Wednesday 20 January 2021 01:53 PM IST

‘അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് മക്കൾ’: ജീവിത കഥ പറഞ്ഞ് ഇന്ത്യയുടെ കമല

Rakhy Raz

Sub Editor

kamala

വാഷിങ്ടനിൽ നടന്ന, ഡോണാൾഡ് ട്രംപിന്റെ റിപബ്ലിക്കൻ നാഷനൽ കൺവൻഷനു ശേഷമുള്ള കൗണ്ടർ പ്രോഗ്രാമിലാണ് കമല ഹാരിസ് ഉ റച്ച സ്വരത്തിൽ ഇങ്ങനെ പറഞ്ഞത്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച ആദ്യ ഏഷ്യൻ വംശജയും കറുത്ത വർഗക്കാരിയുമാണ് കമല.

തികഞ്ഞ ശാന്തതയോടെ, ആത്മവിശ്വാസത്തോടെ കമല ഹാരിസ് നീതിയെക്കുറിച്ചു പറയുമ്പോൾ തന്നെ ഉറപ്പായിരുന്നു, വംശീയ അധിക്ഷേപങ്ങളേൽക്കുന്ന, നീതി തേടുന്ന അ മേരിക്കയിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതീക്ഷയായി ഈ സ്വരം മാറുമെന്ന്.

ചെന്നൈക്കാരിയാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ എന്ന അറിവും, തന്റെ മുത്തച്ഛനുമൊന്നിച്ചുള്ള പ്രഭാത നടത്തമാണ് എന്നെ ഞാനാക്കിയത് എന്ന അവരുടെ വാക്കുകളും ഇന്ത്യയിലേക്ക് കുടുംബസ്നേഹത്തിന്റെ അരുവി ഒഴുക്കുന്നതായിരുന്നു. കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യൻ വംശജയായ കമല ദേവി ഹാരിസ് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തിരിക്കുന്നു.

വംശീയ വേർതിരിവുകൾക്കെതിരേ

വംശീയ വിദ്വേഷം നിലനിൽക്കുന്ന അമേരിക്കയിലെ സമകാലിക രാഷ്ട്രീയ അന്തരീക്ഷത്തിൽ കമലയുടെ വിജയത്തിന് പ്രാധാന്യം ഏറെയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിപ്ലവകാരികളോട്, കറുത്ത വർഗക്കാരോട് അമേരിക്കൻ ഭരണകൂടം പെരുമാറിയതിലെ അനൗചിത്യം വ്യക്തമായ ഭാഷയിൽ അവർ കൗണ്ടർ പ്രോഗ്രാമിൽ വിശദീകരിച്ചിരുന്നു. അ മേരിക്കയിൽ നിലനിൽക്കുന്ന വംശീയ അധിക്ഷേപങ്ങളിലേക്ക് വെളിച്ചം വീശുന്ന വാക്കുകളായിരുന്നു അവ.

അമേരിക്കയിൽ അഭിഭാഷകയും രാഷ്ട്രീയപ്രവർത്തകയുമായ കമല കലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാ ർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി കമല ശ്രമിച്ചിരുന്നെങ്കിലും വിജയസാധ്യത കുറയും എന്നു തോന്നിയ ഘട്ടത്തിൽ പിന്മാറി ജോ ബൈഡനെ പിന്തുണച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ സ്ഥാനാര്‍ഥിത്വം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ‘ഞാൻ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിർഭയയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതു പ്രവർത്തകരിൽ ഒരാളുമാണ്’ എന്നായിരുന്നു ബൈഡന്‍റെ ട്വീറ്റ്.

കലിഫോർണിയയിൽ നടക്കുന്ന സിവിൽ അവകാശ മാർച്ചിൽ കുഞ്ഞുങ്ങളെയിരുത്തുന്ന ചക്രകസേരയിൽ കമലയെയും ഇരുത്തി കമലയുടെ അമ്മയും അച്ഛനും പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടിഷ് ജമൈക്കയിൽ നിന്നു കുടിയേറിയ ഇക്കണോമിക്സ് പ്രഫസറായ കറുത്ത വർഗക്കാരനാണ് കമലയുടെ അച്ഛൻ ഡോണാൾഡ് ഹാരിസ്. ആ മാർച്ചിനിടയിൽ കമലയോട് അമ്മ ചോദിച്ചു, ‘കുഞ്ഞേ... എന്താണ് നമുക്ക് വേണ്ടത്? എന്താണ് നമ്മുടെ ആവശ്യം ?’ സംശയലേശമില്ലാത്ത കുഞ്ഞുകമല പറഞ്ഞു; ‘ഫ്രീഡം’

ഇഷ്ടം ഇഡ്ഡലിയും സാമ്പാറും

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇഡ്ഡലിയും രുചികരമായി തയാറാക്കിയ സാമ്പാറുമാണ് എന്നവർ പറഞ്ഞത് ഇന്ത്യൻ ജനതയെ ആഹ്ലാദിപ്പിച്ചിരുന്നു. ജനിച്ചതും പഠിച്ചതും വളർന്നതും അമേരിക്കയിലാണെങ്കിലും തനിക്ക് തമിഴ് മനസ്സിലാകുമെന്നും അവർ പറയുന്നു.

ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാരിൽ കമലയെ വ്യത്യസ്തയാക്കുന്ന കാര്യമാണിത്. തന്റെ അഭിമുഖങ്ങളിലെല്ലാം തന്നെ ഇന്ത്യൻ കുടുംബ പാരമ്പര്യത്തെയും അത് അവരിൽ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് വാചാലയാകാറുണ്ട്. മുത്തച്ഛനൊപ്പം ചെന്നൈ കടപ്പുറത്ത് നടക്കാൻ പോകുന്ന ഓർമയും അത് തന്റെ വ്യക്തിത്വ വികസനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നും തന്റെ ‘ദ് ട്രൂത്‌സ് വി ഹോള്‍ഡ്: ആൻ അമേരിക്കൻ ജേർണി’ എന്ന പുസത്കത്തിൽ കമല എഴുതിയിട്ടുണ്ട്.

അറുപതുകളിലാണ് കമലയുടെ അമ്മ പത്തൊൻപതുകാരിയായ ശ്യാമള ഗോപാലൻ പഠനത്തിനായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെ അച്ഛൻ പി.വി. ഗോപാലൻ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. അമേരിക്കയിലെ ബർക്കിലി സർവകലാശാലയിൽ ഗവേഷണം നടത്തിയ ശ്യാമള പിന്നീട് പ്രസിദ്ധയായ സ്തനാർബുദ ശാസ്ത്രജ്ഞയായി. സ്റ്റാൻഫോഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്ന ഡൊണാൾഡ് ഹാരിസിനെ പ്രണയിച്ചു വിവാഹം ചെയ്തു.

കമലയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും വിവാഹ മോചിതരാകുന്നത്. കുട്ടികളുടെ കൈവശാവകാശം ശ്യാമളയ്ക്ക് അനുവദിച്ചു കിട്ടിയതിനാൽ പിന്നീട് പലവട്ടം ഇന്ത്യയിൽ വന്നു പോയിരുന്നു കമല. അച്ഛന്റെ വീട്ടിലും കമല സന്ദർശനം നടത്താറുണ്ടായിരുന്നു. കറുത്തവരായതിനാൽ അയൽപക്കത്തെ കുട്ടികൾ തന്നെയും അനുജത്തിയെയും കളിക്കാൻ കൂട്ടാതെയിരുന്ന അനുഭവം പിന്നീട് കമലയു ടെ രാഷ്ട്രീയത്തെ തീർച്ചയായും സ്വാധീനിച്ചിരിക്കണം.

വിജയങ്ങളുടെ കാലം

കലിഫോര്‍ണിയയിലെ ഓ‌ക്‌ലന്‍ഡിലാണ് കമലയുടെ ജന നം. വളര്‍ന്നത് ബർക്കിലിയിൽ. വംശീയ വേർതിരിവിനെതിരേ നടന്ന ‘ബർക്കിലി കോംപ്രിഹൻസീവ് ഡീ സെഗ്രിഗേഷൻ പ്രോഗ്രാ’മിന്റെ ഭാഗമായി അതു വരെ 95 ശതമാനവും വെളുത്തവർ പഠിച്ചിരുന്ന തൗസന്‍ഡ് ഓക്‌സ് എലിമെന്ററി സ്കൂളിൽ 40 ശതമാനം കറുത്ത വർഗക്കാരെക്കൂടി ഉൾപ്പെടുത്തിയതിൽ കമലയും ഭാഗമായി.

വാഷിങ്ടൻ ഡിസിയിലെ പ്രശസ്തമായ കുറുത്ത വർഗക്കാരുടെ സ്വകാര്യ സർവകലാശാലയായ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസസും ഇക്കണോമിക്സും വിഷയമായി ബിരുദം സ്വന്തമാക്കി. ‘ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ നമ്മളെപ്പോലെ ഒരുപാട് പേരെ നമ്മൾ കാണും’ എന്ന് അവർ പറഞ്ഞിട്ടുണ്ട്. അതിനായി തന്നെയാണ് താൻ പഠനം ഇവിടെ ആക്കിയതെന്നും.

പിന്നീട് കലിഫോർണിയ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽ നിയമപഠനത്തിന് ചേർന്നു. അവിടെ ബ്ലാക്ക് ലോ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കമല പഠന ശേഷം അലമെയ്ഡ ഡിസ്ട്രിക്റ്റ് അറ്റോർണിയായി 1990 ൽ ചുമതലയേറ്റു. 2003 ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയായി മത്സ രിച്ചു വിജയിച്ചു. ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായിരുന്നു കമലാ ഹാരിസ്.

2010 ൽ കലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനത്തേക്കും മത്സരിച്ചു വിജയം വരിച്ചു. 2014 ൽ വിജയം ആവർത്തിച്ചു. 2016 ൽ ലോറെറ്റാ സാൻഷെയെ പിന്നിലാക്കി സെനറ്റ് ഇലക്‌ഷനിൽ വിജയിച്ച കമല ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ – അമേരിക്കൻ വനിതയും ആദ്യ ഏഷ്യൻ– അമേരിക്കൻ വനിതയുമായി.

കമല എന്ന മോമല

കോർപറേറ്റ് അഭിഭാഷകനും രണ്ടു കുട്ടികളുടെ പിതാവുമായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം കഴിച്ചത്. ‘ഞങ്ങളുടെ ആദ്യ ഡേറ്റിനു ശേഷം അദ്ദേഹം എനിക്ക് അദ്ദേഹത്തിന് അടുത്ത രണ്ടു മാസം സാധ്യമായ ഡേറ്റുകൾ അറിയിച്ചു കൊണ്ട് ഇ–മെയിൽ അയച്ചു. ‘പ്രണയത്തിന്റെ കാര്യത്തിൽ ഒളിച്ചു കളിക്കേണ്ട പ്രായം എനിക്ക് കഴിഞ്ഞു, എനിക്ക് നിന്നെ വളരെയധികം ഇഷ്ടമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്ക് മറുത്ത് ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല. പ ക്ഷേ, അതിനെക്കാളുപരി അദ്ദേഹത്തിന്റെ മിടുക്കരായ മക്കൾ കോളും എല്ലിയും എന്നെ അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു എന്നു പറയുന്നതാകും ശരി. ഡഗ്ലസിന്റെ മക്കൾ എന്നെ സ്റ്റെപ് മോം എന്നു വിളിക്കുന്നതിന് പകരം മോമല (Momala) എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്.’

കമലയുടെ ഈ സ്നേഹത്തിന്റെ ഭാഷയും ജനാധിപത്യബോധം നിറഞ്ഞ സാമൂഹിക വീക്ഷണവുമാകാം അമേരിക്കൻ ജനതയുടെ മനം കവർന്നത്.