Friday 24 July 2020 04:52 PM IST

അപ്പച്ചൻ ആശ്വസിപ്പിച്ചിട്ടും കരച്ചിലടക്കിയില്ല; ‘എന്നാലും ജയ് മരിച്ചല്ലോ’; എനിക്കു പ്രിയം നൂറ്റാണ്ടിന്റെ ഷോലെ

Sreerekha

Senior Sub Editor

lal

ഫ്രൈഡേ ടാക്കീസ് – സിനിമാ കോളം

മൈ മോസ്റ്റ് ഫേവറിറ്റ് മൂവി-ലാൽ ജോസ്

അന്ന് കോഴിക്കോട് രാധാ തിയേറ്ററിൽ നിന്ന് ‘ഷോലെ’ കണ്ട് ഇറങ്ങുമ്പോൾ ഞാൻ കരയുകയായിരുന്നു. എന്നാലും ജയ് മരിച്ചല്ലോ. ജയ് ഇല്ലാത്ത ഈ ലോകത്ത് വീരു എങ്ങനെ ജീവിക്കും! അതോർത്ത് എനിക്കു വിതുമ്പലടക്കാനായില്ല. അപ്പച്ചൻ എന്നെ ആശ്വസിപ്പിച്ചു: ‘‘മോനേ. ഇത് സിനിമയാണ്. ജയ് സിനിമയിലെ കഥാപാത്രമാണ്. ജയ് ആയി അഭിനയിച്ച അമിതാഭ് ബച്ചന‍് ഒന്നും പറ്റിയിട്ടില്ലല്ലോ... ’’

എങ്കിലും കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിലങ്ങോളം എന്റെ മനസ്സ് വേദനിച്ചു െകാണ്ടിരുന്നു. വീരുവിന്റെ മടിയിൽ കിടന്ന് മരിച്ച ജയ് യെ ഒാർത്ത്, പ്രിയസുഹൃത്തിനെ എന്നേക്കുമായി നഷ്ടപ്പെട്ട വീരുവിനെ ഒാർത്ത്, പ്രതീക്ഷകളുടെ നിറങ്ങളെല്ലാം മാഞ്ഞു പോയി ആ വലിയ വീട്ടിൽ വീണ്ടും തനിച്ചായിപ്പോയ രാധയെ ഒാർത്ത്...

ജയ് മരിച്ച ശേഷം ആ ഗ്രാമത്തിൽ നിന്ന് മടങ്ങുന്ന വീരു തീവണ്ടിയിൽ കയറുന്നു... അതിനുള്ളിൽ ബസന്തി കാത്തിരിപ്പുണ്ട്... ബസന്തിയെ കെട്ടിപ്പിടിക്കുന്ന വീരുവിന്റെ മുഖത്ത് സന്തോഷം നിറ‍ഞ്ഞു നിൽക്കുന്നതു കണ്ടിട്ട് എനിക്കു സഹിക്കാനായില്ല. ജെയ് മരിച്ചിട്ടും അയാൾ ആഹ്ലാദവാനായി കാണപ്പെട്ടത് എനിക്കു സഹിക്കാനേ കഴിയുന്നില്ലായിരുന്നു. ‘യേ.. ദോസ്തി ഹം നഹി തോടേംഗേ...’ ആ പാട്ടിലെ രംഗങ്ങൾ മനസ്സിൽ മായാതെ തെളിഞ്ഞു െകാണ്ടിരുന്നു.

ഏഴു വയസ്സോ മറ്റോ ഉള്ളപ്പോഴാണ് ഞാൻ അപ്പച്ചനൊപ്പം കോഴിക്കോട് പോയ സമയത്ത് അന്നത്തെ ഹിറ്റ് സിനിമയായ ‘ഷോലെ’ കാണുന്നത്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ജയഭാദുരി, ഹേമമാലിനി, സഞ്ജീവ് കപൂർ, അംജദ് ഖാൻ തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം. 1975 ലാണ്. അതിനു ശേഷം എത്രയോ പടങ്ങൾ കണ്ടു. ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചതും മനസ്സിൽ നിന്ന് മാഞ്ഞു പോകാൻ കൂട്ടാക്കാത്തതും. പക്ഷേ, ‘ഷോലെ’ എന്ന സിനിമ മനസ്സിൽ ഉണ്ടാക്കിയ ഇംപ്രഷൻ ആണ് ഏറ്റവും വലുതെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഏറ്റവും പ്രിയപ്പെട്ട സിനിമയേതെന്ന് ചോദ്യത്തിനു മുന്നിൽ ഷോലെ എന്ന ഉത്തരം ആദ്യമേ കയറി വരുന്നത്.

ജയ്‌യിന്റെയും വീരുവിന്റെയും സൗഹൃദത്തിന്റെ കഥ

‘ഷോലെ’ എന്ന പേര് അർഥമാക്കും പോലെ അണയാത്ത പ്രതികാരത്തിന്റെ ‘തീക്കനൽ’ ആണ് ഈ സിനിമയുടെ പ്രമേയം. അതേ സമയം, ജയ്‌യിന്റെയും (അമിതാഭ് ബച്ചൻ) വീരു (ധർമേന്ദ്ര) വിന്റെയം സൗഹൃദം തന്നെയാണ് ‘ഷോലെ’യുടെ ഏറ്റവും ആകർഷക ഘടകം. മറ്റൊരു സിനിമയിലും കഥാപാത്രങ്ങൾ തമ്മിൽ അത്രമാത്രം പിരിയാനാവാത്തൊരു സൗഹൃദബന്ധം ഉണ്ടോയെന്ന് സംശയമാണ്. പിന്നെ, ജയ്‌യും രാധയും ( ജയഭാദുരി) തമ്മിലുള്ള നിശബ്ദ പ്രണയവും ഷോലെയിലെ ഹൃദയസ്പർശിയായ ഏടാണ്. നിറങ്ങളെ ഏറ്റവും സ്നേഹിച്ചിരുന്ന രാധ, നിറങ്ങളില്ലായിരുന്നെങ്കിൽ ഈ ലോകം എത്ര വിരസമാണ് എന്ന് ഒരിക്കൽ പറഞ്ഞിരുന്ന, ഹോളി ആഘോഷിക്കാൻ കൊതിച്ചിരുന്ന രാധ ഇന്ന് ഒരു വെള്ളസാരിയുെട വിരസതയണി‍ഞ്ഞ് ജീവിതം തള്ളി നീക്കുകയാണ്... സിനിമയുടെ അവസാനഭാഗത്തെ ഷോട്ടിൽ ജയ്‌യുടെ ചിത ദൂരെ എരി‍ഞ്ഞടങ്ങുമ്പോൾ അവൾ തന്റെ ജാലകങ്ങളടയ്ക്കുന്ന സീൻ ഒരിക്കലും മറക്കാനാവാത്തതാണ്.

കുട്ടിക്കാലത്താണ് ആദ്യം ‘ഷോലെ’ കണ്ടതെങ്കിലും പിന്നീട് പലവട്ടം ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്. കൗമാരത്തിലും യൗവനത്തിലുമെല്ലാം. ഒാരോ തവണയും ആ സിനിമ പകരുന്ന ത്രില്ലിന് ഒരു കുറവും വന്നിട്ടില്ല. ഞാൻ രണ്ടു വർഷത്തിലൊരിക്കലെങ്കിലും ഷോലെ കാണാറുണ്ട്. ഒാരോ തവണ കാണുമ്പോഴും അത് പുതിയ അനുഭവമാകുന്നു. ഷോലെ ഏറ്റവും ഒടുവിൽ കണ്ടത് രണ്ടു വർഷം മുൻപാണ്.

എന്റർടെയ്ൻമെന്റിന്റെ അവസാന വാക്ക്

എനിക്കു തോന്നുന്നു, എല്ലാ കാലത്തും ഇന്ത്യൻ സിനിമയിൽ എന്റ‍ർടെയ്ൻമെന്റിന്റെ അവസാന വാക്കായി തന്നെ ‘ഷോലെ ’ നിലനിൽക്കുന്നുവെന്ന്. സിനിമയുടെ ആരംഭത്തിലുള്ള തീവണ്ടിയിലെ സംഘട്ടനരംഗം, കുതിരപ്പുറത്തെ ഏറ്റുമുട്ടലുകൾ, ഗ്രാമത്തിലെ കൊള്ളക്കാരുടെ ആക്രമണ സീനുകൾ എല്ലാം പ്രേക്ഷകരുടെ ഹൃദമിടിപ്പേറ്റും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ തരം എന്റർടെയ്ൻമെന്റ് ചേരുവകളും സിനിമയിൽ പൂർണതയോടെ ഇഴുകി ചേർന്നിരിക്കുന്നു. ഗബ്ബാർ സിങ് എന്ന വില്ലൻ ക്രൂരതയുടെ അങ്ങേയറ്റത്തേക്കു പോകുന്ന കഥാപാത്രമാണ്. പ്രണയവും പ്രതികാരവും സൗഹൃദവും സംഘട്ടനങ്ങളും ഡയലോഗുകളും – പോപ്പുലർ സിനിമയുടെ ചേരുവകളെല്ലാം ഷോലെയിൽ ഏറ്റവും സമർഥമായി ഉൾച്ചേർന്നിരിക്കുന്നതാണ് അതിന്റെ ജനപ്രിയതയുടെ രഹസ്യമെന്ന് തോന്നുന്നു. ഗ്രാഫിക്സും ഡിജിറ്റൽ വർക്കുകളുമൊന്നുമില്ലാതിരുന്ന കാലത്തെടുത്ത ഒാരോ ഷോട്ടും ഏതു സംവിധായകനെയും വിസ്മയിപ്പിക്കും. സംവിധായകനെന്ന നിലയിൽ, എല്ലാ കാലത്തും സിനിമകൾ അതുപോലെ എന്റർടെയ്ൻ ചെയ്യണമെന്നും അതുപോലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തങ്ങണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാൻ.

lal111

ക്ലിന്റ് ഈസ്റ്റ്‌വുഡിനെ പോെല ബച്ചനും

20 വയസ്സിനു ശേഷമാണ് ഞാൻ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിനിമകൾ കണ്ടത്. ‘ദി ഗുഡ് ദി ബാഡ് ദി അഗ്ലി’ പോലുള്ള സിനിമകൾ. പിൽക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആരാധിക്കുന്ന നടനും സംവിധായകനും ആയി ക്ലിന്റ് ഈസ്റ്റ് ‌വുഡ് മാറിയതിനു പിന്നിലും ‘ഷോലെ’ എന്ന സിനിമ കുട്ടിക്കാലത്തു മനസ്സിലുണ്ടാക്കിയ സ്വാധീനമുണ്ടെന്നു തോന്നുന്നു. ‘ഷോലെ’യിൽ ബച്ചൻ ചെയ്ത കഥാപാത്രത്തിന് ക്ലിന്റ് ഈസ്റ്റ്‌ ‍വുഡിന്റെ ‘ദി ഗുഡ് ദി ബാഡ് ദി അഗ്ലി’ യിലെയും മറ്റും കഥാപാത്രങ്ങളുടെ സ്റ്റൈൽ ഉണ്ട്.

ഇന്ന് ക്ലിന്റ് ഈസ്റ്റ്‌വുഡിന് 88 വയസ്സായി. എങ്കിലും പ്രായം അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിക്കു തടസ്സമാകുന്നില്ല. ഇപ്പോഴും അദ്ദേഹം പുതിയ സിനിമയുടെ പണിപ്പുരയിലാണ്. തുടക്കക്കാലത്തെ തന്റെ ‘സ്റ്റൈലൈസ്ഡ് ആക്‌ഷൻ ഹീറോ’ എന്ന ഇമേജിൽ നിന്ന് അദ്ദേഹം എത്ര മാറി എന്നത് വിസ്മയകരമാണ്. പ്രായം എന്നത് ഒരു അക്കം മാത്രമാണെന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിക്കുന്നു. ബച്ചനും അതുപോലെ പ്രായത്തെ തോൽപിച്ച് ബോളിവുഡിൽ പുതിയ തരം വേഷങ്ങൾ ചെയ്യുന്നു. ബച്ചനോടും എനിക്ക് വലിയ ഇഷ്ടം തോന്നാറുണ്ട്.

ഠാക്കൂറിന്റെ പ്രതികാരത്തിന്റെ കഥ

ഇന്ത്യൻ– പാശ്ചാത്യ ‘ഡാക്കോയിറ്റ്’ സിനിമകളുെട സ്വാധീനം ‘ഷോലെ’യുടെ പ്രമേയത്തിലുണ്ട്. രാംഗർഹ് ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പൊലീസ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് തന്റെ ഗ്രാമത്തിൽ കഴിയുന്ന ടാക്കൂർ ബൽദേവ് സിങ്ങിന് ഒരു ജീവിതലക്ഷ്യമുണ്ട്. ആ ഗ്രാമത്തെ വിറപ്പിക്കുന്ന കൊള്ളസംഘത്തലവൻ ഗബ്ബാർ സിങ്ങിനോട് പ്രതികാരം ചെയ്യുക. പഴയ ഗൃഹത്തിൽ മരുമകൾ രാധയ്ക്കും ജോലിക്കാരൻ രാംസിങ്ങിനുമൊപ്പം കഴിയുന്ന ഠാക്കൂർ ആ പ്രതികാരം നിറവേറ്റാനായി രണ്ടു പേരുടെ സഹായം തേടുന്നു. വീരുവും ജയ്‌യും.. പണ്ട് താൻ െപാലീസിലായിരിക്കുമ്പോൾ പിടിച്ച കുറ്റവാളികൾ. അന്നേ അവരുടെ ധീരതയും മനസിന്റെ കോണിലെ നന്മയും ടാക്കൂർ തിരിച്ചറിഞ്ഞതാണ്.

വീരുവും ജയ്‌യും ഗ്രാമത്തിലെത്തുന്നു.ഗബ്ബാർ സിങ്ങിനെ ജീവനോടെ പിടിച്ച് തന്റെ മുന്നിലെത്തിക്കണമെന്നതാണ് ഠാക്കൂ ർ ഏൽപിച്ച ജോലി. തുടക്കത്തിൽ ഠാക്കൂർ വാഗ്ദാനം ചെയ്ത പണം മാത്രം മോഹിച്ച് അതേറ്റെടുക്കുന്ന അവർക്ക് പിന്നീടാ ദൗത്യം അവരുടെ കൂടി ലക്ഷ്യമാകുന്നു. വായാടിയായ വീരു ഗ്രാമത്തിലെ കുതിരവണ്ടിയോടിക്കുന്ന ബസന്തി (ഹേമമാലിനി)യിൽ ആകൃഷ്ടനാകുമ്പോൾ ജയ്‌‌യുടെ ഹൃദയം ഠാക്കൂറിന്റെ വിധവയായ മരുമകൾ രാധയിൽ അറിയാതെ ഉടക്കുന്നു. നിശബ്ദമായ അനുരാഗമാണത്. ഗ്രാമത്തിന്റെ പേടിസ്വപ്നമായി ഇടയ്ക്കിടെ ഗബ്ബാർ സിങ്ങിന്റെയും അനുയായികളുടെയും ഏറ്റുമുട്ടലുകൾ നടക്കുന്നു. വീരുവിന്റെയും ജയ്‌യിന്റെയും ധീരതയെ പരീക്ഷിക്കുന്നതാണ് ആ സംഘട്ടന രംഗങ്ങൾ.

സദാ ഒരു ഷോളിൽ തന്റെ ദേഹം മുഴുവനും പുതച്ചു നടക്കുന്ന ഠാക്കൂർ, രണ്ട് കൈകളും നഷ്ടപ്പെട്ടയാളാണെന്നറിഞ്ഞ് വീരുവും ജയ്‌യും നടുങ്ങി. ഗബ്ലാർ സിങ്ങിനെ ഒരിക്കൽ പിടികൂടി ജയിലിലടച്ചതിന്റെ പ്രതികാരമായിട്ടാണ് തനിക്ക് എല്ലാം നഷ്ടപ്പെട്ടതെന്ന സത്യം ഠാക്കൂർ വെളിപ്പെടുത്തുന്നു. ശക്തിയുടെ പ്രതിരൂപങ്ങളായിരുന്ന തന്റെ കരങ്ങൾ! തന്റെ എല്ലാ കുടുംബാംഗങ്ങളും... കൊച്ചുമകനെ പോലും...! അന്നു തൊട്ട് പ്രതികാരത്തിനായി എരിയുകയാണ് ഠാക്കൂറിന്റെ മനസ്സ്.

ജയ്‌ –വീരു സൗഹൃദത്തിന്റെ നിമിഷങ്ങളും പ്രണയവും ഗാനങ്ങളും പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ, മറു വശത്ത്, പ്രതികാരത്തിന്റെയും സംഘട്ടനങ്ങളുടെയും സീനുകൾ ഉദ്വേഗമേറ്റുന്നു. പക്ഷേ, സിനിമയിലെ ഏറ്റവും മനസ്സുരുകുന്ന സീൻ അവസാനഭാഗത്ത് െകാള്ളക്കാരുമായുള്ള ഏറ്റമുട്ടലിൽ ജയ് മരിക്കുന്ന രംഗമാണ്. വീരുവിന്റെ മടിയിൽ കിടന്ന് മരിക്കാൻ പോകുന്ന നേരത്ത് ജയ് പറയുന്നു:

‘‘എനിക്ക് ജീവിതത്തിൽ ഒരു നഷ്ടബോധവുമില്ല. ഞാനെന്റെ ജീവിതം മുഴുവനും എന്റെ ആത്മസുഹൃത്തിനൊപ്പം ചെലവഴിച്ചു... ഇപ്പോൾ ആ സുഹൃത്തിന്റെ മടിയിൽ കിടന്ന് ഞാൻ മരിക്കുന്നു... പക്ഷേ, ഒരു കാര്യം ഇനി ചെയ്യാനാവില്ലല്ലോയെന്നോർക്കുമ്പോൾ മാത്രം ദുഃഖമുണ്ട്. നിനക്കുണ്ടാകുന്ന കുട്ടികൾക്ക് നമ്മുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞു കൊടുക്കാനാവില്ലല്ലോ..... നീ നിന്റെ കുട്ടികൾക്ക് ആ കഥ പറഞ്ഞു കൊടുക്കില്ലേ വീരൂ? നമ്മുടെ ചങ്ങാത്തത്തിന്റെ കഥ... നീ അത് പറ‍ഞ്ഞു കൊടുക്കില്ലേ?’’

‘ജയ് നിനക്കൊരിക്കലും എന്നെ വിട്ടു പോകാനാവില്ലെ’ന്ന് പറ‍ഞ്ഞ് വിതുമ്പുന്ന വീരുവിന്റെ മടിത്തട്ടിൽ കിടന്ന് ജയ് അവസാനമായി കണ്ണടയ്ക്കുന്നു. അതു കണ്ട് നിശ്ചലയായി നിൽക്കുന്ന രാധയ്ക്ക് കരയാൻ പോലും ആകുന്നില്ല..

രാംഗർഹ് ഗ്രാമത്തിലേക്ക് ഠാക്കൂറിനു വേണ്ടി പ്രതികാരം ചെയ്യാൻ ജയ്‌യിന്റെ കൂടെ വന്ന വീരു, ആ പ്രതികാരം തന്റെ തന്നെ ആവശ്യമായി ഏറ്റെടുക്കുന്നു. ഠാക്കൂറിന്റെ പ്രതികാരാഗ്നിയിൽ ഒടുവിൽ ഗബ്ബാർ സിങ് എന്ന ക്രൂരവില്ലൻ കീഴ്പെട്ട ശേഷം വീരു ആ ഗ്രാമത്തിൽ നിന്ന് മടങ്ങുകയാണ്.. ആ മടക്കയാത്രയിൽ വീരുവിന്റെ കൂടെ ബസന്തിയുമുണ്ട്...

ഏറ്റവും വലിയ വിജയ ചിത്രം

രമേഷ് സിപ്പിയാണ് ഷോലെയുടെ സംവിധാനം. റിലീസ് 1975–ൽ. തിരക്കഥ: സലിം ഖാൻ– ജാവേദ് അക്തർ. ആർ. ഡി. ബർമന്റെ സംഗീതവും സിനിമയുടെ അനശ്വരമാക്കുന്നതിലെ അവിഭാജ്യ ഘടകമാണ്. സിനിമാട്ടോഗ്രഫി ദ്വാരക ദിവേച. ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ തനിമയോടെ പ്രേക്ഷക മനസ്സിൽ നിറയുന്ന രാംഗർഹ് എന്ന ഗ്രാമം ചിത്രീകരിച്ചിരിക്കുന്നത് കർണാടകയിെല രാമനഗരയിലെ പാറക്കെട്ടുകളിലാണ്. രണ്ടര വർഷം നീണ്ടു ചിത്രീകരണം.

റിലീസ് ചെയ്ത ദിനങ്ങളിൽ ഷോലെയ്ക്ക് നെഗറ്റീവ് നിരൂപണങ്ങളാണത്രേ കിട്ടിയത്. പിന്നീട് മൗത്ത് പബ്ലിസിറ്റി വഴി സിനിമ പെട്ടെന്ന് വിജയത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു. അതു വരെയുള്ള സിനിമാ കളക്‌ഷന്റെ റെക്കോർ‍ഡുകളെല്ലാം തിരുത്തി വൻവിജയം സ്വന്തമാക്കിയ ‘ഷോലെ’, വിദേശ രാജ്യങ്ങളിലും നിറഞ്ഞ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. മുംബൈയിലെ മിനർവാ തിയറ്ററിൽ അഞ്ചു വർഷം അടുപ്പിച്ച് ഷോലെ പ്രദർശിപ്പിച്ചു. അതു വരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽഏറ്റവും കളക്‌ഷൻ നേടിയ ചിത്രമായി ഷോലെ മാറി. 1994 –ൽ ‘ഹം ആപ്കേ ഹെയ്ൻ കോൻ’ ഇറങ്ങിയപ്പോഴാണ് ആ റെക്കോർഡ് തിരുത്തപ്പെട്ടെതെങ്കിലും, ഇതു വരെയുള്ള ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയം നേടിയ സിനിമയായി ‘ഷോലെ’ ഇന്നും കരുതപ്പെടുന്നു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 2002–ൽ നടത്തിയ ‘എക്കാലത്തെയും മികച്ച 10 ഇന്ത്യൻ സിനിമ’കളുെട ലിസ്റ്റിൽ ഒന്നാമതു വന്ന സിനിമ ‘ഷോലെ’ ആയിരുന്നു. 50–ാം ഫിലിം ഫെയർ അവാർഡ്സിൽ അരനൂറ്റാണ്ടിന്റെ മികച്ച സിനിമയായും ‘ഷോലെ’ തിരഞ്ഞെടുക്കപ്പെട്ടു.

‘ഷോലെ’യെ കുറിച്ച് അധികം അറിയാത്ത കാര്യങ്ങൾ

ഇന്ത്യൻ സിനിമയിെല ‘എപിക് ഫിലിം’ ആയി കരുതപ്പെടുന്ന ‘ഷോലെ’യെ കുറിച്ച് അധികമാർക്കും അറിയാത്ത രസകരമായ ചില വസ്തുതകളുണ്ട്:

∙ ബച്ചൻ ചെയ്ത ജയ്‌യുടെ റോളിൽ ആദ്യം കാസ്റ്റ് ചെയ്യാനാഗ്രഹിച്ചിരുന്നത് ശത്രുഘ്നൻ സിൻഹയെ ആയിരുന്നു.

∙ ഗബ്ബാർ സിങ്ങിന്റെ വേഷത്തിനു പകരം ആദ്യം പരിഗണിച്ചത് ഡാനി ഡെൻസോങ്പായെ ആണ്.

∙ അംജദ് ഖാന്റെ ശബ്ദത്തിനു വേണ്ടത്ര കരുത്തില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ഗബ്ബാർ സിങ്ങിന്റെ റോളിൽ നിന്ന് ഒഴിവാക്കാൻ ആദ്യം തീരുമാനിച്ചിരുന്നു.

∙ ധർമേന്ദ്ര ചെയ്യാനാഗ്രഹിച്ചത് ഠാക്കൂറിന്റെ റോൾ ആയിരുന്നു. പക്ഷേ, സിനിമയിൽ ഹേമമാലിനിയുടെ ജോഡി ആയതിനാലാണ് വീരുവിന്റെ വേഷം സ്വീകരിച്ചത്.

∙ സെറ്റിലെ ലൈറ്റ് ബോയ്ക്ക് ടിപ് കൊടുത്ത് ധർമേന്ദ്ര ഹേമമാലിനിയുമൊത്തുള്ള അടുപ്പമുള്ള രംഗങ്ങൾ പല വട്ടം റീ ടേക്ക് എടുപ്പിച്ചിരുന്നത്രേ.

∙ ഷോലെ ഇറങ്ങി അഞ്ചു വർഷം ആയപ്പോൾ ധർമേന്ദ്രയും ഹേമമാലിനിയും വിവാഹിതരായി.

∙ ഷോലെയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു വർഷം മുൻപ് അമിതാഭ് ബച്ചനും ജയഭാദുരിയും വിവാഹിതരായിരുന്നു. ഷോലെയിൽ അഭിനയിക്കുന്ന സമയത്ത് ജയാ ബച്ചൻ ഗർഭിണിയായിരുന്നു.

∙ ഷോലെ ഷൂട്ട് ചെയ്ത കർണാടയിലെ ഗ്രാമം ‘രാമനഗര’ പിന്നീട് സിനിമയിലെ ഗ്രാത്തിന്റെ പേരായ രാംഗർഹ് എന്നറിയപ്പെടാൻ തുടങ്ങി. ‘ഷോലെ റോക്ക്സ്’ എന്നറിയപ്പെടുന്ന ഇവിടുത്തെ പാറക്കെട്ടുകൾ ഇന്ന് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്.

∙ ആദ്യ സ്ക്രിപ്റ്റിൽ ഠാക്കൂർ ഗബ്ബാർ സിങ്ങിനെ അവസാനം കൊല്ലുന്നതായിട്ടായിരുന്നു.

∙ ഇന്ത്യയിലെ ആദ്യ സ്റ്റീരിയോ ഫോണിക് സൗണ്ട് ഉള്ള 70 എംഎം സിനിമ ഷോലെ ആണ്.

∙ ക്ലൈമാക്സിലെ ഫൈറ്റ് സീനിൽ ഉപയോഗിച്ചത് യഥാർഥ ബുള്ളറ്റുകൾ ആയിരുന്നു. ഇതിൽ ചിലത് അമിതാഭിന്റെ ദേഹത്ത് കൊള്ളാതെ പോയത് തലനാരിഴയ്ക്കാണ്.

∙ സിനിമ ഇറങ്ങിയ വർഷം ഷോലെയ്ക്ക് ഒരു അവാർഡ് മാത്രമാണ് കിട്ടിയത്; എഡിറ്റിങ്ങിന്.

∙ ബിബിസി ഷോലെയെ ‘ഫിലിം ഒാഫ് ദി മിലേനിയം’ എന്ന് 1999–ൽ വിശേഷിപ്പിച്ചു.