ഇടയ്ക്കെപ്പോഴോ ചോദിച്ചു, എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്നു വച്ചത്? ചിരിയോടെ ഇടവേള ബാബുവിന്റെ മറുപടി വന്നു, ‘‘തെളിവു സഹിതം മറുപടി പറയാം. പക്ഷേ, ഈ അഭിമുഖം കഴിയുന്നതു വരെ കാത്തിരിക്കണം.’’
എന്നിട്ട് എപ്പോഴും ‘അമ്മേ..’ എന്നു വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ പോലുള്ള മൊബൈൽഫോൺ കുറച്ചു ദൂരേക്കു മാറ്റി വ ച്ചു. പറഞ്ഞിട്ടു കാര്യമില്ല, വാശിക്കുഞ്ഞ് ഇടയ്ക്കിടെ കരയുന്നുണ്ട്. ‘എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...’ എന്ന കോളർ ട്യൂൺ മറുതലയ്ക്കൽ ആരോ കേൾക്കുന്നുണ്ട്. വർഷങ്ങളായി ആ പാട്ടാണ് ഇടവേള ബാബുവിന്റെ കോളർ ട്യൂൺ.
ഉറപ്പാണ്, ആ വിളിക്കുന്നതു സിനിമയുടെ ലോകത്തെ ആരൊക്കെയോ ആണ്. ചിലപ്പോൾ പരാതികളാവാം, അല്ലെങ്കിൽ സങ്കടങ്ങളാവാം. അവർക്കൊക്കെ ഇടവേള പോലുമില്ലാതെ, ഏതു സമയത്തും വിളിക്കാവുന്ന നമ്പരാണല്ലോ അത്.
ഒടുവിൽ ഇടവേള ബാബു തീരുമാനിച്ചു, ഇരുപത്തഞ്ചു വർഷമായി അമ്മയുടെ നേതൃസ്ഥാനത്തുണ്ട്. ഇനി ഇടവേള വേണം. ഇത്തവണ മറ്റാരെങ്കിലും ജനറൽ സെക്രട്ടറിയാവണം.
പലരുടെയും ആശ്വാസമാണ് ഇടവേള ബാബു. എന്നിട്ടും ഇനിയും ജനറൽ സെക്രട്ടറി ആവാനില്ലെന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ്?
കാൽ നൂറ്റാണ്ട് ചെറിയ കാലയളവല്ല. 25 വർഷം മുൻപുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും ചിന്തകൾക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാൻ മാറിയില്ലെങ്കിൽ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നൽ അപകടകരമാണ്. ആ ചിന്ത വന്നാൽ അമ്മ മുന്നോട്ടു പോവില്ല.
നമ്മള്‍ ചെയ്ത നല്ല കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയണമെന്നുണ്ട്. ഈ സ്ഥാനത്തു നിന്ന് മാ റി നിന്നാലേ അമ്മയ്ക്കു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അനുഭവിക്കാനാവൂ. അടുത്ത മീറ്റിങ് മുതൽ എന്റെ സ്ഥാനം വേദിയിലല്ല, സദസ്സിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയാറെടുത്തു കഴിഞ്ഞു.
കഴിഞ്ഞ വാർഷികയോഗത്തിൽ മമ്മൂക്ക വികാരഭരിതമായി സംസാരിച്ചു. ‘ബാബുവിനെ വിട്ടിട്ട് ഒരമ്മയില്ല, കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവർ. ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസിൽ കയറി ഇരുന്നിട്ടു കാര്യമുണ്ടോ?’
ആറു വര്‍ഷമായി പ്രസിഡന്‍റ് ലാലേട്ടനാണ്. എത്രയോ രേഖകളിൽ ഒപ്പിടുന്നു. ചേട്ടനെല്ലാം വായിച്ചു നോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട്. അതെന്നോടുള്ള വിശ്വാസമാണ്. താരനിശകളുടെ സംവിധാനം മുതൽ ഒാഫിസ് ബോയ് ജോലി വരെ ചെയ്യുന്നുണ്ട്. ജോലിഭാരം തിരിച്ചറിഞ്ഞിട്ടാവാം, ഒരിക്കല്‍ ലാലേട്ടന്‍ പറഞ്ഞു, ‘ബാബു തുടരണമെന്നു ഞാനൊരിക്കലും പറയില്ല, അത്രമാത്രം സ്ട്രെയിൻ എടുക്കുന്നുണ്ട്. പക്ഷേ, അതു പലരും കാണാതെ പോവുന്നു...’ സത്യമാണ് ലാലേട്ടന്‍ പറഞ്ഞത്. ബിപിയുടെ രണ്ടു ഗുളികയാണു ദിവസവും കഴിക്കുന്നത്. പല തലമുറയിലെ പ്രഗദ്ഭരുെട അടുത്തയാളായി നിൽക്കാനായതു മഹാഭാഗ്യമാണ്. ഈ അനുഭവങ്ങൾ നടൻ മാത്രമായിരുന്നെങ്കിൽ കിട്ടണമെന്നില്ല. അമ്മ എന്ന പ്രസ്ഥാനത്തിന്റെ ബലമാണ് ഈ അടുപ്പങ്ങളുടെ പിന്നിൽ.
ആ പ്രണയകഥയിൽ ഒരു സിനിമയുണ്ടല്ലോ...
അച്ഛനുമമ്മയും വിവാഹത്തെക്കുറിച്ചു പറഞ്ഞപ്പോ ൾ തന്നെ സംഗീതവും നൃത്തവും അറിയുന്ന ഒരാൾ വേണം എന്നായിരുന്നു എെന്‍റ മനസ്സിൽ. അന്നു സിനിമാക്കാരനു പെണ്ണുകിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്.
അങ്ങനെ വിവാഹാലോചനകൾ മുന്നോട്ടു പോവുമ്പോൾ ഞങ്ങളുടെ ഫാമിലിയിൽ തന്നെയുള്ള ഒരു കുട്ടി വന്നു പറഞ്ഞു, ‘എനിക്ക് ബാബുച്ചേട്ടനെ ഇഷ്ടമാണ്. ഞാൻ കണ്ട പലരേക്കാൾ ബാബുച്ചേട്ടനാണ് എ നിക്കു ചേരുന്നതെന്ന് ഉറപ്പാണ്.’
അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അതു പ്രണയമായി. സിനിമയില്‍ കാണുന്ന പ്രണയമല്ല, മുതിർന്ന രണ്ടു പേരുടെ വേരുള്ള പ്രണയം. വിവാഹാലോചന വീടുകളിലെത്തി. രണ്ടു വീട്ടുകാരും എതിർത്തു. ഞാൻ സിനിമാക്കാരനായതാണ് അവരുെട വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എ ന്റെ വീട്ടിലെ പ്രശ്നം.

വീട്ടുകാരുടെ മനസ്സു മാറാനായി ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. ഒന്നും രണ്ടുമല്ല, എട്ടര വർഷം. അതിനിടിൽ വീട്ടുകാര്‍ തമ്മില്‍ പല പൊട്ടിത്തെറികളുണ്ടായി. മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇതിൽ ഇടപെട്ടിട്ടുണ്ട്. ആ കുട്ടിയെ അമ്മയ്ക്ക് (അമൃതാനന്ദമയി) അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോടു സംസാരിക്കാൻ ഞാൻ അമൃതപുരിയിലേക്കു പോയി. ചുരുക്കം പേർക്കു മാത്രം പ്രവേശനമുള്ള പർണകുടീരത്തിൽ വച്ച് മണിക്കൂറുകളോളം അമ്മ എ ന്നോടു സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാൻ ഉപദേശിച്ചു.
അതിനിടെ അവളെ തമിഴ്നാട്ടിലേക്കു വീട്ടുകാർ ക ടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിൽ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാൻ നടൻ കൊച്ചിൻ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോർപ്പസ് ഹർജി നൽകാനും തീരുമാനിച്ചു.
ഒടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു, ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ തീരുമാനമെടുത്തു, പിരിയാം. പക്ഷേ, അന്നേ ഞാൻ എന്റെ മനസ്സിനോടു പറഞ്ഞു ഇനി എനിക്കു മറ്റൊരു വിവാഹം ഉണ്ടാവില്ല. മറക്കാൻ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്? പക്ഷേ, ഞാൻ വിരഹകാമുകന്റെ റോൾ എടുത്തില്ല. സിനിമയിൽ സജീവമായി. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒാടിനടന്നു.
ആ കുട്ടി ഇപ്പോള്‍ വിദേശത്ത് ഡോക്ടറാണ്. ഇ ന്നും എനിക്കു ജീവിതത്തിലൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ടെലിപ്പതി പോലെ അവള്‍ വിവരമറിയും. ആ നിമിഷം വരും അവളുെട ഫോൺ. ഗൾഫിലൊരു വലിയ പ്രോഗ്രാം നടക്കുന്നു. ഉറങ്ങാതിരിക്കാനും ക്ഷീണം മാറാനും ഞാന്‍ എനർജി ഡ്രിങ്ക് കുടിക്കുന്നുണ്ട്. ഷോ തീർന്ന് റൂമിലെത്തിയപ്പോൾ എന്റെ കൈ വിറയ്ക്കാൻ തുടങ്ങി. സംസാരിക്കാൻ വിഷമം. ആ സമയത്ത് അവളുെട ഫോണ്‍ വന്നു. ഷുഗർ ലെവൽ കുറയ്ക്കാൻ ചില മരുന്നുകള്‍ പറഞ്ഞു തന്നു.
2018ല്‍ െകാച്ചിയിൽ നടന്ന വനിത ഫിലിം അവാര്‍ഡ്െെനറ്റ്. മലയാളത്തിലേയും ഹിന്ദിയിലേയുമൊക്കെ വലിയ താരങ്ങളുണ്ട്. േഷാ നടക്കുന്നതിനിടയില്‍ വലിയ മഴ െപയ്തു. ആകെ വേവലാതിയായി. കാണി കള്‍ േപാകാതെ നോക്കണം, താരങ്ങളുടെ സുരക്ഷിതത്വം നോക്കണം. മൊത്തം ടെൻഷന്‍. അങ്ങനെയിരിക്കുമ്പോള്‍ അവളുടെ മെസേജ്. ‘എന്തെങ്കിലും കുഴപ്പമുണ്ടോ, കൂളായിരിക്കൂ...’ മനസ്സിന്റെ അദ്ഭുതങ്ങൾ.
അവളുടെ അമ്മയുടെ അവസാന നാളുകളില്‍ എ ന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. അരികിൽ ചെന്നപ്പോൾ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ‘ഞങ്ങളെ സങ്കടപ്പെടുത്തേണ്ടെന്നു കരുതിയാണ് മോ ളെ വേണ്ടെന്നു വച്ചതെന്നറിയാം. അങ്ങനെയൊരു മ നസ്സ് ഈ ലോകത്ത് നിനക്ക് മാത്രേ ഉണ്ടാവൂ...’

അനിയത്തിപ്രാവിന്‍റെ ക്ലൈമാക്സ് ജീവിതത്തിൽ അനുഭവിച്ച ആളാണ് ഞാൻ. പക്ഷേ, സിനിമയില്‍ നായകനു നായികയെ കിട്ടി. ആ അവസാന ട്വിസ്റ്റ് എന്റെ ജീവിതത്തിൽ ഉണ്ടായില്ലെന്നു മാത്രം. കുറ്റബോധം ഒന്നുമില്ല. സിനിമയല്ലല്ലോ ജീവിതം.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ