Saturday 14 December 2019 02:36 PM IST

‘എന്റെ ശൃംഗാരഭാവം എങ്ങനെയുണ്ട്?’; മാമാങ്കത്തിലെ നായികമാർ മമ്മൂട്ടിയോട് അങ്കം കുറിച്ചപ്പോൾ!

Vijeesh Gopinath

Senior Sub Editor

mmk-fi ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു മാറ്റവുമില്ല, ചോദ്യത്തിന്റെ ചുരികത്തുമ്പിനെ പരിചവച്ച് തടുത്ത് ഒന്നും സംഭവിക്കാത്ത പോലെ മമ്മൂട്ടി നിന്നു. ചിലപ്പോൾ പരിചയിൽ വാളുകൊണ്ട് രണ്ടു തട്ടുതട്ടി തോൽപ്പിച്ചേ എന്ന മട്ടിൽ ചിരിച്ചു. 

മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പ്രാചി ടെഹ്ളാനായിരുന്നു  അദ്ഭുതം. അന്ന്  കണ്ട മമ്മൂട്ടിക്ക് വാൾമൂർച്ചയുള്ള വാക്കും നോട്ടവുമായിരുന്നു. അടിമുടി ചാവേർ. തിരിച്ചൊന്നു മുംബൈ വരെ പോയി വന്നപ്പോൾ അതാ മറ്റൊരു മമ്മൂട്ടി. ഇപ്പോൾ  മുഖ്യമന്ത്രിയുടെ കഥാപാത്രമാണ്. ഗൗരവത്തിൽ ഒരു തുള്ളി വെള്ളം ചേർക്കാത്ത ചിരി. നടപ്പിൽ പോലും വ്യത്യാസം.   

‘‘ഇതെങ്ങനെ മാറാൻ കഴിയുന്നു?’’ പ്രാചി ചോദിക്കുന്നു. 

‘‘ഏതു കഥാപാത്രമായാലും അതു നിൽക്കുന്ന പരിസരം നമ്മളെ സ്വാധീനിക്കും. കഥ കേൾക്കുമ്പോഴേ ആ കഥാപാത്രത്തിന്റെ നടത്തവും പെരുമാറ്റവുമൊക്കെ മനസ്സിലേക്കു വരും. ഞാനിവിടെ ചീഫ് മിനിസ്റ്ററാണ്. കസേരയും ആളും ബഹളവുമൊക്കെ കാണുമ്പോൾ മുഖ്യമന്ത്രിയാകും. 

ഒാരോ കഥയുടെയും ഭൂമികയിൽ നിൽക്കുമ്പോൾ നമ്മൾ ആ കഥാപാത്രം ആയി മാറുകയാണ്. മാമാങ്കത്തിൽ നിൽക്കുമ്പോഴും അതിന്റെതായ മാനറിസം അറിയാതെ ഉണ്ടാകും.’’  

മലയാളത്തിലെ ബാഹുബലിയാണ് മാമാങ്കം എന്ന് പ്രേക്ഷകർ. മമ്മൂട്ടി എങ്ങനെയാണ് മാമാങ്കത്തെ കാണുന്നത്?

മലയാളത്തിലെ ബാഹുബലി എന്നൊന്നും വിളിക്കാനാകില്ല. ബാഹുബലി സാങ്കൽപിക കഥയാണ്.   മാമാങ്കം അങ്ങനെയല്ല.  അത് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒന്നാണ്. വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിലുള്ള പക. പ്രതികാരം വീട്ടലിന്റെ ആവർത്തനങ്ങൾ.

മാമാങ്കത്തിൽ പ്രതികാരം സ്ഥാനപ്പേരിനോടാണ്. വ്യക്തികളോടല്ല. പന്ത്രണ്ടു വർഷം തോറും ചാവേറുകൾ മാറിയിരിക്കാം. രാജാക്കന്മാരും മാറിയിരിക്കാം. എന്നിട്ടും പക തുടരുകയാണ്. പയറ്റിത്തെളിഞ്ഞ ചാവേറുകൾ പല വേഷത്തിലും ഭാവത്തിലും രഹസ്യമായും പരസ്യമായും ഒറ്റയ്ക്കും കൂട്ടായും ഒക്കെ  മാമാങ്കത്തറയിൽ എത്തുന്നു. ചാവേറുകൾ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങൾ പോലും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വർഷങ്ങളോളം തുടർന്നു വന്ന പകയുടെ കഥ  അപൂർവതകൾ നിറഞ്ഞതാണ്. ഈ സിനിമയിൽ എന്റെ കഥാപാത്രത്തിനു പേരുണ്ട്. പക്ഷേ, അത് ഒരു സ്ഥലത്തു മാത്രമേ പറയുന്നുള്ളൂ. പേരിനേക്കാൾ വലുതാണ് ചാവേർ എന്ന സ്ഥാനം. 

അനു സിതാര പറഞ്ഞു, ‘‘ ഞാൻ വടക്കൻ വീരഗാഥയും പഴശ്ശിരാജയും ആരാധനയോടെ കണ്ടിട്ടുണ്ട്.  ചരിത്ര സിനിമയിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു... ഇപ്പോൾ മാമാങ്കം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ സംശയമാണ്, ഈ മൂന്നു കഥാപാത്രത്തിന്റെ ചലനങ്ങൾ പോലും മൂന്നു രീതിയിലാണ്.  ഇതെങ്ങനെയാണ് ?’’ 

‘‘ഇവരെയൊന്നും നമ്മൾ കണ്ടിട്ടില്ല. വായിച്ചും കേട്ടും ഉള്ള പരിചയം മാത്രമേയുള്ളൂ.  അപ്പോള‍്‍ പിന്നെ, മാനറിസങ്ങൾ നമ്മള്‍ ഉണ്ടാക്കുകയല്ലേ  പറ്റൂ.  യോദ്ധാക്കളാകുമ്പോൾ ശരീരഭാഷയെക്കാൾ അവർ ആയുധങ്ങൾ ഉപയോഗിക്കുന്ന രീതിയിലും മറ്റുമാണ് ശ്രദ്ധിക്കേണ്ടത്. അതിലെ മാനറിസങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടത്. 

ഈ മൂന്നു കഥാപാത്രവും ഒരുപോലെയാകില്ല ആയുധങ്ങൾ ഉപയോഗിക്കുന്നത്. പരിചയ സമ്പന്നനായ യോദ്ധാവിന്റെ മാനറിസങ്ങൾ കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. ശരിയായിരിക്കാം, സിനിമയിൽ നമ്മൾ കാണാത്ത പലതും പ്രേക്ഷകർ കണ്ടെത്തും. അതേക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ലല്ലോ.’’

ഏതെങ്കിലും കഥാപാത്രം കുറച്ചു ദിവസത്തേക്കെങ്കിലും കൂടെ പോന്നിട്ടുണ്ടോ?

അങ്ങനെ കൂടെ കൂട്ടിയാൽ പ്രശ്നമാണ്.ക്യാമറയ്ക്കു മുന്നിൽ നിന്നു മാറുന്നതോടെ ആ കഥാപാത്രവും തിരിഞ്ഞു നടക്കും.  എന്റെ കാര്യത്തിൽ അതാണ് സംഭവിക്കാറുള്ളത്. ഒരുപക്ഷേ, മനപൂർവമായിരിക്കാം. ഒരു കഥാപാത്രത്തെയും കൂടെക്കൂട്ടാറില്ല. കൂടെക്കൂട്ടിയാൽ   അടുത്ത സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? ഇതെന്റെ കാര്യമാണ്. കഥാപാത്രം മനസ്സിൽ നിന്നിറങ്ങി പോകാൻ സമയമെടുക്കുന്നവരും ഉണ്ട്. 

_REE7012 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചന്തുവിൽ നിന്ന്  ചാവേറിലേക്കെത്തുമ്പോള്‍ സിനിമയുടെ സാങ്കേതികത അടിമുടി മാറിയില്ലേ?

പഴയ കാലത്തു നിന്ന് മാമാങ്കത്തിലേക്ക് എത്തിയപ്പോഴേക്കും സാങ്കേതികമായി സിനിമയിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ, മാമാങ്കത്തിൽ  വിഎഫ്എക്സ് എന്ന സാങ്കേതിക വിദ്യ എട്ടു ശതമാനത്തിൽ താഴെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം  ഷൂട്ട് ചെയ്തതാണ്. ഇതിലെ  സെറ്റുകളെല്ലാം ഒറിജിനലാണ്. ആക്‌ഷൻ സീനുകളെല്ലാം നാചുറലാണ്. അതുകൊണ്ടു തന്നെ  പ്രേക്ഷകർക്ക് സിനിമയിലുള്ളതെല്ലാം സത്യസന്ധമെന്ന തോന്നലുമുണ്ടാകും.

ആറടിപ്പൊക്കമുള്ള മാമാങ്ക നായിക പ്രാചി ടെഹ്ളാൻ ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ് ബോൾ താരമാണ്. നെറ്റ് ബോൾ ടീമിന്റെ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്നു. അതു കൊണ്ടു തന്നെ ആക്‌ഷനോട് ഇഷ്ടക്കൂടുതലുമുണ്ട്. ഷൂട്ടിനിടെ കാലിനേറ്റ പരിക്കിന് പ്രാചി പേരിട്ടു, ‘മാമാങ്കമുറിവ്. സിനിമയിലെ യുദ്ധരംഗങ്ങളെക്കുറിച്ചാണ് പ്രാചി ചോദിച്ചത്...

മമ്മൂക്കയ്ക്ക് ആ‌ക്‌ഷൻ ചെയ്യാൻ  ഇഷ്ടമാണല്ലേ?

ഇഷ്ടക്കുറവൊന്നുമില്ല. നല്ല ശാരീരികാധ്വാനമുള്ള കാര്യമാണ്. ഇതിന്റെ സ്റ്റണ്ട് മാസ്റ്റർ ഷാം കൗഷാലാണ്. 1993ൽ ‘ധർത്തീപുത്ര’ എന്ന ബോളിവു‍ഡ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് അദ്ദേഹത്തെ   ആദ്യമായി കാണുന്നത്. ഷാം ആയിരുന്നു  ആ സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ. അന്നുതൊട്ടുള്ള അടുപ്പമാണ്.     

കുതിരയെ ഒാടിക്കാനും കളരിയുമൊക്കെ എങ്ങനെയാണ് പഠിച്ചത്?

കുതിരയെ ഒാടിക്കണ്ടല്ലോ? കുതിര ഒാടിക്കോളും. ഇതൊക്കെ വശമാകുന്നതല്ലേ? അല്ലാതെ ഒാടിക്കാനറിഞ്ഞിട്ടൊന്നുമല്ല ചെയ്യുന്നത്. പണ്ട് പടയോട്ടത്തിൽ അഭിനയിക്കുമ്പോൾ കുതിരപ്പുറത്തേക്ക്  കയറിയതാണ്, അപ്പോൾ കുതിര പുറകോട്ട് ഒാടി. പക്ഷേ, ഇവിടെ മുന്നോട്ടു തന്നെയാണ്  ഒാടുന്നത്. ഇപ്പോൾ ഗ്രാഫിക്സിലൊക്കെ കുതിരയോടും. കാര്യങ്ങൾ എളുപ്പമാണ്. ഈ സിനിമയിൽ അതില്ല. ശരിക്കുമുള്ള കുതിരയെ തന്നെയാണ് ഒാടിക്കുന്നത്. 

കളരി ശരിക്കും ഒരു കലയാണ്. പണ്ട് പയറ്റിത്തെളിഞ്ഞ ആൾക്കാരെ  രാജാക്കന്മാർ യുദ്ധത്തിന് ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് അത് കലാരൂപമായി മാറി. ന‍ൃത്തരൂപം എന്നു പറയാം. കളരി നടത്തുന്ന ഗുരുക്കന്മാർ, കളരി അഭ്യാസികൾ ഈ സിനിമയിലും ഉണ്ടായിരുന്നു. അവരാണ് ഫൈറ്റ് മാസ്റ്ററോടൊപ്പം കളരിച്ചുവടുകൾ ഒരുക്കിയത്. 

‘‘ഇതാണോ ഈ പ്രാവശ്യത്തെ വനിതയുടെ കവര്‍ പേജ്? ’’ പൊട്ടു കുത്തി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ട അനു സിതാര അദ്ഭുതപ്പെടുന്നു.    

‘‘എന്റെ ശൃംഗാരഭാവം എങ്ങനെയുണ്ട്?’’ മമ്മൂട്ടിയുടെ മുഖത്ത് നേര്‍ത്ത ചിരിയുടെ വര വീണു.  അതുകണ്ട്  അനുവിന്റെ അടുത്ത ചോദ്യം...

ഇത്രയും പൗരുഷമുള്ളയാൾ സ്ത്രീവേഷം അണിഞ്ഞപ്പോള്‍ എന്തു തോന്നി?

‘‘രണ്ടു മാമാങ്ക കാലഘട്ടത്തിന്റെ കഥയാണിത്. അതിൽ ഒരു ഭാഗത്താണ്  ഈ രംഗം വരുന്നത്. ചില സാഹചര്യങ്ങൾ കൊണ്ട് സ്ത്രൈണ വേഷത്തിലേക്ക് മാറേണ്ടി വരുന്നു....
കഥ മുഴുവനും പറഞ്ഞാൽ പിന്നെ, സിനിമ കാണുമ്പോൾ പുതുമ തോന്നുമോ? ബാക്കി ഉത്തരം സിനിമയിലുണ്ട്’’

ചുരിക മടക്കി  മമ്മൂട്ടി എഴുന്നേറ്റു, പിന്നെ മുഖ്യമന്ത്രിയായി നടന്നു പോയി. 

Tags:
  • Celebrity Interview
  • Movies