Tuesday 12 October 2021 02:47 PM IST

‘ആ അവസരങ്ങൾ കളയേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്, മോൾക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ സമാധാനം’

Rakhy Raz

Sub Editor

gayathri-actress

അടുത്ത വേഷം സിനിമയിലായിരിക്കുമോ സീരിയലിലാകുമോ’ എന്ന് സംശയിക്കുന്നവരുടെ കണക്കുകൾ തെറ്റിക്കാനുള്ള പുറപ്പാടിലാണ് ഗായത്രി അരുൺ. ആദ്യ സീരിയലായ ‘പരസ്പര’ത്തിലെ ദീപ്തി ഐപിഎസ്സിനെ സൂപ്പറാക്കി. ‘വൺ’ സിനിമയിലെ സീന എ ന്ന കഥാപാത്രവും മികവുറ്റതാക്കി ഗായത്രി.

പുത്തൻ അവസരങ്ങൾ വന്നെങ്കിലും പരസ്പരത്തിന് ശേഷം അവധി എടുത്തതു പോലെ മറ്റൊരു അവധിയിലാണ് ഗായത്രി ഇപ്പോൾ. സിനിമയിൽതന്നെ പുതിയ തട്ടകത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിനുള്ളതാണ് ഈ അവധി.

അഭിനയത്തോട് ഇഷ്ടം

‘‘സ്കൂൾകാലം തൊട്ടേ അഭിനയത്തോട് ഇ ഷ്ടമായിരുന്നു. അമ്മയുടെ സഹോദരൻ അ റയ്ക്കൽ നന്ദകുമാർ സംഗീത സംവിധായകനാണ്. വീട്ടിൽ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനിൽ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ, അന്ന് വീട്ടിൽ നിന്ന് അനുവാദം കിട്ടിയില്ല. അച്ഛനിൽ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്. സ്കൂൾ കലോത്സവങ്ങളിൽ പാട്ട്, നാടകം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയർ സെക്കന്‍ഡറി സംസ്ഥാന കലോൽസവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അച്ഛൻ കുട്ടിക്കാലത്ത് ധാരാളം സിനിമകൾ കാണിക്കാൻ കൊണ്ടുപോകുമായിരുന്ന‌ു. അതുകൊണ്ട് അഭിനയം അന്നേ മോഹമായി. അച്ഛൻ രാമചന്ദ്രൻ നായർ ഫിലിം ഡിസ്ട്രിബ്യൂഷൻ മേഖലയിലായിരുന്നു. അമ്മ ശ്രീ‌ലേഖ കഴിഞ്ഞ വർഷം വരെ ചേർത്തല മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു.

ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്മെന്റ് ചെയ്തു, പിന്നീട് എഫ് എം റേഡിയോയിൽ, അവിടുന്ന് പത്രത്തിൽ ജോലി കിട്ടി. അപ്പോഴാണ് ‘പരസ്പരം’ പരമ്പരയിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാൻ ജോലി വിടാൻ തയാറായില്ല.

ലീവെടുത്താണ് രണ്ടര വർഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വർഷത്തിലേക്ക് സീരിയൽ കടന്നപ്പോഴാണ് ആത്മവിശ്വാസമായത്. ജോലി രാജി വ ച്ച് ധൈര്യപൂർവം അഭിനയരംഗത്തേക്ക് ഇറങ്ങി. ഇപ്പോൾ നിത്യവും രാവിലേ ജോലിക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.

gayathri-1

സീരിയൽ വഴി സിനിമയിലേക്ക്

ആദ്യ സിനിമയുടെ ഓഫർ വരുമ്പോൾ എനിക്ക് സീരിയലിൽ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകകരമായി തോന്നിയും ഇല്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലിൽ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങൾ, അംഗീകാരം ഒക്കെ. അതിനപ്പുറം ഒരു സിനിമ ചെയ്ത് നേടണം എന്ന് തോന്നിയതേയില്ല.

‘പരസ്പരം’ സീരിയൽ ചെയ്യുമ്പോൾ മോൾ കല്യാണി വളരെ ചെറുതായിരുന്നു. ഭർത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തിൽ അത്രയേറെ ശ്രദ്ധ നൽകിയതുകൊണ്ടാണ് എനിക്ക് അഭിനയിക്കാൻ കഴിഞ്ഞത്. അ വൾ വളർന്നപ്പോൾ അവളുടെ പഠനത്തിൽ എന്റെ കരുത ൽ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്.

ആദ്യം വന്ന സിനിമ ‘സർവോപരി പാലാക്കാരൻ’ ആ യിരുന്നു. കുറച്ച് ദിവസങ്ങൾ വീട്ടിൽ നിന്ന് മാറിനിന്നാൽ മതി എന്നതിനാലാണ് ചെയ്യാമെന്ന് തീരുമാനിച്ചത്. നായികയാകാനുള്ള പല അവസരങ്ങളും മോളെ കരുതി വേ ണ്ടെന്ന് വച്ചിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അവസരങ്ങൾ കളയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. എ ന്നാലും മോൾക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ സമാധാനം.

വിചാരിച്ചിരിക്കാതെ വന്ന നല്ല അവസരമായതിനാൽ ‘വൺ’ ചെയ്യാമെന്നു വച്ചു. സിനിമ ചെയ്തതു കൊണ്ട് ഇനി സീരിയൽ ചെയ്യില്ല, സിനിമയേ ചെയ്യൂ എന്നൊന്നും എനിക്കില്ല.

‘വൺ’ കൂടാതെ ‘ഓർമ’, ‘തൃശൂർപൂരം’ എന്നീ സിനിമകളിൽ അഭിനയിച്ചു. കുട്ടികളുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് മുന്നോട്ടു പോകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. അത് സാധിക്കുന്നത് ഭർത്താവ് അരുൺ തരുന്ന ഉറച്ച പിന്തുണ ഉള്ളതുകൊണ്ടാണ്. ഗ്യാപ് എടുത്ത് ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ പോലും അഭിനയിക്കാനായി പ്രേരിപ്പിക്കുമായിരുന്നു അരുൺ. എന്നെക്കാൾ കുടുംബത്തിനാണ് എന്റെ അഭിനയം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ. അരുണിന്റെ അച്ഛനമ്മമാരും സഹോദരി അഞ്ജനയും എന്റെ സഹോദരൻ ഗോപീകൃഷ്ണനും ഭാര്യ ഹരികീർത്തനയും എല്ലാവരും പ്രോത്സാഹനത്തിന്റെ ആളുകളാണ്.

ഫോട്ടോ: ബേസിൽ പൗലോ

കടപ്പാട്

കോസ്റ്റ്യൂം: എൻസെമ്പിൾ ബൈ നീതു സുബിൻ, ആലപ്പുഴ

ജ്വല്ലറി: പ്യൂർ അല്യൂർ

ലൊക്കേഷൻ: ഫിലിപ്പ്സ് റെസിഡൻസ്, ചെറായി