Friday 15 March 2019 02:25 PM IST

‘കസ്തൂരിമാനി’ൽ ഒന്നു മിണ്ടിയാൽ രണ്ടു തല്ലുന്ന ജോടികൾ; റിയൽ ലൈഫിലും കുട്ടിക്കളി മാറാതെ ശ്രീറാമും റബേക്കയും!

Unni Balachandran

Sub Editor

kasthuriman1 ഫോട്ടോ: ശ്യാം ബാബു

സിനിമയിൽ സാഹസിക രംഗങ്ങൾ ചെയ്യാൻ ഒ‌രുപാട് ആളുകളുണ്ടാകും. പക്ഷേ, സീരിയൽ ലോകത്ത്  അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ അതെന്റെ നായികയായി അഭിനയിക്കുന്ന റബേക്ക മാത്രമാണ്’. ഹൈവോൾട്ടേജ് നോട്ടത്താൽ റബേക്ക വിരട്ടിയെങ്കിലും, പഴയൊരു  പ്രേം നസീർ ചിരിയിറക്കി ശ്രീറാം സംഗതിയൊതുക്കി. ‘കസ്തൂരിമാൻ’ സീരിയലിൽ ജീവയും കാവ്യയുമായി  അഭിനിയിക്കുന്ന പ്രിയപ്പെട്ട ജോടികൾ റിയൽ ലൈഫിൽ കുട്ടിക്കളി വിട്ടുമാറാത്ത സുഹൃത്തുക്കളാണ്. ഫുൾ ടൈം വഴക്കും കളിയാക്കലും ആവശ്യത്തിന് തള്ളുമായൊരു കൂട്ട്....

ശ്രീറാം: സ്റ്റണ്ട് മാസ്റ്റർ വന്നല്ലോ.

റബേക്ക: എന്തിനാണിത് എപ്പോഴും പറയുന്നത്? എല്ലാവർക്കും അറിയാവുന്നതല്ലേ?

ശ്രീറാം: ഏയ്, ആളുകൾക്ക് അത്ര പരിചയമുള്ള സീനല്ലല്ലോ ഇത്...

റബേക്ക: എന്റെ അഭിനയത്തോടുള്ള ആരാധനയാണല്ലേആളുകൾക്ക്. ഞാനത് ഓർത്തില്ല.

ശ്രീറാം:  കുറച്ച്  കാലംകൊണ്ട് ഇത്രയധികം ആളുകളെ ഇഷ്ടപ്പെടുത്തുന്നത് ചെറിയ കാര്യാണോ? അതും ഇത്തിരി പോന്ന ഒരു കണ്ണടകൊണ്ട്?

റബേക്ക:  അത്... എടുത്തു പറയുന്നത് എന്തിനാ. കണ്ണടയുടെ കാര്യം?

ശ്രീറാം: കണ്ണടയുടെ ഫാൻസിനെ പറ്റിയാ ഞാൻ പറഞ്ഞേ, അല്ലാതെ നിന്റെ അഭിനയം എന്തിന് കൊള്ളാം?

  റബേക്ക: ഓഹോ.. വളഞ്ഞ വഴിയിൽ കളിയാക്കാനുള്ള ശ്രമമായിരുന്നല്ലേ... കുറച്ച് മെച്യൂരിറ്റി വേണം. കഴിവിനെ അംഗീകരിക്കാൻ പഠിക്കണം.

ശ്രീറാം: കണ്ണട വച്ചാലൊന്നും മെച്യൂരിറ്റി ഉണ്ടാകില്ല. വെറുതെ കണ്ണടയുടെ പേരും കൂടെ കളയാൻ ഇറങ്ങിയിരിക്കുവാ..

റബേക്ക: ദേ, സീരിയലിൽ അടികൂടൂന്നതു പോരാഞ്ഞിട്ട് നേരിട്ടും വഴക്കാണോ?

ശ്രീറാം : വഴക്കൊന്നുമല്ല, ഞാൻ പറഞ്ഞത് വെറും സത്യങ്ങൾ മാത്രം.

റബേക്ക: എങ്കിൽ ഞാനും കുറച്ച് സത്യങ്ങൾ പറയാം. ‘തട്ടത്തിൻ മറയത്തിലെ’ ഒറ്റ സീൻകൊണ്ട് ആളുകളുടെ മനസ്സിൽ ഇടംപിടിച്ച സുന്ദരനല്ലേ, ശ്രീറാമേട്ടൻ...

ശ്രീറാം: ശോ, ആരും കണ്ടിട്ടുപോലും കാണില്ല ആ സീൻ ...വെറുതേ എന്തിനാടേയ്...

റബേക്ക: അന്ന ് ഒറ്റ സീനിൽ അഭിനിയിച്ചിട്ടു പോകുമ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞതെന്താരുന്നു, എന്താരുന്നു?

ശ്രീറാം: തിരുമേനി മറന്നിരിക്കുണൂ...

റബേക്ക: ഒന്ന് ഓർമിപ്പിക്കുമോ??

kasthuriman2

ശ്രീറാം: എൻജിനീയറിങ് പഠിത്തം തീർന്നപ്പോഴാണ് ഞാനാ കാര്യം തിരിച്ചറിഞ്ഞത്, പഠിച്ചിട്ട് കാര്യമില്ല, അഭിനയം തന്നെ ശരണമെന്ന്. ആ സമയത്ത് സിനിമാ ഒാഡിഷനുകളൊന്നും മലയാളത്തിൽ വന്നിട്ടില്ല. ആദ്യമായി വന്നത്  ‘മലർവാടി ആർട്സ് ക്ലബ്ബി’ന്റേത് ആണെന്നു തോന്നുന്നു. ഒാഡിഷൻ കഴിഞ്ഞ് വീട്ടിെലത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. അമ്മയാണ് എടുത്തത്, ‘ഏതോ വിനീതാ’ണെന്നും പറഞ്ഞ് റിസീവർ തന്നു. എന്റെ ഫ്രണ്ട് വിനീതാണെന്നും വിചാരിച്ച് ഞാനെന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും, അപ്പുറത്ത് നിന്ന് മറുപടി, ‘ശ്രീറാം, ഞാൻ വിനീത് ശ്രീനിവാസനാണ്. മലർവാടിയിൽ ഒരു ചെറിയ വേഷമുണ്ട്, വരണം’.

റബേക്ക: വിനീതേട്ടൻ ആകെ ചെയ്ത അബദ്ധമതായിരുന്നു.

ശ്രീറാം: പോടെ... ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ വിനീതേട്ടൻ എന്താ പറഞ്ഞതെന്നറിയാമോ?

റബേക്ക: അവിടെ അല്ലായിരുന്നോ എന്റെ കഥ ഫുൾ സ്‌റ്റോപ്പായി നിന്നിരുന്നത്.

ശ്രീറാം: അതന്നെ... ഞാൻ പറഞ്ഞു, വിനീതേട്ടാ ‘ഒരു സീനേ ഉള്ളായിരുന്നു, കഴിഞ്ഞു’ എന്ന്. ഉടനെ വിനീതേട്ടൻ പറഞ്ഞു ‘ഇനിയല്ലേടാ തുടങ്ങാൻ പോകുന്നതെ’ന്ന്. അതൊരു വലിയ കോൺഫിഡൻസായിരുന്നു. ‘തട്ടത്തിൻ മറയത്തി’ൽ വിനീതേട്ടൻ വിളിക്കുമ്പോഴും ആ ധൈര്യം മനസ്സിലുണ്ടായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്..

റബേക്ക: അതെന്താ, നിങ്ങൾടെ റോൾ നിവിന്‍ പോളി തട്ടിയെടുത്തോ?

ശ്രീറാം: ദേ, അനാവശ്യത്തിന് ‘ചളി’യടിക്കുന്ന നിന്റെ സ്വാഭാവം നിർത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്, കേട്ടോ..

റബേക്ക: ചില നോവലൊക്കെ അവസാനിപ്പിക്കും പോലെ, ‘അപ്പോഴാണ് ഞാൻ ഞെട്ടിയത്’ എന്നൊക്കെ പറഞ്ഞതുകൊണ്ട് മാത്രം ചോദിച്ചതാ സാർ, ക്ഷമിക്ക്.

ശ്രീറാം: ശരി... തട്ടത്തിൻ മറയത്തിൽ നിവിന്റെ സ്കൂൾ കാലം കാണിക്കുന്ന  ഫ്ലാഷ് ബാക്ക് സീനുകളിൽ ‘സ്മാർട് ബോയ്സ്’ ടീമിൽ വരുന്ന മൂന്നാളുകളിൽ ഒരാളാണ് ഞാനെന്നാണ് പറഞ്ഞത്. ഞാൻ ഓകെ മുഖവുമായി നിന്നു. പക്ഷേ, ഒരു മുഖവുരയുമില്ലാതെ വിനീതേട്ടൻ പറഞ്ഞു, സ്മാർട് ബോയ്സിൽ നിന്റെ കൂടെയുള്ളത് നിവിൻ പോളിയും സണ്ണി വെയ്നുമാണെന്ന്.

റബേക്ക: ശരിക്കും, കിട്ടുണ്ണിയേട്ടന് ലോട്ടറിയടിച്ചല്ലേ?

ശ്രീറാം: അവരുടെ  കൂടെയുള്ള സീൻ എന്ന് പറഞ്ഞപ്പോ എനിക്ക് നല്ല എക്സൈറ്റ്മെന്റ് തോന്നി. കിട്ടുന്ന സ്ക്രീൻസ്പെയ്സ് അത്രമാത്രം റീച്ച് തരുമെന്ന് ഉറപ്പാണ്.

റബേക്ക: ശരിയാ. അതുകൊണ്ട് വളർന്ന് വളർന്നിപ്പൊ എന്റെ കൂടെ അഭിനയിക്കുന്ന ലെവലിൽ എത്തിയില്ലേ?

ശ്രീറാം: അതെ, മഹാഭാഗ്യം. പൾസർ ബൈക്കിൽ പറക്കുന്ന ആളിന്റെ കൂടെയാണല്ലോ ഞാനിപ്പൊ അഭിനയിക്കുന്നത്.

റബേക്ക:  അതിതുവരെ മറന്നില്ലേ....

ശ്രീറാം:  ഇല്ല, അപകടങ്ങള്‍ ഞാനെന്നും ഓർത്തു വയ്ക്കും. ഇയാൾക്ക് ബൈക്ക് ഓടിക്കുന്ന ഒരു സീനുണ്ടായിരുന്നെന്നത് സത്യം. താൻ വലിയൊരു ബൈക്ക് റൈഡറുമാണ്. എന്നു കരുതി പുറകിൽ ഒരു ലഗേജുള്ള കാര്യം ഇയാളെന്തിനാ മറന്നത്?

റബേക്ക : ഏയ്, മറന്നതല്ല, ഷൂട്ട് തുടങ്ങാൻ  വൈകിയപ്പൊ ഞാനൊന്ന് ബൈക്ക് റേസ് ചെയ്തതല്ലേ...

ശ്രീറാം: അതെയതെ. വണ്ടിയിലിരിക്കുന്നവനെ സ്വർഗലോകം കാണിച്ചിട്ടാണല്ലോ റേസ് ചെയ്യുന്നത്.

റബേക്ക: ഓഹ്, അങ്ങനെ വല്യ ഡയലോഗൊന്നും അടിക്കണ്ട. എന്നെ ഒരു കാര്യവുമില്ലാതെ ഹോസ്പിറ്റലിലാക്കിയതല്ലേ നിങ്ങൾ?

ശ്രീറാം: ഷൂട്ടിങ് സെറ്റിൽ അപകടം സംഭവിക്കുന്നത് ഒക്കെ സാധാരണമാണ്.

റബേക്ക: സീനിൽ  ചേട്ടൻ ഒരാളെ ചവിട്ടുന്നു, ഞാൻ പിടിച്ചു മാറ്റാൻ നോക്കുന്നു.  എന്നുവച്ച് ഷൂസിട്ട കാലുകൊണ്ട് എന്റെ കാലിൽ ചവിട്ടേണ്ട കാര്യമെന്താണ്.

ശ്രീറാം: ഞാനറിയുന്നൊ എന്റെ കാല് വയ്ക്കുന്നിടത്ത് ഇ യാൾ വിരൽ കൊണ്ടുവന്ന് വച്ചിട്ടുണ്ടെന്ന്..

റബേക്ക: എന്നിട്ട് സമ്മതിച്ചില്ലല്ലോ. ഞാൻ വിഡിയോ കാണിച്ചപ്പോഴല്ലേ നിങ്ങൾ വിശ്വസിച്ചത്?

ശ്രീറാം : അതു പിന്നെ, എപ്പോഴും എന്തെങ്കിലും കുസൃതി കാണിച്ചു നടക്കുന്ന നീ കരയുമ്പൊ ഞാൻ കരുതി തമാശയ്ക്ക് ആയിരിക്കുമെന്ന്..

റബേക്ക: അതെ അതെ, എന്റെ കാലും ചവിട്ടിയൊടിച്ചിട്ട് ആശുപത്രിയിൽ വരാൻ വിളിച്ചപ്പൊ എന്ത് ബഹളമായിരുന്നു

ശ്രീറാം : ഞാൻ വന്നല്ലോ.

റബേക്ക : വന്നിട്ട് പിന്നെ ഉണ്ടായതൊക്കെ ഓർമയുണ്ടൊ വാട്ടർബോട്ടിലെ?

ശ്രീറാം : വാട്ടർബോട്ടിലൊ? ഡീ ഹൈഡ്രേഷൻ കാരണം വെള്ളം കൊണ്ടു നടക്കുന്നെന്നേയുള്ളൂ. അതിനെ നഴ്സറികുട്ടിയുടെ വാട്ടർബോട്ടിലുമായി കംപെയർ ചെയ്യരുത് കേട്ടോ..

റബേക്ക: ഞാൻ ഒന്നും പറഞ്ഞില്ലല്ലോ, നിങ്ങൾ ചുമ്മാ വിചാരിച്ചതല്ലേ..

kasthurman3

ശ്രീറാം: എന്തായാലും നീ വിളിച്ചപ്പോ ഞാൻ വന്നു, കൂടെ ഫ്രണ്ടിനെയും കൂട്ടി. അവനൊരു സെൽഫി  പ്രാന്തനായതിന്റെ കുഴപ്പം ഞാൻ പതുക്കെയാണ് മനസ്സിലാക്കിയത്.

റബേക്ക: അതെ അതെ, വിരലും പോയി ഞാൻ നടന്നുവരുമ്പോൾ രണ്ടും കൂടെ സെൽഫിയെടുക്കുന്നു.

ശ്രീറാം: അപ്പോ ആ ഹോസ്പിറ്റലിലെ നഴ്സിന്റെ ഡയലോഗാണ് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത്. ‘മോളെ കാവ്യേ അപ്പോശരിക്കും ഈ ജീവ ഇത്ര ദുഷ്ടനാണല്ലേ. മോൾ വയ്യാതെ കിടക്കുമ്പോ ഇരുന്ന് ഫോട്ടോ എടുത്ത് കളിക്കണ കണ്ടോന്ന്...’

റബേക്ക: ശരിയാ, ചെയ്തത് ദുഷ്ടത്തരം ആണെങ്കിലും ആ ഡയലോഗ് കേട്ടിട്ട് എനിക്കും ചിരി വന്നു.

ശ്രീറാം: അതാണ്, അപ്പോ മുറിവ് പറ്റി കിടക്കുമ്പോഴും ഇയാളെ ചിരിപ്പിച്ച എന്നെ ഇനി മേലാൽ ഉപദ്രവിക്കരുത്...

റബേക്ക: ഉവ്വ്, ബെസ്റ്റ് പുള്ളിയാ... പേടിത്തൊണ്ടൻ

ശ്രീറാം: എന്ത് പേടിത്തൊണ്ടൻ ?

റബേക്ക: പ്രേമിച്ച പെണ്ണിനോട് ഇഷ്ടം പറയാൻ മടിച്ച പേടിത്തൊണ്ടൻ...

ശ്രീറാം: പ്രേമിച്ചയാളെ കെട്ടിയല്ലോ. അല്ലാതെ ഞാൻ നിരാശാ കാമുകനായി കറങ്ങി നടക്കുന്നില്ലല്ലോ.

റബേക്ക: എപ്പോഴാ പ്രേമം പറഞ്ഞതെന്നും കൂടെ പറ....

ശ്രീറാം : സ്കൂളിൽ പഠിക്കുമ്പൊ തൊട്ടെ എനിക്കു നല്ല നോട്ടമുണ്ടായിരുന്നു. പത്താം ക്ലാസിലാകുമ്പോ എന്തായാലും അവളോട് സംസാരിക്കും എന്നൊക്കെ കൂട്ടുകാരോട് പറയുമായിരുന്നു.

റബേക്ക: എന്നിട്ടും സംസാരിച്ചില്ല...പേടി നമ്പർ വൺ... എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കൂടി പറയ്.

ശ്രീറാം: അതിപ്പോ ആത്മാർഥമായി ഇഷ്ടപ്പെടുന്ന പാവങ്ങളായ ആൺകുട്ടികൾക്ക് അങ്ങനെ ചില പേടി കാണും. അവൾടെ ചേട്ടൻ ആ സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു, അവളെ ലൈനടിക്കുന്നവൻമാരെയൊക്കെ പിടിച്ച് വിരട്ടും.

റബേക്ക: അയ്യേ... അപ്പോ പേടിയായി, അല്ലേ?

ശ്രീറാം: സമ്മതിച്ചു പേടിയായിരുന്നു. പക്ഷേ, അവളെ ഫെയ്സ്ബുക്കിൽ കണ്ടപ്പോ മെസേജയക്കാനും, നേരിട്ട് കാണാൻ പോകാനും കല്യാണം ആലോചിക്കാനുമുള്ള ധൈര്യം ഞാ ൻ കാണിച്ചില്ലെ?  പേടിക്കുന്നതിൽ പ്രശ്നമില്ല, എന്നെങ്കിലും കുറച്ച് ധൈര്യം കാണിച്ചാൽ മതി. ജീവിതത്തിൽ അങ്ങനെ എന്തൊക്കെ തത്വങ്ങൾ പഠിക്കാനുണ്ട് കുട്ടി....

റബേക്ക: ഓഹ്.. അങ്ങനെ പഠിച്ചതാണോ ഉയരം കൂടുമ്പൊ ചായയുടെ ടേസറ്റ് കൂടുമെന്ന്?

ശ്രീറാം: അതൊരു വല്ലാത്ത  ഭാഗ്യം കൊണ്ടുവന്ന സംഭവമായിരുന്നു. എന്റെ ഫ്രണ്ട് നിർബന്ധിച്ചിട്ടാണ് ആ പരസ്യത്തിന്റെ ഒാഡിഷന് പോയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് ട്രെയിൻ കയറുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നു.

റബേക്ക: ട്രെയിനിലായതുകൊണ്ട് സമയത്ത് എത്തുമെന്ന് പോലും പ്രതീക്ഷിച്ചിട്ട് കാര്യമില്ല....

ശ്രീറാം : സത്യമാണ്. ട്രെയിൻ കോഴിക്കോട് നിന്ന് വിട്ടപ്പോൾ അവന്റെ  കോൾ വന്നു, ഞാൻ സിലക്റ്റടായി. കൂടെയൊരു സർപ്രൈസും. ലാലേട്ടന്റെ ഒപ്പമാണ് അഭിനയിക്കുന്നതെന്ന്. പലർക്കുമറിയില്ല ഞാനാണ് ആ പരസ്യത്തിലെ ജേണലിസ്‌റ്റെന്ന്. പക്ഷേ, എനിക്ക് അത് ജീവിതത്തിൽ ഏറ്റവും കൂടൂതൽ ഓർത്തുവയ്ക്കുന്ന നിമിഷങ്ങളിൽ ഒന്നാണ്.

റബേക്ക:   ഛേ, കളിയാക്കാന്‍ ചോദിച്ച ചോദ്യങ്ങളുടെ അവസാനം ഇങ്ങേരു വലിയ സംഭവമായിമാറിയല്ലോ ഈശ്വരാ..

ശ്രീറാം : എന്റെ കാര്യം സത്യൻ അന്തിക്കാട് സാറിന്റെ സിനിമ പോലെയാ... എങ്ങനെ നോക്കിയാലും നന്മ മാത്രമേ അതിൽ കാണൂ.

റബേക്ക: പിന്നെ, നല്ല ചോദ്യങ്ങൾ മാത്രം ചോദിച്ച് അവസരമുണ്ടാക്കി തന്ന എനിക്കാണ് നന്ദി പറയേണ്ടത്.

ശ്രീറാം:  ഈ നന്മ മനസ്സാണ് എന്നും എന്നെ അദ്ഭുതപ്പെടുത്തിയത്...

റബേക്ക: അപ്പോ ഞാനൊരു നല്ല കുട്ടിയാണല്ലേ... എന്നാ ആ കൂളിങ് ഗ്ലാസെടുത്ത് വയ്ക്കട്ടെ...

ശ്രീറാം: പിന്നല്ലാതെ, ധൈര്യമായിട്ട് അങ്ങു വയ്ക്ക്, സ്റ്റണ്ട് മാസ്റ്ററേ....

kasthuriman4