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷേ, അതെല്ലാം ലോക്‌ഡൗണിൽ ഇല്ലാതായി. എന്റെ ആദ്യ തമിഴ് സിനിമ ‘നാനും സിങ്കിൾ താൻ’ കഴിഞ്ഞ മാസം റിലീസാകേണ്ടതായിരുന്നു. അതും കൊറോണയിൽ മുങ്ങിപ്പോയി. തെലുങ്കിൽ ‘സിൻ’ എന്നൊരു വെബ് സീരീസിൽ അഭിനയിച്ചു. കൊറോണയ്ക്കു ശേഷം ഇനിയും ചില വെബ് സീരിസുകൾ ചെയ്യാനുണ്ട്.

Tags:
  • Celebrity Interview
  • Movies