Friday 11 December 2020 03:43 PM IST

‘മറ്റൊരാളെ ആശ്രയിച്ചു ജീവിക്കണ്ടി വരരുതെന്ന നിർബന്ധം അവർക്കുണ്ട് ’; മനസ്സു തുറന്ന് മംമ്ത മോഹൻദാസ്

V.G. Nakul

Sub- Editor

mamtha33211 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയിൽ എത്തിയിട്ട് 15 വർഷം പൂർത്തിയാകുമ്പോൾ പുതിയ റോളിലേക്ക് കടക്കുന്നു, മംമ്ത മോഹൻദാസ്...

സിനിമ കരിയറാക്കാം എന്നു തീരുമാനിച്ചത് എപ്പോഴാണ് ?

സിനിമ കരിയര്‍ ആക്കി അതില്‍ മനസ്സുറപ്പിക്കാന്‍ തീരുമാനിച്ചത് 2009 ല്‍ ആണ്. രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും മലയാളത്തിലേക്കു വരുന്ന സമയമാണത്. 'പാസഞ്ചര്‍' ആയിരുന്നു തുടക്കം. പക്ഷേ, അതേ വര്‍ഷം എ ന്റെ ആരോഗ്യം മോശമായി തുടങ്ങി. ഇരുപത്തിമൂന്നു വയസ്സാണ് അപ്പോള്‍. അത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ നിങ്ങളെ അടിച്ചു വീഴ്ത്തുന്ന അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. കരിയറോ വ്യക്തി ജീവിതമോ ഒന്നും പൂര്‍ണമായി എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള പാകം പോലും ആയിട്ടില്ല.

എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാന്‍ വീണ്ടും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു. ആ പോരാട്ടത്തിനു ശേഷം ഞാനാകെ മാറി. ആ മാറ്റം സിനിമയിലും പ്രതിഫലിച്ചു. ഇനിയും എന്തോ തെളിയിക്കാന്‍ ബാക്കിയുണ്ടെന്ന തോന്നലാണ് എന്നെ ഓരോ വട്ടവും സിനിമയിലേക്ക് തിരികെ എത്തിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒ ന്നിനെ ഒരാളില്‍ നിന്നു പറിച്ചു മാറ്റുമ്പോള്‍ അതിനെ കയ്യെത്തി പിടിക്കാന്‍ അയാള്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കും. അതാണ് എന്റെയുള്ളിലെ എനര്‍ജിയെ ഇങ്ങനെ പിടിച്ചുനിര്‍ത്തുന്നത്.

ജീവിതത്തിലും ആ മാറ്റം പ്രതിഫലിച്ചോ...?

ജീവിതത്തിലെ ഒരു പോയിന്റില്‍ വച്ച് ഞാന്‍ ഉറപ്പിച്ചു, സ്വതന്ത്രയായ സ്ത്രീയായി നില്‍ക്കാന്‍ എനിക്ക് സാധിക്കണമെന്ന്. മറ്റൊരാള്‍ എന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് ജീവിക്കാന്‍ ഒരുക്കമായിരുന്നില്ല. അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത് ചുണക്കുട്ടിയായാണ്. ‘മംമ്തയെ ആരുടെയെങ്കിലും കയ്യില്‍ അങ്ങേല്‍പ്പിക്കണം. എന്നിട്ട് സ്വസ്ഥരാകണം’ എന്ന ചിന്ത ഒരിക്കലും അവര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. മംമ്ത മറ്റൊരാളെ ആശ്രയിച്ച് ജീവിക്കേണ്ടി വരരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്.

പതിമൂന്നോ പതിനാലോ വയസ്സു മുതല്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അതെന്റെ ജീവിതശൈലിയുടെ ഭാഗമാണ്. എന്തു ചെയ്യുമ്പോഴും അതേക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം എന്നു നിര്‍ബന്ധമുണ്ട്. ചില കാര്യങ്ങളില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ പറ്റില്ല എന്നതു മാത്രമാണ് ഇതിെന്‍റയൊരു കുഴപ്പം.

മുന്‍പ് പ്രായത്തിന്റെതായ ചില എടുത്തുചാട്ടങ്ങൾ ഉണ്ടായിരുന്നു. എപ്പോഴും അച്ഛന്റെ കൃത്യമായ ശ്രദ്ധ എന്റെ തീരുമാനങ്ങളില്‍ ഉണ്ട്. ഞാന്‍ ഒരു പടി മുന്നോട്ട് വച്ചാല്‍, അച്ഛന്‍ അഞ്ച് പടി എന്നെ പിന്നൊട്ടു നടത്തും. ഒരുപക്ഷേ, അച്ഛന്റെയും അമ്മയുടേയും ഈ പിടി ഉള്ളതുകൊണ്ടാകാം ഞാന്‍ ഇന്ന് കൃത്യമായ ഒരിടത്ത് എത്തിയത്. എത്ര മുന്നോട്ടു പോകുന്നു എന്നതിനേക്കാള്‍ പ്രധാനമാണല്ലോ കൃത്യമായ ഇടത്ത് എത്തി നില്‍ക്കുന്നത്.

Tags:
  • Celebrity Interview
  • Movies