സ്വീകരണ മുറിയിൽ മ നോഹരമായി അല ങ്കരിച്ച ക്രിസ്മസ് ട്രീ. ഒപ്പം ഉണ്ണിയേശുവിന്റെയും ക്രിസ്മസ് പാപ്പയുടെയും മാലാഖമാരുടെയും കുഞ്ഞു രൂപങ്ങൾ. എല്ലാത്തിനും തിളക്കം പകർന്നു വർണ ബൾബുകൾ.
കൊച്ചി കലൂരിലെ കലാഭവൻ ഷാജോണി ന്റെ ഫ്ലാറ്റില്‍ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഒരുമാസം മുൻപേ തയാർ. സ്നേഹം നിറഞ്ഞ ഒരു ‘ഹാപ്പി ഫാമിലി’യുടെ മനസ്സു തുടിക്കുന്ന മനോഹരമായ വീട്.
‘‘ഈ കാണുന്നതൊക്കെ ഇവൾ തുന്നിയെടുത്തതാണ് കേട്ടോ.’’ഭാര്യ ഡിനിയെ ചേർത്തു പിടിച്ച്, ട്രീയിലെ തുന്നൽ പണികൾ കാണിച്ച് ഷാജോൺ പറഞ്ഞു.
‘‘ഞാൻ ക്രോഷെ വർക്കുകൾ ചെയ്യുന്നുണ്ട്. വിഎച്ച്എസ്‌സിക്ക് ക്ലോത്തിങ് ആൻഡ് എംബ്രോയിഡറിയാണ് പഠിച്ചത്. ഇഷ്ടമുള്ള കാര്യമായതിനാൽ ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കളെ പഠിപ്പിക്കുന്നുമുണ്ട്. അതു പോലെ നൃത്തം. ഫ്ലാറ്റിലെ പരിപാടിക ൾക്കൊക്കെ പെർഫോം ചെയ്യും. ഒപ്പം കൊറിയോഗ്രഫിയുമുണ്ട്’’. ഡിനി പറഞ്ഞു.
മുൻ മിസ് തൃശൂര്‍ ആയിരുന്നു ഡിനി. നർത്തകി, മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയയായ കാലത്താണു ഷാജോണുമായുള്ള വിവാഹം. പരിചയപ്പെട്ടു പ്രണയം തുറന്നു പറഞ്ഞ് ആറു മാസത്തിനുള്ളിൽ വീട്ടുകാർ തമ്മിൽ സംസാരിച്ചു കല്യാണം ഉറപ്പിച്ചു.
ഈ ക്രിസ്മസിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. മകൻ യൊഹാൻ അഭിനയിച്ച ആദ്യ സിനിമ ‘സമാധാന പുസ്തകം’ തിയറ്ററിലെത്തിയതു കഴിഞ്ഞ ജൂലൈയിലാണ്.
‘‘യൊഹാൻ ഒൻപതാം ക്ലാസിലാണ്. അഭിനയവും സിനിമയുമാണ് പാഷൻ. മോൾ ഹന്ന സൈക്കോളജി പഠിക്കുന്നു. പാചകമാണ് ഹോബി. സ്വീറ്റ്സ് ഒക്കെ നന്നായി ഉണ്ടാക്കും. എന്റെ അമ്മച്ചിയും ഡിനിയും പാചകത്തിൽ മിടുക്കരാണ്. ആ രുചിവഴിയിലാണു മോളും’’. സംസാരം രുചിവിശേഷങ്ങളിലേക്കു നീങ്ങിയതും ഷാജോണിന്റെ മനസ്സിൽ കോട്ടയത്തെ ക്രിസ്മസ് ഓർമകൾ മുന്തിരി വീഞ്ഞു പോലെ നുരഞ്ഞു. പ്ലം കേക്കിന്റെ വാസന ഹൃദയത്തിൽ നിറഞ്ഞു.
കോട്ടയത്തെ ക്രിസ്മസ് രാത്രികൾ
‘‘ചാച്ചൻ ഇ.ജെ. ജോൺ വിജിലൻസിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. അമ്മച്ചി റെജീന മെഡിക്കൽ കോളജിൽ ഹെഡ് നഴ്സ്. മുട്ടമ്പലത്തെ പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു കുട്ടിക്കാലം. ഞാനും ചേട്ടന്‍ ഷിബുവും ഞങ്ങളുടെ കൂട്ടുകാരും ചേർന്നുള്ള ക്രിസ്മസ് കാരളും ആഘോഷങ്ങളുമൊക്കെ ഒരു നിമിഷം കണ്ണടച്ചാൽ ഇന്നലെത്തെപ്പോലെ ഇപ്പോഴും ഉള്ളിൽ തെളിയും.
എന്റെ ചേട്ടന്‍ നന്നായി ഡ്രംസ് വായിക്കും. പാടും. മിമിക്രി ആർട്ടിസ്റ്റുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഞാൻ കാരൾ സംഘത്തിനൊപ്പം പോകും. കുറച്ചു വീടുകൾ കയറിക്കഴിയുമ്പോഴേ ഉറക്കം വരും. അപ്പോൾ ആരെങ്കിലും എന്നെ വീട്ടിൽ കൊണ്ടുവിടും. പക്ഷേ, പിറ്റേന്നും ഞാൻ വലിയ ആവേശത്തോടെ പോകും. അപ്പോഴും അതു തന്നെ ആവർത്തിക്കും. കുറച്ച് കൂടി മുതിർന്നപ്പോൾ ഞാനും ഫുൾടൈം പങ്കാളിയായി.
ബാറ്റും സ്റ്റംപും ബോളും ഉൾപ്പെടെ, ക്രിസ്മസ് കാരളിന്റെ പിരിവ് ഉപയോഗിച്ചു വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ഓരോ വർഷവും ഞങ്ങൾ തയാറാക്കും. പക്ഷേ, എന്നും രാത്രി കാരൾ കഴിഞ്ഞു വരുന്ന വഴി കലക്ട്രേറ്റിന്റെ അടുത്തുള്ള മാർട്ടിൻ ചേട്ടന്റെ തട്ടുകടയുടെ മുന്നിലെത്തുമ്പോൾ സകല പ്ലാനിങ്ങും പൊളിയും. പൊറോട്ടയും ചിക്കനും ആണു മുന്നിൽ. ബാറ്റും സ്റ്റംപും ബോളും അടുത്ത ക്രിസ്മസിന് ആണേലും വാങ്ങാമല്ലോ. അങ്ങനെ കളക്‌ഷൻ തട്ടുകടയിൽ തീരും.
മറ്റൊരു സംഭവം പറയാം. ഒരു ദിവസം രാത്രി ഞങ്ങൾ കാരൾ കഴിഞ്ഞു വരും വഴി റജിസ്റ്റർ ഓഫിസിന്റെ വരാന്തയിൽ കയറിയിരുന്നു പാട്ടു പാടാൻ തുടങ്ങി. പ്രധാനപ്പെട്ട വകുപ്പാണല്ലോ. അവിടെയങ്ങിനെ വെറുതേ പോയി നിൽക്കാനൊന്നും പറ്റില്ല. പെട്ടെന്നൊരു പൊലീസ് ജീപ്പ് വന്നു ബ്രേക്കിട്ടു. ഇതു കണ്ടതും കൂട്ടത്തിലൊരുത്തൻ എഴുന്നേറ്റ് ഒറ്റയോട്ടം. അതോടെ ഞങ്ങളും ഓടി. ശരിക്കും അതിന്റെ ആവശ്യമില്ല. ഞങ്ങളിൽ പലരും പൊലീസ് ക്വാർട്ടേഴ്സിലുള്ളവരാണ്. കാര്യം പറഞ്ഞാൽ മതി. കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷേ, ആദ്യം ഓടിയവൻ ക്വാർട്ടേഴ്സിൽ ഉള്ളതല്ല. അതാണവൻ പേടിച്ചത്. ഞങ്ങൾ ഓടിയതോടെ, ഡ്രംസും മറ്റു സാധനങ്ങളുമൊക്കെ എടുത്ത് പൊലീസുകാർ പോയി. പിറ്റേന്നു കൂട്ടത്തിലൊരാളുടെ പപ്പ രാജു സാറാണ് എല്ലാം തിരിച്ചെടുത്തു തന്നത്.’’
സ്വപ്നന്റെ പൊറോട്ട
‘‘പൊറോട്ടയാണ് എന്റെ പ്രിയപ്പെട്ട ഭക്ഷണം. അമ്മച്ചിക്ക് നൈറ്റ് ഡ്യൂട്ടിയുള്ളപ്പോൾ ചാച്ചൻ ഞങ്ങളെയും കൂട്ടി അനുപമയിലോ ആനന്ദിലോ സിനിമയ്ക്കു പോകും. പോകുന്ന വഴി ഷാലിമാർ ഹോട്ടലിൽ കയറി പൊറോട്ടയും ഇറച്ചിയും അല്ലെങ്കിൽ പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കും. വീട്ടിൽ എന്തു വിശേഷമുണ്ടായാലും ചാച്ചൻ വാങ്ങിക്കൊണ്ടു വരിക പൊറോട്ടയാണ്.

അതുപോലെ ക്രിസ്മസിനും മറ്റു വിശേഷങ്ങൾക്കുമൊക്കെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ക്വാർട്ടേഴ്സില്‍ പൊറോട്ടയുണ്ടാക്കും. ക്യാംപിലെ എസ്.ഐ. സോമൻ സാറിന്റെ മകൻ സ്വപ്നകുമാറാണ് പൊറോട്ടയടിക്കുക. അവന്റെ അമ്മ രാധാമണിച്ചേച്ചി മുട്ടക്കറി വച്ചു തരും. പൊറോട്ടയടിക്കുന്നിടത്തേക്കു സ്വപ്നൻ ആരെയും കയറ്റില്ല. പക്ഷേ, ഒരു കലാകാരനായതിനാൽ, എനിക്കു മാത്രം അവിടേക്കുചെല്ലാനുള്ള അനുമതിയുണ്ട്. ‘ഡാ ഷാജീ, നീയൊരെണ്ണം കഴിച്ചിട്ട് എങ്ങനെയുണ്ടെന്നു പറ’ സ്വപ്നൻ പറയും. എ ന്റെ ശരിക്കുള്ള േപര് ഷാജി ജോൺ എന്നാണ്.
സ്വപ്നൻ നിസ്സാര കക്ഷിയല്ല, അണ്ണാനെയൊക്കെ ഓടിച്ചിട്ടു പിടിക്കും. അവന്റെ വീടായിരുന്നു ഞങ്ങളുടെ കേന്ദ്രം. ആ കൂട്ടുകാരുമായൊക്കെ ഇപ്പോഴും നല്ല സൗഹൃദമുണ്ട്.
ചാച്ചൻ പെൻഷനായതോടെ ക്വാർട്ടേഴ്സ് വിട്ട് വാരിശ്ശേരിയിലേക്കു താമസം മാറ്റി. പ്രീഡിഗ്രി ആയപ്പോഴേക്കും മിമിക്രിയിൽ സജീവമായി. പിന്നെ, മിക്ക ക്രിസ്മസ് കാലത്തും പരിപാടി ഉണ്ടാകും. അതോടെ കാരളിന്റെ രീതിയും മാറി. ഞങ്ങൾ മിനി ടെമ്പോ വാൻ വാടകയ്ക്കെടുത്ത് അതിൽ സന്നാഹങ്ങളൊക്കെ ഒരുക്കി അത്യാവശ്യം വലിയ വീടുകളിൽ മാത്രം പോകാന്‍ തുടങ്ങി.
മിമിക്രിയിൽ കൂടുതൽ അവസരങ്ങൾ കിട്ടി എറണാകുളത്തേക്കു വന്നതോടെ അതും പതിയെ നിന്നുപോയി. കലാഭവനില്‍ എത്തിയതോടെ ക്രിസ്മസ് കാലങ്ങൾ തിരക്കിന്റേതായി. എങ്കിലും കൂട്ടുകാരെ വിളിച്ച് കോട്ടയത്തെ ആഘോഷങ്ങളെക്കുറിച്ചു ചോദിക്കും. അന്നേരം ചെറിയൊരു സങ്കടം തോന്നും.
ചേട്ടനാണ് മിമിക്രിയിൽ എന്റെ ഗുരു. എന്നേക്കാൾ മുൻപേ ഈ മേഖലയിലെത്തിയത് അച്ചായനാണ്. ബൈജുവിനെയും നരേന്ദ്രപ്രസാദിനെയും പ്രേം നസീറിനെയുമൊക്കെ ഗംഭീരമായി അനുകരിക്കും. അവർ കൂട്ടുകാർ ചേർന്ന് ‘പ്രണവം’ എന്ന പേരിൽ അമച്വർ ടീം രൂപീകരിച്ചിരുന്നു. അതാണ് എന്റെ കളരി. പിന്നീട് അച്ചായൻ കലാഭവനിലെത്തി. ആ കാലത്ത് കലാഭവൻ റഹ്മാൻ ഇക്കയുടെ ‘ജോക്സ് ഇന്ത്യ’യിൽ ആയിരുന്ന എന്നെയും കലാഭവനിലേക്കു കൊണ്ടു പോയി. ഏറെക്കാലം ടീമിന്റെ മാനേജർ അച്ചായനായിരുന്നു. ഇപ്പോൾ ബഹ്റൈനിൽ ആർജെ ആയി പ്രവർത്തിക്കുന്നു. കുടുംബത്തൊടൊപ്പം അവിടെയാണ്.
ചാച്ചനും അമ്മച്ചിയും അത്യാവശ്യം പാടും. എന്റെയും ചേട്ടന്റെയും കലാപ്രവർത്തനങ്ങൾക്കു രണ്ടു പേരും നല്ല പ്രോത്സാഹനം തന്നിരുന്നു. ചേട്ടൻ പഠിക്കാനും മിടുക്കനായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ ഫസ്റ്റ്. ഞാന്‍ അൽപ്പം ഉഴപ്പനാണ്. ഇളയ ആളായതിന്റെ ആനുകൂല്യങ്ങ ൾ മുതലെടുത്താണു പിടിച്ചു നിന്നത്.
എന്റെ വീട്ടിൽ വരാൻ കൂട്ടുകാർക്കൊക്കെ വലിയ താൽപര്യമായിരുന്നു. പ്രോഗ്രാം കഴിഞ്ഞു രാത്രി എത്ര വൈകിയെത്തിയാലും അമ്മച്ചി ഫൂഡ് ഉണ്ടാക്കിത്തരും. എല്ലാ വിഭവങ്ങളും ഗംഭീരമാണ്. ബീഫും മുളകിട്ട കോട്ടയം മീൻകറിയുമാണ് അമ്മച്ചിയുടെ മാസ്റ്റർ പീസ് ഐറ്റങ്ങൾ.
ചാച്ചൻ 1999 ൽ മരിച്ചു. പിന്നെ ഞാനും ചേട്ടനും കുടുംബത്തോടൊപ്പം എറണാകുളത്തേക്കു മാറി. അമ്മച്ചി 2020ൽ ആണ് വിട്ടുപിരിഞ്ഞത്. പിന്നീട് കോട്ടയത്തെ വീട് വിറ്റു.’’
വിവാഹശേഷമുള്ള ക്രിസ്മസ് കാലം പറഞ്ഞുതുടങ്ങിയത് ഡിനിയാണ്;
‘‘2004 ൽ ആയിരുന്നു വിവാഹം. ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ദുബായിൽ ഒരു പ്രോഗ്രാമിന്റെ ഇടയ്ക്കായിരുന്നു. ഇച്ചായന്റെ മിമിക്രിയും എന്റെ നൃത്തവുമുണ്ടായിരുന്നു. 2005 ൽ മോൾ ജനിച്ചു. ശേഷമുള്ള ക്രിസ്മസ് കാലം ഫാമിലി ഗെറ്റ്‌ടുഗതറുകളുടേതാണ്. ഞങ്ങളുടെ വീട്ടിലാണ് ഒത്തുചേരൽ. ചേട്ടനും കുടുംബവും വരും. എന്റെ വീട്ടിൽ നിന്ന് എല്ലാവരും ഉണ്ടാകും. രാത്രിയിലാണ് ആഘോഷങ്ങൾ. പാട്ടും ചിരിയും സംസാരവും പുലരും വരെ നീളും.
കുട്ടിക്കാലത്തെ തൃശ്ശൂരിലെ എന്റെ ക്രിസ്മസ് കാലങ്ങളും മനോഹരമായ ഓർമകളുടേതാണ്. കൂട്ടുകാരൊന്നിച്ചുള്ള ആഘോഷങ്ങളും രാത്രിയിലെ പള്ളിയിൽ പോക്കും അടുക്കളയിലെ ബഹളങ്ങളും കൂട്ടായ്മകളുമൊക്കെയായി ദിവസങ്ങളോളും ആവേശം കെടാതെ നിൽക്കും.
ഞാൻ മക്കളോടു പറയാറുണ്ട്, നിങ്ങൾക്ക് മിസ് ആകുന്നത് അതൊക്കെയാണെന്ന്. ഇവിടെയിപ്പോൾ ഫ്ലാറ്റിനുള്ളിലെ കാരളും ചെറിയ ചെറിയ ഒത്തുകൂടലുകളുമൊക്കെയല്ലേ ഉള്ളൂ.’’
‘‘ഇപ്പോൾ ക്രിസ്മസ് മക്കളുടെ കയ്യിലാണ്’’ ഷാജോ ൺ വിശേഷങ്ങൾ തുടർന്നു. ‘‘മക്കൾക്ക് സന്തോഷം കിട്ടുന്ന തരം ആഘോഷങ്ങളിലേക്ക് എല്ലാ വിശേഷങ്ങളും മാറി. വിവാഹം കഴിഞ്ഞുള്ള ആദ്യ കാലങ്ങളിൽ പ്രോഗ്രാമിന്റെ തിരക്കുകളായിരുന്നു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വന്നതോടെ, ക്രിസ്മസ് ദിവസം കഴിയുന്നതും മറ്റു പരിപാടികളൊന്നും ഏൽക്കില്ല. വീട്ടിൽ തന്നെയുണ്ടാകും. ഒഴിവാക്കാനാകാത്ത ഷൂട്ടാണെങ്കിൽ ഇവരെയും ഒപ്പം കൂട്ടും.
ക്രിസ്മസിന് എന്റെ മറ്റൊരു ഹരം പ്ലം കേക്ക് ആണ്. എത്ര കിട്ടിയാലും ഞാൻ വിടില്ല. അക്കാലത്ത്, മാസങ്ങളോളം എവിടെ ചെന്നാലും ഇതാണ് കിട്ടുക. പക്ഷേ, ഞാൻ കഴിക്കും. തീരെ മടുക്കില്ല. വൈനും അതുപോലെയാണ്.
ക്രിസ്മസ് കാലത്തു വിദേശത്തു പരിപാടി അവതരിപ്പിക്കാൻ പോകുന്നതു വേറിട്ട അനുഭവമാണ്. യുഎസ്സിലൊക്കെ തെരുവുകള്‍ മുഴുവൻ ക്രിസ്മസ് ഫീലിൽ മുങ്ങി നിൽക്കും. അതേപോലെ മനോഹരമായ ക്രിസ്മസ് കാഴ്ചകൾ കണ്ടിട്ടുള്ളത് ന്യൂസിലൻഡിൽ ആണ്. ’’
സമയം തെറ്റിയാൽ അൻപത് പോക്കാ...
‘‘സമയനിഷ്ഠ എന്നെ സംബന്ധിച്ചു വളരെ പ്രധാനമാണ്. ഷിബുച്ചായനാണ് അക്കാര്യത്തിലും മാതൃക. വൃത്തി, മറ്റൊരാളോടുള്ള പെരുമാറ്റത്തിലുണ്ടാകേണ്ട മര്യാദ തുടങ്ങിയ കാര്യങ്ങളിലൊക്കെ അദ്ദേഹം കർക്കശക്കാരനാണ്.
അതുപോലെ ആബേൽ അച്ചന്‍. അദ്ദേഹം വളരെ സ്ട്രിക്ട് ആണ്. പ്രോഗ്രാം ഉള്ള ദിവസം രാവിലെ ഒൻപതു മണിക്കു വണ്ടി പോകുമെന്നു പറഞ്ഞാൽ പോയിരിക്കും. എട്ടേകാലാകുമ്പോൾ ഞങ്ങൾ അവിടെ എത്തണം. സ്പീക്കറും സാധനങ്ങളും വണ്ടിയിൽ കയറ്റി കൃത്യം ഒൻപതു മണിക്ക് പോകും. അത് ഒൻപത് അഞ്ചായാൽ 50 രൂപ കട്ടാകും. പ്രോഗ്രാം സ്ഥലത്തു താമസിച്ചെത്തിയാൽ കട്ട് 100 രൂപയാകും. 350 രൂപ ശമ്പളത്തിൽ അമ്പത് രൂപ പോയാൽ തീർന്നില്ലേ. അതുകൊണ്ടു ഞാനൊക്കെ തലേ ദിവസമേ എത്തും. രാവിലെ എട്ട് മണിക്ക് വണ്ടി പുറപ്പെടുമെങ്കിൽ കോട്ടയത്തു നിന്ന് ആ സമയത്ത് എറണാകുളത്തെത്താൻ ബുദ്ധിമുട്ടാണ്. ഭാഗ്യത്തിന് എന്റെ കാശ് പോയിട്ടില്ല.
എന്നെ സംബന്ധിച്ചു സമയത്തിലെ ഈ കൃത്യത വളരെയേറെ ഗുണമായിട്ടുണ്ട്. സിനിമയില്‍, രാവിലെ എട്ടു മണിക്ക് ഫസ്റ്റ് ഷോട്ട് എടുക്കുമെന്നു പറഞ്ഞാലും പലപ്പോഴും അത് ഒൻപതും പത്തുമൊക്കെയാകും. എങ്കിലും എനിക്ക് എട്ടു മണിക്കേ അവിടെ എത്തണം. ഇല്ലെങ്കിൽ മനസ്സ് അസ്വസ്ഥമാകും. ഷോട്ട് എടുക്കുന്നതും എടുക്കാത്തതുമൊക്കെ അവരുടെ ഇഷ്ടം. നമ്മുടെ ഭാഗം കൃത്യമായിരിക്കണം. ബ്രദേഴ്സ് ഡേ സംവിധാനം ചെയ്തപ്പോഴും സമയം കൃത്യമായി പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.’’
സ്വിച്ചിട്ട പോലെ ചിരി
‘‘ഭയങ്കരമായി ചിരിക്കുന്ന ആളാണു ഞാൻ. കേട്ടിട്ടില്ലാത്ത തമാശ ആരു പറഞ്ഞാലും ആസ്വദിക്കും. പലപ്പോഴും കൺട്രോള്‍ കിട്ടില്ല. ‘സ്വിച്ച് ഇട്ട പോലെയാണല്ലോ ചിരിക്കുന്നത്’ എന്ന് പലരും പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ കോമഡി പ്രോഗ്രാമിൽ ഗസ്റ്റ് ആയി ഇരിക്കുമ്പോഴുള്ള എന്റെ ചിരി കണ്ട്, അടുത്തിടെ ഒരു ട്രോൾ വന്നു, ‘42 സെക്കൻഡിൽ 43 തരത്തിൽ ചിരിക്കുന്ന ആൾ’ എന്ന്.
പക്ഷേ, തമാശ പറയുന്ന കാര്യത്തിൽ ഞാൻ പിന്നോട്ടാണ്. വളരെ അടുപ്പമുള്ള ആളുകളോടും ഇടങ്ങളിലും മാത്രമേ എനിക്കതിനു സാധിക്കാറുള്ളൂ. ഞാനൊരു കേൾവിക്കാരനാണ്. രമേഷ് പിഷാരടി എന്തു തമാശയും എന്നെ വിളിച്ചു പറയും. ഞാനത് കാര്യമായി ആസ്വദിക്കുമെന്നും ചിരിച്ചു മറിയുമെന്നും അവനറിയാം. ഇടയ്ക്ക് പിഷാരടിയുടെ കോൾ വരും, ‘ചേട്ടാ ഫ്രീ ആണോ’ എന്നു ചോദിക്കും. ഫ്രീ ആണെന്നു പറഞ്ഞാൽ ഉടൻ ഒരു പുതിയ കഥ കേൾക്കാം.
സിനിമ സംവിധാനത്തിലേക്കും എഴുത്തു പരിപാടികളിലേക്കും കടന്നപ്പോഴാണ് എന്റെ പോരായ്മകൾ മനസ്സിലായതും വായിക്കാൻ തുടങ്ങിയതും. ശീലമില്ലാതിരുന്ന ഒരു കാര്യമല്ലേ, അതിന്റേതായ വേഗക്കുറവുണ്ട്. എങ്കിലും പരമാവധി വായിക്കാൻ ശ്രമിക്കുന്നു. നോവലുകളാണു കൂടുതൽ താൽപര്യം. ത്രില്ലറുകളോടു പ്രത്യേക ഇഷ്ടമുണ്ട്. ആഗ്രഹമുള്ള കാര്യങ്ങൾ മറ്റുള്ളവർ അനായാസം ചെയ്യുമ്പോൾ, എന്തുകൊണ്ട് നമുക്കതു സാധിക്കുന്നില്ല എന്നു തോന്നുമല്ലോ. അങ്ങനെ ആലോചിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണു വായനയും യാത്രയുമൊക്കെ.
പണ്ടു വിദേശങ്ങളിൽ പരിപാടിക്കു പോകുമ്പോൾ റൂമിനുള്ളിൽ കൂട്ടുകാരുമായി കമ്പനിയടിച്ച് ഇരിക്കാറായിരുന്നു പതിവ്. ബാക്കിയുള്ളവരൊക്കെ കറങ്ങാൻ പോകുമ്പോഴും എനിക്കെന്തോ അത്ര താൽപര്യം തോന്നിയിട്ടില്ല. അതൊക്കെ എത്ര വലിയ മണ്ടത്തരമായിരുന്നു എന്നു പിന്നീടാണ് തോന്നിയത്.
ഇപ്പോൾ കുടുംബത്തോടൊപ്പമാണു കൂടുതൽ യാത്രകൾ. അതൊക്കെ ആസ്വദിക്കാറുമുണ്ട്. ഭാര്യയ്ക്കും കുട്ടികൾക്കും യാത്രകൾ വളരെ ഇഷ്ടമാണ്. പലതവണ പോയിട്ടും ദുബായിലൊക്കെ ഞാൻ കാണാത്ത എത്രയോ സ്ഥലങ്ങളുണ്ടെന്ന് അടുത്തിടെയാണു മനസ്സിലായത്.’’
ദൃശ്യം എന്ന മോഹം
‘‘ഇപ്പോൾ പുതിയ സിനിമ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. മറ്റൊരു സംവിധായകനു വേണ്ടി ഒരു തിരക്കഥ എഴുതുന്നുണ്ട്.
എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ‘ദൃശ്യം ത്രീ’ ഉടൻ ഉണ്ടാകുമോ എന്നാണ്. സഹദേവനെ വീണ്ടും കാണാനൊക്കുമോ എന്നാണു പലരുടെയും ആകാംക്ഷ. എനിക്കും ആഗ്രഹമുണ്ട്. ‘സാധ്യതയുണ്ടാകാം. വരട്ടേ... നോക്കാം...’ എന്നാണ് ജിത്തുഭായ് പറയുന്നത്. അതുപോലെ എന്റെ മറ്റൊരു ആഗ്രഹം വീണ്ടും ഒരു ത്രൂ ഔട്ട് കോമഡി റോൾ ചെയ്യണം എന്നാണ്.
‘മൈ ബോസി’ലെയും ‘രാമലീല’യിലെയും പോലെ ഒ രു ക്യാരക്ടർ കിട്ടണം എന്നുണ്ട്. വരട്ടേ... എല്ലാം സമയമാകുമ്പോൾ സംഭവിക്കും.’’
വി.ജി.നകുൽ
ഫോട്ടോ: ഹരികൃഷ്ണൻ