Saturday 28 September 2019 03:09 PM IST

‘ഞാനും ധ്യാനും ഒരു വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമാകും; രണ്ടുപേരും രണ്ടു ലോകത്തായിരുന്നു..’

Vijeesh Gopinath

Senior Sub Editor

_REE9757 ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

ഒരു കാലത്ത് ശ്രീനിവാസന് ഏറ്റവും ഇഷ്ടപ്പെട്ട മത്സരം ഹോക്കിയായിരുന്നു. കുഞ്ഞു പന്തിനു പിറകേ കാലൻകുടയുടെ പിടിപോലെ വളഞ്ഞ സ്റ്റിക്കും കൊണ്ട് പറന്നു പറന്ന് വലകുലുക്കിയാൽ കയ്യടി ഉറപ്പാണ്. അതേ അധ്വാനമുണ്ട്, ഒരു കഥപ്പന്തിനു പുറകെ കുറേ കഥാപാത്രങ്ങളെ തലങ്ങും വിലങ്ങും ഒാടിച്ച്  സിനിമയൊന്ന് വിജയിപ്പിച്ചെടുക്കാൻ... ഇതറിയുന്നതു കൊണ്ടാകാം സിനിമ പോലെ തന്നെ ഹോക്കി ശ്രീനിയുടെ ഹരമായി. രണ്ടു മക്കളുണ്ടായപ്പോൾ പേരിനു വേണ്ടി അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. ഹോക്കി താരങ്ങളായ വിനീത് കുമാറിന്റെയും ധ്യാൻ ചന്ദിന്റെയും പേര് അങ്ങുറപ്പിച്ചു.

വഴക്കിടാതെ വളർന്ന ചേട്ടനും അനുജനുമാണെങ്കിലും, ‘താത്വികമായ ഒരവലോകനം നടത്തിയാൽ’ സന്ദേശത്തിലെ പ്രഭാകരനെയും പ്രകാശനെയും പോ ലെ സ്വഭാവത്തിൽ  ‘പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെന്നു മനസ്സിലാക്കാം.’  അച്ഛനെ പോലെ വിനീത് ഡ്രൈവിങ്ങിൽ ക്ലച്ചും ബ്രേക്കുമൊക്കെ തട്ടിമുട്ടി കണ്ടുപിടിച്ചപ്പോൾ ധ്യാൻ സൂപ്പർ ബൈക്കിന്റെ ആരാധകനാണ്. വിനീതിന്റെ കൂട്ടുകാരെ വിരലിലെണ്ണാമെങ്കിൽ ധ്യാൻ ‘കൂട്ടിന്റെ ആൾക്കൂട്ട’ത്തിലും.

എങ്കിലും  സിനിമയെന്ന ‘അന്തർധാര’ സജീവമായിരുന്നു. തിരക്കഥ, സംവിധാനം, അഭിനയം... ഇതിലെല്ലാം ചേട്ടനും അനുജനും ഒരുമിച്ചെത്തി. ഇപ്പോഴിതാ ‘ലൗവ് ആക്‌ഷൻ ഡ്രാമ’ എന്ന  ചിത്രത്തിലൂടെ ധ്യാൻ  സംവിധായകനാകുന്നു. ശ്രീനിവാസനും വിനീതും അഭിനയിക്കുന്നു. വിനീതിന്റെ  ചങ്ങാതിമാരായ നിവിൻ നായകനും അജു നിർമാണവും  ഷാൻ സംഗീത സംവിധാനവും  ചെയ്യുന്നു.  ഇതിനൊക്കെ പുറമേ നയൻതാര നായികയാകുന്നു...

ആദ്യ സിനിമ തന്നെ ടെൻഷനാണ്. അതിൽ നയൻതാര നായികയാകുമ്പോൾ ബി പി കൂടില്ലേ?

ധ്യാൻ:   നയൻതാര ബിഗ് ബജറ്റ് ചിത്രങ്ങളിൽ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങുമ്പോഴാണ് ഈ കഥയുമായി ഞാൻ ചെല്ലുന്നത്.  ഏട്ടൻ വഴിയാണ് നയൻതാരയിലേക്ക് എത്തിയത്. ഫോൺ വിളിച്ചപ്പോൾ അടുത്ത ദിവസം തന്നെ കഥ പറയാനായി ചെന്നൈയിൽ ചെല്ലാൻ പറഞ്ഞു. വൈകുന്നേരം നാലു മണിക്കു ഒാഫിസിലെത്താനാണ് പറഞ്ഞത്. പതിവുപോലെ ഞാൻ വൈകി. അവിടെത്തുമ്പോൾ അഞ്ചു മണി കഴിഞ്ഞു.

ചുറ്റും ഇരിക്കുന്നവര്‍ അപ്പോയ്ൻമെന്റ് ടൈമിനും ഒരു മണിക്കൂർ മുൻപേ കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്. അച്ഛനെ ഒാർത്താകാം എന്നെ പുറത്താക്കിയില്ല. കഥ കേട്ടു കഴിഞ്ഞ് കൈ തന്നു.  അതോടെ ‘ശരി, ബൈ ഇതെനിക്ക് പറ്റില്ലെന്ന്’ പറയാൻ തുടങ്ങുമെന്നാണ് വിചാരിച്ചത്. പക്ഷേ, ‘നമുക്ക് ചെയ്യാം’ എന്നാണ് പറഞ്ഞത്. അത്രയും ഞാൻ പ്രതീക്ഷിച്ചതല്ല. പിന്നീട് മറുപടി പറയാമെന്നോ, തിരുത്തുകൾ വരുത്തി വീണ്ടും വരാനോ പറയുമെന്നാണ് ഞാൻ കരുതിയത്.

നയൻതാരയുടെ താരപദവി ഹാൻഡിൽ ചെയ്താൽ  മറ്റു പ്രശ്നങ്ങളൊന്നും  ഉണ്ടാകില്ല എന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. നിവിനും നയൻതാരയും ഒരുമിച്ചഭിനയിക്കുമ്പോൾ കെമിസ്ട്രിയെക്കാളും കൂടുതൽ ഫിസിക്സ് ആണ് വർക്ക് ചെയ്തത്. എല്ലാ ആക്‌ഷനും കൃത്യമായ റിയാക്‌ഷൻ. അതുകൊണ്ടു‌തന്നെ സിനിമയിലെ അവരുടെ പ്രണയത്തിലെ കെമിസ്ട്രിയില്ലായ്മ കൃത്യമായി കിട്ടി.  

വിനീത്: ‘തിര’യിൽ ആദ്യമായി ധ്യാൻ അഭിനയിച്ചപ്പോൾ ഒപ്പം ശോഭനയായിരുന്നു. സംവിധായകനായപ്പോൾ നായികയാകുന്നത് നയൻതാര. ധ്യാൻ കരിയർ തുടങ്ങുന്നത് കരുത്തുള്ള സ്ത്രീകൾക്കൊപ്പമാണ്.

‘തിര’യുടെ ലൊക്കേഷനിൽ ആദ്യം ശോഭന മാഡത്തിനോട് അടുത്തിടപഴകാൻ ബഹുമാനം കൊണ്ടുള്ള  അകൽച്ച ഉണ്ടായിരുന്നു. പക്ഷേ, രണ്ടു  ദിവസം കൊണ്ട് എനിക്കതു മാറി. കൃത്യസമയത്ത് ലൊക്കേഷനിലെത്തും. മേക്കപ്പിനും കോസ്റ്റ്യൂം ചെയ്ഞ്ചിനും രണ്ടു മിനിട്ട്. എത്ര ഇതിഹാസങ്ങൾക്കൊപ്പമാണ് അവർ ജോലി ചെയ്തിട്ടുള്ളത്. ‘തിര’ കഴിഞ്ഞു പോരുമ്പോൾ ആ അനുഭവങ്ങളാണ് എനിക്കൊപ്പമുണ്ടായിരുന്നത്.

ലൗ ആക്‌ഷൻ ഡ്രാമ സംവിധാനം ചെയ്യാം എന്നു തീരുമാനിച്ച നിമിഷം ഏതായിരിക്കാം?

ധ്യാൻ:  എനിക്കു വേണ്ടി ഏട്ടൻ ഒരു ഷോർ‌ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തിരുന്നു. എട്ടു വർഷം മുൻപ്.  ‘ബജറ്റ് കുറയ്ക്കാനായി’  ഞാനതില്‍ അഭിനയിക്കുകയും  കൂടി ചെയ്തു. ഷൂട്ട് കഴിഞ്ഞെങ്കിലും പുറത്തിറങ്ങിയില്ല. അതു മാത്രമല്ല ‘പ്രൊഡ്യൂസറെ’ പോലും ഞാനത്  കാണിച്ചുമില്ല.

സത്യത്തിൽ ആ ഷോർട്ട് ഫിലിം ചെയ്തതിന്റെ പേരിൽ ഞാൻ ഏട്ടന്റെ കുറച്ചു പൈസ ‘അടിച്ചു മാറ്റിയിട്ടു’മുണ്ട്.  മാസങ്ങൾക്കു ശേഷം ഷോർ‍‌‍‌‌ട് ഫിലിം റിലീസ് ആകില്ലെന്നു മനസ്സിലാക്കി എന്റെ ലാപ്ടോപ് എടുത്ത് ഏട്ടനത് കണ്ടു.  അതുകണ്ടാണ് ‘തിര’യിലെ നായകനാക്കാൻ തീരുമാനിച്ചതെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്.

അതു കഴിഞ്ഞ് ‘അടി കപ്യാരേ കൂട്ടമണി’യിൽ അഭിനയിക്കുമ്പോഴാണ് അജു വർഗീസ് എന്നോട് അന്നത്തെ ആ ഷോർട് ഫിലിം സിനിമയാക്കിക്കൂടെ എന്നു ചോദിക്കുന്നത്. അരമണിക്കൂർ ഷോർട്ഫിലിം ചെയ്യാമെങ്കിൽ ഒരു സിനിമയെടുക്കാൻ എന്താണ് പ്രയാസമെന്ന് ചോദിച്ചു. വടക്കൻ സെൽഫിയിലെ ഷാജിയുടെ അതേ സ്വഭാവമാണ് അജുവിന്. മുന്നും പിന്നും നോക്കാതെ പ്രോത്സാഹിപ്പിച്ചു കളയും. അതുകേട്ട് ഇറങ്ങി കഴിയുമ്പോഴാണ് നമുക്കൊരു പേടി തോന്നുക.

2015ലാണ് എഴുതി തുടങ്ങുന്നത്. സീൻ ഒന്ന് എന്നെഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് എഴുതാനാകുമോ എന്ന ചിന്ത വരുന്നത്, എങ്ങനെ എഴുതണമെന്ന് കൃത്യമായിട്ടറിയില്ല. അച്ഛനെഴുതിയ തിരക്കഥകൾ വീട്ടിലുണ്ടെങ്കിലും ഞാനത് വായിച്ചിട്ടുപോലുമില്ല. പക്ഷേ, പതുക്കെ ആ ട്രാക്കിലേക്കു വന്നു. അങ്ങനെ  ‘ലൗ ആക്‌ഷൻ ഡ്രാമ’ പിറന്നു.

ഈ തിരക്കഥയിൽ വിനീതിന്റെ സ്വാധീനമുണ്ടോ?  

വിനീത്: എന്റെ ചങ്ങാതിമാരെല്ലാം ‘ ലൗ ആക്‌ഷൻ ഡ്രാമ’യുടെ സ്ക്രിപ്റ്റ് വായിച്ചു. നയൻതാരയെ കണ്ട് കഥ പറഞ്ഞു, അവരും സമ്മതിച്ചു. അപ്പോഴൊന്നും ഞാൻ കണ്ടിട്ടില്ല. സിനിമ തുടങ്ങുന്നതിനു മുൻപേ അജു പറഞ്ഞു, നീ അതൊന്നു കേൾക്കണം.  അച്ഛൻ ഈ സിനിമയിൽ അഭിനയിച്ചെങ്കിലും ഇപ്പോഴും  ഇതിന്റെ കഥ മുഴുവനായി അറിയില്ല.  

കഥ കേട്ടുകഴിഞ്ഞ് ഞാൻ ധ്യാനിനോടു പറഞ്ഞു, നീ എ ന്നോടു പറഞ്ഞതു പോലെയാണ് ഇത് സിനിമയാക്കുന്നതെങ്കിൽ ഗംഭീരമാകും. ഞാൻ പ്രൊഡ്യൂസ് ചെയ്ത അന്നത്തെ ആ ഷോർട്ട് ഫിലിം കണ്ടപ്പോഴും ക്യാമറയ്ക്കു പിന്നില്‍ നിൽക്കാനാണ് ധ്യാനിനിഷ്ടം എന്നു തോന്നിയിട്ടുണ്ട്.  

ധ്യാൻ: ആദ്യ സിനിമ ഇതിനു മുൻപേ  ഇറക്കണമെന്നായിരുന്നു ഞാൻ തീരുമാനിച്ചത്.  2014 ൽ  സംവിധാനം ചെയ്യാൻ ഉറപ്പിച്ചതാണ്. അങ്ങനെ തിരക്കഥ എഴുതിത്തുടങ്ങി. സ്പൂഫ് മാതൃകയിലുള്ള സിനിമയായിരുന്നു അത്. സിനിമയിൽ ആവർത്തിച്ചു കണ്ട ക്ലീഷേ പരിപാടികളെ കളിയാക്കുന്ന  സിനിമ.

വീട്ടിലിരുന്നായിരുന്നു എഴുത്ത്. കുറെ ആലോചനകൾ, കൂട്ടുകാരുമായുള്ള ചർച്ചകൾ. ഒാരോ സീനും  കഷ്ടപ്പെട്ട് എഴുതിത്തുടങ്ങി. പഠിച്ചത് ചെന്നൈയിലായതു കൊണ്ട് എനിക്ക് മലയാളം അത്ര പിടിയില്ല. അങ്ങനെ മാസങ്ങൾ കടന്നു പോയി.

_REE9882

പക്ഷേ, അതേ വീടിന്റെ താഴത്തെ നിലയിലിരുന്ന് അതേ സ്പൂഫ് മാതൃകയിൽ അച്ഛനൊരു സിനിമയുടെ തിരക്കഥ വായിക്കുന്നുണ്ടായിരുന്നു, ചിറകൊടിഞ്ഞ കിനാവുകൾ. അതു ഞാനറിഞ്ഞില്ല. ഞാനെഴുതി പകുതിയാകും മുൻപേ അച്ഛനഭിനയിച്ച ആ സിനിമ ഇറങ്ങി കഴിഞ്ഞിരുന്നു...

ഒരു വീട്ടിൽ മൂന്നു പേരും സംവിധായകര്‍, തിരക്കഥാകൃത്തുക്കൾ, നടന്മാർ അല്ലേ?

വിനീത്: അതൊരു മോശം കാര്യമല്ലല്ലോ? മൂന്നു പേരും സംവിധായകർ എന്നൊക്കെ പറയുമ്പോൾ അച്ഛനും ഞങ്ങളും ഒരുപോലെയാണെന്ന് ആരെങ്കിലും ധരിക്കും. ഞങ്ങളുടെ എഴുത്തു രീതിയോ സംവിധാനമോ ഒന്നും  അച്ഛന്റേതുമായി താരതമ്യം  ചെയ്യാൻ പോലുമാകില്ല. അച്ഛന്റെ ജീവിതവും എഴുത്തുമെല്ലാം എത്രയോ ഉയരെയാണ്. ഞങ്ങൾ എഴുതുകയല്ലല്ലോ, ഒപ്പിക്കുകയല്ലേ...

ധ്യാൻ:  2002 മുതൽക്കാണ് അച്ഛൻ ചെന്നൈയിലെ വീട്ടിലേക്ക് സ്ഥിരമായി എത്തുന്നത്. അതിനു മുൻപൊക്കെ ഷൂട്ട് കഴിഞ്ഞ് ഏതാനും  ദിവസം  വന്നു നിൽക്കും. അന്നു പുറത്തു നിന്നു  ഭക്ഷണം കഴിക്കും. ചിലപ്പോൾ യാത്രകൾ പോകും. അക്കാലത്ത് അച്ഛനും ഞാനും തമ്മിൽ അത്ര അടുപ്പമേ ഉള്ളൂ.. മറ്റുള്ളവർ കാണുന്നതു പോലെ നടൻ, വലിയ എഴുത്തുകാരന‍്‍, സംവിധായകൻ ഈ ബഹുമാനത്തോടെയേ എനിക്കും അച്ഛനെ കാണാനായുള്ളൂ.

ഭയം കലർന്ന അകൽച്ച കുട്ടിക്കാലത്തുണ്ടായിരുന്നു. പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് അച്ഛനോട് അടുക്കുന്നത്. പിന്നെ ഞങ്ങൾ വൈകീട്ട് കളിക്കാനൊക്കെ ഇറങ്ങുമായിരുന്നു.

വിനീത്: എനിക്കു പക്ഷേ, അച്ഛനോടായിരുന്നു കൂടുതൽ അടുപ്പം. കുട്ടിക്കാലത്തേ  വീട്ടിൽ ഞങ്ങൾ ഒാരോ വ്യക്തികൾ തന്നെയാണ്. അതിന്റെ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. വീട്ടിൽ ആരും ആരുടെ കാര്യത്തിലും ഇടപെടില്ല. ഇപ്പോഴും അങ്ങനെയാണ്.

ഞാനും ധ്യാനും ഒരു വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമാകും. രണ്ടുപേരും രണ്ടു ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും ചങ്ങാതിമാരുടെ സ്വഭാവത്തിൽ പോലും  സാമ്യമില്ലായിരുന്നു.

ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങും ധ്യാൻ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ടു ദിവസത്തിലൊരിക്കലൊക്കെയേ പരസ്പരം കാണൂ. കണ്ടാൽ തന്നെ സംസാരിക്കുന്നത് സിനിമ മാത്രമായിരിക്കും.  സിനിമയും തമാശയും ഒഴിച്ചു നിർത്തിയാൽ ഞങ്ങൾക്ക് പൊതുവായി സംസാരിക്കാൻ ഒന്നുമില്ല. ധ്യാൻ വാഹനങ്ങളോടൊക്കെ ക്രേസുള്ള ആളാണ്.  വീട്ടിലൊരു സൂപ്പർ ബൈക്കുമുണ്ട് പക്ഷേ, എത്ര പ്രാവശ്യം  അത് ഒാടിച്ചെന്നു ചോദിക്കരുത്...

ഏട്ടനെ പോലെ പാടുമോ, പഠിക്കുമോ... ഇങ്ങനെയുള്ള താരതമ്യങ്ങൾ ധ്യാനിന് പാരയായിട്ടുണ്ടാകില്ലേ?

ധ്യാൻ: അതു ചെറുപ്പം മുതൽക്കേ ഉണ്ടായിട്ടുണ്ട്. അച്ഛനേ പോലെ എഴുതുമോ എന്നു വരെ ചോദിച്ചവരുണ്ട്.  സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ മാപ്പിളപ്പാട്ടിന് സംസ്ഥാനതലത്തിൽ ഏട്ടന് സമ്മാനം കിട്ടിയപ്പോൾ മുതലാണ് ‘വിനീതിനെ പോലെ പാടുമോ’ എന്നു കേട്ടു തുടങ്ങിയത്. പക്ഷേ, ചെന്നൈയിലേക്കു പോയപ്പോൾ ആ പ്രശ്നം ഇല്ലാതായി.

അച്ഛനും ചേട്ടനും പ്രശസ്തരായതിന്റെ ഗുണം ഞാനാണ് കൂടുതൽ അനുഭവിച്ചത്. എനിക്ക് എവിടെ വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം. പ്രശസ്തി ഒരു തടസമായില്ല. ശ്രീനിവാസന്റെ മകൻ അല്ലെങ്കിൽ വിനീതിന്റെ അനുജൻ എന്ന പരിഗണന  ലഭിക്കുമെന്ന ഗുണവുമുണ്ടായിരുന്നു.

_REE9824

ചെന്നൈയിൽ എത്തിയതോടെ തലശ്ശേരിയിലെ രുചി, കൂട്ടുകാർ, ഒാണം ഇതൊക്കെ  നഷ്ടപ്പെട്ടോ?

വിനീത്: പത്താം ക്ലാസ്സു കഴിഞ്ഞാണ് ഞാൻ ചെന്നൈയിലേക്ക് പോകുന്നത്.  നാടും കൂട്ടുകാരെയും ഒക്കെ വിട്ട് അങ്ങോട്ടു താമസം മാറ്റാൻ എനിക്ക് ഒട്ടും താൽപര്യമുണ്ടായില്ല. അമ്മയും ധ്യാനും പിന്നീടാണ് വരുന്നത്. അന്നെനിക്ക് തമിഴ് അറിയില്ല. ഇംഗ്ലിഷ് തട്ടിമുട്ടി പറയും. അത്രയേയുള്ളു.

നാട്ടിൻപുറത്തു നിന്ന് ചെന്നൈയിലെത്തിയ എന്റെ  അവസ്ഥ ആദ്യകാലങ്ങളിൽ പരിതാപകരമായിരുന്നു. ആരോടും മിണ്ടാൻ പോലും പറ്റിയിരുന്നില്ല.  അപ്പോൾ തലശ്ശേരിയും ബിരിയാണിയും കടുത്ത നൊസ്റ്റാൾജിയ ആയിരുന്നു.  കോളജിൽ എത്തിയപ്പോഴാണ് സുഹൃത്തുക്കളായത്.

നാട്ടിൽ നിന്നു പോന്നതിനു ശേഷം ഒാണം അത്ര വലിയ ആഘോഷമൊന്നും ആയിരുന്നില്ല. കൂട്ടുകാരുടെ വീട്ടിൽ പോകും. അത്രയേയുള്ളൂ. വെക്കേഷനു നാട്ടിലെത്തുമ്പോൾ പിന്നെ, ബഹളമാണ്. നല്ല ഫൂഡടിക്കും. ആനന്ദിൽ പോയി മലയാള സിനിമകൾ കാണും. ഞങ്ങൾ രണ്ടുപേരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു.

സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ സ്റ്റുഡിയോയിൽ ‘എൽ എ ഡി’യുടെ പശ്ചാത്തല സംഗീതം  ഒരുങ്ങുന്നു. ധ്യാൻ ഇടയ്ക്ക് അങ്ങോട്ട് ഒാടുന്നുണ്ട്.  കൂട്ടുകാർക്കിടയിൽ നിൽക്കുമ്പോൾ പരീക്ഷാ തലേന്ന് ഒാടിച്ചിട്ടു പുസ്തകം മറിച്ചു നോക്കുന്ന കുട്ടിയുടെ  മുഖമായിരുന്നു ധ്യാനിന്...

അച്ഛന്റെ സിനിമാ  ടെൻഷനുകൾ കണ്ടിട്ടുണ്ടോ?

വിനീത്:  അത്തരം  ഒരു ടെൻഷനും   ഞങ്ങളുടെ മുന്നിൽ  കാണിച്ചിട്ടില്ല. ചിലപ്പോഴൊക്കെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടുണ്ടെന്നല്ലാതെ സിനിമയുടെ ഒരു കാര്യത്തിലും   ഇടപഴകുന്നത് ഞങ്ങൾ കുട്ടിക്കാലത്ത് കണ്ടിട്ടില്ല. സിനിമയുടെ കാര്യത്തിനായി വീട്ടിലേക്ക് വരുന്നവരും ചുരുക്കമായിരുന്നു.  ലൊക്കേഷനിൽ നിന്നു വീട്ടിലെത്തുന്ന അച്ഛനെ മാത്രമേ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ.

ചെന്നൈയിൽ  സ്ഥിരതാമസമാക്കിയ ശേഷമാണ് സിനിമാ പ്രൊസസിങ് ഞങ്ങൾ കണ്ടു തുടങ്ങുന്നത്. ഉദയനാണ് താരത്തിന്റെ സമയത്ത് റോഷൻ ചേട്ടൻ (റോഷൻ ആൻഡ്രൂസ്) വീട്ടിൽ വരുന്നതും സ്ക്രിപ്റ്റ്  വായിക്കുന്നതുമെല്ലാം ഒാർമയുണ്ട്.  ‘കഥപറയുമ്പോൾ’ ആണ് അച്ഛനൊപ്പം ആദ്യമായി പ്രിവ്യൂ കണ്ട ചിത്രം. അതിന്റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് അന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. അത്രയും നീണ്ട ക്ലൈമാക്സ് പ്രേക്ഷകർ എങ്ങനെ എടുക്കും എന്നു പലരും ചോദിച്ചു. പക്ഷേ, ധ്യാന്‍ മാത്രം അത് ഗംഭീരമാണെന്നും ആളുകളെ കീഴടക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. ധ്യാനിന്റെ പിറന്നാളിന്റെ അന്നാണ് ആ സിനിമ റിലീസ് ചെയ്യുന്നത്.

vineeth-family

വലിയ പ്രതീക്ഷയോടെ എൻജിനീയറിങ്ങിനു ചേർത്തു, പക്ഷേ, അവിടെ നിന്ന് ധ്യാൻ മുങ്ങുന്നു, ആ പ്രതിസന്ധിയിൽ വിനീതാണോ പിന്തുണ തന്നത്?

ധ്യാൻ: സത്യത്തില്‍ ആരുടെയും പിന്തുണ കിട്ടിയില്ല. കോഴ്സ് ഉപേക്ഷിച്ച് വീട്ടിൽ വരുമ്പോൾ ആരു പിന്തുണയ്ക്കാനാണ്? നിന്റെ ആഗ്രഹം എന്താണെന്ന് അച്ഛൻ ചോദിച്ചു, സിനിമയാണെന്നു പറഞ്ഞപ്പോൾ ‘പെട്ടിയുമെടുത്ത് ഒാടിക്കോളാൻ പറഞ്ഞു.’ പക്ഷേ, പിന്നീട് ഏട്ടൻ കൂടെ നിന്നു. എന്നെ എന്തെങ്കിലുമൊക്കെ ആക്കണമെന്ന മോഹം ഏട്ടനുണ്ടെന്നു തോന്നിയിരുന്നു. എനിക്കാവട്ടെ ഒന്നും ആകേണ്ട... അതായിരുന്നു അന്നത്തെ അവസ്ഥ. ഉപദേശങ്ങളൊന്നുമല്ല. ചില കാര്യങ്ങളൊക്കെ പറയുമ്പോൾ നമുക്ക് മനസ്സിലാകും.

ഇതിനിടയ്ക്ക്  പഠന ശ്രമങ്ങളും കൂടി ഞാൻ നടത്തി.  ചെന്നൈയിൽ  വിഷ്വൽ കമ്യൂണിക്കേഷൻ തിരുവനന്തപുരത്ത് ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ... എല്ലായിടത്തു നിന്നും തന്ത്രപൂർവം രക്ഷപ്പെട്ട് സിനിമയിൽ തന്നെ ഞാൻ എത്തി.

ലക്ഷ്യത്തിലേക്ക് ഗൂഗിൾ മാപ്പിട്ടു വിനീത് സഞ്ചരിക്കുമ്പോള്‍ ധ്യാന്‍ ചോയ്ച് ചോയ്ച്  പോകുന്ന ആളാണല്ലേ?

വിനീത്:  ഇത്രയും കേട്ടപ്പോൾ ഞാൻ ഭാവിയെക്കുറിച്ച് ക‍ൃത്യമായി ഫോക്കസ് ചെയ്ത് പോവുന്നയാളാണെന്നും  ധ്യാൻ ഉഴപ്പനാണെന്നുമാകും  നിങ്ങൾ വിചാരിക്കുന്നത്. എന്നാലങ്ങനെയല്ല. സിനിമയെക്കുറിച്ച് എന്റെ ലക്ഷ്യത്തെക്കാൾ വലുതാണ് ധ്യാനിന്റേത്. അതിലേക്ക് അവന്‍ സഞ്ചരിക്കുന്ന വഴി വേറെയാണെന്നേയുള്ളൂ.

ധ്യാനിന്റെ സ്വപ്നങ്ങൾ വലിയ കാൻവാസിലാണ്. എനിക്ക് അങ്ങനെ ആഗ്രഹിക്കാനാകില്ല. മലയാളത്തിനു പുറത്തുള്ള ഇൻഡസ്ട്രിയാണ് അവന്റെ മനസ്സിൽ. അതുകൊണ്ടാണ് ആദ്യ സിനിമയിൽ നയൻതാര നായികയാകുന്നത്. ഞാൻ മൂന്നു വർഷത്തിൽ ഒരു കഥയേ ആലോചിക്കൂ. അവൻ ഒരു വർഷം നാലു കഥയുടെ പിന്നാലെയാകും. പക്ഷേ, ആൾക്കാരുടെ മുന്നിൽ ഞാനാണ് അംബീഷ്യസ്. ശരിക്കും  ഇവൻ അംബീഷ്യന്റെ രാജാവാണ്. അതാർക്കും അറിയില്ലെന്നു മാത്രം.

ധ്യാൻ: ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെന്നൈയിലെത്തുന്നത്. അന്നു മുതൽ കാണുന്നത് തമിഴ് സിനിമകളാണ്്. അജിത്തിന്റെയും  വിജയ്‌യുടെയുമൊക്കെ സിനിമകളാണ്   കോ രിത്തരിപ്പിച്ചിട്ടുള്ളത്. സ്വപ്നത്തിന്റെ കൂട്ടത്തിൽ  തമിഴ് സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ഉറങ്ങിക്കിടപ്പുണ്ട്.

വടക്കന്‍ സെൽഫിയിലെ നിവിന്റെ കഥാപാത്രത്തിന് ധ്യാനിനോടു സാമ്യമുണ്ടോ?

വിനീത്: അതറിയില്ല. പക്ഷേ, നിവിൻ പറയുന്ന ചില ഡയലോഗുകൾ എഴുതുമ്പോൾ ഞാൻ ധ്യാനിനെ ഒാർത്തിരുന്നു. അരിച്ചു പെറുക്കി നോക്കിയാൽ എന്റെയും ഇവന്റെയും സ്വഭാവത്തിൽ സാമ്യം സിനിമയും കോമഡിയും മാത്രമേയുള്ളൂ. ഞങ്ങൾക്കു രണ്ടുപേർക്കും ചിരിക്കാനാണ് ഇഷ്ടം. അതു കൊണ്ടു തന്നെ  ചില കഥാപാത്രങ്ങളുടെ സംഭാഷണമെഴുതുമ്പോൾ ആ സ്ഥാനത്ത് ധ്യാൻ ആയിരുന്നെങ്കിൽ എങ്ങനെയാകും ഉത്തരം പറയുകയെന്ന് ആലോചിക്കാറുണ്ട്.

‘വടക്കൻ സെൽഫി’യിൽ വളരെ ഗൗരവത്തോടെ നിവിൻ കഥാപാത്രമായ ഉമേഷിനോട് അമ്മ പറയുന്നു,‘‘ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോ എനിക്കു പേടിയാകുന്നു.’’ അതിന് ഉമേഷിന്റെ മറുപടി ഇങ്ങനെയാണ് ‘‘അമ്മേ, അച്ഛനെന്തെങ്കിലും അസുഖം...’’  ഇതെഴുതുമ്പോൾ ഞാൻ ധ്യാനിനെയാണ് ഒാർത്തത്. ഇങ്ങനെ ഒരുപാടു കൊനഷ്ട്  മറുപടികൾ അമ്മയോടു ധ്യാൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

വിനീത് മാന്യതയുടെ ഗുളിക കഴിക്കുന്ന ആളാണെന്ന് ധ്യാനിനു തോന്നിയിട്ടുണ്ടോ? ആരെയും പിണക്കാതെ സൗമ്യമായെങ്ങനെ മുന്നോട്ടു പോകാനാവുന്നു?

ഇതൊക്കെ ഒരു മറയല്ലേ എന്നു പറഞ്ഞ്  വിനീതിനെ ധ്യാൻ കളിയാക്കുന്നു.

ധ്യാൻ: സത്യം  ഞാൻ പറയാം. ഏട്ടന് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ.  വിരലിലെണ്ണാവുന്നവർ. അവർക്കൊപ്പമാണ് കൂടുതലും ഏട്ടൻ ജോലിചെയ്യാറുള്ളത്.  അവരെ പിണക്കിയാൽ ആകെ പണിയാകും. അതുകൊണ്ടാകാം ആരോടും  പിണങ്ങാതെ മുന്നോട്ടു പോവുന്നത്...

‘‘ഞങ്ങൾ ഒരുമിച്ചു നിന്ന് ഇങ്ങനെയൊരു ഷൂട്ട് ആദ്യമായാണ്...’’വിനീത് പറഞ്ഞു. ‘വടക്കൻ സെൽഫി’യിലെ ഷാജിയെ പോലെ അജു അപ്പോൾ തള്ളിത്തുടങ്ങി,

‘‘ ധ്യാൻ വിനീതിനെ കെട്ടിപ്പിടിക്ക്. അളിയാ അന്യായ ലുക്കാണ് നിനക്ക്....’’ അജു കത്തിക്കയറുകയാണ്.

പ്രണയം നിറയട്ടെ... : വിനീത് 

ഞങ്ങൾ രണ്ടു പേരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഞാൻ ദിവ്യയെ പരിചയപ്പെടുന്നത് പത്തൊമ്പതാമത്തെ വയസ്സിലാണ്. ധ്യാൻ അർപ്പിതയെ പരിചയപ്പെടുന്നതും ഏതാണ്ട് ഇതേ പ്രായത്തിലാണ്.

കൗമാരകാലത്തേ പരസ്പരം തിരിച്ചറിഞ്ഞതു കൊണ്ടാവാം രണ്ടുപേരുടെ ജീവിതത്തിലും പങ്കാളികള്‍ വലിയ പിന്തുണയാണ് തരുന്നത്, മകന്‌ വിഹാനിപ്പോൾ രണ്ടു വയസ്സായി. ദിവ്യയും ഞാനും അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

അച്ഛനായ സന്തോഷം: ധ്യാൻ 

‘ഇവിടെ പാലുകാച്ച് അവിടെ താലികെട്ട്’ എന്ന രീതിയിലായിരുന്നു രണ്ടു വർഷം. ‘ലൗ ആക്‌ഷൻ ഡ്രാമ’ എഴുതി തുടങ്ങിയ കാലത്തായിരുന്നു കല്യാണം. സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ മകൾ പിറന്നു.  ആരാധ്യ സൂസൻ ധ്യാൻ ആതാണ്  പേര്.  ഇപ്പോൾ നാലു മാസം.

തിരുവനന്തപുരത്തു വച്ചാണ് ഞാൻ അർപ്പിതയെ പരിചയപ്പെടുന്നത്. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ ചെയ്യാനാണ്  ഞാൻ അവിടെ എത്തുന്നത്. ഫ്ളാറ്റിൽ ഞങ്ങൾ അയൽക്കാരായിരുന്നു. കോഴ്സ് പാതി നിർത്തി ഞാൻ ചെന്നൈയ്ക്ക് പോന്നപ്പോഴാണ് അർപ്പിതയോടുള്ള പ്രണയം തുടങ്ങുന്നത്.

അതുകഴി‍ഞ്ഞ് അർപ്പിത ചെന്നൈയിൽ പഠനത്തിനെത്തി. വീട്ടിൽ എല്ലാവർക്കും ഞങ്ങളുടെ റിലേഷൻ അറിയാമായിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞു.

dhyan5
Tags:
  • Celebrity Interview
  • Movies