Friday 28 January 2022 02:33 PM IST

‘ഒരിക്കൽ ഒരു ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായി’: ലക്ഷ്മി വാരിയർ പറയുന്നു

Ammu Joas

Sub Editor

lekshmi-warrior

‘ജാൻ എ മൻ’ എന്ന ഹിറ്റ് സിനിമ നിർമിച്ച ലക്ഷ്മി വാരിയരുടെ സിനിമയിലേക്കുള്ള ബ്യൂട്ടിഫുൾ ട്രാവൽ

ലിജോച്ചേട്ടന്റെ ആ ചോദ്യം

ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേർന്നു രണ്ടാം വ ർഷം മനസ്സിലായി കംപ്യൂട്ടറിനു മുന്നില്‍ അര മണിക്കൂർ പോലും തികച്ചിരിക്കാൻ എന്നെക്കൊണ്ടാകില്ല എന്ന്. അങ്ങനെ ട്രാവൽ & ടൂറിസം കോഴ്സിനു ചേർന്നു. പിന്നെ സ്വന്തമായി ട്രാവൽ കമ്പനി തുടങ്ങി. അച്ഛൻ ന ന്ദകുമാർ ക്രിക്കറ്റ് അംപയറായിരുന്നു. അച്ഛന് ക്രിക്കറ്റ് വഴി കിട്ടിയ സൗഹൃദമാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമകളിൽ ട്രാവൽ പാർട്നർ ആയി എന്റെ കമ്പനിക്ക് ചാൻസ് കിട്ടുമോ എന്നറിയാനാണ് ലിജോ ചേട്ടനെ കണ്ടത്. അദ്ദേഹമാണ് പ്രൊഡക്‌ഷൻ മാനേജരായി നോക്കിക്കൂടെ എന്നു ചോദിച്ചത്.

വനിത പ്രൊഡക്‌ഷൻ മാനേജർ

ഡയറക്ടർക്കും നിർമാതാവിനും ഇടയിലുള്ള പാലമാ ണ് പ്രൊഡക്‌ഷൻ കണ്‍ട്രോളർ. പ്രൊഡക്‌ഷൻ കണ്‍ ട്രോളറുടെ അസിസ്റ്റന്റ് ആണ് പ്രൊഡക്‌ഷൻ മാനേജ ർ. ‘സാഹസം’ എന്ന തെലുങ്ക് സിനിമയിലാണ് തുടക്കം. ‘സക്കറിയയുടെ ഗർഭിണികളാ’ണ് ആദ്യ മലയാള സിനിമ. അസോസിയേഷൻ മെമ്പർഷിപ് എടുത്ത ശേഷം ചെയ്യുന്ന ആദ്യ സിനിമ ‘സൈലന്‍സ്’. മലയാളത്തിലെസ്ത്രീ പ്രൊഡക്‌ഷൻ മാനേജർ റോളിൽ തിളങ്ങാൻ കഴിയുന്നുവെന്നത് സ്വകാര്യ അഭിമാനമാണ്.

മമ്മൂക്ക തന്ന സപ്പോർട്ട്

സിനിമാ നിർമാണ മേഖലയിൽ ഏറ്റവും സപ്പോർട്ട് ചെയ്തത് മമ്മൂക്കയാണ്. ‘മാനേജ്മെന്റ് തലത്തിൽ സ്ത്രീകൾ നന്നായിരിക്കും’ എന്നു പറഞ്ഞ് അദ്ദേഹം എന്നെ പലർക്കും റഫർ ചെയ്തിട്ടുണ്ട്. ഇപ്പോഴും ജീവിതത്തി ൽ ഓരോ നാഴികക്കല്ലുകൾ തൊടുമ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് അറിയിക്കാറുണ്ട്.

കട്ടയ്ക്ക് ഒപ്പം നിൽക്കുന്ന മറ്റൊരാൾ ഭർത്താവ് ഹരിലാലാണ്. ഡോയിഷ് ബാങ്കിലാണ് അദ്ദേഹം വർക് ചെയ്യുന്നത്. വിവാഹശേഷമാണ് ഞാൻ സിനിമയിലെത്തിയത്, 25ാം വയസ്സിൽ. 2022ൽ പത്തു വർഷമാകുന്നു എന്റെ സിനിമായാത്രയ്ക്ക്.

സ്ത്രീയായതു കൊണ്ടു മാത്രം

പുരുഷ മേധാവിത്വമുള്ള മേഖലയാണ് സിനിമ എന്നാണ് പൊതുധാരണ. അവിടെ ഒരു സ്ത്രീ നിർദേശം നൽകുമ്പോൾ പലർക്കും ഉത്തരവുകളായി തോന്നാം. വണ്ടികൾക്കു കോൾ ടൈം നൽകുന്നത് പ്രൊഡക്‌ഷൻ മാനേജരുടെ ജോലിയാണ്.‍ ഒരിക്കൽ ഒരു ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ, കാലം കഴിയുന്തോറും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്.

ചിയേഴ്സ് എന്റർടെയിൻമെന്റ്സ് എന്ന പ്രൊഡക്‌ഷൻ ഹൗസിന്റെ അമരത്ത് എനിക്കൊപ്പം ഏഴു വർഷമായി ഉ ള്ള വ്യക്തിയാണ്, ഗണേഷ് മേനോൻ.

അത് ദൈവത്തിന്റെ വികൃതി

‘വികൃതി’ എന്ന സിനിമയുടെ ലൈൻ പ്രൊഡക്‌ഷൻ ആണ് ഞങ്ങൾ ഏറ്റെടുത്തിരുന്നത്. പ്രൊഡ്യൂസറുടെ അസാന്നിധ്യത്തിൽ സെറ്റിലെ കാര്യനിർവഹണം ആണ് ജോലി. പക്ഷേ, അവസാന നിമിഷം ആ സിനിമ നിർമിക്കേണ്ടി വന്നു. ഞങ്ങൾക്കൊപ്പം എ.ഡി. ശ്രീകുമാറും ചേർന്നാണ് ‘വികൃതി’ നിർമിച്ചത്.

അച്ഛനും അമ്മ അംബികയ്ക്കും ആശങ്കയുണ്ടായിരുന്നു, ജീവിതത്തിന് അടിത്തറ പാകാൻ സിനിമയ്ക്കാകുമോ എന്ന്. പക്ഷേ, എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

ഹമാരാ ജാൻ എ മൻ

ഒടിടി സിനിമകളെ സ്നേഹിച്ചു തുടങ്ങിയ മലയാളികൾ തിയറ്ററിലേക്കു വരുമോ എന്ന ടെൻഷനോടെയാണ് ഞാ നും ഗണേഷ് മേനോനും ‘ജാൻ എ മൻ’ പ്രൊഡ്യൂസ് ചെയ്യാനിറങ്ങിയത്. ഓരോ ആർട്ടിസ്റ്റിനും കാരവൻ എടുക്കുക ചെലവേറിയ കാര്യമാണ്. എതിർവശത്തുള്ള രണ്ടു വീടുകളിലാണ് ഷൂട്ടിങ്. ഈ വീടുകൾക്കടുത്തുള്ള ബംഗ്ലാവ് കൂടി ഒന്നര മാസത്തേക്ക് വാടകയ്ക്ക് എടുത്തു. അവിടെയാണ് താരങ്ങൾ വിശ്രമിച്ചത്. ഒന്നിച്ചുള്ള ആ ഇരിപ്പിലെ ചിരി, മാലപ്പടക്കം പോലെ തിയറ്ററിനെ ഇളക്കി. പുതിയ പ്രൊജക്റ്റ് അനൗൺസ് ചെയ്യാറായിട്ടില്ല.