Saturday 12 December 2020 04:39 PM IST

ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി! എന്തൊക്കെ ആരോപണങ്ങൾ: പുറത്തിറങ്ങാൻ പോലും പേടിച്ചു: ജാഫർ ഇടുക്കി പറയുന്നു

Vijeesh Gopinath

Senior Sub Editor

jaffar-cover ഫോട്ടോ: ബേസിൽ പൗലോ

കടുപ്പം കൂട്ടിയെടുത്ത കട്ടൻചായയുടെ ‘കൂട്ടാണ്’ ജാഫർ ഇടുക്കിക്ക്. പക്ഷേ, മിണ്ടിത്തുടങ്ങുമ്പോൾ അതിൽ ചിരിയുടെ നാരങ്ങാനീര് വീഴും. എല്ലാ ഇടുക്കിക്കാരെക്കുറിച്ചും പറയും പോലെ മനസ്സിലെ മണ്ണൊന്നു മാറ്റിയാൽ കാണാം, പച്ച മനുഷ്യന്റെ വേരോട്ടം.

പുറത്തിറങ്ങാനിരിക്കുന്ന ‘സാജൻ ബേക്കറി’ എന്ന സിനിമയുടെ പോസ്റ്ററിൽ എഴുതിയ പോലെ, ‘ഇത്തിരി പ്രക‍ൃതിയുള്ള സിനിമയാണോ, ജാഫറിക്ക നിർബന്ധമാ...’

സിനിമയിൽ‌ മാത്രമല്ല ജീവിതത്തിലും തനി നാട്ടിൻപുറത്തുകാരനായതു കൊണ്ടാകാം കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ജാഫർ കരഞ്ഞു പോയത്.   

‘‘ സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു... എന്തൊക്കെ ആരോപണങ്ങൾ.

പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേ ട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ച‌ു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.

എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിെല മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഒാർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അ പ്പുറത്താണ്.

നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു‌ ചോദിച്ചാലോ... അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ.

ഒടുവിൽ ഞാന്‍‌ തീരുമാനിച്ചു, വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാൾ വലുത് അനുഭവിച്ചു കഴിഞ്ഞു...’’ ജാഫർ ഒാർക്കുന്നു.

കലാഭവൻ മണിയുടെ ഒാർമകൾ ഇപ്പോഴും വേട്ടയാടാറുണ്ടോ?

കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അവിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഒാര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.

മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.

അവസാനമായി കണ്ടത് ഇന്നും ഒാര്‍മയുണ്ട്. സാധാരണ കാണുന്നതിനേക്കാൾ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാൻ നിർബന്ധിച്ചു. പിന്നെ, കേൾക്കുന്നത് മരണ വാര്‍ത്തയാണ്.

വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘർഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്തെന്ന മട്ടിലുള്ള വാർത്തകൾ...

‍മണിയുടെ മരണം കഴിഞ്ഞ് ‘തോപ്പിൽ ജോപ്പ ന്റെ’ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഒാർമകൾ കയറും പൊട്ടിച്ചു വരാൻ‌ തുടങ്ങി. അവിടെയുള്ളവർ‌ പഴയ കാര്യങ്ങൾ ഒാരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാൻ‌ പറ്റാത്ത അവസ്ഥയായി. ഞാൻ ആ സെറ്റിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി ഒാടി.

വിശദമായ വായന വനിത നവംബർ രണ്ടാം ലക്കത്തിൽ

ഫോട്ടോ: ബേസിൽ പൗലോ