Saturday 06 October 2018 03:41 PM IST

‘നീ തുമ്പപ്പൂവാണെങ്കിൽ ഞാൻ തേനീച്ചയാകാം..’; കട്ട പ്രേമകഥകളുമായി പെപ്പെയും ചിന്നുവും

Unni Balachandran

Sub Editor

san
ഫോട്ടോ: ശ്യാം ബാബു

ഗൗരവം ഭാവിക്കുന്ന മുഖത്ത് അറിയാതെ വിരിയുന്ന ചിരിയിൽ കുടുങ്ങി നിൽക്കുകയാണ് ആന്റണി വർഗീസ്. ആദ്യ സിനിമയിൽ കിട്ടിയ ‘പെപ്പെ’ എന്ന ഓമനപ്പേരുമായി നടക്കുന്ന ആന്റണിയുടെ ചിരി സാനിയ അയ്യപ്പനെ കണ്ടിട്ടാണ്. ഹിറ്റ് ചിത്രമായ ക്വീനിൽ മെക്ക് റാണിയായി വിലസിയ സാനിയക്കുമുണ്ട് കഥാപാത്രത്തിന്റെ പേരിലുള്ള പ്രശസ്തി. സാനിയ ഇപ്പോൾ എല്ലാവർക്കും ചിന്നുവാണ്.

ഈ പേരുകളിൽ മാത്രമേ രണ്ടാൾക്കും സാമ്യമുള്ളൂ. പെപ്പെ ഡിഗ്രിക്കും ഷോർട് ഫിലിം അഭിന യത്തിനും ശേഷം രണ്ടാമത്തെ സിനിമയായ ‘സ്വാതന്ത്ര്യം അർധരാത്രി’ വരെ എത്തിയെങ്കിൽ സാനിയ മഴവിൽ മനോരമയിലെ ‘ഗം ഓൺ ഡി 2’ ഡാൻസ് റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനത്തെത്തിയ പ ത്താം ക്ലാസ് വിദ്യാർഥിയാണ്. രണ്ടാളുടെയും ചിരിയിലുണ്ട് ചെറിയ നാണം. കാരണം അവർ പറയാൻ പോകുന്നത് പ്രണയ രഹസ്യങ്ങളും വിവാഹ സങ്കൽപങ്ങളുമാണ്.

∙പെപ്പെയ്ക്ക് ഏറ്റവും പേടി തോന്നിയിട്ടുള്ളത് എപ്പോഴാ ?

∙ദേ, ഇപ്പൊ നീയടുത്തിരിക്കുന്നത്.

∙ഈ ജാഡയ്ക്കു മാത്രം ഒരു കുറവുമില്ലല്ലോ?

∙ഓഹോ, അവാർഡിന് നമ്മൾ ആദ്യം കണ്ടപ്പൊ ആരാ ജാഡ കാണിച്ചേ, ഞാനാണോ? നീയല്ലേ ഞാൻ ഹായ് പറഞ്ഞപ്പോൾ മിണ്ടാതെ പോയത്.

∙ ആദ്യം കൈ വീശി കാണിച്ചത് ഞാനല്ലേ. നീ മൈൻഡ് ചെയ്യാതെ പോയില്ലേ.

∙ ഒാഹോ, പ്രതികാരമായിരുന്നല്ലേ?

∙ പിന്നല്ലാതെ. ജാഡയ്ക്കൊരു മറുജാഡ. അതല്ലേ അതിന്റെയൊരു കറക്ട് രീതി. ചെറുക്കനിപ്പോഴും പഴയ പള്ളിയങ്ങാടി കലിപ്പിലാണല്ലോ. അങ്കമാലി ഡയറീസ് കഴിഞ്ഞിട്ടും നീ കലിപ്പൊന്നും വിട്ടില്ലേടേ?

∙പിന്നെ, ഇപ്പൊ ഞാൻ ഭയങ്കര റൊമാന്റിക്കല്ലേ ?

∙ വെറുതേ പറഞ്ഞാൽ പോരാ. അത് ബാക്കിയുള്ളവർക്കും തോന്നണം.

∙ഒരുപാട് തോന്നിപ്പിച്ചിട്ടുള്ളതാ, ഇപ്പോ വയ്യ. റെസ്റ്റാണ്.

∙ ഈശ്വരാ ഈ ചെറുക്കന് പ്രേമമോ? കഥ പറ, എന്നോടു പറ

∙അതൊക്കെ പറയാം. പക്ഷേ, അപ്പോ നീയും കൂടണം .

∙ഓകെ ഡീൽ. സമ്മതിച്ചിരിക്കുന്നു.

∙എട്ടാം ക്ലാസ്സീന്ന് തുടങ്ങാം. എന്റെ കൂടെ ട്യൂഷന് പഠിക്കുന്ന കൊച്ചായിരുന്നു.

∙ പേരു പറഞ്ഞാല്‍ സിംബലടിക്കാമായിരുന്നു.

∙അങ്ങനെ നീ സിംബലടിക്കണ്ട. എനിക്കവളെ ഇഷ്ടമായിരുന്നു. പക്ഷേ, പറഞ്ഞില്ല. എന്റെ കൂടെ ക്രിക്കറ്റൊക്കെ കളിക്കുന്ന കൂട്ടുകാരന്റെ ചേച്ചിയായിരുന്നു അത്. വെറുതേ പറഞ്ഞിട്ട് ഒരു പണി മേടിക്കണ്ടെന്നു ഞാനും വിചാരിച്ചു.

∙ ആഹാ!! അവസാനം അവൾടെ ആങ്ങള ഭിത്തിയിൽ ചേ ർത്തു നിർത്തി ഇടിച്ചു കാണും.

∙കുറച്ചു കാലം കഴിഞ്ഞാണ് അവളെ ഇഷ്ടമായിരുന്നോന്ന് അവനെന്നോട് ചോദിക്കുന്നത്. ഞാൻ കാര്യം പറഞ്ഞപ്പോ അവൾടെ നമ്പറൊക്കെ തരാമെന്ന് പറഞ്ഞവൻ. കൂടുതൽ അന്വേഷിച്ചപ്പോഴല്ലേ മനസ്സിലായെ, അവൾക്കും എന്നെ ഇ ഷ്ടായിരുന്നു.

∙ അമ്പൊ, കട്ട ട്വിസ്റ്്, എന്നിട്ടവളെ ലൈനടിച്ചാ?

∙ഏയ്.അവനത് പറഞ്ഞത് ഒരുപാട് കാലം കഴിഞ്ഞാണ്. അപ്പോൾ എന്റെ മനസിലാ പ്രേമമേ ഇല്ലായിരുന്നു. അതു വിട്ടു.

_C2R6015_1
ഫോട്ടോ: ശ്യാം ബാബു

∙ അയ്യേ !! ഇതാണോ കട്ട ഹീറോ, ധൈര്യമില്ലാത്തവനൊന്നും പ്രേമിക്കാൻ നടക്കരുത്.

∙പിന്നെ, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇത്രയൊക്കെ ധൈ ര്യമേ ആൺപിള്ളേർക്ക് കാണൂ. പതുക്കെ പതുക്കെയാണ് നമ്മളൊരു കിടിലൻ പുരുഷനാകുന്നത്. ദേ, ദിതുപോലെ.

∙ ഡാ, കൊച്ചേർക്കാ. എട്ടാം ക്ലാസിൽ പഠിക്കുമ്പൊ നല്ല കി ടിലനൊരു ചെക്കനെ പ്രപ്പോസ് ചെയ്തിട്ടുണ്ട്, ഈ ഞാൻ. അതും അവന്റെടുത്തോട്ട് ചെന്നിട്ട്.

∙ഈ കഥ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്റെ കഥയിൽ ഞാൻ കുറച്ചൂടെ മാസ് ആയേനെ. അത് പോട്ടെ, ഇതിന്റെ ബാക്കി പറ.

∙ എനിക്കവനെ ഇഷ്മായിരുന്നു, അവനും തിരിച്ചിഷ്ടമാന്ന് അറിയാവുന്നകൊണ്ട് അത്യാവശ്യം ധൈര്യവും സംഭരിച്ചാണ് ഞാൻ ചെല്ലുന്നത്. കക്ഷി ഫൂഡ് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഞാൻ വല്യ നമ്രശിരസ്കയൊന്നും ആകാതെ അടുത്തു ചെന്ന് പറഞ്ഞു, എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. അതു കേട്ടപ്പോഴെ പൊടി ചിരി വിരിയുന്നതു ഞാൻ കണ്ടു. പക്ഷേ, ഭയങ്കര ഗൗരവത്തിലായിരുന്നു പ്രതികരണം. ‘ ആ.. കുട്ടി പ റയൂ’ എന്ന ലൈൻ.

∙അതങ്ങനെയാ, ഞങ്ങൾ ആണുങ്ങൾ പാവങ്ങളാ. മസിലൊക്കെയുണ്ടെങ്കിലും കുഞ്ഞ് മനസ്സാ, പെട്ടെന്ന് അലിയും.

∙ ബാക്കി കൂടെ കേൾക്ക്. കക്ഷിയുടെ ചിരി കണ്ടപ്പൊ ഞാൻ പറഞ്ഞു, കാര്യം മനസിലായി കാണുമല്ലോയെന്ന്. അപ്പോ പിന്നേം അഭിനയം. അയ്യോ, ഇല്ല അറിയില്ല. പറയൂന്നൊക്കെ പറഞ്ഞ് ഭയങ്കര ഷോ. അങ്ങനെയിപ്പോ പറയുന്നില്ലെന്ന് വച്ച്, ഞാൻ പോകാൻ പോയപ്പൊ ഭയങ്കര നിർബന്ധം, അവസാനം ഞാൻ പറഞ്ഞു, എനിക്കിഷ്ടമാണെന്ന്.

∙അടിപൊളി, അടിപൊളീ.. നീ ഭയങ്കര സംഭവാണല്ലോ മുത്തേ.

∙ അങ്ങനെയാ ഞാനും കരുതിയത്. ആ ദുഷ്ടൻ എന്നോട് പറയുവാ ആലോചിക്കാൻ കുറച്ചു സമയം വേണമെന്ന്.

∙ഛേ, കളഞ്ഞു,

∙ ആണെന്നേ. ഞാൻ അങ്ങോട്ട് ചെന്നു പറഞ്ഞപ്പോഴാ അവന് അതുവരെ ഇല്ലാത്ത മുടിഞ്ഞ ജാഡ. എങ്ങനെ ദേഷ്യം വരാതിരിക്കും. ആദ്യം കേട്ടപ്പൊ നല്ല ഇടികൊടുക്കാൻ തോന്നിയെങ്കിലും പിന്നെ, ആലോചിച്ചപ്പോൾ തോന്നി ഇത്ര സീരിയസായ കാര്യമായോണ്ടാകും അവൻ ആലോചിക്കട്ടേ യെന്ന് പറഞ്ഞതെന്ന്. ആത്മാർഥതക്കാരൊക്കെ അങ്ങനെയാരിക്കും എന്നും കരുതി. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ പിന്നേം ചോദിച്ചു. അവൻ വീണ്ടും, എനിക്കിനിയും സമയം വേണമെന്ന്.

∙അവൻ ബുദ്ധിയുള്ളവനാ. നിന്നെ കല്യാണം കഴിച്ചാലുള്ള അനന്തര ഫലങ്ങളെ പറ്റിയവനു നല്ല ബോധമുണ്ട്.

∙ എന്നേക്കാൾ പ്രായത്തിൽ മൂത്തതാണെന്ന് ഞാൻ നോക്കൂല്ലാ, ഇടിക്കും കേട്ടാ. ഇമോഷനലായി ഹൃദയം തുറന്ന് കഥ പറയുമ്പോഴാണോടാ കോമഡി ട്രാക്.

∙സോറി, ഡിയർ, നീ കണ്ടിന്യൂ.

∙ അത് കഴിഞ്ഞ് ഞാൻ വീട്ടിൽ പോയി ഫോണും ഓഫാക്കി വച്ച്, ഡാൻസ് ക്ലാസിനും പോകാതെയിരുന്നു. രണ്ട് ദിവസം ക ഴിഞ്ഞാണ് ഞാൻ ഫോൺ നോക്കുന്നത്. അറിയാത്ത നമ്പറിൽ നിന്നു മെസേജ് വന്നിരിക്കുന്നു. എന്നെ കാണാതെയിരുന്നിട്ട് മിസ് ചെയ്യുന്നു, ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ആശ്വാസമായത്. രണ്ടു വർഷം നല്ല സ്റ്റൈലായിട്ടു പ്രേമിച്ചു. പിന്നെ, കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം. ചില്ലറ ഉടക്കിൽ തുടങ്ങി അതങ്ങ് പോയി.

∙ഗുരുവേ... വൈകിപ്പോയല്ലോ ഭവതിയെ മനസ്സിലാക്കാൻ.

∙ ഗുരുവാക്കാൻ വരട്ടേ മോനെ. മഹാരാജാസില്‍ സീനിയറി നെ പ്രപ്പോസ് ചെയ്തൊരു കഥ ഞാൻ കേട്ടിട്ടുണ്ടല്ലൊ.

∙അതൊരു വൻ കോമഡിയാ. കഥ നീ കേട്ട പോലെയേ അല്ല.

∙കൊറച്ചൂടെ മാസ്സായിരിക്കും അല്ലേ? എന്തായാലും പറ.

_C2R5784
ഫോട്ടോ: ശ്യാം ബാബു

∙ മഹാരാജാസിൽ ബിഎസ്‌സി ഇൻസ്ട്രമെന്റേഷനു പഠിക്കുന്ന സമയം. ഞങ്ങൾ ഫസ്റ്റ് ഇയേഴ്സിനെ റാഗ് ചെയ്യാനായി സെക്കൻഡ് ഇയേഴ്സും ഫൈനൽ ഇയേഴ്സും ഒരുമിച്ചാണ് വന്നത്. ദിവസവും പുഷ്അപ് എടുക്കലും കട്ടിപണിയെടുപ്പിക്കലുമായിരുന്നു സ്ഥിരം പരിപാടി. അന്ന് പക്ഷേ, എന്തെങ്കിലും അഭിനയിച്ചു കാണിക്കാനാണ് അവർ പറഞ്ഞത്. റാഗ് ചെയ്യാൻ വന്നവരുടെ കൂട്ടത്തിൽ സെക്കൻഡ് ഇയറിലെ കാണാൻ സുന്ദരിയായൊരു ചേച്ചിയുണ്ടായിരുന്നു.

∙അതല്ലെങ്കിലും അടി വാങ്ങി തരാൻ സീനിയേഴ്സിലെപ്പോഴും കാണാൻ കൊള്ളാവുന്നൊരു ചേച്ചി ഉണ്ടാകും.

∙ അതാന്നേ. സീനിയേഴ്സെന്നോട് ആ ചേച്ചിയെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞു. ഞാൻ പരമാവധി ഒഴിഞ്ഞു മാറാൻ നോ ക്കി, വന്ദനം സിനിമയിലേതു പോലെ ‘ഐ ലവ് യൂ’ എന്നൊക്കെ തമാശയ്ക്ക് പറഞ്ഞു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. കൈയിലുള്ള നമ്പറൊക്കെ തീർന്നു, നാണംകെട്ട് ഒരു വഴിയായി. അവസാനം രണ്ടും കൽപിച്ചൊരു ഡയലോഗാണ് ‘ നീ തുമ്പ പ്പൂവാണെങ്കിൽ ഞാൻ തേനീച്ചയാകാം’. അത് കേട്ടതും എ ല്ലാവരും വലിയ ചിരി, കൈയടി. കോളജ് ഓളത്തിനൊപ്പം ആ ഡയലോഗും എല്ലാവർക്കും ഓക്കെയായി.

∙ ഇത്രയേ ഉള്ളോ?

∙ അല്ലെന്നേ. സംഭവം മുഴുവനും കഴിഞ്ഞിട്ട് ഞാൻ വീട്ടിൽപ്പോയി. വൈകിട്ടു കൂട്ടകാരെന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാ ഞാനും ഞെട്ടുന്നത്. സെക്കൻഡ് ഇയറിലെ സുന്ദരി ചേ ച്ചിയോട് തേർഡ് ഇയറിലെ ചേട്ടന് കട്ട ലവ് ആയിരുന്നു. അതുകൊണ്ടു ഞാൻ ചേച്ചിയെ പ്രപ്പോസ് ചെയ്തത് അങ്ങേർക്കു തീരെ ഇഷ്ടപ്പെട്ടില്ല. അടുത്ത ദിവസം കോളജിൽ ചെന്നപ്പോഴാണ് അറിയുന്നത് ഈ വിഷയത്തിന്റെ പേരിൽ സീനിയേഴ്സ് തമ്മിൽ ഉഗ്രൻ അടിയായിരുന്നെന്ന്. എനിക്കിട്ട് ഭാഗ്യത്തിനു പണിയൊന്നും കിട്ടിയില്ല. പക്ഷേ, ഈ സംഭവം കാരണം മഹാരാജാസിലെ ആ ഫസ്റ്റ് ഇയർ ബാച്ചിന് പിന്നീട് റാഗിങ് അനുഭവിക്കേണ്ടി വന്നിട്ടല്ല.

∙ കേരളത്തിലെ സൂപ്പർഹിറ്റ് കോളജുകളിലൊന്നായ മഹാരാജാസിലെ റാഗിങ് ഒറ്റ ദിവസം കൊണ്ട് തീർത്തിട്ടൊണ്ട് പെ പ്പെ, വെറും ഒറ്റദിവസംകൊണ്ട്. എന്ത് തള്ളാടൊ?

∙ മഹാരാജാസിലെ മൊത്തമെന്നല്ല. ഞങ്ങൾടെ ബാച്ചിലെ മാത്രം, അതിന് അത്ര വല്യ ഹീറോയിസമൊന്നും ആവശ്യമില്ല.

∙ എന്നിട്ട് ആ ചേച്ചിയെ പ്രേമിച്ചാ നീ ? അതോ പ്രായക്കൂടുത ലായോണ്ട് വിട്ടുകളഞ്ഞോ?

∙ ഏയ്, അവർ പറഞ്ഞപ്പോ പ്രപ്പോസ് ചെയ്െതന്നല്ലാതെ എനിക്ക് ഇഷ്ടമൊന്നും തോന്നിയിട്ടില്ല. പിന്നെ, പ്രേമിക്കാൻ പ്രാ‌യ വ്യത്യാസമേ പ്രശ്നമല്ലല്ലോ. നമ്മടെ സച്ചിൻ തെണ്ടുൽക്കർ ഇല്ലേ കിടിലനൊരു ഉദാഹരണമായിട്ട്.

∙ അതാണ്. സച്ചിൻ ക്രിക്കറ്റിൽ മാത്രമല്ല, ലൈഫിലും പുലിയ ല്ലേ. എന്റെ സങ്കൽപത്തിൽ പ്രായം ഒന്നും കടന്നു വരാറില്ല. പക്ഷേ, എന്നെ മനസ്സിലാക്കാനുള്ള ഒരു സെൻസ് കൂടെ പ യ്യന് വേണം കേട്ടൊ. എന്റെ പ്രഫഷനെ സ്നേഹിക്കുന്ന, എനിക്കു ഫ്രീഡം തരുന്ന ആൾ. അപ്പൊ ഇത്രയേ ഉള്ളൂ നിന്റെ പ്രേമക്കഥകൾ.

_C2R5757-copy
ഫോട്ടോ: ശ്യാം ബാബു

∙ എന്റെ ശരിക്കുമുള്ള പ്രണയം ഇതൊന്നും ആയിരുന്നില്ല.

∙ആഹാ.. മാടമ്പള്ളിയിലെ പ്രണയ രോഗി അപ്പോ നീയായി രുന്നല്ലെ?

∙ഏയ്, അങ്ങനൊന്നുമല്ല. എനിക്കൊരു പ്രണയമുണ്ടെന്നൊക്കെ പറയാനാണെങ്കിൽ ഇതു മാത്രമേയുള്ളൂ. കാരണം നന്നായിട്ട് വിഷമിച്ചിരുന്നു അതിന്റെ പേരിൽ.

∙ ത്രില്ലടിപ്പിക്കാതെ പറ മോനെ, ദിനേശാ

∙ അങ്ങനെ പറയാനൊന്നും എനിക്കറിയില്ല. അഞ്ച് വർഷം ഞാനവളുടെ പിന്നാലെ നടന്നിട്ടാണ് അവളൊന്നു സമ്മതിച്ചത്. പക്ഷേ, ഒരാഴ്ചയേ ഞങ്ങൾടെ പ്രേമം നീണ്ടു നിന്നുള്ളൂ.

∙ അതെന്താ ?

∙ അന്ന് ഞാനൊട്ടും സെറ്റിൽഡ് ആയിരുന്നില്ല. പഠിത്തം കഴിഞ്ഞ് സിനിമയെന്നും പറഞ്ഞ് നടക്കുന്നു. ഷോർട് ഫി ലിം ചെയ്യുന്നു. അവൾ കുറച്ചുകൂടെ സെറ്റിൽഡായൊരു കുടുംബത്തിലെ കുട്ടിയാണ്. ആ കാരണങ്ങൾ പറഞ്ഞപ്പൊ എനിക്കു തിരിച്ചു പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

∙ അപ്പോ, നീയൊരു ദേവദാസാണല്ലെ?

∙ അങ്ങനെയൊന്നുമില്ല. അതു കഴിഞ്ഞപ്പൊ തൃഷയെ പോ ലൊരു പെണ്ണു വേണമെന്നുള്ള സങ്കൽപമൊക്കെ പോയി. ഒ ന്നിനെക്കുറിച്ചും ചിന്തിക്കാറില്ല.

∙ എന്നാലും നീ കുറച്ചൂടൊന്ന് പറ. എല്ലാവരുമൊന്ന് അറിയട്ടെ, ഉടനെ കെട്ടൊനൊന്നും അല്ലല്ലോ

∙ പ്രഫഷനേക്കാൾ എന്നെ സ്നേഹിക്കുന്ന ഒരാൾ വേണം.

∙ കുറച്ചൂടെ ഉള്ളീന്നെടുത്ത് പറ. നിനക്ക് പറ്റിയൊരു ആ രാധികയെ, അല്ലെങ്കിൽ വേണ്ട, കൊച്ചിനെ നമുക്കു കണ്ടുപിടിക്കാനല്ലേ.

∙ സിംപിളായി പറഞ്ഞാൽ. ഞാൻ പറയുന്ന ചളിയൊക്കെ മനസ്സിലാക്കുന്ന, തിരിച്ചും ചളിയടിക്കാൻ കഴിവുള്ളൊരു കുട്ടി.

∙ ഫോർ എക്സാംപിൾ?

∙ നിന്നെക്കാൾ കഴിവുള്ളൊരു കുട്ടി..

∙ അങ്ങനെയെങ്കിൽ താടിയും മുടിയും കുറച്ചൂടെ നീട്ടി സന്യസിക്കാൻ പോകുന്നതാകും നല്ലത്.