Thursday 29 July 2021 11:44 AM IST

റിയൽ ലൈഫിൽ കെകെയ്ക്ക് ഭാര്യ എത്ര മാർക്ക് നൽകും?: രസകരമായ മറുപടിയുമായി കുടുംബവിളക്കിലെ വില്ലൻ

Lakshmi Premkumar

Sub Editor

kk

പെട്ടെന്നൊരു നോട്ടത്തിൽ തമിഴ് താരം അജിത്താണോ എന്ന് സംശയിക്കും. പക്ഷേ, ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. അതു കെകെയാണ്. സീരിയൽ ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസുള്ള ചിരിക്കുന്ന വില്ലൻ. സുന്ദരനായ വില്ലനായി എത്തി പ്രേക്ഷകരുടെ ചീത്തവിളികൾ ഏറ്റുവാങ്ങുമ്പോഴും കെകെ പതുക്കെ പുഞ്ചിരിക്കും. എന്റെ കഥാപാത്രം അത്രമേൽ ആഴത്തിലിറങ്ങിയതു കൊണ്ടാണല്ലോ ഇതെന്ന് സ്വയം ബൂസ്റ്റ് ചെയ്യും. ‘കുടുംബവിളക്ക്’ സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിൽ സജീവമായി നിൽക്കുന്ന കെകെ എന്ന കൃഷ്ണകുമാർ മേനോന്റെ വിശേഷങ്ങൾക്കൊപ്പം.

വൈക്കംകാരൻ കൃഷ്ണകുമാർ അഭിനയ രംഗത്തെ കെകെ ആയത്?

അമ്മ ആനന്ദവല്ലിയുടെ നാടാണ് വൈക്കം. അച്ഛൻ സേതുമാധവൻ കൊച്ചിക്കാരനും. ഞങ്ങളെല്ലാവരും ഊട്ടിയിൽ സെറ്റിൽഡാണ്. കോർപറേറ്റ് ജോലിയായിരുന്നു എനിക്ക്. സത്യം പറഞ്ഞാൽ അഭിനയം എന്നൊരു പ്ലാൻ പോലുമില്ലാത്തയാളായിരുന്നു. ജോലി തിരക്കിൽ സിനിമ പോലും കാണാറില്ലായിരുന്നു. ആ ഞാനാണ് അഞ്ച് വർഷമായി ഒരു നടനായി ജീവിക്കുന്നത്.

ജോലി ഉപേക്ഷിച്ച് ഊട്ടിയിൽ താമസമാക്കിയ സമയത്താണ് ഞാനാദ്യമായി താടി വ യ്ക്കുന്നത്. ജോലിയുടെ ഭാഗമായി എപ്പോഴും ക്ലീൻ ഷേവ് മാത്രം ചെയ്ത മുഖത്തിന് തന്നെ അദ്ഭുതമായിരുന്നു ഈ താടി. ഊട്ടിയിൽ ബട്‌ക എന്നൊരു ലോക്കൽ ഭാഷയുണ്ട്. ആ ഭാഷയിലുള്ള സിനിമയുടെ സംവിധായകനാണ് ആദ്യമായി ‘നിങ്ങൾ അഭിനയിച്ചാൽ നന്നായിരിക്കും’ എന്ന് പറയുന്നത്. പല പ്രശ്നങ്ങൾ കാരണം ആ സിനിമ നടന്നില്ല. ‘ഐ ആം ഫ്ലൈയിങ്’ എന്ന ഷോർട് ഫിലിമായിരുന്നു അടുത്തത്. അതിൽ ഞാനും എന്റെ മോന്‍ ഹൃദയും ഒന്നിച്ച് അഭിനയിച്ചു. ഡയലോഗുകളൊന്നുമില്ല. ഒരേയൊരു സീൻ മാത്രം. പക്ഷേ, അവിടുന്നിങ്ങോട്ട് അവസരങ്ങൾ എന്നെ തേടിയെത്തുകയായിരുന്നു.

ആദ്യത്തെ സിനിമ ?

എസ്. ശങ്കർ സംവിധാനം ചെയ്ത 2.0. ഒരു ജൂനിയർ ആർടിസ്റ്റിന്റെ വേഷമായിരുന്നു. ചെറിയ പാസിങ് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രജനി സാറിനെ നേരിൽ കാണാമെന്ന ആഗ്രഹത്തിലാണ് അന്ന് ലൊക്കേഷനിൽ എത്തിയത്. ജൂനിയർ ആർടിസ്റ്റാകുമ്പോൾ പെട്ടെന്ന് എൻ‌ട്രി ലഭിക്കും. അന്ന് രജനി സാർ ഉണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് മറ്റൊരു ഭാഗ്യം ലഭിച്ചു അക്ഷയ് കുമാറിനൊപ്പം ഒരു കോംബിനേഷൻ സീനിൽ അഭിനയിക്കാൻ ക ഴിഞ്ഞു. രണ്ടാമത്തെ സിനിമയായ ‘മീസയേ മുറുക്കി’ലാണ് ഡയലോഗ് ഉൾപ്പെടെ അത്യാവശ്യം ശ്രദ്ധിക്കുന്ന വേഷം കിട്ടിയത്. വിവേക് സാറിനൊപ്പമായിരുന്നു കൂടുതൽ സീനുകളും. മൂന്നാമത്തെ സിനിമ ഗൗതം മേനോനൊപ്പമായിരുന്നു. ‘അച്ചം യെൻബദും മഡമൈയഡ’. അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു ആ സിനിമ.

നെഗറ്റിവ് കഥാപാത്രങ്ങൾ കൂടുതൽ തേടിയെത്തുന്നുണ്ടോ ?

ഷോർട് ഫിലിം ചെയ്ത ശേഷം ആദ്യം വിളി വന്നത് തമിഴ് സീരിയലിലേക്കായിരുന്നു. വില്ലൻ വേഷമാണ്. പിന്നീട് അങ്ങോട്ട് അത് ആവർത്തിച്ചു.

അതിൽ ഒരു മാറ്റം വന്നത് മഴവിൽ മനോരമയ്ക്ക് വേ ണ്ടിയുള്ള ‘ഡോ. റാം’ എന്ന സീരിയലിലാണ്. അതിലെ ടൈറ്റിൽ കഥാപാത്രമായിരുന്നു. അതിന് ശേഷവും പരുക്കനായ വില്ലൻ കഥാപാത്രങ്ങളാണ് വരുന്നത്. സിനിമയിലായാലും സീരിയയിലായാലും ആൽബം സോങ്ങിലായാലും.

kk-2
ഭാര്യ രമയ്ക്കൊപ്പം കെകെ മേനോൻ

‘ടക്കറ് ടക്കറ്’ എന്ന ആൽബം കുറച്ച് വിവാദങ്ങൾക്ക് വഴിയൊരുക്കിയല്ലേ ?

വൈറലായ പാട്ടാണത്. ജെല്ലിക്കെട്ടിനെ കുറിച്ചായിരുന്നു. അതിന്റെ തുടക്കത്തിൽ ഞാനൊരു കോർപ്പറേറ്റ് വക്താവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. കാളകളെ കൊന്നൊടുക്കണമെന്ന് ആവശ്യപ്പെടുന്ന വില്ലൻ.

ആ പാട്ടിറങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വിവാദം ഉണ്ടായത്. ആളുകൾ കരുതി ഞാൻ ശരിക്കും വില്ലനാണെന്ന്. എന്നെ ആർട്ടിസ്റ്റ് എന്ന രീതിയിൽ ആരും അറിഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. റോഡിലൊക്കെ ആ സമയത്ത് എന്റെ ഫ്ലക്സ് ബോർഡുകള്‍ നിറഞ്ഞു, ഡേഞ്ചർ ചിഹ്നമൊക്കെ വച്ച്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആളുകൾ അതു മറന്നുവെന്നു തോന്നുന്നു.

മലയാള സിനിമയിലും ഒരു കൈ പരീക്ഷിച്ചുവല്ലേ ?

എന്റെ ലക്ഷ്യം സിനിമ തന്നെയാണ്. ആദ്യ ചിത്രം ‘24 ഡേയ്സാ’ണ്. ഹിറ്റ് അല്ലെങ്കിലും ആ സിനിമ ഒരുപാട് അംഗീകാരങ്ങൾ കരസ്ഥമാക്കി. അടുത്തത് അഞ്ജലി മേനോന്റെ ‘കൂടെ’ . അതിൽ നസ്രിയയെ നോക്കാനെത്തുന്ന ഡോക്ടറായിട്ട്. രണ്ട് സീനിലേയുള്ളൂ എങ്കിലും എല്ലാവരും ശ്രദ്ധിക്കും.

‘കൂടെ’യുടെ ഷൂട്ട് ഊട്ടിയിലായിരുന്നു. അങ്ങനെയാ ണ് ആ വേഷം എന്നിലേക്ക് എത്തിയത്. ‘ഉയരെ’യാണ് ഏറ്റവും അവസാനം അഭിനയിച്ച സിനിമ.

kk-1
മക്കൾ അക്ഷറിനും ഹൃദയിനുമൊപ്പം

അഭിനയത്തിന് പുറത്തുള്ള കെകെ എങ്ങനെയാണ് ?

സ്കൂളിൽ പഠിക്കുമ്പോൾ കരാട്ടെ ബ്ലാക് ബെൽറ്റായിരുന്നു. ഊട്ടിയിൽ കുറച്ചു കുട്ടികൾക്ക് ക്ലാസുകൾ എടുത്തിട്ടുണ്ട്. സ്വയം വിലയിരുത്തിയാൽ പാവം മനുഷ്യൻ എന്നേ പറയാനുള്ളൂ.

അയ്യപ്പ ഭക്തനാണ്. വർഷത്തിൽ രണ്ടു തവണ സ്വാമിയെ കണ്ടുതൊഴാൻ ശബരിമലയ്ക്ക് പോകാറുണ്ട്. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിലെ ആക്ടീവ് മെംബറാണ്.

റിയൽ ലൈഫിൽ ‘ഭർത്താവിന്’ എത്ര മാർക്ക് നൽകും ?

അതു ഭാര്യ രമയോട് ചോദിക്കുന്നതല്ലേ നല്ലത്. ഡിസ്റ്റിങ്ഷൻ ലഭിക്കുമെന്നാണ് എന്റെയുറപ്പ്. കാരണം റിയൽ ലൈഫിൽ ഞാനേറ്റവും പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ്. ഭാര്യയും മക്കളുമാണ് എന്റെ എനർജി. ര ണ്ടാൺമക്കളാണ്. അക്ഷറും ഹൃദയ്‌യും. സഹോദരൻ ഗോപകുമാറും കുടുംബവും കൊച്ചിയിൽ സെറ്റിൽഡാണ്.

താമസസ്ഥലമായി ഊട്ടി തിരഞ്ഞെടുത്തത്?

അച്ഛന് ഊട്ടിയിലെ അയ്യപ്പന്റെ അമ്പലത്തിലായിരുന്നു ജോലി. വിരമിച്ച ശേഷം അച്ഛനും അമ്മയും ഊട്ടിയിൽ തന്നെ തുടർന്നു. ജോലി മടുത്തിറങ്ങിയപ്പോൾ കുടുംബത്തിനൊപ്പം കഴിയാമെന്ന് ഞാനും കരുതി. ബിസിനസ് തുടങ്ങിയപ്പോഴാണ് അഭിനയത്തിന് അവസരം കിട്ടുന്നത്. അ തോടെ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ.

നടൻ അജിത്തിന്റെ ലുക് ഉണ്ടെന്ന് പറയാറുണ്ടോ ?

എന്റെ സോൾട്ട് ആന്‍ഡ് പെപ്പർ ലുക്ക് അദ്ദേഹത്തെ കോപ്പിയടിച്ചതാണോ എന്ന് ചോദിച്ചവരുണ്ട്. സത്യം അതല്ല, ഭാര്യയ്ക്ക് ഞാൻ മുടിയും താടിയും കളർ ചെയ്യുന്നത് ഇഷ്ടമല്ല. നാചുറൽ ഈസ് ബെസ്റ്റ് എന്നാണ് രമയുടെ പോളിസി. എങ്കിൽ അങ്ങനെയാകട്ടെ എന്ന് ഞാനും കരുതി.

തമിഴ് നടൻ വിവേകുമായുള്ള സൗഹൃദം ?

ഞാനാദ്യമായി ഒരു ഡയലോഗ് പറഞ്ഞ സിനിമ അദ്ദേഹത്തിനൊപ്പമുള്ളതായിരുന്നു. കൂടെ അഭിനയിക്കുന്നവരെ അത്രയും സപ്പോർട്ട് ചെയ്യുന്ന വ്യക്തിത്വം. സൗഹൃദത്തേക്കാൾ അദ്ദേഹത്തോട് എനിക്ക് ആദരവായിരുന്നു. എല്ലാവരും കണ്ടു പഠിക്കേണ്ട വ്യക്തിത്വത്തിന് ഉടമ. ഇത്രയും വേഗം പോകേണ്ടയാൾ ആയിരുന്നില്ല.

ഈ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചാൽ?

എന്നെ കളിയാക്കിയതല്ലല്ലോ അല്ലേ? ഒരു രഹസ്യവുമില്ല. ഷൂട്ടില്ലാത്ത സമയത്തൊക്കെ വീട്ടിലേക്കുള്ള യാത്രകളിലായിരിക്കും. ജിമ്മിൽ പോകാനോ, വ്യായാമം ചെയ്യാനോ സമയം കിട്ടുന്നില്ല എന്നതാണ് വാസ്തവം.

ഫോട്ടോ: കാർത്തിക് പുനലൂർ