Thursday 22 June 2023 11:40 AM IST

നിവിൻ പോളി എങ്ങനെയാണ് 2018 സിനിമയിൽ നിന്നു മാറിയത്?: വിജയത്തിനൊപ്പം വിവാദങ്ങളും: ജൂഡ് മറുപടി പറയുന്നു

Vijeesh Gopinath

Senior Sub Editor

jude-2018

ഒരു വെള്ളിയാഴ്ച ഒാർക്കാപ്പുറത്തു പെയ്ത മഴ പോലെയായിരുന്നു ആ സിനിമ. ലക്ഷങ്ങൾ മുടക്കിയുള്ള ‘പ്രമോഷൻ’ ആർഭാടങ്ങളില്ല. നായകനും നായികയും അണിയറ പ്രവർത്തകരുമെല്ലാം ഒന്നിച്ചിരുന്നുള്ള ട്രപ്പീസുകളിയില്ല, സോഷ്യൽമീഡിയയിലെ തള്ളുതല്ലു പരിപാടികളില്ല... ആകെയുള്ളത് ആഴ്ചകൾക്കു മുന്നേ ഒട്ടിച്ച പോസ്റ്ററുകൾ മാത്രം.

അങ്ങനെ 2018 എന്ന സിനിമ പെയ്തു തുടങ്ങി. പിന്നെ നടന്നതു ചരിത്രം. പത്തു ദിവസം കൊണ്ടു നൂറുകോടി നേടിയ മലയാള സിനിമയെന്ന കയ്യൊപ്പിട്ടു. ചിലന്തിവല കെട്ടി കിടന്ന ഹൗസ്ഫുൾ ബോർഡ് പൊടിതട്ടി കുട്ടപ്പനായി നെഞ്ചും വിരിച്ചു തൂങ്ങി കിടന്നു. മലയാള സിനിമകാണാൻ തിയറ്ററുകളിൽ ആൾക്കൂട്ടമുണ്ടാകില്ലെന്നു പറഞ്ഞവരെല്ലാം 2018 സിനിമയുടെ ഒഴുക്കിൽ ഒലിച്ചു പോയി.

സിനിമ ഒാടിത്തുടങ്ങിയപ്പോൾ സന്തോഷം മാത്രമല്ല, ഡാം തുറന്നു വിട്ടതു പോലെ വിവാദങ്ങളും ഒലിച്ചു വന്നു. മുഖ്യമന്ത്രി കഥാപാത്രത്തിന്റെ കരുത്തു മുതൽ സംവിധായകൻ ജൂഡ് ആന്തണിയുടെ തുറന്നു പറച്ചിലുകൾ വരെ ഇടിയും മിന്നലും ഉണ്ടാക്കി.

വിജയത്തിനും വിവാദത്തിനും ഇടയിൽ വാശിയോടെ ജൂഡ് ആന്തണി ഇരുന്നു. എന്നെ ഒന്നു ചിരിപ്പിക്കാമെങ്കിൽ ചിരിപ്പിക്ക് എന്ന വാശിത്തുമ്പിൽ മകൾ മൂന്നുവയസുകാരി ഇസബെൽ എന്ന കുട്ടിക്കുറുമ്പിയും.

2018 കാണാൻ തിയറ്ററിലെത്തിയ ആൾക്കൂട്ടം കണ്ട് ജൂഡ് ഒന്നു ഞെട്ടിയില്ലേ?

സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വിഡിയോ ഷൂട്ട് ചെയ്തു നിർമാതാവ് വേണു സാറിന് (വേണു കുന്നപ്പള്ളി) അയച്ചു. അതിൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്–

‘‘എന്റെ ജീവിതത്തിലെ വലിയ സ്വപ്നമാണു സാർ നിറവേറ്റിയത്. ഒരുപാടു പണം മുടക്കി എന്നും അറിയാം. ഒന്നെനിക്ക് ഉറപ്പ് പറയാനാകും, നാളെ മുതൽ സാറിനു ഫോൺ താഴെ വയ്ക്കാൻ പറ്റില്ല. പുണ്യമാണ് ഈ സിനിമ. അതുകൊണ്ടു തന്നെ നിരാശപ്പെടേണ്ടി വരില്ല. ഇതൊരു തെളിവായി അയയ്ക്കുന്നു....’’

ഒരു തംപ്സ് അപ് ഇമോജി മാത്രം മറുപടി ആയി സാ ർ അയച്ചു. കേൾക്കുമ്പോൾ അഹങ്കാരമായി തോന്നും പ ക്ഷേ, അതെന്റെ ആത്മവിശ്വാസമായിരുന്നു. അത്ര കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. നാലുവർഷം എഴുതിയും തിരുത്തിയും മുന്നോട്ടു പോയി. അതിനിടയിൽ കനലു പോലെ പൊള്ളിച്ച എത്രയോ അനുഭവങ്ങൾ. ആ പ്രളയം കടന്നാണു ഞങ്ങളും ഈ സിനിമയും തിയറ്ററിൽ എത്തിയത്.

പല കാരണങ്ങൾ കൊണ്ടും നടക്കില്ലെന്നു കരുതിയ സിനിമ. വഴിത്തിരിവായ ഒരു സീൻ പറയാമോ?

പ്രളയത്തിൽ നെടുമ്പാശേരിയിലെ എന്റെ വീട്ടിലും വെള്ളം കയറി. കാറും ഫോണും എല്ലാം നഷ്ടപ്പെട്ടു. മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമായിരുന്നു. അപ്പോഴാണു പ്രളയം ബാധിച്ച ആളുകളിൽ പൊസിറ്റീവ് ചിന്ത കൊളുത്തി വ യ്ക്കാനായി ഷോർട് ഫിലിം സംവിധാനം ചെയ്യാന്‍ ബോധി നി എന്ന സംഘടന സമീപിച്ചത്.

അതിലേക്കിറങ്ങിയപ്പോഴാണു മനോഹരമായ പൊസിറ്റീവ് കാര്യങ്ങൾ തിരിച്ചറിഞ്ഞത്. കേരളത്തെ രക്ഷിക്കാൻ കൈകോർത്തവരുടെ ചിത്രങ്ങൾ മനസ്സിൽ പതിഞ്ഞു. അ തുവരെ കണ്ടിട്ടില്ലാത്ത കൂട്ടായ്മകൾ. പലപ്പോഴും അവഗണനകൾ ഏറ്റുവാങ്ങുന്ന മത്സ്യത്തൊഴിലാളികൾ, മൊബൈലിൽ കുത്തിപ്പിടിച്ച് ഇരിക്കുന്നെന്ന കുറ്റപ്പെടുത്തലുകൾ കേട്ട പുതു തലമുറ... ഇവരെല്ലാം ഒന്നിച്ചിറങ്ങി.

അതിൽ സിനിമയുണ്ടെന്നു തിരിച്ചറിഞ്ഞു ഞാൻ നിർമാതാവ് ആന്റോ ചേട്ടനെ (ആന്റോ ജോസഫ്) കണ്ടു. സിനി മ അനൗൺസ് ചെയ്ത് കഴിഞ്ഞതും പ്രശ്നങ്ങൾ തുടങ്ങി. ഈ സിനിമ നടക്കില്ല എന്നു പലരും പ്രചരിപ്പിച്ചു തുടങ്ങി. ഒപ്പം നിന്ന പലരും ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. ഒരു ദിവസം നിർമാതാവ് ബാദുക്ക (ബാദുഷ) പറഞ്ഞു, ‘‘ആന്റോയെ കാണുന്ന പത്തു പേരിൽ എട്ടും പറയുന്നതു സിനിമയിൽ നിന്നു പിന്മാറാനാണ്. എന്നിട്ടും ആന്റോ നിങ്ങൾ‌ക്കൊപ്പം നിൽക്കുന്നു. ആ സ്നേഹം മറക്കരുത്. ’’

തകർന്നു പോയ ദിവസമായിരുന്നു. ഇത്രയും ശത്രുക്ക ൾ സിനിമയിലുണ്ടെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്. സ ങ്കടം സഹിക്കാനായില്ല. സഹതിരക്കഥാകൃത്ത് അഖിലിനോട് (അഖിൽ പി ധർമജൻ) ഇതു പറഞ്ഞതും കരഞ്ഞു പോയി. പിന്നെ തോന്നി, ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല. കണ്ണീരു തുടച്ച് അഖിലിനോടു പറഞ്ഞു,‘എല്ലാത്തിനെയും കാണിച്ചു കൊടുക്കാ‍ടാ നമുക്ക്. സിനിമ ഇറങ്ങിക്കഴിഞ്ഞ് ഇതിനെതിരെ പറഞ്ഞവർ‌ നാണംകെട്ട് ഒരു മൂലയ്ക്കിരിക്കണം.’ ആ വാശിയാണു മുന്നോട്ടു നയിച്ചത്.

വിജയത്തിനൊപ്പം വിവാദങ്ങളുമുണ്ടായി. നിവിൻ പോളി എങ്ങനെയാണ് ഈ സിനിമയിൽ നിന്നു മാറിയത്?

തുമ്പും വാലും മാത്രം കേട്ടു പറഞ്ഞുണ്ടാക്കുന്ന കഥകളാണ്. നിവിന് അത് അറിയുക പോലുമില്ല. തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ റോക്കറ്റ് എന്ന ബസ് കഥാപാത്രമായി. സിനിമയിലിടയ്ക്കിടെ റോക്കറ്റ് ബസിന്റെ ഹോണടി കേൾക്കുന്നുണ്ട്.

പ്രളയത്തിൽ വൃദ്ധസദനത്തിൽ വെള്ളം കയറി. ലോറിയിൽ അവരെ രക്ഷിക്കാൻ നോക്കി. പരാജയപ്പെടുന്നു, വെള്ളത്തിന്റെ ഒഴുക്കു കൂടുതലായതു കൊണ്ടു ടൊവിനോയുടെ വള്ളത്തിനും അങ്ങോട്ടെത്താനായില്ല. അപ്പോഴാണ് റോക്കറ്റ് ബസ് വരുന്നത്. വൈപ്പർ അടിച്ചാണു വരവ്. ഗ്ലാസിലൂടെ ഡ്രൈവറുടെ മുഖം കാണുന്നു– നിവിൻ പോളി. ഇതായിരുന്നു സീൻ. പക്ഷേ, പിന്നെ തോന്നി നാടകീയത കൂടുതലാണെന്ന്. അങ്ങനെ അതു വേണ്ടെന്നു വച്ചു. ഇത് നിവിൻ പോളി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല.

സിനിമയിൽ മുഖ്യമന്ത്രിയെ അവഗണിച്ചു എന്നു സോ ഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നുണ്ടല്ലോ?

അതെല്ലാം ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതാണ്. പ്രതികരിക്കാൻ ഇറങ്ങിയ പലരും സിനിമ കണ്ടിട്ടുണ്ടോ എന്നു പോലും സംശയമുണ്ട്. സിനിമയിലെ മുഖ്യമന്ത്രി യുടെ കഥാപാത്രം കേരളം ഒന്നിച്ചു നിൽക്കേണ്ട ആവശ്യം പറയുന്ന ആത്മാർഥതയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ്. അത് കാണാതെ നെഗറ്റീവ് ഭാഗം പറഞ്ഞ ആൾക്കാരാണു വിവാദങ്ങൾക്കു പിന്നിൽ. മുഖ്യമന്ത്രി ഈ സിനിമ കണ്ടാൽ അദ്ദേഹത്തിന് അഭിമാനം തോന്നും. ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.

തുടക്കത്തിൽ പിന്തുണച്ച പലരേയും രാഷ്ട്രീയ വിവാദം വന്നതോടെ കാണാതായി. ഈ സിനിമ മഹത്തരമാണെന്നു ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍‌ രാഷ്ട്രീയമായി കാണേണ്ട ആവശ്യവും ഇല്ല. എല്ലാവരും ഒന്നാണെന്നാണ് ഈ സിനിമ പറയുന്നത്. ഒന്നിച്ചു നിന്ന കാലത്തിന്റെ കഥയാണിത്. അല്ലാതെ ഒരു രാഷ്ട്രീയപ്പാർട്ടിയെയും ഉയർത്തിക്കാണിക്കാനോ താഴ്ത്തിക്കെട്ടാനോ ഞങ്ങളില്ല.

ഇത്രയും ശത്രുക്കൾ ഉണ്ടാകാൻ എന്താകാം കാരണം?

മുൻ കോപത്തിനും തുറന്നു പറച്ചിലിനും അതിർ‌ത്തിയുണ്ട്. അതിരിനപ്പുറം അഹങ്കാരിയും ഇപ്പുറം എല്ലാം മനസിലൊതുക്കി നിശബ്ദനായിരിക്കുന്ന വിനീതനായ ആളും. ഇങ്ങനെയാണു പൊതുവേ കണക്കാക്കുന്നത്. പലതും കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയുന്നില്ല. അതോടെ അഹങ്കാരിയായി. ശത്രുക്കളായി. ഞാൻ എല്ലാവരുമായും പെട്ടെന്ന് അടുക്കുന്ന ആളാണ്. പക്ഷേ, എത്ര അടുപ്പമുള്ള ആളാണെങ്കിലും എന്തെങ്കിലും മോശം കാര്യം ചെയ്താൽ വിളിച്ചു പറയും. ഈ സ്വഭാവം ഉള്ളതു കൊണ്ടു ബന്ധങ്ങൾ പെട്ടെന്നുണ്ടാകും. അതുപോലെ നഷ്ടപ്പെട്ടും പോകും.

തുറന്നു പറയുന്നതു കൊണ്ട് ഇപ്പോഴും പല സൗഹൃദങ്ങളും നഷ്ടപ്പെടുന്നു. പലരും വലിയ ശത്രുക്കളാകുന്നു. ഞാനൊന്നു മയത്തിൽ പറഞ്ഞിരുന്നെങ്കിൽ അവരൊന്നും വിട്ടു പോകില്ലായിരുന്നു. പക്ഷേ, സ്വഭാവം മാറ്റാൻ എനിക്കാകില്ല. ഇതുകൊണ്ട് എനിക്കൊരു ദോഷവും ഇല്ല. കൃത്യമായ ആൾക്കാർ മാത്രമേ ജീവിതത്തിൽ എനിക്കൊപ്പം ഉള്ളൂ. അവരിൽ ആരും മായം ചേർ‌ന്നവരല്ല.

ഇങ്ങനെയൊന്നും പറയാതെ അടങ്ങിയൊതുങ്ങി ജീവിച്ചാൽ പോരെയെന്നു വീട്ടുകാർ പറയാറുണ്ടോ?

വീട്ടിലുള്ളവർ‌ ഇതിൽ ഇടപെടാറില്ല. പക്ഷേ, സോഷ്യൽമീഡിയയിൽ എനിക്കെതിരെയുള്ള ചീത്ത വിളികൾ കാണു മ്പോൾ അപ്പനും അമ്മയ്ക്കും ഭാര്യക്കുമൊക്കെ സങ്കടം തോന്നാറുണ്ട്. അതോടെയാണ് ഈ തുറന്നു പറച്ചിലുക ൾ ഒന്നു കുറച്ചത്. സിനിമയ്ക്കു വേണ്ടി എന്റെ കുടുംബം ഒരുപാടു ത്യാഗം അനുഭവിച്ചിട്ടുണ്ട്. സ്വപ്നങ്ങളുള്ള ആർക്കും ആദ്യം വേണ്ടതു കുടുംബത്തിന്റെ സപ്പോർട്ടാണെന്നു കേട്ടിട്ടുണ്ട്. ഞാൻ അത് എപ്പോഴും തിരിച്ചറിയുന്നു

നെടുമ്പാശേരിയിലെ പല കല്യാണവീടുകളിലും പന്തലുകെട്ടാൻ പോയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.

‘കല്യാണരാമൻ’ സെറ്റപ് ആയിരുന്നു പണ്ട്. അച്ഛൻ ജോസഫ് റിട്ടയർ ചെയ്തു കഴിഞ്ഞു പന്തൽ വാടകയ്ക്കു കൊടുക്കുന്ന കട തുടങ്ങി. അക്കാലത്തു ഞാൻ ബെംഗളൂരൂവിൽ സോഫ്റ്റ്െവയർ എൻജിനീയറാണ്. നാട്ടിലെത്തുമ്പോൾ അപ്പനും ഏട്ടനുമൊപ്പം പന്തലു പണിക്കു പോകും. അങ്ങനെ കുറേ കല്യാണങ്ങൾക്കു ഞാൻ പന്തലിട്ടിട്ടുണ്ട്.

അമ്മ റോസമ്മ പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ മലയാളം ടീച്ചറായിരുന്നു. ഏട്ടനും കുടുംബവും ജർമനിയിൽ. അനുജത്തിയും കുടുംബവും കാനഡയിലും.

സിനിമയിലേതു പോലുളള ട്വിസ്്റ്റുകൾ സ്വന്തം പ്രണയത്തിലുമുണ്ടായിരുന്നോ ?

കോട്ടയം കുടമാളൂരാണ് ഡിയാനയുടെ വീട്. കോട്ടയംകാ ർക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടാൽ അതിനൊപ്പം കട്ടയ്ക്കു നിൽക്കും. ഒരു മടിയുമില്ലാതെ ആ ഇഷ്ടം തുറന്നു കാണിക്കുകയും ചെയ്യും. ഡിയാനയുടെ വീട്ടിൽ എല്ലാവർ‌ക്കും സിനിമ ഇഷ്ടമായതുകൊണ്ടു വിവാഹകാര്യവുമായി ചെന്നപ്പോഴേ അവർക്ക് ഇഷ്ടമായി.

‘ഒാംശാന്തി ഒാശാന’ റിലീസായ സമയം. ഫെയ്സ് ബു ക് പേജിൽ വിനീത് ശ്രീനിവാസന് മെമന്റോ കൊടുക്കുന്ന ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. ഒരു വ്യാഴാഴ്ചയായിരുന്നു അത്. ഫോട്ടോ ഇട്ട ഉടൻ ‘ഡിയാന ആൻ ജെയിംസ് ലൈക്സ് ദ ഫോട്ടോ’ എന്ന മെസേജ് വന്നു. കൗതുകത്തിനു ഞാൻ പ്രൊഫൈൽ എടുത്തു നോക്കി. നല്ല കുട്ടി. ഞാനന്ന് കല്യാണം കഴിക്കാമെന്നു തീരുമാനിച്ച സമയം. ഞങ്ങൾ‌ സംസാരിച്ചു തുടങ്ങി. നമ്പർ കൈമാറി. സൗഹൃദം പ്രണയത്തിലേക്കു മാറി.

അന്ന് ഡിയാന ദുബായ്‍യിൽ നഴ്സ് ആണ്. ആ സമയത്ത് ഒരു താരനിശയ്ക്കായി ഞാൻ ദുബായിൽ എത്തി. ‘ഒാംശാന്തി ഒാശാന’യ്ക്കു മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വാങ്ങാനായിരുന്നു ആ യാത്ര. ആ വേദിക്കരികിൽ വച്ചാണു ഡിയാനയെ ആദ്യമായി കാണുന്നത്.

2015 ൽ വാലന്റൈൻസ് ഡേയിലായിരുന്നു വിവാഹം. മൂത്തമക ൾ റോസിലിൻ അന്ന ജൂഡ് ഇന്നു രണ്ടാം ക്ലാസിൽ. രണ്ടാമത്തെ മകൾ ഇസബെൽ അന്ന ജൂഡിനു മൂന്നു വയസ്.

jude-family

വിനീതിന്റെ മറ്റൊരു ശിഷ്യനായ ബേസിൽ ജോസഫ് നായകനായി. ജൂഡ് എന്നാണ് നായകനാകുന്നത്?

വിനീതിന്റെ ശിഷ്യന്മാരായാൽ സിനിമയിൽ ഏതു റോളിലും വിജയിക്കാനാകും എന്നാണു പറയുന്നത്. അത് സത്യവുമാണ്. അത്രയും സ്വാതന്ത്ര്യമാണു വിനീത് ഒപ്പമുള്ളവർക്കു നൽകുന്നത്.

ഇഎംെഎ എങ്ങനെ അടയ്ക്കണം എന്നാലോചിച്ച് ഇരിക്കുമ്പോഴാകും അഭിനയിക്കാനായി ആരെങ്കിലും വിളിക്കുന്നത്. സംവിധാനത്തെക്കാൾ അഭിനയം എനിക്ക് എളുപ്പമുള്ള പരിപാടിയാണ്. രാവിലെ സീൻ കാണുന്നു അഭിനയിക്കുന്നു, തിരിച്ചു പോരുന്നു. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ട്. അത്യാവശ്യം പൈസ കിട്ടും. സംവിധാനം ചെയ്യുമ്പോൾ തലയിൽ തീച്ചട്ടിയും വച്ചിട്ടുള്ള പാച്ചിലാണ്.

അടുത്തിടയ്ക്ക് ഒരു ‘നല്ല’ സംവിധായകനും ‘നല്ല’ ക്യാമറാമാനും ‘നല്ല’ പ്രൊഡ്യൂസറും വന്നിട്ടുണ്ട്. നല്ലത് എന്ന് ആവർത്തിക്കാൻ കാരണ‌മുണ്ട്. സെറ്റപ് കാണുമ്പോൾ റിലീസ് ആകാൻ സാധ്യതയില്ലെന്നു തോന്നിക്കുന്ന ചില സിനിമകളിൽ മുൻപ് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

2017ൽ ഞാൻ നായകനായി സിനിമ വരേണ്ടതായിരുന്നു. അതു പിന്നീട് അവർ വേണ്ടെന്നു വച്ചു. ഇപ്പോൾ വന്നിരിക്കുന്ന സിനിമ അങ്ങനെയാകില്ല.

ഷൂട്ട് മുഴുവനാകും മുൻപ് നടന്മാർ എഡിറ്റ് ചെയ്ത ഭാ ഗം കാണണം എന്നു പറയാറുണ്ടോ?

ആരെയൊക്കെ എന്തൊക്കെ കാണിക്കണം എന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. ആ ചോദ്യത്തിലെ ഉദ്ദേശം ആ ദ്യം മനസ്സിലാക്കണം. കുറച്ചു കൂടി നന്നാക്കണമെന്ന തോന്നലാണെങ്കില്‍ സമ്മതിക്കും. ജഡ്ജ്മെന്റിനായി കാണണം എന്നു പറയുന്നവരുണ്ട്. ഒരൊറ്റ സീൻ കണ്ടാൽ സിനിമ എന്താണെന്നൊന്നും പറയാൻ പറ്റില്ല. ആ ഉദ്ദേശത്തോടെ ചോദിക്കുന്നവരെ കാണിക്കാറില്ല. സീൻ മുഴുവനായി കാണണം എന്ന് ആരു പറഞ്ഞാലും കാണിക്കില്ല.

ജൂഡിന്റെ സെറ്റിൽ ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ എന്തുചെയ്യും?

മലയാള സിനിമയിൽ തൊണ്ണൂറു ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരല്ല എന്നുറപ്പിച്ചു പറയാം. പക്ഷേ, ചിലര്‍ അങ്ങനെയാണ്. എന്റെ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ചു വരാൻ സമ്മതിക്കില്ല. അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കും. 2018ന്റെ സെറ്റിൽ പ്രൊഡക്‌ഷൻ യൂണിറ്റിൽ ദിവസ ജോലിക്കായി വന്നവരിൽ ഒരാളുണ്ടായിരുന്നു. അയാൾ ലഹരിസംഘത്തിലെ ആളാണെന്ന് അറിഞ്ഞപ്പോൾ തന്നെ പ്രൊഡക്‌ഷനിൽ വിളിച്ചു പറഞ്ഞു പുറത്താക്കി.

jude-anthany-vanitha

ലഹരി ഉപയോഗിച്ചാൽ നന്നായി അഭിനയിക്കാനാകും എന്നൊക്കെ പറയുന്നതു വലിയ മണ്ടത്തരമാണ്. എല്ലാവരുടെ ഉള്ളിലും കഴിവുണ്ട്. മദ്യപിച്ചാൽ നന്നായി ഇംഗ്ലിഷ് പറയാമെന്നു കരുതാറില്ലേ? അതുപോലെയേയുള്ളൂ ആ അഭിനയം. ചുറ്റുമുള്ളവർക്കു പുച്ഛമായിരിക്കും. അയാളൊരു താരമായതു കൊണ്ട് ആരും മിണ്ടില്ലെന്നു മാത്രം.

പ്രൊഡ്യൂസർമാരെ വെള്ളം കുടിപ്പിക്കുന്ന താരങ്ങൾ മലയാള സിനിമയിലുണ്ടോ?

എന്താണ് സംശയം. പൈസ മുടക്കുന്ന ആൾക്ക് ഒരുവിലയും കൊടുക്കാത്ത നടന്മാരുണ്ട്, വിരലിലെണ്ണാവുന്നവർ മാത്രം. വിളിച്ചാൽ ഫോണെടുക്കില്ല. സെറ്റിൽ സമയത്തിനു വരില്ല. സീനിൽ പറഞ്ഞതു പോലെ അഭിനയിക്കില്ല. ആദ്യം പറഞ്ഞ പ്രതിഫലം പിന്നീടു മാറ്റി പറയും.

ഒരു സുപ്രഭാതത്തിൽ സിനിമയിൽ നിന്നു മാറും. ഇവർക്കെതിരെ ആരും തുറന്നു പറയില്ല. പരാതിപ്പെട്ടാൽ തന്നെ നടപടികളെടുക്കില്ല. എല്ലാം ഒത്തുതീർക്കലുകളാണ്. പിന്നെയും ഇവർക്കു പിന്നാലെ പ്രൊഡ്യൂസർമാർ പെട്ടിയും തൂക്കി പോവും. പിന്നെ, എങ്ങനെ തെറ്റു തിരിച്ചറിയും?

തുറന്നു പറഞ്ഞാലേ ചില കാര്യങ്ങളിൽ തിരിച്ചറിവുണ്ടാവൂ. അടുത്ത പ്രാവശ്യം അതേ തെറ്റു ചെയ്യാൻ തുടങ്ങുമ്പോൾ ഇമേജിനെ ബാധിക്കുമല്ലോ എന്ന് അവർ ഒ ന്നാലോചിക്കും. എന്റെ തുറന്നു പറച്ചിലുകൾ കൊണ്ട് ഞാ ൻ കുറേ ചീത്തവിളികേട്ടിട്ടുണ്ടാവും. സാരമില്ല. ഇനി ഒരു പ്രൊഡ്യൂസർ വെള്ളം കുടിക്കില്ലല്ലോ...

വിജയം ജൂഡ് എന്ന സംവിധായകനെ എങ്ങനെ മാറ്റി?

എന്നെ ഒരു തരി പോലും മാറ്റിയിട്ടില്ല. പലരെയും അങ്ങോട്ടു വിളിച്ച് കഥ കേൾക്കാമോ എന്നു ചോദിക്കുമായിരുന്നു. അവരൊക്കെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇ തൊക്കെ ഒരു മാസം കഴിഞ്ഞാൽ തീരുമെന്ന് നല്ല ഉറപ്പുണ്ട്. ഈ വിജയം കൊണ്ട് അടുത്ത സിനിമ എളുപ്പമാവും എന്ന ധാരണ ഇല്ല. ഇനിയും നന്നായി അധ്വാനിച്ചാലേ കാര്യമുള്ളൂ

ഈ വിജയം എങ്ങനെയാണുണ്ടായതെന്ന് നല്ല ധാരണയുണ്ട്. ഉരുകി പോയതിൽ നിന്നാണു ഞാനൊരു മെഴുകു തിരി ഉണ്ടാക്കിയത്. അതിന്റെ വെളിച്ചമാണിപ്പോൾ ആസ്വദിക്കുന്നത്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്യാംബാബു