Friday 10 September 2021 01:02 PM IST

‘വിസ്മയയുടെ മരണത്തിൽ ജയറാം ഇട്ട പോസ്റ്റിനെതിരെ നടന്ന ആക്രമണം’: ‘പരസ്യ വിവാദത്തിൽ’ ചക്കിയുടെ മറുപടി

Vijeesh Gopinath

Senior Sub Editor

jayaram-vismaya

പത്തു വയസ്സുള്ളപ്പോഴാണ് അശ്വതി ‘ഒാർമയ്ക്കായ്’ എന്ന സിനി‌മ കാണുന്നത്. സംവിധാനം ഭരതൻ. ഭരത്ഗോപിയുടെ സംസാരശേഷിയില്ലാത്ത കലാകാരൻ. മാധവിയുടെ സൂസന്ന. അവരുടെ മ കൾ ചക്കി. കണ്ണീരുപ്പുള്ള ആ സിനിമ കണ്ട് അശ്വതി കുറേ കരഞ്ഞു. അതുകഴിഞ്ഞ്, അഞ്ചാം ക്ലാസുകാരി അശ്വതി അന്നൊരു തീരുമാനമെടുത്തു. മകളുണ്ടായാൽ ചക്കിയെന്നേ വിളിക്കൂ.

അശ്വതി പിന്നീട് സിനിമയിലെത്തി, പാർവതിയായി. ഹിറ്റ് സിനിമകളില്‍ നായികയായി. ജയറാമിന്റെ ഭാര്യയായി. ആദ്യ കു‍‍ഞ്ഞു പിറന്നപ്പോൾ അവനെ കണ്ണൻ എന്നു വിളിച്ചു. മകളുണ്ടായപ്പോൾ‌ വിളിപ്പേരു കണ്ടുപിടിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പത്തു വയസ്സിലേ തീരുമാനിച്ചതല്ലേ...

‘‘അങ്ങനെയാണ് മാളവിക ചക്കിയായത്.’’ കണ്ണിൽ ചിരി ചൊരിഞ്ഞിട്ട് പാർവതി പറഞ്ഞു. വീട്ടിനുള്ളില്‍, അമ്മയുടെ സാരിയുടെ അതേ നിറത്തിലുള്ള ലെഹങ്കയില്‍ മാളവിക ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നു.

‘‘ചക്കിയുടെ പേരു മാത്രമല്ല. ചെറിയ പ്രായത്തിൽ മനസ്സിൽ വിചാരിച്ച പല കാര്യങ്ങളും പിന്നീട് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പതിനേഴു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ചെന്നൈയിൽ‌ വരുന്നത്. ‘പൂവുക്കുൾ ഭൂകമ്പം’ എന്ന തമിഴ് സിനിമയുടെ ഷൂട്ട്. കെ.കെ നഗറിലായിരുന്നു ചിത്രീകരണം. തൊട്ടപ്പുറത്തെ സ്ട്രീറ്റിലാണ് കെപിഎസി ലളിതച്ചേച്ചി താമസിക്കുന്നത്. ഉച്ചയ്ക്ക് ചേച്ചി എന്നെ വീട്ടിലേക്ക് കൊണ്ടുപോകും. നല്ല ഊണു തരും.

ഒരു ദിവസം വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് ആ സ്കൂൾ കണ്ടത്. ഒരേ നിറമുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ പറന്നു നടക്കുന്നു. അന്നെനിക്കു തോന്നി, ഈ സ്കൂളിൽ എന്റെ കുട്ടികളെയും പഠിപ്പിക്കണം.

ഒാർക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. അന്ന് ജയറാമിനെ വിവാഹം കഴിക്കും എന്നു പോലും തീരുമാനിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഞാനും ജയറാമും ചെന്നൈയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മക്കളുണ്ടായി. കണ്ണനും ചക്കിയും ആ സ്കൂളിൽ തന്നെയാണ് പ ഠിച്ചത്’’ നീളമുള്ള പാവാടയിട്ട് പാർവതിക്ക് മുന്നിലേക്കു ചക്കി വന്നു. സിനിമയിലോ പരസ്യത്തിലോ ആയിരുന്നെങ്കിൽ ‘കുട്ടികളൊക്കെ എത്ര വേഗത്തിലാണ് വളരുന്നതെന്ന’ ഡയലോഗ് പറയാവുന്ന രംഗം.

അമ്മയുടെ കഥകൾ കേട്ട് മാളവിക പറഞ്ഞു, ‘‘അമ്മ ഒരു തീരുമാനം എടുത്താൽ അതെടുത്തതാണ്. ഞാനും അപ്പയും കണ്ണനുമൊക്കെ വർഷങ്ങൾക്കു മുന്നേ ഡയറ്റും ജിമ്മുമൊക്കെ ജീവിതത്തിലേക്ക് കൊണ്ടു വന്നതാണ്. അ പ്പോഴും അമ്മ അത്ര കാര്യമായി അതിനെ കണ്ടില്ല. പക്ഷേ, കഴിഞ്ഞ ആറുമാസമായി ഡയറ്റിലാണ്.

ഞാനൊക്കെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഡയറ്റിനെ ചീറ്റ് ചെയ്യും. നല്ല മട്ടൻ ബിരിയാണി കഴിക്കും. പ ക്ഷേ, അമ്മ ഒരു രക്ഷയുമില്ല. ഒരു കാര്യം തീരുമാനിച്ചാൽ പിന്നോട്ടില്ല. ഇപ്പോൾ അമ്മയാണ് എല്ലാവരെയും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്’’ മാളവികയുടെ ചിരിയിലേക്ക് പാർവതിയുടെ വലിയ കണ്ണുകൾ വിടർന്നു ചെന്നു.

malavika-jayaram-parvathy

സിനിമയിലുണ്ടായിരുന്ന കാലത്തേക്കാൾ മെലി‍ഞ്ഞല്ലോ?

പാർവതി: എല്ലാവരും വർക്കൗട്ടും ഡയറ്റും കൊണ്ടു നട ക്കുമ്പോൾ എനിക്കു മാത്രം മാറിനിൽക്കാനാകില്ലല്ലോ. ലോക്ഡൗണാണ് ‘പ്രചോദനം’. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ ആദ്യ അനുഭവമല്ലേ. എല്ലാവരും വീട്ടിൽ. പാചകം ചെയ്യാൻ‌ സഹായിക്കുന്നവർ‌ വരുന്നുമില്ല. ഞങ്ങൾ‌ നാലും മത്സരിച്ച് അടുക്കളയിൽ കയറും. എല്ലാ വിഭവത്തിനും ഒരേയൊരു പൊതു സ്വഭാവമേയുള്ളൂ, ഫാറ്റ്. സോസും ചീസും മീറ്റും ആകെ ബഹളം. പീത്‌സയുടെയും ബിരിയാണിയുടെയുമൊക്കെ ആളായിരുന്നു ചക്കി. അങ്ങനെ കഴിച്ചു കഴിച്ച് എല്ലാവരും നന്നായി തടിച്ചു. ‌ഇപ്രാവശ്യം ലോക്ഡൗൺ തുടങ്ങിയപ്പോൾ ഞാൻ ഡയറ്റ് ചെയ്യാനുറപ്പിച്ചു.

ആദ്യം ചെയ്തത് ‘വീഗൻ’ ആകുകയാണ്. പൂർണമായും വെജിറ്റേറിയൻ. പാലും പാലുൽപ്പന്നങ്ങളും ഉേപക്ഷിച്ചു. പിന്നെ, വ്യായാമവും തുടങ്ങി. പത്തു കിലോ കുറഞ്ഞു. മസിൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ ഒരു കിലോ കൂടിയിട്ടുണ്ട്. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഫിൽ‌റ്റർ കോഫി. പാലിൽ നിന്ന് പൊങ്ങുന്ന കാപ്പിയുടെ ഗന്ധം എന്റെ വലിയ വീക്നസ് ആയിരുന്നു. ഒടുവില്‍ അതിനെയും മറികടന്നു.

ജയറാമിനെ നിങ്ങൾ രണ്ടുപേരും കളിയാക്കുന്ന ഒരു കാര്യം പറയാമോ?

ചക്കി: എല്ലാ വർഷവും ഞങ്ങൾ നാലുപേരും കൂടി യാത്ര പോകും. ഞാനും അമ്മയും അഡ്വഞ്ചറസ് ആൾക്കാരാണ്. എവിടെയും വലിഞ്ഞു കയറും. ഇപ്പോൾ കണ്ണനും ഞങ്ങളുടെ ടീമാണ്. പക്ഷേ, അപ്പയ്ക്ക് അതൊക്കെ പേടിയാണ്. തീം പാർക്കിലെ വലിയ റോളർസ്കേറ്റിലൊന്നും അപ്പ കയറില്ല. പാവം കുട്ടിയെ േപാെല, ഞങ്ങളുടെ ബാഗൊക്കെ പിടിച്ച് താഴെ നിന്ന് ‘റ്റാറ്റാ’ തരും.

എങ്കിലും ചില റൈഡുകളിൽ ഞങ്ങൾ വലിച്ചു കയറ്റും. അപ്പോൾ അപ്പയുടെ മുഖത്തു വിരിയുന്ന ഭാവം ഷൂട്ട് ചെയ്യുകയാണ് എന്റെ ഹോബി.

പാർവതി: പക്ഷേ, ഇക്കാര്യം ജയറാം മറ്റാരോടെങ്കിലുമാ ണ് പറയുന്നതെങ്കിൽ കഥ മാറി മറിയും. ജയറാം ധൈര്യത്തോടെ െെറഡില്‍ കയറി, ഞങ്ങൾ‌ പേടിച്ചു വിറച്ചു ബാ ഗും പിടിച്ചു താഴെ നിന്നു എന്ന മട്ടില്‍ മാറ്റിപ്പറയും. കേൾക്കുന്നവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് ജയറാമിനാണല്ലോ കൂടുതൽ.

parvathy-jayaram-chakki

അമ്മ ഇനിയും അഭിനയിക്കണം എന്നു തോന്നിയിട്ടില്ലേ?

ചക്കി: അമ്മയെ ഇതുവരെ നടി ആയി കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാകും അഭിനയിച്ച ഒരു സിനിമയും മുഴുവനായി കണ്ടിട്ടില്ല‌. ചാനലുകളിൽ‌ വരുന്ന പാട്ടുകളും ചില രംഗങ്ങളും മാത്രം കാണും. സിനിമയിൽ അഭിനയിക്കുന്ന അമ്മ, അത് മറ്റാരോ ആണെന്നു തോന്നും. കണ്ണന്‍ ഇങ്ങ നെയല്ല. അമ്മ അഭിനയിച്ച എല്ലാ സിനിമയും കുത്തിപ്പിടിച്ചിരുന്നു കാണും. ‘വടക്കു നോക്കിയന്ത്ര’വും ‘അക്കരെ അക്കരെ അക്കരെ’യും അവന്റെ ഇഷ്ട സിനിമകളാണ്.

അമ്മയുടെ സിനിമകളേക്കാൾ എനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണകസറ്റ് കാണാനാണ്. അ പ്പയെ നന്നായി കളിയാക്കാറുമുണ്ട്. അപ്പ മേക്കപ് ഒക്കെയിട്ട് സുന്ദരനായിരിക്കുന്നു. അമ്മയാണെങ്കില്‍ ടെൻഷനടിച്ചിരിക്കുന്നു.

പാർവതി: സിനിമയിലേക്ക് വരുന്നതിനേക്കാൾ‌ എന്തെ ങ്കിലും ഇഷ്ടമുള്ള ജോലി ചെയ്യണം എന്ന കാര്യത്തിലാണ് ചക്കി നിർബന്ധിക്കാറുള്ളത്. സിനിമയിലേക്കു വീണ്ടും വരുമോ എന്ന കാര്യത്തിൽ ഉറപ്പിച്ചു പറയാനാകില്ല. കുട്ടികൾക്കു വേണ്ടിയാണ് ‍ഞാൻ മാറി നിന്നത്. അവരിപ്പോൾ‌ സ്വന്തം ചിറകിൽ പറക്കാറായി. എപ്പോഴും ഞാൻ വീട്ടിൽ വേണമെന്നില്ല. എന്നെ ആവശ്യമുള്ള സിനിമയാണെന്ന് തോന്നിയാൽ ആലോചിക്കാം.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാം ഇട്ട പോസ്റ്റിനെതിരെ വലിയ ആക്രമണം ഉണ്ടായല്ലോ?

ചക്കി: മാസങ്ങൾക്കു മുൻപ് അഭിയനയിച്ച പരസ്യം ആ ണത്. ഞാനതിൽ അഭിനയിച്ചതും അപ്പയുടെ പോസ്റ്റും കൂട്ടിച്ചേർത്ത് ഒരു വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലായിട്ടില്ല. സോഷ്യൽമീഡിയയ്ക്ക് നന്മയും ഉണ്ട് തിന്മയും ഉണ്ട്. വിവാദങ്ങൾ ഉണ്ടാക്കുന്നത് രണ്ടു ശതമാനം ആൾക്കാരുടെ സ്വഭാവം അല്ലേ? നമ്മളത് വിട്ടുകളയണം.

മുഖം ഇല്ലാത്തവർക്ക് എന്തും പറയാം. ഫെയ്ക് െഎഡന്റിറ്റിയുടെ മറവിൽ ആരെയും കളിയാക്കാം. കുറച്ചു കൂടുതൽ ഫോളോവേഴ്സ് ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ആ സ്വാതന്ത്ര്യമാണ് ദുരുപയോഗം ചെയ്യുന്നത്.