ഏകദേശം 46 വർഷങ്ങൾക്കു മുൻപ് , കൊച്ചി പഴയ കൊച്ചിയായിരുന്ന കാലം!
അന്നിവിടെ അപൂർവം സിനിമാക്കാരേ താമസമുണ്ടായിരുന്നുള്ളു. സിനിമാ ഷൂട്ടിങ്ങുകളും തീരെ കുറവ്. അക്കാലത്തു നടന്നതാണു സംഭവം.
മേനക ജംഗ്ഷനിൽ ഒരു സിനിമയുടെ ഷൂട്ടിങ്. ബൈക്ക് ചേസാണു ചിത്രീകരിക്കുന്നത്. അന്നത്തെ സൂപ്പർ സ്റ്റാർ സുധീർ ബൈക്ക് ഓടിക്കുന്നു. മുന്നിലുള്ള മിനി ലോറിയിൽ രണ്ട് ആർക്ക് ലൈറ്റുകൾ കെട്ടിവച്ച് സംവിധായകനും ക്യാമറാമാനും. മേനക ജംഗ്ഷനിൽ നിന്നു തുടങ്ങിയ ഷൂട്ടിങ് തേവര പാലത്തിലാണ് അവസാനിക്കുന്നത്.
രാത്രി വൈകിയിരുന്നതു െകാണ്ട് ഷൂട്ടിങ് വിവരം അധികമാരും അറിഞ്ഞില്ല. കണ്ടവർക്ക് തന്നെ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായതുമില്ല.
സിനിമാഭ്രമം കലശലായി ഉണ്ടായിരുന്ന ഒരു ലോ കോളജ് വിദ്യാർഥി ഈ ചിത്രീകരണരംഗം കണ്ട് അദ്ഭുതപ്പെട്ടു. സെക്കൻഡ് ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ് പിടിക്കാൻ കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം. ആ വിദ്യാർഥി പിന്നീട് ഇറങ്ങിയ സിനിമകളൊക്കെ കാണുകയും ബൈക്ക് ചേസ് രംഗം ‘ടൈഗർസലിം’ എന്ന സിനിമയ്ക്കു വേണ്ടിയാണു ചിത്രീകരിച്ചതെന്നു തിരിച്ചറിയുകയും ചെയ്തു. മിനിലോറിയിൽ ഉണ്ടായിരുന്നതു സംവിധായകൻ ജോഷിയാണെന്നും മനസ്സിലാക്കി. പിന്നീട് ആ വിദ്യാർഥി സിനിമയില്‍ അഭിനേതാവായെത്തി. ജോഷിയുടെ സംവിധാനത്തിലും അഭിനയിച്ച് ധാരാളം ക്ലാസിക് സിനിമകൾ പുറത്തിറങ്ങിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മമ്മൂട്ടിയായിരുന്നു ആ വിദ്യാർഥിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വാതിൽപ്പുറ ചിത്രീകരണങ്ങൾ അപൂർവമായിരുന്ന അക്കാലത്തു ക്യാമറയുമായി പൊതുവഴിയിലിറങ്ങിയ ജോഷി സംവിധാനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്നു. തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന യേശുദാസിന്റെ സ്വരം പോലെ തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണു ജോഷി എന്ന നിത്യഹരിത സംവിധായകൻ. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തു പ്രേംനസീറിലും ജയനിലും തുടങ്ങിയ ആ സംവിധാന കല തലമുറകൾ കൈമാറി ഇപ്പോൾ ജോജു ജോർജിലും ചെമ്പൻ വിനോദിലും വരെ എത്തിനിൽക്കുന്നു.
അതിനിടയിൽ മലയാളികൾ ഇ ന്നും പുതുമയോടെ കാണുന്ന എത്രയോ ക്ലാസിക് സിനിമകൾ.
അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന വനിതാ അവാർഡ് നിശയിൽ ആയിരങ്ങൾ എഴുന്നേറ്റു നിന്ന ജോഷിയെ സ്വീകരിച്ചത്. ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു; ‘ജോഷി അധികം സംസാരിക്കാറില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമകൾ സംസാരിച്ചുകൊണ്ടിരിക്കുന്നു.’
നിശബ്ദതയാണു മുഖമുദ്ര. സിനിമകൾ മാത്രമല്ല വ്യക്തിജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന വിശുദ്ധിയാണ് ജോഷിയെ പ്രിയപ്പെട്ടവനാക്കുന്നത്.
എന്തുകൊണ്ടാണ് അധികം സംസാരിക്കാത്തത്?
നമ്മൾ പറയുന്ന ഓരോ വാക്കും സൂക്ഷിക്കണം. അതു മറ്റുള്ളവരെ എങ്ങനെയൊക്കെ ബാധിക്കും എന്നും ചിന്തിക്കണം. അതാണ് ഈ അഭിമുഖങ്ങളിലൊന്നും വലിയ താത്പര്യമില്ലെന്നു പറയുന്നത്. എന്നോടൊപ്പം ജോലി ചെയ്യുന്നവർ തെറ്റു ചെയ്യുന്നതു കണ്ടാൽ വഴക്കു പറയും.. അത് ചെയ്യുന്ന ജോലി നന്നാവാനാണ്. എങ്കിലും മറ്റുള്ളവരെ ഒരു വാക്കു കൊണ്ടുപോലും വിഷമിപ്പിക്കുന്നതൊന്നും എന്റെ രീതിയല്ല.
ബ്ലാക്ക് ആന്റ് വൈറ്റിലാണ് മലയാള സിനിമ തുടങ്ങിയത്. ഇപ്പോഴത് ബ്ലാക്ക് ആന്റ് വൈറ്റിൽ എത്തിനിൽക്കുന്നു
അതേ! അതൊരു അദ്ഭുതം തന്നെ. ഭ്രമയുഗം എന്ന സിനിമയുെട ഏറ്റവും വലിയ ബ്രില്യൻസ് അത് ബ്ലാക് ആന്റ്‍ വൈറ്റിൽ ചെയ്തു എന്നതാണ്. അതുപോലെ മൂന്നോ നാലോ കഥാപാത്രങ്ങൾ മാത്രം. അവരെ വച്ച് രണ്ടര മണിക്കൂർ സിനിമ മുന്നോട്ടു കൊണ്ടുപോവുക സംവിധായകന്റെ മിടുക്കാണ്. അതു മാത്രമല്ല, മമ്മൂട്ടിയും എന്നെ അദ്ഭുതപ്പെടുത്തി. എന്തു സൂക്ഷ്മതയോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനയിക്കാൻ ഒരു അവസരത്തിനുവേണ്ടി പല സംവിധായകരെയും കണ്ടതായി മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അ ങ്ങയെ കണ്ടിരുന്നോ?
ഭാഗ്യത്തിന് എന്നെ കാണാൻ മമ്മൂട്ടി വന്നിട്ടില്ല. മമ്മൂട്ടിയുടെ പടമുള്ള ‘മേള’ എന്ന സിനിമയുെട പോസ്റ്റര്‍ ആണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്. മമ്മൂട്ടി ബുള്ളറ്റ് ഓടിച്ചു വരുന്ന പടമായിരുന്നു പോസ്റ്ററില്‍. ‘ഇയാള് കൊള്ളാമല്ലോ’ എന്ന് അന്നേ തോന്നി. പിന്നീട് പ്രസാദ് സ്റ്റുഡിയോയിൽ വച്ചാണു നേരിൽ കാണുന്നത്. പി.ജി. വിശ്വംഭരന്റെ സ്ഫോടനം എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട്. അന്നു പക്ഷേ, സജിൻ എന്നാണു മമ്മൂട്ടിയുടെ പേര്. ‘ആ രാത്രി’ എന്ന സിനിമയിലാണ് മമ്മൂട്ടിയുമായി ഒന്നിക്കുന്നത്.
ന്യൂഡൽഹി സിനിമ കണ്ടിട്ട് അഭിനന്ദിച്ചവരിൽ സത്യജിത് റായ് വരെയുണ്ടെന്നു കേട്ടിട്ടുണ്ട്?
അതെനിക്കു കേട്ടുകേഴ്‌വി മാത്രമാണ്. എന്നെ അദ്ദേഹം നേരിട്ടു വിളിച്ചിട്ടൊന്നുമില്ല. സത്യജിത് റായിയുടെ മകൻ ഒരിക്കൽ ചെന്നൈയിലെ ജെമിനി ലാബിൽ വന്നപ്പോൾ ‘ന്യുഡൽഹി’ സത്യജിത് റായ് കണ്ടെന്നും നല്ല വർക്കാണെന്നു പറഞ്ഞെന്നും പലരോടും സൂചിപ്പിച്ചതായി ഞാനും അറിഞ്ഞു.
28 ദിവസം കൊണ്ടാണ് ആ സിനിമ ഷൂട്ട് െചയ്തത്. ത്യാഗരാജൻ െചയ്ത റോൾ ആദ്യം ഉദ്ദേശിച്ചിരുന്നതു ശത്രുഘ്നൻ സിൻഹയെയായിരുന്നു. അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല.
മോഹൻലാൽ വലിയ നടനാകും എന്നു നസീർ സാർ പ്രവചിച്ചതായി സ്വകാര്യസംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്.
മോഹൻലാലിനെ ഞാൻ ആദ്യം കാണുകയല്ല കേൾക്കുകയായിരുന്നു. പ്രേംനസീർ സാറാണ് ലാലിനെക്കുറിച്ച് പറഞ്ഞത്. അതും ഒരു സദസ്സിൽ വച്ച്.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം നസീർ സാർ പറഞ്ഞു; ‘അപ്പച്ചന്റെ പുതിയ സിനിമ വരുന്നുണ്ട്. എല്ലാവരും പുതുമുഖങ്ങളാണ്. അതിലൊരു നടനുണ്ട്. അവൻ മലയാള സിനിമയുടെ വാഗ്ദാനമാണ്.’ ആ സിനിമയിൽ നായകനായി അഭിനയിച്ച ശങ്കറിനെയാവും അദ്ദേഹം ഉദ്ദേശിച്ചത് എന്നാണു ഞങ്ങൾ കരുതിയത്. എന്നാൽ വില്ലനായി വന്ന മോഹൻലാലിനെ കുറിച്ചാണു അദ്ദേഹം പറഞ്ഞത്.
ജോഷി സാറിനോടുള്ള സ്നേഹം പലപ്പോഴും തമിഴ് നടൻ വിക്രം വ്യക്തമാക്കിയിട്ടുണ്ട്?
ഞാനൊരിക്കൽ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോവുകയായിരുന്നു. ധ്രുവം സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയം. വിമാനത്തിൽ വച്ച് ഒരു മാഗസിൻ കണ്ടു. അതിലൊരു പരസ്യത്തിൽ കണ്ട മോഡലാണ് വിക്രം. ധ്രുവത്തിൽ ഭദ്രൻ എന്ന കഥാപാത്രത്തിന് പറ്റിയ ആളാണല്ലോ എന്നു തോന്നി.
വിക്രം അഭിനയിക്കുന്ന ആളാെണന്നോ സിനിമയിൽ താത്പര്യം ഉള്ള ആളാണെന്നോ ഒന്നും അറിഞ്ഞുകൂടാ. ഞാൻ ആ പരസ്യം കീറിയെടുത്ത് പ്രൊഡക്‌ഷൻ കൺട്രോളറെ ഏല്‍പ്പിച്ചു. രണ്ടുമൂന്നു ദിവസത്തിനകം വിക്രം എന്നെ കാണാൻ വന്നു. അങ്ങനെയാണ് ധ്രുവം എന്ന സിനിമയിൽ ഭദ്രനായി വിക്രം എത്തുന്നത്.
സിനിമയിലും ജീവിതത്തിലും ഇങ്ങനെ യുവാവായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
ജീവിതത്തിൽ മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിക്കാറില്ല. നന്മ കണ്ടാൽ മനസ്സു കൊണ്ട് സന്തോഷിക്കും. മോശമാണെങ്കിൽ ആ ഭാഗത്തേക്കു നോക്കാതിരിക്കും. ഏ റ്റവും ജൂനിയറായ ഒരാളിന്റെ സിനിമ കാണുമ്പോഴും ഞാനൊരു പത്താം ക്ലാസുകാരന്റെ മനോഭാവത്തോടെയാണ് സ്ക്രീനിനു മുന്നിലിരിക്കുന്നത്.
കാരണം, അയാൾ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. അയാളിൽ നിന്നും എന്തൊക്കെയോ പഠിക്കാനുണ്ടല്ലോ എന്നാണു ഞാൻ ചിന്തിക്കുന്നത്.
ലൈല, ഓ. ലൈല എന്ന മോഹൻലാൽ ചിത്രം കഴിഞ്ഞ് എനിക്കൊരു ഇടവേളയുണ്ടായി. ആ സമയത്ത് കോട്ടയത്തു നിന്ന് അഞ്ചു നിർമാതാക്കൾ ചേർന്ന ഒരു കൂട്ടായ്മ ഒരു പ്രോജക്റ്റുമായി വന്നു. എനിക്ക് കഥ ഇഷ്ടമായി. പ്രോജക്റ്റാവും എന്നു കരുതിയപ്പോഴാണു നിർമാതാക്ക ൾ അതിൽ നിന്നു പിന്മാറിയത്.
അതിനു കാരണമായി അവർ പറഞ്ഞത്രെ, ‘ജോഷിക്കു വയസ്സായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ?’ അങ്ങനെ അതു നടന്നില്ല. അതിനുശേഷം ഞാൻ ചെയ്ത സിനിമയാണു പൊറിഞ്ചു മറിയം ജോസ്.
വന്ന വഴി മറക്കുന്നവരാണു പല നടന്മാരും എന്നൊരു പരാതി സിനിമാമേഖലയിൽ ഉണ്ട്. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടോ?
അങ്ങനെയുള്ള കാര്യങ്ങളൊന്നും തീരെ ശ്രദ്ധിക്കാത്ത ഒ രാളാണു ഞാൻ. അതുകൊണ്ട് അത്തരം പരാതികളും ഇല്ല. ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകളും താത്പര്യങ്ങളും ഉണ്ടാവും. അതു നമ്മൾ മാനിക്കണം.
‘ലേലം’ എന്ന സിനിമ മമ്മൂട്ടിക്കു വേണ്ടി എഴുതിയതാണ്. അന്ന് അദ്ദേഹത്തിനു തിരക്കായിരുന്നു. പിന്നെ, സുരേഷ് ഗോപി വന്നു. അതുകൊണ്ടു മമ്മൂട്ടി വന്ന വഴി മറന്നു എന്നൊക്കെ ഞാൻ പറയുന്നതു ശരിയാണോ?
ധാരാളം നല്ല സിനിമകൾ ഇറങ്ങുന്ന സമയമാണ്. അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും സ്വാധീനിച്ച സിനിമ ഏതാണ്?
ഭാര്യ സിന്ധു, ചെറുമക്കൾ അമാര, അബ്രാം, കേയ, മകൻ അഭിലാഷ്, മരുമകൾ വർഷ എന്നിവരോടൊപ്പം ജോഷി
മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. ‘പ്രേമലു’ വളരെ ലൈവ് ആയിട്ടു തോന്നി. നടീനടന്മാരൊക്കെ അഭിനയിക്കുകയല്ല പെരുമാറുകയാണ്. പിന്നെ ‘ഫാലിമി’ നല്ല തിരക്കഥയായിരുന്നു. എല്ലാവരും ഭംഗിയായി അഭിനയിച്ചു. അഞ്ചക്കള്ളകോക്കാൻ പ്രത്യേക ജോണറിൽപ്പെട്ട സിനിമയാണ്.
മഞ്ഞുമ്മല്‍ബോയ്സും പ്രത്യേകതയുള്ള സിനിമാ ആ യിരുന്നു. സംവിധായകനും അഭിനേതാക്കളും ഒത്തൊരുമിച്ചു ചെയ്ത ടീം വർക്ക് അവയില്‍ ഫീൽ ചെയ്തിരുന്നു. ആ ആത്മാർഥത സിനിമയിൽ കാണാം. പിന്നെ, കണ്ണൂർ സ്ക്വാഡ് വളരെ നല്ല സംവിധാനം, അഭിനയം.നല്ല ഫൊട്ടോഗ്രഫി.
ചില സിനിമകൾ വാണിജ്യപരമായി പരാജയപ്പെടുമ്പോൾ വിഷമം തോന്നാറില്ലേ?
ആദ്യത്തെ രണ്ടു സിനിമകളുടെ പരാജയം എന്നെ വല്ലാതെ ഉലച്ചിരുന്നു. പിന്നീടിങ്ങോട്ട് ഉണ്ടായ വിജയങ്ങളിലൊന്നും ആഹ്ലാദിക്കാനാവാത്ത വിധം. ഇപ്പോഴും വിജയങ്ങളി ൽ അമിതമായി ഞാൻ ആഹ്ലാദിക്കുന്നില്ല. പക്ഷേ, നഷ്ടങ്ങൾ നിസ്സംഗതയോടെ കാണുന്നുമില്ല.
ഒരു ദിവസം എത്ര സിനിമ കാണും?
ദിവസം ഒരു സിനിമയെങ്കിലും കണ്ടാലേ ഉറക്കം വരു എ ന്നൊന്നുമില്ല. എന്നാൽ ചിലപ്പോൾ ഒരു ദിവസം രണ്ടു സിനിമ വരെ കണ്ടെന്നും വരും. ഒറ്റയിരുപ്പിന് ഒരു സിനിമ കണ്ട് എഴുന്നേൽക്കുന്ന അനുഭവങ്ങൾ ധാരാളമുണ്ട്. എന്നാൽ ചില സിനിമകൾ പത്തു മിനിറ്റ് കഴിയുമ്പോൾ മടുക്കും. പിന്നെ, എന്തൊക്കെ സംഭവിച്ചാലും ആ സിനിമ കാണില്ല.
അന്യഭാഷാ ചിത്രങ്ങളിലേക്കു തിരിഞ്ഞെങ്കിലും പിന്നീട് എന്തുകൊണ്ടാണ് ആ ശ്രമങ്ങൾ ഉപേക്ഷിച്ചത്?
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമകൾ സംവിധാനം ചെയ്തു. പലതും മലയാളത്തിൽ ഹിറ്റായ സിനിമകളുടെ റീമേക്കിങ് ആയിരുന്നു. പിന്നീട് പല ഓഫറുകളും വന്നെങ്കിലും ആ വഴിക്കു തിരിഞ്ഞില്ല.
മകൻ അഭിലാഷ് ജോഷിയും സംവിധാനരംഗത്തേക്കു എത്തി?
നല്ല കഠിനാധ്വാനം ഉണ്ടെങ്കിലേ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയു എന്നു ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരനല്ലേ അവർക്കൊക്കെ ഇനിയും സമയമുണ്ട്.
വി.ആർ. ജ്യോതിഷ്
ഫോട്ടോ: ഹരികൃഷ്ണൻ, നന്ദു ഗോപാലകൃഷ്ണൻ