Saturday 15 June 2024 10:41 AM IST

‘ഞാൻ നൃത്തം ചെയ്യുന്നതു കണ്ടു ചക്കി കരഞ്ഞു, ഞാനും ഇമോഷനലായി’: പാലക്കാമാല, മടിസ്സാർ... ചക്കിയെ മണവാട്ടിയായ നിമിഷം

Roopa Thayabji

Sub Editor

malavika-wed

ജയറാമിന്റെയും പാർവതിയുടെയും ഓരോ വിശേഷവും കാണാപ്പാഠമായ നമുക്കു കണ്ണനും ചക്കിയും (കാളിദാസും മാളവികയും) സ്വന്തം വീട്ടിലെ കുട്ടികളാണ്. കണ്ണൻ താരമായതും ചക്കി കല്യാണപ്പെണ്ണായതുമൊക്കെ മലയാളി ആഹ്ലാദത്തോടെ കണ്ടു. സ്വപ്നം കണ്ടതുപോലെ ചക്കിയുടെ വിവാഹം നടന്ന സന്തോഷത്തിലാണു പാർവതി സംസാരിച്ചത്. ‘‘1992 സെപ്റ്റംബർ ഏ ഴിനു ഗുരുവായൂരമ്പലത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. 2024 മേയ് മൂന്നിനു ചക്കിയുടെ കല്യാണം ഗുരുവായൂരിൽ നടന്നപ്പോഴും കേട്ടറിഞ്ഞു നിരവധി പേരെത്തി.

ചക്കിയും നവനീതുമായുള്ള വിവാഹനിശ്ചയം ഏഴു മാസം മുൻപായിരുന്നു. പാലക്കാട്, നെന്മാറയാണു നവനീതിന്റെ സ്വദേശം. അച്ഛൻ ഗിരീഷ് മേനോനു യുഎന്നിലായിരുന്നു ജോലി, അമ്മ വത്സ. നവനീത് യുകെയിൽ ഒ രു കമ്പനിയിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.

അഴകിയ തമിഴ് മകളേ...

വിവാഹനിശ്ചയം കഴിഞ്ഞ സമയത്തു തന്നെ കല്യാ ണത്തിന് എന്തു ലുക്ക് വേണമെന്ന് ആലോചിച്ചിരുന്നു. അ പ്പോൾ ചക്കിയാണ് അപ്പയുടെ ആചാരപ്രകാരം മടിസ്സാർ ഉടുത്താലോ എന്നു ചോദിച്ചത്. ഒൻപതു ഗജം (അടി) നീളമുള്ള സാരി തമിഴ് ബ്രാഹ്മണ സ്റ്റൈലിൽ ചുറ്റിയുടുക്കുന്ന രീതിയാണത്. മടിസ്സാർ അളവൊപ്പിച്ചു തയ്ച്ചു തരുന്ന ഇടങ്ങളുണ്ട്. ചുവപ്പുസാരി വാങ്ങി ചക്കിയുടെ അളവിൽ തയ്പ്പിച്ചു. ബ്ലൗസ് ഇട്ട ശേഷം മടിസ്സാറിന്റെ അരയ്ക്കു താഴേക്കുള്ള ഭാഗം അണിഞ്ഞ്, മുന്താണി ഞൊറിഞ്ഞു ചുറ്റിയുടുത്താൽ അഴകിയ തമിഴ് പൊണ്ണ് റെഡി.

മടിസ്സാറുടുക്കുമ്പോൾ കാൽ കുറച്ചു കാണും. അപ്പോൾ നല്ലൊരു ആഭരണം അണിയാൻ സ്കോപ് ഉണ്ട്. അങ്ങനെയാണു ഡിസൈനർ പാദസരം പണിയിച്ചത്. കാലിൽ സ്വർണാഭരണം ഇടില്ല, അതുകൊണ്ടു പാദസരം വെള്ളിയിൽ പണിതു സ്വർണം മുക്കി. മടിസ്സാറിനൊപ്പം ട്രഡിഷനൽ ടെംപിൾ ജ്വല്ലറി ചെന്നൈയിൽ നിന്നു വാങ്ങി. തമിഴ് വധു വിനെ അച്ഛന്റെ മടിയിലിരുത്തിയാണു താലി ചാർത്തുന്നത്. ചക്കിയെ ജയറാമിന്റെ മടിയിലിരുത്തിയാണു നവനീത് താലി കെട്ടിയത്.

malavika-jayaram

കല്യാണ തേൻനിലാ...

തൃശൂരിലായിരുന്നു വിവാഹവിരുന്ന്. അതിനായി ഗോൾഡും സിൽവറും ഡിസൈനിലുള്ള ടിഷ്യൂ സാരിയാണു ച ക്കി അണിഞ്ഞത്. അതു കാഞ്ചീപുരത്തു പോയി എടുത്തു. ബ്ലൗസിൽ ഹെവി ഡിസൈൻ ചെയ്തു. ലേബൽ ഷെറിനിലെ ഷെറിൻ ഷഹാനയാണ് ആ ലുക്കിനു പിന്നിൽ. ഞാൻ വിവാഹത്തിനണിഞ്ഞ പച്ചക്കല്ലു പാലക്കാമാലയാണു അ തിനൊപ്പം ചക്കി അണിഞ്ഞത്. അതിഥികൾക്കു മുന്നിൽ നവനീതും ചക്കിയും മാലമാറ്റൽ നടത്തി. പിന്നെ, നവനീത് ചക്കിക്കു പുടവ കൊടുത്തു.

വിരുന്നിനു ശേഷം ഇരുവരും കൊച്ചിയിലെ നവനീതിന്റെ വീട്ടിലേക്കു പോയി. പുടവയ്ക്കൊപ്പം നവനീത് സമ്മാനിച്ച സെറ്റുമുണ്ടാണു ഗൃഹപ്രവേശത്തിനു ചക്കി അണിഞ്ഞത്. ഉയരക്കൂടുതലുള്ളതു കൊണ്ടു സെറ്റുമുണ്ടു ചേരില്ല എന്നായിരുന്നു മോളുടെ ധാരണ. പക്ഷേ, വിവാഹവേഷങ്ങളിൽ ചക്കിക്ക് ഏറ്റവും ഇണങ്ങിയത് അതാണെന്നു തോന്നി. ഗൃഹപ്രവേശത്തിനു ശേഷം അടുത്ത ബന്ധുക്കൾക്കു മാത്രമായി നവനീതിന്റെ വീട്ടിൽ വിരുന്നു നടന്നു.

പെണ്ണിന്റെ കല്യാണം കളറാണെടാ...

ബോൾഗാട്ടി ഹയാത്തിലാണു പിറ്റേദിവസം കല്യാണ റി സപ്ഷൻ നടത്തിയത്. മിഡ്നൈറ്റ് ഡാർക് ബ്ലൂ നിറത്തിലുള്ള സ്കർട്ടാണു ചക്കി ഇട്ടത്. പോൾകി ചോക്കറും ഡയമണ്ട് സെറ്റും അതിനു താഴെയായി ലെയറുകളുള്ള മാലയും. പാലക്കാട് നവനീതിന്റെ നാട്ടിൽ നടത്തിയ റിസപ്ഷന് അണിഞ്ഞതു മന്ത്രകോടിയാണ്. പർപിൾ ബനാറസ് സാരിക്കൊപ്പം തലയിൽ വെയ്‌ൽ കൂടിയായപ്പോൾ നോർത് ഇന്ത്യൻ വധുവിനെ പോലെ ചക്കി തിളങ്ങി.

വിവാഹത്തോടനുബന്ധിച്ചു ചക്കിക്ക് ഞാനൊരു സർപ്രൈസ് കൊടുത്തു. സംഗീത് ഫങ്ഷനു ഡാൻസ് ചെയ്യാ ൻ തിരഞ്ഞെടുത്തത് ‘ഒരു ദൈവം തന്ത പൂവേ...’ എന്ന പാട്ടാണ്. മകളോടുള്ള അമ്മയുടെ സ്നേഹം പറയുന്ന ആ പാട്ടിനൊത്തു ഞാൻ നൃത്തം ചെയ്യുന്നതു കണ്ടു ചക്കി കരഞ്ഞു, ഞാനും ഇമോഷനലായി. കൺഫ്യൂഷൻ തീർക്കണമേ... പാട്ടിന് നവനീത് ഡാൻഡ് ചെയ്യുന്നതു കണ്ടപ്പോൾ ജയറാമിനും സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു.

വിവാഹാഘോഷങ്ങളെല്ലാം പ്ലാൻ ചെയ്തതും നടത്തിയതും ‍ഞാനും ജയറാമും ആണ്. ഇവന്റ് മാനേജേഴ്സിനെ ഏൽപ്പിച്ചതേയില്ല. അപർണ ബാലമുരളിയുടെ ഡെക്കോർ കമ്പനിയായ എലീഷ്യൻ ഡ്രീംസാണ് എല്ലാ ഫങ്ഷനുകളുടെയും ഡെക്കോർ ചെയ്തത്. ഈ വർഷം തന്നെ ഒരു കല്യാണം കൂടിയുണ്ട്, കണ്ണന്റെയും താരിണിയുടെയും. അ തും ഗുരുവായൂരപ്പന്റെ മുന്നിൽ തന്നെ.’’