Wednesday 25 September 2019 06:12 PM IST

‘ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു ഞെട്ടിച്ചത് അവളുടെ മറുപടിയാണ്’; ഷാജോൺ–ഡിനി പ്രണയകാലം

Unni Balachandran

Sub Editor

shaji-jon

അന്ന് ഷാജോൺ കോട്ടയം മണർകാട് സെന്റ് മേരീസ് കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി. ആർട്സ് ഡേയുടെ പരിപാടികളെല്ലാം സെറ്റാക്കി സമാധാനിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരൻ ആ ഞെട്ടിക്കുന്ന ചോദ്യം ഷാജോണിനോടു ചോദിച്ചത്. ആ രാ, ഗസ്റ്റ്?

ആറ്റം ബോംബ് പോലെ വന്നു വീണ ചോദ്യം ആ പാവം ആർട്സ് ക്ലബ് സെക്രട്ടറിയെ അങ്കലാപ്പിലാക്കി. താരമില്ലാതെ എന്ത് ആർട്സ് ഡേ. കോട്ടയത്ത് തന്നെ ഉള്ള ആരെ എങ്കിലും ഒപ്പിക്കാമെന്നായി ആലോചന. അങ്ങനെ ആർട്സ് ക്ലബ് ഡേയുടെ തലേന്ന് നടൻ മനോജ് കെ. ജയന്റെ വീട്ടിലെത്തി. ഗെയ്റ്റും തുറന്ന് കേറി ചെന്നപ്പോൾ അതാ മനോജ് കെ. ജയൻ വീടിന്റെ മുന്നിൽ നിൽക്കുന്നു. ആംഗ്യ ഭാഷയിൽ ചോദ്യം, ‘എന്താ വന്നതെന്ന്?’

‘നാളെ കോളജിലെ ആർട്സ് ഡേ ആണ്. മുഖ്യ അതിഥിയായി വിളിക്കാൻ വന്നതാണ്.’ മറുപടിയും ആംഗ്യഭാഷയിലായിരുന്നു. ‘ പൊയ്ക്കോ, പൊയ്ക്കോ’

‘‘ഇപ്പോൾ നിങ്ങൾ വിചാരിക്കും മനോജ് ചേട്ടൻ എന്തൊരു ദുഷ്ടനാണെന്ന്. പക്ഷേ, പരിപാടിയുടെ തലേ ദിവസം ചെന്നു വിളിച്ചാൽ ആരായാലും അങ്ങനെയല്ലേ പറയൂ.’’ പഴയ ക്യാപംസ് കഥയിൽ വിരിഞ്ഞ ചിരിയൊടെയാണ് ഷാജോൺ സംസാരിച്ചു തുടങ്ങിയത്.

shajon-1

ബ്രേക്ക് തന്നത് രണ്ട് ജീത്തു ജോസഫ് സിനിമകളാണ്?

ദിലീപേട്ടന്റെ ഒപ്പം പെർഫോം ചെയ്യാൻ പറ്റുന്ന നല്ലൊരു റോളായിരുന്നു ‘മൈ ബോസി’ലേത്. അതിന്റെ അടുത്ത വർഷമായിരുന്നു ‘ദൃശ്യം’ ഇറങ്ങിയത്. ‘മൈ ബോസി’ന്റെ ഡബ്ബിങ് സമയത്തു ജീത്തു എനിക്കു ദൃശ്യത്തിന്റെ തിരക്കഥ വായിക്കാൻ തന്നു. ഹൃൂമറിന് പ്രാധാന്യമില്ലാത്ത തിരക്കഥ ആയിരുന്നതു കൊണ്ട് എനിക്ക് ആ സിനിമയിലൊരു റോൾ കാണില്ലെന്നു വായിച്ചപ്പോഴെ മനസ്സിലായി.

‘മൈ ബോസ്’ കഴിഞ്ഞ് നാളുകൾക്കു ശേഷം ജീത്തുവിന്റെ ഫോൺ കോൾ. ‘നെഗറ്റിവ് റോളുകൾ ചെയ്യാൻ താൽപര്യമുണ്ടോ’ എന്ന്. ‘അത്തരം റോളുകൾ ചെയ്താലാണല്ലോ കുറച്ചൂടെ പെർഫോം ചെയ്യാൻ പറ്റുക’ എന്നും ഞാൻ മറുപടി കൊടുത്തു. അങ്ങനെയാണെങ്കിൽ ‘ദൃശ്യ’ത്തിലെ ആ പൊലീസുകാരൻ ഷാജോണായിരിക്കും എന്നു ജീത്തു. എന്റെ ഓവർ എക്സൈറ്റ്മെന്റ് കണ്ടാകും ഫോൺ വയ്ക്കും മുൻപ് ജീത്തു പറഞ്ഞു. ‘ഷാജോൺ ആണ് എന്റെ മനസ്സിൽ, പിന്നെ, സിനിമയല്ലേ. തീരുമാനമാകുമ്പോൾ അറിയിക്കാം.’

അതു കഴിഞ്ഞാണ് ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ സിനിമയിൽ ലാലേട്ടന്റെ കൂടെ എനിക്കു ഫുൾ ലെങ്ത് വേഷം കിട്ടുന്നത്. ആ ലൊക്കേഷനിൽ ജീത്തു ലാലേട്ടനെ കാണാൻ വന്നിരുന്നു. അപ്പോഴാണ് ജീത്തു പറയുന്നത് ‘ലാലേട്ടനായിരിക്കും നമ്മുടെ ദൃശ്യത്തിലെ നായകനെന്ന്’. എനിക്കു ഒരുപാട് സന്തോഷം തോന്നി, അതുപോലെ മറുഭാഗത്ത് നിരാശയും. ലാലേട്ടൻ നായകനാകുന്ന സിനിമയിലെ വില്ലൻ റോൾ ഞാൻ സ്വപ്നം കണ്ടാൽ പോലും കിട്ടാത്തതാണ്.

പിന്നീടൊരു ദിവസം ജീത്തു ഫോണിൽ വിളിച്ചു. ‘ഇതിലൊരു സങ്കടം എന്താണെന്നു വച്ചാൽ’...(എനിക്കാ റോൾ തരാൻ പറ്റാത്തതിന്റെ കാരണവും പകരം ആ റോൾ കിട്ടിയ ആളുടെ പേരുമാകും പറയാൻ പോകുന്നതെന്ന് പേടിച്ചു ഞാൻ മിണ്ടാതെ നിന്നു) സസ്പെൻസ് പൊട്ടിച്ച് ജീത്തു പറഞ്ഞു. ‘ആ പൊലീസുകാരന്റെ റോൾ ചെയ്യുന്നത് ഷാജോൺ ആണ്. ’ അങ്ങനെ മോഹിച്ച ആ കഥാപാത്രം എനിക്കു തന്നെ കിട്ടി.

shajon ഫോട്ടോ: ശ്യാംബാബു

പ്രണയ വിവാഹമായിരുന്നോ?

പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാർക്ക് ഇഷ്ടമാണേൽ അവൾക്ക് കുഴപ്പമില്ലെന്ന്.’

അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആ ത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വ ന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ.

നടനിൽ നിന്നു സംവിധായകനായി. അടുത്ത ആഗ്രഹം?

സിനിമാ നടൻമാരെയെല്ലാം അടുത്ത് നിന്നു കാണണം എന്നായിരുന്നു ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചത്. ആ ഞാനിപ്പോൾ അമ്മയിൽ എക്സിക്യൂട്ടിവ് മെമ്പറാണ്. മമ്മൂക്കയോ ലാലേട്ടനോ ‘അടുത്തു വാടാ’ എന്നു പറഞ്ഞാലെ എനിക്കു ചെന്നു നിൽക്കാനുള്ള ധൈര്യം വരൂ. അമിതവിനയം കൊണ്ട് പറയുകയല്ല. ഒരുപാട് ആഗ്രഹിച്ച കാര്യമായതുകൊണ്ട് മനസ്സിപ്പോഴും ഇതൊന്നും വിശ്വസിക്കാൻ റെഡിയാകാത്തതാകും. ഒരു 30 വർഷവും കൂടെ തന്നാൽ ഞാൻ വളരെ ഈസിയായി അവരുടെ അടുത്തൊക്കെ ചെന്ന് നിൽക്കാനുള്ള ധൈര്യം സംഭരിക്കാം. അടുത്ത ആഗ്രഹം ഇനി അതാകട്ടെ.

‘അമ്മ’യിലെ മീറ്റിങ്ങിൽ മനോജേട്ടനൊപ്പം ഇരിക്കുമ്പോൾ ഞാനിപ്പോഴും ചോദിക്കും, എന്നാലും മുഖ്യാതിഥിയായിട്ട് വിളിക്കാൻ വന്ന ഞങ്ങളോട് ചെയ്തത് മോശമായി പോയില്ലേ. പക്ഷേ, ചേട്ടൻ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു ചിരിക്കും.

അന്നത്തെ ആ ആർട്സ് ക്ലബ് സെക്രട്ടറിക്ക് , മുഖ്യാതിഥിയോട് തമാശ പറയുന്ന നിലയിലേക്കു ഇന്ന് വളരാൻ കഴിഞ്ഞുവെന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഭാഗ്യം.

ഷാജി ഒന്ന് മതി

ഷാജി ജോൺ എന്നായിരുന്നു ഷാജോണിന്റെ യഥാർഥ പേര്. പക്ഷേ, മിമിക്രിയിലേക്കു കാലെടുത്തു വച്ച അതേ ട്രൂപ്പിൽ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുന്ന കോട്ടയം ഷാജി ഉണ്ടായിരുന്നു. ഒരു ട്രൂപ്പിൽ രണ്ടു ഷാജിമാർ വേണ്ട എന്ന തോന്നലിൽ പ്രോഗ്രാം അനൗൺസ് ചെയ്യുന്ന കലാഭവൻ മനു ഷാജോണിനോട് ചോദിച്ചു, ഈ ‘ഷാജി ജോൺ എന്ന പേര് ഒന്നു പരിഷ്കരിച്ചാലോ, ‘ജി’ അങ്ങ് കളയാം. എന്താണ് പറയുന്നതെന്ന് എനിക്ക് കൃത്യമായി മനസ്സിലായത് മനുവിന്റെ അടുത്ത അനൗൺസ്മെന്റിൽ ആണ്. ‘ഷാജി ജോണെന്ന് പേര് ന്യൂമറോളജി നോക്കാതെ മാറ്റി അടുത്തതായി കടന്നുവരുന്നു, ശ്രീ ഷാജോൺ’. അങ്ങനെ ഷാജി ജോൺ ‘ഷാജോണായി’.