Thursday 05 September 2019 01:10 PM IST

തടി കുറയ്ക്കുന്ന പരിപാടി തത്കാലം വേണ്ടെന്നു വച്ചിരിക്കുവാ! മീനാക്ഷിയുടെ ‘ഡയറ്റ് സ്റ്റൈൽ’ ഇങ്ങനെയാണ്

Unni Balachandran

Sub Editor

mahima

കുട്ടിക്കാല മൊമന്റ്

സിനിമ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ട് ഓടികളിക്കാൻ പോലും പോകാത്ത കുട്ടിയായിരുന്നു ഞാൻ. ഓട്ടത്തിനിടയിൽ വീണു പരുക്കു പറ്റിയാൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പേ ടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബേക്കൽ ഫോർട്ട് കാണാൻ പോയപ്പോഴാണ് തമിഴ് ഡയറക്ടർ സാമിയെ കാണുന്നത്. എന്നെ കണ്ട് ഇഷ്ടപ്പെട്ട് അദ്ദേഹത്തിന്റെ സിനിമയിൽ കാസ്റ്റ് ചെയ്തെങ്കിലും അതു നടന്നില്ല. ആദ്യം അഭിനയിച്ചത് മലയാളത്തിൽ തന്നെയായിരുന്നു. ‘കാര്യസ്ഥനി’ൽ ദിലീപേട്ടന്റെ അനിയത്തിയായി. പിന്നീട് തമിഴിൽ പുരി യാത പുതിർ, കുട്രം 23, കൊടിവീരൻ...

ലോട്ടറിയടിച്ച മൊമന്റ്

‘മധുരരാജ’യിലേക്ക് വിളിക്കുമ്പോൾ ഞാൻ കരുതിയത് ചെറിയ എന്തെങ്കിലും റോൾ ആയിരിക്കുമെന്നാണ്. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത് ജയ്‌യുടെ ഹീറോയ്ൻ വേഷമാണെന്ന്. ‘കുടിക്കമാട്ടേനെ’ എന്നു പറഞ്ഞ പാട്ട് ഞാൻ ടിക് ടോക് വിഡിയോ ചെയ്തത്

സംവിധായകൻ വൈശാഖ് കണ്ടിട്ടാണ് എന്നെ സിനിമയിലേക്കു വിളിച്ചത്.‘കാര്യസ്ഥൻ’ കഴിഞ്ഞ് മലയാളത്തിൽ അഭിനയിച്ചത് ‘മാസ്റ്റർപീസി’ലാണ്. രണ്ടിന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണ ആയതുകൊണ്ട് എന്നെഅദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. എന്റെ ടിക് ടോക് വിഡിയോ വൈശാഖേട്ടൻ കാണിച്ചപ്പോൾ തന്നെ ഉദയേട്ടൻ സമ്മതിച്ചു. അങ്ങനെ ഞാൻ ‘മധുരരാജ’യിലെ മീനാക്ഷിയായി.

ഫാമിലി മൊമന്റ്

ഞാൻ മെഡിസിൻ പഠിച്ച് ഡോക്ടറാകാൻ പോയി, അതുപേക്ഷിച്ച് സിനിമ മനസ്സിൽ കയറ്റിയ പാവം വിദ്യാർഥിയാണ്. തൽക്കാലം ‘ചെറിയൊരു ബിഎയും ചെറിയൊരു എംഎയും’ മാത്രമേ ഉള്ളൂ കയ്യിൽ.ഇപ്പോൾ നെറ്റ് എക്സാമിന് തയാറെടുക്കുകയാണ്. പക്ഷേ, എന്നെ പോലെയല്ല വീട്ടുകാര്. അച്ഛൻ സുധാകരനും ചേട്ടൻ ഉണ്ണിക്കൃഷ്ണനും എൻജിനീയർമാരാണ്. അമ്മ വിദ്യ ടീച്ചറും.

വേറെയൊരു രഹസ്യം കൂടെ പറയാം. എന്റെ യഥാർഥ പേര് ഗോപി കയെന്നാണ്. സിനിമയിൽ വന്നപ്പോൾ ന്യൂമറോളജിയൊക്കെ നോക്കി ‘മഹിമ’ എന്നാക്കിയതാ. ഇപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നിക്കാണും. ഏതെങ്കിലും അച്ഛനമ്മമാര് ചേട്ടനും അനിയത്തിക്കും കൂടെ ഗോപികയെന്നും ഉണ്ണിക്കൃഷ്ണനെന്നും പേരിടുമോയെന്ന്. ആ സംശയം കാലങ്ങളായി ഞാനും ആലോചിക്കുവാ, ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

ഡ്രീം മൊമന്റ്സ്

സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രൺവീർ സിങ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം. സിനിമ കഴി‍ഞ്ഞാൽ ഇഷ്ടം എന്റെ പൂച്ചകുട്ടികളുമായി കളിക്കുന്നതാണ്. ഒരുപാട് ആലോചിച്ചിട്ടാണ് അവർക്ക് ഞാൻ പേരിട്ടത്. ആരും ഇടാത്ത പേരിടണമെന്നു വാശിയായിരുന്നു. അങ്ങനെ ‘വിസ്കി’യെന്നും ഒന്നിന് ‘സ്കോച്ച്’എന്നും പേരിട്ടു. ഇനി ഇവർക്കൊരു കുട്ടിയുണ്ടായാൽ ‘വൈൻ’ എന്നു വിളിക്കാനാണ് ആഗ്രഹം. ഇതൊക്കെ വായിച്ചിട്ടു തെറ്റിധരിക്കേണ്ട, എനിക്കു വട്ടില്ല.

മല്ലൂ മൊമന്റ്സ്

‘മധുരരാജ’ കഴിഞ്ഞ് തമിഴിലിപ്പോൾ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകൾ ചെയ്തു. മലയാളത്തിൽ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ അവിടെയുള്ളവർ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാൻ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകൾ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇൻഡസ്ട്രയിൽ, ബെസ്റ്റ് റോളുകൾ മാത്രം ചെയ്താൽ മതിയെന്നൊരു അത്യാഗ്രഹം. എന്റെ സ്വന്തം ഭാഷയോടുള്ളൊരു സ്വാർഥത എന്നു വിളിച്ചാലും ഞാൻ സമ്മതിക്കും. കാരണം മലയാളം എനിക്കത്രയ്ക്ക് ഇഷ്ടമാണ്.

പേടിച്ച മൊമന്റ്

പൊതുവെ നായ്ക്കളെ പേടിയില്ലാത്ത എനിക്ക് ‘മധുരരാജ’യിൽ ഫൈറ്റർ നായ്ക്കളുമായുള്ള അനുഭവം വേറെ ലെവലായിരുന്നു. ബിസ്കറ്റ് കൊടുക്കാൻ ചെന്നാല‍്‍ മൈൻഡ് പോലും ചെയ്യാത്ത നായ്ക്കളായിരുന്നു. വെറുതെ, ‘കൊര കൊരോ കൊര കൊര’. പട്ടികളുമായി ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ അവയ്ക്ക് മുന്നിലൊരു ബോൾ കാണും അതിൽ മാത്രമെ അവ കടിക്കാറുള്ളൂ. പക്ഷേ, കൃത്യം എന്റെ ഭാഗം ഷൂട്ട് വന്നപ്പോൾ അതിലൊരു നായ ബോൾ വിട്ടിട്ട് എന്നെ കടിക്കാൻ വന്നു. എന്തോ ഭാഗ്യത്തിന് കടി കിട്ടിയില്ല. ആദ്യമേ നായ്ക്കളെ പേടിയില്ലെന്നു വെറുതെ ജാട പറഞ്ഞതിന്റെ ഫലമായിരിക്കും. അതോടെ നായ്ക്കളെ കണ്ടാൽ അത്യാവശ്യം പേടിക്കുന്നവരുടെ കൂട്ടത്തിലേക്കു ഞാനും എത്തി.

ഫുഡ്ഡി മൊമന്റ്സ്

ഡയറ്റിങ്ങോ? നോ നെവർ... എന്ത് ചെയ്യാനാ ചില ഭക്ഷണങ്ങൾ വല്ലാത്ത വീക്‌നെസ് ആ യിപ്പോയി. ഉദാഹരണത്തിന് ‘പുഴുങ്ങിയ മുട്ട’, എത്ര കിട്ടിയാലും കഴിക്കും. സ്കൂളിൽ വിടുമ്പോൾ അമ്മ എന്നെ കളിയാക്കി പറയുമായിരുന്നു, ആരെങ്കിലും പുഴുങ്ങിയ മുട്ട തന്നാൽ അവരുടെ കൂടെ പോകരുതേ എന്ന്. പിന്നെ, ബിരിയാണി കണ്ടാലും എന്റെ കൺട്രോൾ പോകും. അതിലെനിക്കു വിഷമമൊന്നുമില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരുന്ന് തടി കുറയ്ക്കുന്ന പരിപാടി തൽക്കാലം വേണ്ടെന്നു വച്ചിരിക്കുവാ. അതാണെന്റെ സ്റ്റൈൽ ...

Tags:
  • Celebrity Interview