Thursday 23 May 2019 03:00 PM IST

‘ജീവിതത്തിൽ ഷമ്മിയെ പോലൊരാളെ ഇതുവരെ കണ്ടിട്ടില്ല; പക്ഷേ, സിമിയെ അറിയാം’; ഗ്രേസ് ആന്റണി പറയുന്നു

Ammu Joas

Sub Editor

grace4445

ആ ഒറ്റ ഡയലോഗിൽ ഷമ്മിയെ വീഴ്ത്തിയ സിമി...

ഭാഗ്യം വന്ന വഴി

ഒരു കല്യാണം തന്ന ഭാഗ്യമാണിതെന്നു പറയാം. അയ്യോ, എന്റെ കല്യാണമല്ല കേട്ടോ... ‘ഹാപ്പി വെഡ്ഡിങ്’ ആയിരുന്നു ആദ്യ സിനിമ. ആ സിനിമയിലെ ‘രാത്രി ശുഭരാത്രി...’ പാടുന്ന റാഗിങ് സീനാണ് ‘കുമ്പളങ്ങി നൈറ്റ്സി’ലേക്ക് എന്നെ സ്കെച്ച് ചെയ്യാൻ കാരണം. പിന്നെ, നേരേ ഷമ്മീടെ ഭാര്യയായി. 

ആദ്യ സിനിമ കാണാനുള്ള കോൺഫിഡൻസ് പോലും ഇല്ലാതിരുന്ന ആളാണു ഞാൻ. എല്ലാവരും കൂടി സിനിമ കാണാൻ പോയിട്ട് എന്റെ സീൻ വന്നപ്പോൾ തിയറ്ററിൽ കണ്ണും പൊത്തിയിരുന്നു. ആ ഞാനിപ്പോ ഫഹദ് ഫാസിലിന്റെ നായികയായില്ലേ... 

ഇതെന്റെ മോഹം

കുഞ്ഞിലേ തൊട്ടേ സ്ഥിരം കണ്ണാടിക്കു മുന്നിലാണ്. ഈ അഭിനയഭ്രാന്ത് കാരണം അച്ഛനും അമ്മയും നല്ല അടി തരുമായിരുന്നു. മുതിർന്നപ്പോഴും അഭിനയം മനസ്സിലുണ്ടായിരുന്നു. ‘സിനിമയൊന്നും നമുക്ക് പറ്റില്ല മോളെ’ എന്ന വീട്ടുകാരുടെ സെന്റി ഡയലോഗ് കേട്ട് തൽകാലം പഠിക്കാമെന്നു വച്ചു. എങ്കിലും കലയുടെ ട്രാക്ക് മാറ്റിയില്ല. 

ബിഎ ഭരതനാട്യം സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ന്റെ ഒഡീഷൻ കോൾ. എന്റെ മോഹം കണ്ട് വീട്ടുകാർ സമ്മതിച്ചു. ഇടയ്ക്ക് ലക്ഷ്യം, ജോർജേട്ടൻസ് പൂരം, കാംബോജി തുടങ്ങിയ സിനിമകളും ചെയ്തു.

ഷമ്മീടെ ഭാര്യ

കുമ്പളങ്ങി ടീമിന്റെ ഭാഗമാകാൻ പോകുന്നു എന്നു കേട്ടപ്പോൾ കിളി പോയതാണ്. ഫഹദിക്കയാണ് ജോഡി എന്നു കേട്ടതോടെ ആ കിളി ഇനി തിരിച്ചുവരാനേ പോകുന്നില്ലെന്ന് മനസ്സിലായി. ആദ്യം കണ്ടപ്പോൾ മുട്ടിടിച്ചാണെങ്കിലും പോയി പരിചയപ്പെട്ടു. ‘എനിക്കറിയാം ഗ്രേസിനെ’ എന്നായിരുന്നു മറുപടി. പിന്നീടിങ്ങോട്ട് അവസാന ഷോട്ട് വരെ ജോളി മൂഡായിരുന്നു.

കുമ്പളങ്ങിയിൽ നിന്ന് അത്ര ദൂരത്തല്ല എന്റെ നാടായ മുളംതുരുത്തി. എങ്കിലും ഷമ്മിയെ പോലൊരാളെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, സിമിയെ അറിയാം. എന്റെ അമ്മയിൽ പോലും ഇത്തിരി സിമിയുണ്ട്. 

ഇനിയുമുണ്ടേ...

കുമ്പളങ്ങിയിൽ ക്ലൈമാക്സിലെ എന്റെ ഒറ്റയാൻ ഡയലോഗിലാണ് കഥ മാറുന്നത്. അതു നിനച്ചിരിക്കാത്ത ഭാഗ്യം. മറ്റൊന്ന് സൗബിനിക്കയുടെയും ഫഹദിക്കയുടെയും ആക്ടിങ് ബ്രില്ല്യൻസ് നേരിൽ കാണാനായി എന്നതാണ്. സമീർ താഹിർ–ഷൈജു ഖാലിദ് നിർമിക്കുന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. വിനയ് ഫോർട്ടാണ് നായകൻ‍. ഇത്തരം നല്ല സിനിമകളുടെ ഭാഗമാകണം ഇനിയും. കോൺട്രാക്ടറായ പപ്പ ആന്റണിയും അമ്മ ഷൈനിയും ചേച്ചി സെലീനയും സപ്പോർട്ടായി കൂടെയുണ്ടല്ലോ.