Saturday 07 August 2021 03:55 PM IST

‘ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന പെൺകുട്ടിയാണ്; തേപ്പുകാരി എന്ന് വിളിക്കുന്നവരുമുണ്ട്’; മമിത മനസ്സ് തുറക്കുന്നു

V.G. Nakul

Sub- Editor

mammithhhddd

‘ഓപ്പറേഷൻ ജാവ’യിലെ അൽഫോൺസയായും ‘ഖോ ഖോ’ യിലെ അഞ്ജുവായും മലയാളികളുടെ മനസ്സിലിടം നേടിയ കോട്ടയംകാരി മമിത ബൈജു.

ഇനി തിരുത്തേണ്ട

എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് നമിത എന്നാണ്. ജനന സർട്ടിഫിക്കറ്റിൽ മമിത എന്നായിപ്പോയി. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോള്‍ അവിടുത്തെ സിസ്റ്ററാണ് ചോദിച്ചത് – ‘നമിത എന്നു പറഞ്ഞിട്ട് സർട്ടിഫിക്കറ്റിൽ മമിത എന്നാണല്ലോ ? ’ എന്ന്. ‘മാറ്റിയിട്ടു വരാം’ എന്നു പറഞ്ഞപ്പോൾ സിസ്റ്റർ സമ്മതിച്ചില്ല. അവിടെ കുറേ നമിതമാരുണ്ട്. സിസ്റ്റർ പറഞ്ഞു. മമിത തന്നെ മതി. എനിക്കും മമിതയാണ് ഇഷ്ടം. സ്വീറ്റ് എന്നാണ് അർഥം.

അവിടെ ഡാൻസ്, ഇവിടെ ഷൂട്ട്

ഒൻപതിൽ പഠിക്കുമ്പോഴാണ് ‘സർവോപരി പാലാക്കാരനിൽ’ അഭിനയിക്കുന്നത്. ഷൂട്ട് വെള്ളിയാഴ്ച. എനിക്ക് വെസ്റ്റേൺ ഡാൻസ് ഇഷ്ടമാണ്. വെള്ളിയാഴ്ച ആണ് സ്കൂളിലെ പ്രാക്ടീസ്. ഷൂട്ടിന് പോയി നോക്കാമെന്ന് പപ്പ. ഞാൻ സമ്മതിച്ചില്ല. ‘കിട്ടിയ ചാൻസ് അല്ലേ, കളയേണ്ട’ എന്നായി പപ്പ. അങ്ങനെ സെറ്റിലെത്തി. അവിടെ എല്ലാവരും ഭയങ്കര ജോളി. അതോടെ ഞാനും ഹാപ്പി.

ആസ്ഥാന പെങ്ങൾ

സർവോപരി പാലാക്കാരന്റെ ക്യാമറാമാൻ ആൽബിച്ചേട്ടൻ വഴിയാണ് ‘ഹണീബി ടു’വിൽ ആസിഫ് ഇക്കയുടെ അനിയത്തിയായത്. പിന്നീട് യുവതാരങ്ങളുടെ ആസ്ഥാന പെങ്ങളായി. ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിൽ’ ടൊവിചേട്ടന്റെയും ‘വികൃതി’യിൽ സൗബിക്കയുടെയും‘വരത്തനിൽ’ അർജുൻ ചേട്ടന്റെയും അനിയത്തിയായി.

IMG_4990-copy

‘തേപ്പുകാരി’ ആണോ എന്നു ചോദിച്ചാൽ...

ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന പെൺകുട്ടിയാണ്. തേപ്പുകാരി എന്ന് വിളിക്കുന്നവരുമുണ്ട്. ‘ഒരു പ്രാവശ്യം പോട്ടെ, രണ്ട് പ്രാവശ്യം ആന്റണിയെ തേക്കണ്ടായിരുന്നു’ എന്ന് ചിലർ മെസേജ് അയച്ചു. എന്റെ ആത്മവിശ്വാസം കൂട്ടിയ സിനിമകളാണ് ‘ഒാപ്പറേഷൻ ജാവ’ യും ‘ഖോ ഖോ’ യും. ഇത് കഴിഞ്ഞപ്പോൾ ഉറപ്പിച്ചു – സിനിമ തന്നെയാണ് എന്റെ വഴി.   

ബാസ്ക്കറ്റ് ബോള്‍ ടു ഖോ ഖോ

സ്പോർട്സ് ഇഷ്ടമാണ്. പണ്ട് ബാസ്ക്കറ്റ് ബോള്‍ കളിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിയാണ് ‘ഖോ ഖോ’യെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഒരു മാസമേ പരിശീലനത്തിന് കിട്ടിയുള്ളൂ. കോട്ടയത്തെ സിജു സാർ ആയിരുന്നു ട്രെയിനർ. പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം അഭിനയിച്ച ബാക്കി 14 കുട്ടികളും ഖോ ഖോ പ്ലെയേഴ്സ് ആണ്. അവരുടെ സഹായം മറക്കാനാകില്ല. ഖോ ഖോ ഇവിടെ അധികം പ്രചാരമുള്ള ഗെയിം അല്ല. കളിക്കാർക്ക് അതിൽ വിഷമവുമുണ്ട്. അവരുടെ മികവിന് വേണ്ടത്ര അംഗീകാരം കിട്ടാറില്ല. സിനിമ വന്ന ശേഷം അവർക്ക് വലിയ സന്തോഷവും അഭിമാനവുമായി. ‘സിനിമയിൽ ഞങ്ങൾ ഞങ്ങളെ തന്നെയാണ് കണ്ടത്’ അവർ പറഞ്ഞു.     

6L6A4336

തൽക്കാലം ഡോക്ടർ ‘ഔട്ട്’

എന്റെ നാട് കോട്ടയത്ത് കിടങ്ങൂരാണ്. പപ്പ ഡോക്ടർ കെ. ബൈജു, അമൃത ഹോസ്പിറ്റലിൽ ഡയബറ്റോളജിസ്റ്റ് ആയിരുന്നു. ഇപ്പോൾ വീടിനടുത്തു ക്ലിനിക് നടത്തുന്നു. അമ്മ മിനി ബൈജു, ചേട്ടൻ  മിഥുൻ.

ചേട്ടായി കാനഡയിൽ നിന്നു ഗ്രാജുവേഷൻ കഴിഞ്ഞു. ഞാനിപ്പോൾ കിടങ്ങൂർ എൻഎസ്എസ് സ്കൂളിൽ നിന്നു പ്ലസ് ടു കഴിഞ്ഞു. ഡോക്ടർ ആകുകയായിരുന്നു എന്റെ ആഗ്രഹം. ഇപ്പോൾ സിനിമ മനസ്സിൽ കയറിയതിനാൽ ഇനി സിനിമ കൂടി ഒപ്പം കൊണ്ടു പോകാവുന്ന ഒരു കോഴ്സാണ് തിരഞ്ഞെടുക്കുക. രണ്ട്, ഫോർ, സൂപ്പർ ശരണ്യ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

IMG-20201224-WA0008
Tags:
  • Celebrity Interview
  • Movies