Monday 31 July 2023 03:31 PM IST

‘അരിക്കൊമ്പന് ഭാര്യയും കുട്ടിയുമുണ്ട്, ചക്കക്കൊമ്പൻ യാത്ര പറയാനെത്തി’: ഇത്തരം കഥകൾക്ക് കാട്ടിൽ സ്ഥാനമില്ല: ഡോ. അരുൺ സഖറിയ

Roopa Thayabji

Sub Editor

arikkomban-

വന്മരങ്ങളും കാട്ടുമൃഗങ്ങളും മാനും മുയലും ആനയുമുള്ള കറുത്ത കാട്. കാടിറങ്ങി നാടു വിറപ്പിക്കുന്ന പല പേരുള്ള ഒറ്റയാന്മാർ. അവരെ തോക്കിനു മുന്നിൽ വിറപ്പിച്ചു നിർത്തുന്ന മനുഷ്യൻ. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഇൻ ചാർജായ ഡോ. അരുൺ സഖറിയയ്ക്കു ലോകം ചാർത്തിക്കൊടുത്ത പേരാണിത്, ‘ആനയെ പിടിക്കുന്ന ഡോക്ടർ.’

മാധ്യമങ്ങളില്‍ അരിക്കൊമ്പന്‍റെ വിേശഷങ്ങള്‍ തീര്‍ന്നിട്ടില്ല. ചിന്നക്കനാലില്‍ നിന്നു മയക്കുെവടി വച്ചു പിടിച്ച് ആനയിറങ്കല്‍ കാടുകളില്‍ കൊണ്ടുവിട്ടതൊക്കെ സിനിമ കാണുന്ന ആവേശത്തില്‍ െടലിവിഷനില്‍ കണ്ടതാണ്. പിന്നെ, കമ്പം പട്ടണത്തില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും മയക്കുവെടിയും േലാറി യാത്രയും, മൂത്തുകുഴി വനമേഖലയിലേക്ക്. ഇപ്പോള്‍ േകള്‍ക്കുന്നു, കന്യാകുമാരി ജില്ലയിലെ കുറ്റിയാര്‍ അണക്കെട്ടിനു സമീപമുള്ള നിബിഡവനത്തില്‍ ആണെന്ന്.

നടന്നു നടന്ന് അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു തന്നെ തിരികെ വരുമോ എന്നു േചാദിക്കുമ്പോള്‍ േഡാ. അരുണ്‍ സഖറിയ ചിരിക്കുന്നു. പിന്നെ, പറയുന്നു, ‘‘പെരിയാറിലെ മേദകാനത്തു നിന്നും തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണു ചോദിച്ചവരോടെല്ലാം ഞാൻ പറഞ്ഞത്. പെരിയാറിലേതു നീണ്ടുപരന്നു കിടക്കുന്ന ഭൂപ്രകൃതിയാണ്. മൂന്നാറിലെ കാടു ചിന്നിച്ചിതറി ‘പാച്ചുകൾ’ പോലെയും. അതിനിടയിലെല്ലാം പുൽമേടുകളും തേയിലത്തോട്ടങ്ങളും ഏലവും ഉണ്ട്. ഒരുപാടു ജനവാസ മേഖലകളും. അവയൊക്കെ പിന്നിട്ട് അരിക്കൊമ്പനു തിരികെ വരാനാകില്ല.

പക്ഷേ, അരിക്കൊമ്പൻ ‘ഹാബിച്വൽ കോൺഫ്ലിക്ട് അനിമൽ’ ആണ്. അതായതു നാട്ടിലിറങ്ങി ശീലിച്ച കാട്ടുമൃഗം. അവനെ കാട്ടിൽ കൊണ്ടുവിട്ടാലും ഇറങ്ങിവരാൻ സാധ്യത കൂടുതലാണ്. 2017ൽ ഞങ്ങൾ അരിക്കൊമ്പനെ പിടിക്കാൻ നോക്കിയിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കുങ്കിയാനകളാണ് അന്നു വന്നത്. അവൻ നേർക്കുനേർ പോരാടിയതോടെ അവർ ഭയന്നുപോയി. മിഷൻ വിജയിപ്പിക്കാനായില്ല. അന്നു മുതൽ ശല്യം സഹിക്കുകയാണ് അന്നാട്ടുകാർ.

റേഡിയോ കോളറിലൂടെ ഇപ്പോൾ അരിക്കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ജിപിഎസ് കോളറായതു കൊണ്ടു സാറ്റലൈറ്റ് വഴി സെർവറിലേക്കു വിവരങ്ങളെത്തും.’’

കാട്ടിലെ സാഹസികതകളും ആനയെ പിടിക്കുന്ന കഥകളും കേൾക്കാനാണു ഡോ. അരുൺ സഖറിയയെ കണ്ടത്. മിഷൻ ഓൺ ആയ ആവേശത്തോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. ‘‘ഒരു വശത്തു ഡാം, മറുവശത്തു കുത്തനെയുള്ള പാറക്കെട്ട്. അതിനിടയിൽ വച്ചാണ് അരിക്കൊമ്പനെ പിടിച്ചത്. ഓരോ മിഷനിലും ശരീരം മാത്രമല്ല, തലച്ചോറും ബുദ്ധിയുമൊക്കെ ഹൈ ടെൻഷനിലാകും. കാടാണു ഹരം. 52 വയസ്സായി, പക്ഷേ, കാട്ടിൽ കയറിയാൽ ഞാൻ ചെറുപ്പമാകും. പപ്പയും മമ്മിയുമടക്കം കുടുംബത്തിലുള്ള പലരും പറയാറുണ്ട്, ‘ഈ ജോലി നിർത്തൂ...’ എന്ന്.’’

കാടിനോട് എങ്ങനെ ഇത്ര ഇഷ്ടം വന്നു ?

കോഴിക്കോട് മുക്കത്താണു ജനിച്ചു വളർന്ന വീട്. പപ്പയുടെയും മമ്മിയുടെയും തറവാടുകൾ വയനാട്ടിലാണ്. എല്ലാ വെക്കേഷനും അമ്മയുടെ തറവാട്ടിൽ പോകും. ഉറക്കമുണരുമ്പോൾ കേൾക്കുന്നത് ആനയോ കാട്ടുപന്നിയോ കാടിറങ്ങി വന്ന കഥയാണ്. അന്നൊന്നും അവ മനുഷ്യനെ ഉപദ്രവിച്ചിരുന്നില്ല. അവയെ കാണാനായി കാത്തിരിക്കുന്നതായിരുന്നു ഞങ്ങളുടെ പ്രധാനവിനോദം.

പപ്പ കെ.ടി. സഖറിയ സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു, മമ്മി ആലീസ് സഖറിയ ബ യോളജി ടീച്ചറും. പുസ്തകങ്ങളുടെയും ശാസ്ത്ര സാഹിത്യപരിഷത്തിന്റെയും സ്വാധീനമുള്ള കുട്ടിക്കാലമാണ് എ ന്നെ പ്രകൃതിയോടടുപ്പിച്ചത്. മുക്കത്തെ സ്കൂളിൽ നിന്നു പത്താം ക്ലാസ്സു പാസ്സായി ഞാൻ പ്രീഡിഗ്രിക്കു ദേവഗിരി കോളജിൽ ചേർന്നു. മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നു ബിരുദം. അന്നേ തീരുമാനിച്ചു വൈൽഡ് ലൈഫ് പഠിക്കണമെന്ന്. വീട്ടുകാരും അപ്പോഴേക്കും കാടിനോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ലണ്ടനിൽ നിന്നു വൈൽഡ് ലൈഫ് മെഡിസിനിൽ ബിരുദാനന്തര ബിരുദമെടുത്തു. വൈൽഡ് ലൈഫ് ജീനോമിക്സിൽ പിഎച്ച്ഡിയും. ആഫ്രിക്ക അടക്കം വിവിധ വനപ്രദേശങ്ങവിൽ പരിശീലനവും നേടി. 1998ൽ വയനാട്ടിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറായാണു ജോലിക്കു കയറിയത്. അതായതു കാട്ടുമൃഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ.

ആദ്യ ‘പേഷ്യന്റി’നെ ഓർമയുണ്ടോ ?

മുൻകാലുകൾക്കു പരുക്കേറ്റ ആനയായിരുന്നു അത്. വെടിയുണ്ട തറച്ചു കയറി അവന്റെ എല്ലിനു പൊട്ടലുണ്ടായിരുന്നു. മയക്കുവെടി വച്ചാണു പിടിച്ചത്. 25 ദിവസത്തെ ചികിത്സയ്ക്കു ശേഷം എഴുന്നേറ്റു നിന്നു. പക്ഷേ, കാലു നിലത്തു കുത്തുന്നില്ല.

കുറച്ചു ദിവസം കൂടി കഴിഞ്ഞു മുറിവു ഭേദമായതിനു പിറകേ ആന കാലുകൾ നിലത്തുറപ്പിച്ചു. അതോടെ വീണ്ടും എല്ലുപൊട്ടി. വീണുപോയ അവൻ പിന്നെ, എഴുന്നേറ്റില്ല. ആ ആനയെ ഓർത്തു കുറേക്കാലം വിഷമിച്ചെങ്കിലും അതൊരു വലിയ പാഠമായിരുന്നു, എല്ലാ മൃഗങ്ങളെയും ജീവനോടെ രക്ഷിക്കാൻ പറ്റില്ല.

ആനകൾക്കു മുൻകാലിൽ പരുക്കേറ്റാൽ ഭേദമാക്കാൻ പ്രയാസമാണ്. അവരുടെ ശരീരഭാരത്തിന്റെ 70–80 ശതമാനവും താങ്ങുന്നതു മുൻകാലുകളാണ്. ഇക്കഴിഞ്ഞ ദിവസം കോട്ടൂരിൽ പിൻകാലുകൾക്കു പരുക്കേറ്റ കുട്ടിയാനയെ ചികിത്സിക്കേണ്ട സന്ദർഭമുണ്ടായി. അപ്പോഴും ഓർത്തത് ആദ്യത്തെ‘പേഷ്യന്റി’നെയാണ്.

കാട്ടിലെ എന്തൊക്കെ കേസുകളില്‍ ഇടപെടാറുണ്ട് ?

മനുഷ്യ ഇടപെടൽ കൊണ്ടോ മനുഷ്യർക്കു ദോഷമാകുന്ന തരത്തിലോ കാട്ടുമൃഗങ്ങൾ പങ്കാളിയാകുന്ന പ്രശ്നങ്ങളിലാണു വനംവകുപ്പ് ഇടപെടുന്നത്. കെണിയിൽ വീഴുന്ന പുലികളെയും മറ്റും രക്ഷപ്പെടുത്തി കാട്ടിൽ കൊണ്ടു വിടുന്നതിൽ തുടങ്ങും ജോലികൾ.

വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവം പറയാം. മുത്തങ്ങ കാട്ടിലൂടെ സൈക്കിളിൽ പോകുന്നതിനിടെ ഒരു വിദേശി വേദനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ആനക്കുട്ടിയെ കടുവ ആക്രമിച്ചു പരുക്കേറ്റു കിടക്കുന്നു. അദ്ദേഹം ഇക്കാര്യം അറിയിച്ചു. പക്ഷേ, അതിൽ ഞങ്ങൾക്ക് ഇടപെടാനാകില്ല. കടുവയുടെ ഇരയാണ് ആനക്കുട്ടികൾ. ആ ആവാസവ്യവസ്ഥയുടെ ഭാഗമായതു കൊണ്ടു തന്നെ നടപടി സ്വീകരിക്കാനുമാകില്ല. അയാൾ ഇതു വലിയ പരാതിയാക്കി. എംബസ്സി വരെ ഇടപെട്ട് അന്വേഷണവും നടത്തി.

കാട്ടിൽ മരിക്കുന്ന ആനകളെ പോസ്റ്റുമോർട്ടം ചെയ്യുന്നതും ജോലിയാണ്. രണ്ടുതരം മരണങ്ങളുണ്ട്, രോഗം വന്നും അല്ലാതെയും. ഹെർപസ് വൈറസ് ഏഷ്യയിലെ കാട്ടാനകളിൽ ആദ്യമായി കണ്ടെത്തിയതു ഞങ്ങളുടെ ടീമാണ്, 2007ൽ. പക്ഷേ, അമേരിക്കയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം അതു വിശ്വസിച്ചു പോലുമില്ല. കാര്യങ്ങൾ അന്വേഷിക്കാൻ നേരിട്ടെത്തിയ അവർ സമ്മാനമായി ഒരു പിസിആർ മെഷീൻ തന്നു.

സ്വാഭാവിക മരണമാണെങ്കിൽ പോസ്റ്റുമോർട്ടം നടത്തിയ ആനകളുടെ മൃതദേഹം കത്തിക്കില്ല. അവിടെ ത ന്നെയിടും, ചുറ്റും നാലു ക്യാമറയും വയ്ക്കും. അതിൽ പതിയുന്ന ദൃശ്യങ്ങൾ അദ്‍ഭുതപ്പെടുത്തുന്നതാണ്. ഇരുപതിലധികം ജീവിവർഗങ്ങൾ ആനയുെട ശരീരം ഭക്ഷിക്കാനെത്തും. അക്കൂട്ടത്തിൽ മാൻ വരെയുണ്ട്. മാനുകളുടെ കൊമ്പു വളരാനുള്ള കാൽസ്യം കിട്ടുന്നത് ആനയുടെ എല്ലുക ൾ കരണ്ടു തിന്നാണ്. ആനക്കൂട്ടം അതുവഴി വന്നാൽ ആ ദരം അർപ്പിച്ചിട്ടേ കടന്നുപോകൂ.

അസ്വാഭാവികമായി മരിക്കുന്ന കേസുകളിൽ – വിഷം ഉ ള്ളിൽ ചെന്നോ, വൈദ്യുതവേലിയിൽ നിന്നു കറന്റടിച്ചോ, വെടി കൊണ്ടോ, പടക്കം പൊട്ടിയോ ഒക്കെയാണു മരണമെന്നു കണ്ടാൽ കേസെടുത്ത് അന്വേഷിക്കും.

അരിക്കൊമ്പനെ പിടിക്കരുതെന്നു പറഞ്ഞും ഒരു ബഹളം ഉണ്ടായിരുന്നല്ലോ... ?

നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന കാട്ടുമൃഗത്തെ പിടിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു മാനേജ്മെന്റാണ്. കുഴപ്പക്കാരനെ കാട്ടിലേക്കു തിരിച്ചോടിക്കാൻ പല വഴികളുണ്ട്്. അതൊന്നും ഫലപ്രദമാകാതെ വരുമ്പോഴാണു പിടിക്കാൻ തീരുമാനിക്കുക. അരിക്കൊമ്പനെ പിടികൂടരുത് എന്നൊക്കെ വാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ടൗണിലെ സുഖസൗകര്യങ്ങളിലിരുന്ന് ഇങ്ങനെ വാദിക്കാൻ എളുപ്പമാണ്. അവൻ തകർത്ത നൂറ്റിയമ്പതിലേറെ വീടുകൾ അവിടെയുണ്ട്. ഉള്ളതെല്ലാം നഷ്പ്പെട്ടു ദുരിതമനുഭവിക്കുന്ന പാവങ്ങളുണ്ട്. അവരുടെ പ്രശ്നത്തിനു പരിഹാരം കാണേണ്ടേ?

സമരക്കാരുടെ പ്രതിഷേധം കാരണം അരിക്കൊമ്പനെ പിടികൂടാതെ വിട്ടാലും പ്രശ്നമാണ്. നാട്ടുകാരോ തോട്ടങ്ങളിലുള്ളവരോ തന്നെ വെടി വച്ചോ വിഷം കൊടുത്തോ അവനെ കൊല്ലും. ധോണി എന്ന ആനയെ പിടികൂടുമ്പോൾ പിൻഭാഗത്തു നിറയെ പെല്ലറ്റുകളായിരുന്നു. നാട്ടിലിറങ്ങുമ്പോൾ തുരത്തിയോടിക്കാൻ ആളുകൾ വെടിവയ്ക്കുന്നതാണ്.

പ്രശ്നക്കാരെ പിടികൂടി ആനത്താവളത്തിൽ എത്തിക്കുകയോ മറ്റെവിടെയെങ്കിലും തുറന്നു വിടുകയോ ആണ് അവസാന പോംവഴി. അരിക്കൊമ്പനു കുടുംബമുണ്ട്, അമ്മയുണ്ട്, കാമുകിയുണ്ട്, ഭാര്യയും കുട്ടിയുമുണ്ട് എന്നൊക്കെ പറയുന്നവർക്കു മറുപടി പോലും നൽകാനില്ല.

arun-zakaria

അവരോടു പിന്നെന്താണു പറയാനുള്ളത് ?

അത്തരം അതികാൽപനികമായ ഭാവനകൾക്കൊന്നും കാട്ടിൽ സ്ഥാനമില്ല. പിടികൂടാനായി എത്തുമ്പോൾ ഉൾക്കാട്ടിൽ അരിക്കൊമ്പനും ചക്കകൊമ്പനും തമ്മിൽ പൊരിഞ്ഞ അടിയായിരുന്നു. ചക്കക്കൊമ്പനെ ഒരു വിധത്തിൽ നീക്കിയിട്ടാണ് അരിക്കൊമ്പനെ പിടിച്ചത്. അപ്പോഴും ആക്രമിക്കാനായി അവൻ പാഞ്ഞു വരുന്നുണ്ടായിരുന്നു. ആളുക ൾ വ്യാഖ്യാനിച്ചതു ചക്കക്കൊമ്പൻ വിടവാങ്ങൽ നൽകാനെത്തി എന്നാണ്. ആ അടിപിടിക്കിടെയാണ് അരിക്കൊമ്പനു തുമ്പിക്കൈയിൽ പരുക്കേറ്റത്. പക്ഷേ, അതിനൊക്കെ പഴി കേട്ടതു ഞങ്ങളും.

ഐഐടിയിലെ ഒരു പ്രഫസർ വിളിച്ചു ചൂടായി. ‘ഏഴു ഡോസ് മയക്കുമരുന്ന് കുത്തിയത് എന്തിനാണ്’ എന്നാണു അദ്ദേഹത്തിനറിയേണ്ടത്. ആന മയങ്ങി താഴെ വീണു പോകാതെ നോക്കണമല്ലോ. അത്ര ശ്രദ്ധിച്ചാണു മരുന്നു കൊടുക്കുന്നത്. മിഷനു ശേഷം വന്ന തെറിവിളിയും ഭീകരമായിരുന്നു. പടയപ്പയെ തൊട്ടാൽ മുട്ടുകാലു തല്ലിയൊടിക്കും എന്നു പറഞ്ഞവർ വരെയുണ്ട്.

കാടല്ലേ, കാട്ടുമൃഗങ്ങളല്ലേ, അപകടങ്ങളില്‍ െപടാറില്ലേ ?

അതൊക്കെ ഈ ജോലിയുെട ഭാഗമാണ്. പല തവണ കടുവയുടെ ആക്രമണം നേരിട്ടിട്ടുണ്ട്. 2014ലാണ് മറക്കാനാകാത്ത ഒരു സംഭവം. ഡെപ്യൂട്ടേഷനിൽ വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി അന്നു രാവിലെ ജോലിക്കു കയറിയതേയുള്ളൂ. ബത്തേരി ടൗണിനടുത്ത് വാകേരിയിൽ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടണമെന്ന അറിയിപ്പ് ഉച്ചയോടെ കിട്ടി. ടീമുമായി ചെല്ലുമ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒരു കുന്നിൻ പുറത്താണു കടുവ നിൽക്കുന്നത്. ആയിരക്കണക്കിനു പേർ കുന്നിനു ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. അടുത്തേക്കു ചെന്നപാടേ അവൻ ചാടിവീണു.

കുതറി മാറിയതുകൊണ്ട് അവൻ വീണത് എന്റെ പിറകിലാണ്. തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ ഉരുണ്ടു പിരണ്ടെണീറ്റു വീണ്ടും ചാടിവന്നു. തോക്കു കൊണ്ട് അടിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. വീണു പോയ ഞാന്‍ അവന്റെ നെഞ്ചിൽ ചവിട്ടിത്തള്ളി. ഒപ്പം തോക്കിന്റെ പിൻവശം വായിലേക്കു കുത്തിക്കയറ്റി. ഒന്നര മിനിറ്റോളം ആ മൽപ്പിടുത്തം തുടർന്നു. മരണം മുന്നിൽ കണ്ട ആ നിമിഷത്തിൽ ഭാര്യയുടെയും മക്കളുടെയും മുഖം മനസ്സിൽ തെളിഞ്ഞു. കൂടെയുള്ളവരോടു വെടിവയ്ക്കാൻ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് അന്നു രക്ഷപ്പെട്ടത്. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു.

ആനകളുടെ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു ഓപ്പറേഷനിടെയാണ് ടീമിലെ മിടുമിടുക്കനും എെന്‍റ വലംെെകയുമായിരുന്ന ഹുസൈൻ മരിച്ചത്. ആന ചവിട്ടി കൊല്ലുകയായിരുന്നു. ടീമിനു മാത്രമല്ല, എനിക്കും ആ നഷ്ടം മറക്കാനാകില്ല.

പിഎം ടു എന്ന ആനയെ പിടിച്ച സംഭവം ഓർക്കുന്നില്ലേ. നൂറ്റിയമ്പതോളം വീടുകൾ പൊളിച്ച, വളരെ ആക്രമണകാരിയായ ആനയെ തമിഴ്നാടു വനംവകുപ്പ് പിടികൂടി റേഡിയോ കോളറിട്ടു കർണാടക അതിർത്തിയോടു ചേർന്നുള്ള വനമേഖലയിൽ വിട്ടതാണ്. അവൻ നേരേ ഇറങ്ങിവന്നതു സുൽത്താൻ ബത്തേരി ടൗണിലേക്ക്. നമുക്കു പിടികൂടാതെ തരമില്ലെന്നായി.

മിഷൻ നന്നായി പൂർത്തിയായി. മയക്കുവെടി വച്ചു പിടിച്ച ആനയ്ക്കു മയക്കം വിടാനുള്ള മരുന്നു കൊടുത്ത ശേ ഷം മുറിവുകൾ പരിശോധിക്കുകയാണു ‍ഞാൻ. ആന പെട്ടെന്നുണർന്നു, അവനു പിടുത്തം കിട്ടിയത് എന്റെ കാലിൽ. കൂടിനുള്ളിലേക്കു വലിച്ചിടാൻ നോക്കി, കിട്ടിയാൽ ചവിട്ടികൂട്ടാമല്ലോ. പറ്റില്ലെന്നു കണ്ടപ്പോൾ ആ ദേഷ്യത്തിനു കാലിൽ ഒറ്റക്കടി. കൂടെയുള്ളവർ എന്നെ വലിച്ചു താഴേക്കിട്ടാണു രക്ഷപ്പെടുത്തിയത്. സേഫ്റ്റി ഷൂ ഉള്ളതുകൊണ്ടു വലിയ കുഴപ്പം പറ്റിയില്ലെങ്കിലും കുറച്ചു ദിവസത്തേക്കു ന ടക്കാനാകാതെ കിടപ്പായിപ്പോയി.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തുടരും