Friday 31 December 2021 04:13 PM IST

പിന്തുണയില്ലാതെ സിനിമയിൽ വരുന്ന പെൺകുട്ടികൾക്ക് ദുരനുഭവങ്ങളും ഉണ്ടാകാറുണ്ടോ?: നിലപാട് വ്യക്തമാക്കി ഗ്രേസ്

Rakhy Raz

Sub Editor

grace-talk ഫോട്ടോ: ബേസിൽ പൗലോ

നാലു പേർക്ക് നടന്നു വരാൻ കഴിയുന്ന വഴി. ‘കനകം കാമിനി കലഹം’ സിനിമയിലെ ഗാനചിത്രീകരണം നടക്കുകയാണ്. സ്ഥലം മൂന്നാർ.

‘‘വഴിക്ക് മേലേയും താഴെയും തേയില തോട്ടം. ഞാനും നിവിൻ ചേട്ടനും (നിവിൻ പോളി) കൈ കോർത്ത് നടന്നു വരുന്നതാണ് സീൻ. ആക്‌ഷൻ പറഞ്ഞതും ദാ വരുന്നു, ഒരു പശു.

ഞാനും നിവിൻ ചേട്ടനും തേയിലക്കമ്പുകളിലേക്ക് ഒതുങ്ങി നിന്നു. ഞങ്ങൾ നിൽക്കുന്നയിടത്ത് എത്തിയപ്പോൾ ഒരു കാരണവുമില്ലാതെ പശു വെകിളിപിടിച്ചു. ഞാൻ പേടിച്ച് നിവിൻ ചേട്ടന്റെ കയ്യിൽ മുറുക്കെ പിടിക്കാൻ നോക്കി. കൈ പോയിട്ട് ആളുടെ പൊ ടിപോലുമില്ല. പശു എന്റെ നേരെ വരാൻ തുടങ്ങി. ഞാൻ ബാലൻസ് തെറ്റി തേയിലക്കിടയിലൂടെ താഴോട്ട് വീണു. പെട്ടെന്ന് ക്രൂവിലുള്ളവർ ഓടി വന്ന് എന്നെ രക്ഷിച്ചു.

ബഹളം കഴിഞ്ഞുവെന്ന് ഉറപ്പായപ്പോൾ ട്രേഡ് മാർക് ചിരിയുമായി നിവിൻ ചേട്ടൻ ‘പ്രത്യക്ഷപ്പെട്ടു’. ‘ നിങ്ങളുടെ നായികയെ പശു കുത്താൻ വരുമ്പോൾ ഇങ്ങനെ മുങ്ങിക്കളയുകയാണോ വേണ്ടത്.’ ഞാൻ ചോദിച്ചു.

grace-1

കുറച്ചൂടെ നൈസാക്കിയ ചിരിയോടെ നിവിൻ ചേട്ടൻ പറഞ്ഞു. ‘നായകന് മതി ഹീറോയിസം. ഞാൻ പ്രൊഡ്യൂസറും കൂടിയാണല്ലോ. എനിക്ക് എന്റെ ജീവനാ വലുത്...’

30 ദിവസം ഒരു ഹോട്ടലിൽ കഥാപാത്രങ്ങളെല്ലാം ഒന്നിച്ചു താമസിച്ച് അഭിനയിച്ച ആദ്യ സിനിമാനുഭവം ആയിരുന്നു ‘കനകം കാമിനി കലഹം’. സിനിമയിലെ പോലെ ഒത്തിരി രസങ്ങൾ നിറഞ്ഞതായിരുന്നു സെറ്റും.’’

സുഹറ, സിമി, ഹരിപ്രിയ... ഇതില്‍ ഗ്രേസിന്റെ സ്വഭാവമുള്ളത് ആരാണ് ?

ഏത് ടൈപ് കഥാപാത്രമായാലും ഗ്രേസ് ആള് വേറെയാണ്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിലൊന്നും ഗ്രേസ് ഒട്ടും തന്നെ ഇല്ല. അങ്ങനെയൊരു ചെറിയ നിർബന്ധം എനിക്കുണ്ട്. സംസാരം, ശരീരഭാഷ എല്ലാം കഥാപാത്രത്തിന്റേതാകണം. അതിനുവേണ്ടി കഷ്ടപ്പെടാറുണ്ട്. ഇഷ്ടത്തോടെയുള്ള ആ ശ്രമത്തിന്റെ ഫലമാണ് എന്റെ കഥാപാത്രങ്ങൾ.

കനകത്തിലെ ഹരിപ്രിയക്ക് വേണ്ടി വളരെ സ്പീഡിൽ ഡയലോഗ് പറയാൻ തീരുമാനിച്ചു. സ്വാഭാവികത തോന്നാൻ മുറിക്കാതെ പറയണം. ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, എനിക്കത് ഇഷ്ടമാണ്.

ഗ്രേസിന്റെ ശരിക്കുമുള്ള സ്വഭാവമെന്താണ് ?

വളരെ ഇമോഷനലാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും സന്തോഷവും സങ്കടവും ഒന്നും പ്രകടമായി കാണിക്കുന്ന പ്രകൃതമല്ല. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇമോഷൻസ് പ്രകടിപ്പിക്കുന്നവരായിരുന്നു.

ഞാനാണെങ്കിൽ ഒരാളോട് അടുക്കാൻ സമയമെടുക്കും. എന്നാൽ ഒരു ഹായ് പറയുന്നവരെപ്പോലും ശ്രദ്ധിക്കും. അവരുടെ സംസാരരീതിയും ചലനങ്ങളുമെല്ലാം ഓർമയിൽ നിൽക്കും. ചില കഥാപാത്രങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ കണ്ട ചിലരെ ഓർമ വരികയും അവരുടെ രീതി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

സിനിമയിലെത്താൻ കലാതിലകമാകാൻ ആഗ്രഹിച്ച ഗ്രേസ് ആ പട്ടം ഇല്ലാതെ തന്നെ സിനിമയിലെത്തി ?

സ്കൂളിൽ ഡാൻസ്, നാടകം, സ്പോർട്സ്, ചിത്രരചന എ ല്ലാത്തിലും പങ്കെടുക്കുമായിരുന്നു. തിലകമായില്ലെങ്കിലും നൃത്തഇനങ്ങളിൽ സമ്മാനം നേടി രണ്ടാംസ്ഥാനത്തെത്തി. സംസ്ഥാന നാടക മത്സരത്തിൽ ബെസ്റ്റ് ആക്ട്രസ് ആയി. സിനിമയാണ് എന്റെ ഇഷ്ടം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു.

വീട്ടിലോ കുടുംബത്തിലോ അഭിനയിക്കുന്നവർ ഇല്ല. പ പ്പ ആന്റണി ബ്രേക്ക് ഡാൻസ് ചെയ്യും. മമ്മി ഷൈനിക്ക് നൃത്തം ചെയ്യാനും പാടാനും അറിയാം. ചേച്ചി സെലീന ഹോം ബേക്കറാണ്. കേക്ക് ആണ് സ്പെഷ്യാലിറ്റി. കലാതാത്പര്യമുള്ളതു കൊണ്ട് പപ്പയും മമ്മിയും എന്റെ ഇഷ്ടങ്ങളെ പിന്തുണച്ചു. എന്റെ സ്വപ്നം സ്വയം നേടിയെടുക്കുകയായിരുന്നു ഞാൻ. ലക്ഷ്യത്തിനു വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും. അതാണ് എന്റെ അനുഭവം.

ഷൂട്ട് തുടങ്ങിയാൽ പപ്പയും മമ്മിയും വിശേഷങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നന്നായി അഭിനയിച്ചോ, റിലീസ് തീയതി എന്നാണ്? ഇതൊക്കെയാണ് അവർക്ക് അറിയേണ്ടത്. എന്നാൽ തിയറ്ററിൽ ഒന്നിച്ചു പോയി സിനിമ കാണുമ്പോൾ ഒരക്ഷരം മിണ്ടുകയുമില്ല. ‘ഇങ്ങനെ മിണ്ടാതിരിക്കാനാണോ നിങ്ങളിത്രയും എക്സൈറ്റഡായി വിശേ ഷങ്ങൾ തിരക്കിയത് ?’ എന്ന് ഞാൻ ചോദിക്കും.

എന്നോട് നേരിട്ടൊന്നും പറയില്ലെങ്കിലും പരിചയക്കാരോട് സിനിമ കണ്ടിട്ട് അഭിപ്രായം പറയണേയെന്ന് പപ്പയും മമ്മിയും പറയും. എന്റെ ഇഷ്ടം അവരുടെ സന്തോഷമായി മാറുന്ന സംഗതിയാണ് ഞങ്ങൾക്ക് സിനിമ.

ജീവിതത്തിൽ സിനിമ എന്തെല്ലാം മാറ്റം വരുത്തി ?

ആഗ്രഹിച്ച പലതും നേടാൻ കഴിഞ്ഞു. ചെറു പ്രായത്തിൽ തന്നെ കരിയർ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാൻ കഴിയുന്നു. അവരില്ലാതെ എനിക്ക് പറ്റില്ല എന്നതു കൊണ്ട് മുളന്തുരുത്തിയിൽ നിന്ന് കാക്കനാടേക്ക് ഞാനവരെ പറിച്ചു നട്ടു. ചേച്ചി സെലീന വിവാഹം കഴിഞ്ഞ് പച്ചാളത്ത് താമസിക്കുന്നു.

ചേച്ചിക്ക് ഒരു മകനുണ്ട്. ഹിഗ്വേ. നാലു വയസ്സായി. ‘ഇ ന്തായി’ എന്നാണ് എന്നെ വിളിക്കുന്നത്. കുഞ്ഞാന്റി എ ന്നാണ് അവൻ ഉദ്ദേശിക്കുന്നത്. എന്നെ മാത്രമേ അവന് പേടിയുള്ളൂ.

ഞാനുള്ളപ്പോൾ ഇഷ്ടമുള്ളതെല്ലാം എടുക്കാൻ പറ്റില്ല. എടുത്തവ എടുത്ത സ്ഥലത്ത് വയ്ക്കേണ്ടി വരും. അതുകൊണ്ട് വീട്ടിൽ വിളിച്ച് ‘ഇന്തായി പോയോ’ എന്ന് അന്വേഷിക്കും. പോയി എന്നു പറഞ്ഞാൽ പച്ചാളത്തു നിന്ന് ഒരു വരവുണ്ട്. സകല സാധനങ്ങളും അവന്റെ കസ്റ്റഡിയിലായിരിക്കും. പിന്നെ, അവനാണ് കാക്കനാട്ടെ കിങ്.

ഭരതനാട്യം തിരഞ്ഞടുക്കാൻ കാരണം ?

വെസ്റ്റേൺ ഡാൻസ് പഠിക്കാനായിരുന്നു ആഗ്രഹം. നാട്ടിൽ അതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. വീടുവിട്ട് പുറത്തു പോയി പഠിക്കുക പ്രയാസവുമായിരുന്നു.

അങ്ങനെ കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ ബിരുദമെടുത്തു. ഒരു വർഷം സ്കൂളിൽ ഭരതനാട്യം ടീച്ചറായി ജോലി ചെയ്തു. ഒപ്പം ഒഡിഷനുകളില്‍ പങ്കെടുത്തു.

സിനിമയിൽ കണ്ട ലുക്ക് അല്ല നേരിട്ടു കാണുമ്പോൾ?

കുമ്പളങ്ങിയിൽ ഡൾ ലുക്ക് ആയിരുന്നു. അതായിരുന്നു കഥാപാത്രത്തിന്റെ മുഖം. ബ്യൂട്ടി പാർലറിൽ പോകരുത്, ത്രെഡ് ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നു.

‘കനകം’ ഒഴിച്ചുള്ള മറ്റെല്ലാ ചിത്രത്തിലും ഡീ ഗ്ലാമറൈസ്ഡ് ലുക്ക് ആവശ്യമായിരുന്നു. ‘അയ്യോ... എന്നെ ഇങ്ങനെ ആക്കിയല്ലോ’ എന്ന് കരുതാറില്ല. മറിച്ച് നല്ല ഒരു കഥാപാത്രം കിട്ടിയല്ലോ എന്ന സന്തോഷമാണ്. ‘കനകം’ അഭിനയിക്കുമ്പോൾ ഷോർട്ട് ഹെയറായിരുന്നു. വിഗ് വച്ചാണ് അഭിനയിച്ചത്.

മികച്ച റോളുകൾ തിരഞ്ഞെടുപ്പിന്റെ ഫലം കൂടിയല്ലേ ?

തീർച്ചയായും. ടീം, സംവിധായകൻ, കഥ, തിരക്കഥ. സിനിമയിൽ എന്റെ കഥാപാത്രം എങ്ങനെയാണ്? ഇതൊക്കെ വ്യക്തമായി മനസ്സിലാക്കും. സ്ക്രിപ്റ്റ് വായിക്കുമ്പോൾ മനസിൽ വിഷ്വൽ വരും അതിനെയാണ് വർക്ക് ചെയ്യുന്നത്. ന ല്ല അഭിനയം അല്ലെങ്കിൽ പണി ഉണ്ടാകില്ല.

സാധാരണക്കാരായ ആളുകൾ നേരിട്ട് കഥാപാത്രത്തിന്റെ പേര് വിളിച്ചു അഭിനന്ദിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. ‘അപ്പൻ’ ‘ചട്ടമ്പി’ എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ. സിനിമയിൽ ഒന്നോ രണ്ടോ രംഗത്ത് വെറുതെ വന്നുപോകുന്നതായാലും കഥാപാത്രം നന്നായാൽ ആളുകൾ ഓർത്തിരിക്കും. അതു തിരിച്ചറിഞ്ഞ്

വേണം തിരഞ്ഞെടുപ്പ് എന്ന് മാത്രം.

പിന്തുണയില്ലാതെ സിനിമയിൽ വരുന്ന പെൺകുട്ടികൾക്ക് പല ദുരനുഭവങ്ങളും ഉണ്ടാകാറുണ്ടല്ലോ ?

അക്കാര്യത്തിൽ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഒഡിഷനായിരുന്നു ‘ഹാപ്പി വെഡ്ഡിങ്’. നല്ല ടീമായിരുന്നു. ദുരനുഭവങ്ങൾക്ക് സാധ്യത ഏതു മേഖലയിലും ഉണ്ട്.

സിനിമ ആഗ്രഹിക്കുന്ന പത്തു പേരിൽ നാലു പേർക്കേ അവസരം ലഭിക്കുന്നുണ്ടാകൂ. അതിൽ രണ്ടു പേർക്കേ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളിൽ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങൾ എടുക്കണം.

ബോഡി ഷെയ്മിങ്ങും കളിയാക്കലുകളും അതിജീവിച്ചാണ് ഗ്രേസ് കഴിവ് തെളിയിച്ചത് ?

ഒരു കുട്ടി അത്‌ലീറ്റ് ആകാൻ ആഗ്രഹിക്കുന്നു എന്നു വ യ്ക്കൂ. ‘നീ പി.ടി. ഉഷ ആകാൻ പോകുകയാണോ’ എന്നായിരിക്കും ആളുകൾ ചോദിക്കുക. പി.ടി. ഉഷ അത്‌ലീറ്റ് ആ കാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല.

അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും. അതിന് ചെവികൊടുക്കാതിരിക്കുക.

എനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വ യ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ.

‘ക്nowledge’ എന്ന ഷോർട് ഫിലിം ചെയ്തു. ഇനിയും സം വിധാനം ചെയ്യുമോ ?

ആർത്തവത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരേണ്ടതിനെക്കുറിച്ചായിരുന്നു ‘ക്nowledge’ എന്ന ഷോർട് ഫിലിം. ഇനിയും ഷോർട് ഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണ്. ഇനിയൊരു ഉ ഗ്രൻ വില്ലത്തി ആകണം. വ്യത്യസ്തമായ കഥാപാത്രങ്ങൾ ക്കായി കാത്തിരിക്കുകയാണ് ഞാൻ.

ക്രിസ്മസിന് എന്താണ് പരിപാടി ?

ക്രിസ്മസിന് എങ്ങനെയും വീട്ടിൽ എത്തിയാൽ മതിയെ ന്ന് തോന്നും എനിക്ക്. ക്രിസ്മസ് ഡെക്കറേഷൻ പണ്ടേ ഞാനാണ് ചെയ്യാറുള്ളത്. തെനയരി പാകി പുല്ല് മുളപ്പിച്ചാണ് പുൽക്കൂടും പരിസരവും ഉണ്ടാക്കുന്നത്. ‌പപ്പ ലൈറ്റ് സെറ്റിങ്സ് ചെയ്യും. പാതിരക്കുർബാനയ്ക്കായി പള്ളിയിലേക്കുള്ള യാത്രയും കാരളും ഒക്കെയായിരുന്നു കുട്ടിക്കാലത്തെ ക്രിസ്മസ് സന്തോഷങ്ങൾ.

ഡിസംബർ 25 ന് ഞങ്ങൾ കൊച്ചിയിലെ അമ്മ വീട്ടിൽ കൂടും. തറവാട്ടിലെ എല്ലാവരും വരും. ക്രിസ്മസിനോട് അ ടുത്താണ് അവിടെ പള്ളി പെരുന്നാള്. അതും കഴിഞ്ഞ് ന്യൂ ഇയറും ആഘോഷിച്ചേ മടങ്ങൂ.

ചേച്ചി ഇപ്പോൾ ‘സ്വീറ്റ് ബേ’ എന്നൊരു ഓൺലൈൻ ബിസിനസ് തുടങ്ങി. ക്രിസ്മസ് സമയം ചേച്ചിക്ക് തിരക്കായിരിക്കും. അതിന്റെ സന്തോഷവും ചേച്ചിയുടെ പുതിയ കേക്ക് രുചികൾ ആസ്വദിക്കലും ഒക്കെയായി വർഷത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളാണ് ക്രിസ്മസ് കാലം.

‘ചട്ടമ്പി’ സിനിമയിലെ ചട്ടമ്പി ഗ്രേസ് ആണോ?

അയ്യോ അല്ല. ശ്രീനാഥ് ഭാസിയാണ് അതിലെ ചട്ടമ്പി. ചട്ടമ്പിക്കൊപ്പമുള്ള ഞാൻ ചട്ടമ്പി ആണോ അല്ലയോ എന്ന് നിങ്ങൾ കണ്ടറിഞ്ഞോളൂ.

രാഖി റാസ്