Wednesday 27 February 2019 03:24 PM IST

‘കുടുംബ യുദ്ധം’ ക്യാമറയ്ക്കു മുന്നിൽ മാത്രം; രസകരമായ ‘തട്ടീം മുട്ടീം’ കഥകളുമായി മഞ്ജു പിള്ളയും ജയകുമാറും!

Unni Balachandran

Sub Editor

manju-jaya1 ഫോട്ടോ: ബേസിൽ പൗലോ

മിക്ക കുടുംബത്തിലും തമ്മിൽ തല്ലുന്ന ഭാര്യാഭർത്താക്കൻമാരുള്ളതുകൊണ്ട്, ഒരാളെ മാത്രമായി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, കവിതയെഴുതി വട്ടുപിടിപ്പിക്കുന്ന ഭർത്താവെന്നും ഷാറൂഖ് ഖാന് പ്രണയലേഖനമെഴുതിയ ഭാര്യയെന്നും പറഞ്ഞാൽ പിന്നെ, സംശയമില്ല ആർക്കും. നമ്മുടെ ‘തട്ടീം മുട്ടീം’ സീരിയലിലെ നായകനും നായികയും തന്നെ. പേരിൽ മാത്രം അർജുനൻ ഉള്ള നായകൻ. തീരെ വില്ലാളിവീരനല്ലാത്ത അയാളെ വട്ടംകറക്കുന്ന മോഹനവല്ലി.

ഭാര്യാഭർതൃസ്നേഹത്തിന്റെ തമാശക്കഥയെ പറ്റി മോഹനവല്ലിയായ മഞ്ജു പിള്ള പറയുമ്പോൾ, അർജുനനായ നടൻ ജയകുമാറിന്റെ ഓർമ  പോയത്  ജയറാം നായകാനായി അഭിനയിച്ച ‘ഞങ്ങൾ സന്തുഷ്ടരാണ്’  സിനിമയുടെ സെറ്റിലേക്ക്.

സൂപ്പർസ്റ്റാർ ജാഡ

ജയകുമാർ: എന്റെ  ആദ്യ സിനിമ....‘ഞങ്ങൾ സന്തുഷ്ടരാണി’ൽ മഞ്ജു ഒപ്പമുണ്ടായിരുന്നു. കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നെങ്കിലും അന്ന് മഞ്ജുവിനെ കണ്ടതൊക്കെ ഇന്നലത്തെ പോലെ... എന്റെ മനസ്സിലുണ്ട്..

മഞ്ജു: അതിന്???

ജയകുമാർ: അന്ന് കണ്ടപ്പൊഴേ നമ്മൾ സംസാരിക്കേണ്ടതായിരുന്നു?

മഞ്ജു : എന്തിനാ പ്രേമിക്കാനാ?

ജയകുമാർ: ഛെ.. അതല്ലാ.. അങ്ങനെയായിരുന്നേൽ നമുക്ക് അന്നേ ജോഡികളാകാമായിരുന്നല്ലോ?

മഞ്ജു : നല്ല മോഹം. ഞാൻ സൂപ്പർ ഹിറ്റ് ജോഡികളുടെ കൂടെ അഭിനയിച്ച് ഹിറ്റായതുകൊണ്ട് ഈ ജോഡിയും ആളുകൾക്കിഷ്ടമായി. പിന്നെ, എനിക്ക് സൂപ്പർസ്റ്റാർ ജാഡയൊന്നും  ഇല്ലാത്തതു കൊണ്ട് ഓവറാക്കുന്നില്ല.

ജയകുമാർ: ഒാവറാക്കുന്നില്ലേ? പിന്നിതെന്തോന്നാ?

മഞ്ജു: ഇതൊക്കെ... നോർമൽ സ്റ്റാർ റിയാക്‌ഷൻ അല്ലേ...പഴയ ആളുകൾക്ക് ഈ ട്രെൻഡൊന്നും അറിയാത്തോണ്ടാ..

ജയകുമാർ: അങ്ങനെന്നെ കൊച്ചാക്കണ്ടാ... എന്റെ  കവിതയൊക്കെ പിള്ളേർടെ ഇടയിൽ മാരക ട്രെൻഡിങ് ഐറ്റമായിരുന്നു.

മഞ്ജു: ഏത് കവിത?

ജയകുമാർ: എന്റെ മകരന്ദ മാലേയ മാങ്ങാത്തൊലി....

മഞ്ജു: പൊക്കോണം അവിടുന്ന്..മനുഷ്യന് മനസ്സിലാകുന്ന എന്തെങ്കിലും മാങ്ങാത്തൊലി എഴുതാനുള്ളതിന് പകരം ഈ വട്ടെല്ലാം കൂടെ എഴുതിയിട്ട് ആര് മനസ്സിലാക്കിയെന്ന്...

ജയകുമാർ :  ഉണ്ട് ..ഒരാളുണ്ട്, എന്റെ പ്രിയസഖി ഉമാദേവി

മഞ്ജു: ചേച്ചി കവിത കേട്ടാണോ പ്രേമിച്ചെ?

ജയകുമാർ : അതെ..എന്റെ കവിതയുടെ ആരാധിക അവളായിരുന്നു.

മഞ്ജു: കഷ്ടമായിപ്പോയി. അല്ല ഏതായിരുന്നു കവിത?

ജയകുമാർ: ആന്ധ്രാപ്രദേശിന്റെ നാട്ടിലെനിക്കൊരു നാരീമണിയുമായി പ്രേമമുണ്ട്, നിസാമാബാദിൽ ബിസിനസ്സ് ചെയ്യുന്ന ഗോപി അമ്മാവന്റെ മോളാണ്.

മഞ്ജു: ഈ പാട്ടിന്റെ താളം നല്ല പരിചയമുണ്ടല്ലൊ...ആ കിട്ടിപ്പോയി.. ‘‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി’’.  അപ്പൊ അടിച്ചുമാറ്റലും ഉണ്ടല്ലേ..

manju-jaya34

ഫ്രഷ് കഥ.....

ജയകുമാർ: ഏയ്, അങ്ങനൊന്നുമല്ല. അക്കാലത്ത് ഞാൻ പാരഡി ഗാനങ്ങളിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീടുള്ള വളർച്ചയിലാണ് കവിതയിൽ ചെന്നെത്തിയത്.

മഞ്ജു: ശരിയാ ‘പയ്യൻസ്’  ജയനിപ്പൊ കിളവൻ ജയനായല്ലൊ അല്ലെ?

ജയകുമാർ : ദേ, പഴയ കാര്യം പറഞ്ഞ് ആക്കരുത് കേട്ടോ...

മഞ്ജു: ഞാൻ കളിയാക്കും. പണ്ട് എന്തോ ആവശ്യത്തിന് ഇ ന്ദ്രൻസ് ചേട്ടന്റെ വീട്ടിൽ ഞാൻ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന നിങ്ങൾ എന്നെ കണ്ടതായി നടിച്ചോ? കൊടും ജാഡയിട്ടില്ലേ... എന്നിട്ട് ഞാൻ പരിചയപ്പെടാൻ വരുമ്പോഴും, വെറും ചിരി മാത്രം. അന്നാണ് ഞാൻ അറിയുന്നത് നിങ്ങളാണ് പയ്യൻസ് സീരിയിലിൽ പയ്യൻസായി വേഷമിട്ട ് ഹിറ്റായ പയ്യൻസ് ജയനെന്ന്,

ജയകുമാർ : അന്ന് ജാഡയൊന്നുമല്ല. നിങ്ങൾ വല്യ നടിയാണല്ലൊ നമ്മൾ ഇടയ്ക്ക് കേറി വെറുതെ നാണംകെടേണ്ടന്ന് വിചാരിച്ചു.

മഞ്ജു: അതു കഴിഞ്ഞ്, നമ്മുടെ സീരിയലിൽ വന്നപ്പോഴാണ് നിങ്ങൾ വല്യ ആളാണെന്നൊക്കെ അറിയുന്നത്.

ജയകുമാർ :  എന്ത് ആള്?

മഞ്ജു: അത് കേൾക്കാനിപ്പോഴും  നല്ല സന്തോഷമാണല്ലേ.  റിട്ടയേർഡ് ആണെങ്കിലും, സർവേ ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറാണ് നിങ്ങളെന്നൊന്നും എനിക്കറിയില്ലായിരുന്നു

ജയകുമാർ: അതൊക്കെ അറിഞ്ഞിട്ടാണോ പാവം ഞാൻ സീരിയൽ ക്ഷീണത്തിനിടയിൽ കിടന്നുറങ്ങുമ്പോൾ മൂക്കിലും ചെവിയിലുമൊക്കെ പുല്ലും തൂവലുമൊക്കെ കൊണ്ടിടുന്നേ?

മഞ്ജു: ഓഹ് പിന്നെ, നിങ്ങൾ വല്യ ആള്. ഉറക്കം കിട്ടാതെ ലോകത്ത് ഒരുപാട് മനുഷ്യർ കഷ്ടപ്പെടുമ്പോൾ നിങ്ങളൊരാൾ കൂളായി ഇരുന്നും നടന്നും ഒക്കെ ഉറങ്ങുന്നത് കണ്ടാൽ ആരാണ് സഹിക്കുക. സ്വാഭാവികമായി അസൂയകൊണ്ട് ചെയ്യുന്നതാണ്. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചാലും അസൂയയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല.

ജയകുമാർ: ഉവ്വ് ..ഭർത്താവ് സുജിത്ത് വാസുദേവിന്റെ അടുത്തു  ഈ അസൂയ പരീക്ഷിച്ച് മഞ്ജു കഴിവ് തെളിയിക്കണം.

മഞ്ജു: ഒറ്റ ടേക്കില്‍ ഓക്കെയാകും?

ജയകുമാർ: എന്ത് ?

മഞ്ജു: വഴക്ക്...

എക്സർസൈസ്..

ജയകുമാർ: അത് പറ‍ഞ്ഞപ്പോഴാ, വണ്ണം കുറച്ചതെങ്ങനാന്ന് ചോദിക്കണമെന്ന് എപ്പോഴും വിചാരിക്കും. ‌

മഞ്ജു: ആറു വർഷം  കൂടെ അഭിനയിച്ചിട്ട് ഇപ്പോഴാണോ ചോദിക്കാൻ കണ്ടത്.

ജയകുമാർ: അവസരം കിട്ടിയതിപ്പോഴാ.  മഞ്ജു എന്റെ ഭാര്യയാണെന്ന് വിചാരിച്ച് ചോദിക്കുന്ന അമ്മമാരോടെങ്കിലും എനിക്ക് പറഞ്ഞ് കൊടുക്കാല്ലോ

manju-jaya12

മഞ്ജു: അതൊരു വല്യ കഥയാ.

ജയകുമാർ: അത്ര വലുതാണെങ്കിൽ അതുവച്ചൊരു സിനിമ ചെയ്തൂടെ, എന്നെ നായകനാക്കിയാൽ മതി.

മഞ്ജു: അത്ര മോശം കഥയല്ലിത്.

ജയകുമാർ: പറഞ്ഞോ.. പറഞ്ഞോ.

മഞ്ജു: ഒരു ദിവസമിങ്ങനെ ടിവി കാണുവായിരുന്നു. പണ്ട് ഏതോ തീവണ്ടി മറിഞ്ഞ് വെള്ളത്തിൽ വീഴുന്നതിന്റെ വീഡിയോ ആണ് കാണിക്കുന്നത്. തീവണ്ടിയിലുണ്ടായിരുന്നവർ എന്ത് ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്നു, വെള്ളത്തിൽ കിടന്നു മുങ്ങിത്താഴുന്നു.

ട്വിസ്റ്റ് ട്വിസ്റ്റ്...

ജയകുമാർ : നിൽക്ക്..നിൽക്ക്.. ഇതിപ്പോ ശരിക്കും സിനിമാക്കഥ പറയുകയാണോ. ഞാൻ നായകനായിട്ടുള്ളത്...

മഞ്ജു: ഇങ്ങേര് തന്നാണോ ദൈവമേ ഇത്ര വല്യ ഓഫിസറായിരുന്നത്. അതോ ഈ സീരിയലിൽ മണ്ടനായി അഭിനയിച്ച്, ശരിക്കും കിളി പോയോ?

ജയകുമാർ:  അല്ല തടി കുറഞ്ഞതെങ്ങനാന്ന് ചോദിക്കുമ്പോ ട്രെയിൻ  മുങ്ങിയ കഥ പറഞ്ഞകൊണ്ട് ചോദിച്ചതാ...

മഞ്ജു: ഓ, അങ്ങനെ, ഞാൻ ഭയങ്കര കഴിവുള്ള ആളല്ലേ, അ തോണ്ട് ചെറിയ സംഭവങ്ങളൊന്നും  എന്നെ ഇൻസ്പെയർ ചെയ്യില്ലല്ലൊ.

ജയകുമാർ: ‘തള്ള്’ മതി ..കാര്യം പറ.

മഞ്ജു: ട്രെയിനിൽ നിന്ന് ആളുകൾ വെള്ളത്തിൽ വീഴുന്നത് കണ്ടപ്പോൾ എനിക്ക് പേടിയായി. ട്രെയിനിൽ നിന്ന് വെള്ളത്തിൽ വീണു പോയാൽ എങ്ങനെ രക്ഷപെടുമെന്ന്. ആ പേടി മാറ്റാനാണ് ഞാൻ നീന്തൽ പഠിക്കാൻ പോയത്..

ജയകുമാർ : അല്ല..അപ്പോ..,ഒന്നൂല്ല,  കാര്യം  എന്തേലും ഉണ്ടേ ൽ പറയൂ. ചുമ്മാ മെഗാ പരമ്പര ആക്കാതെ.

മഞ്ജു: നീന്തൽ പഠിക്കാൻ പോയി ഒരു മാസം മര്യാദയ്ക്കു നീന്തിയപ്പോൾ എന്റെ തടി കുറയുന്നുണ്ടെന്ന് മനസിലായി. അങ്ങനെയൊരു നാലു മാസം  നീന്തി നോക്കി  85 കിലോയിൽ നിന്ന് ഞാൻ സെവന്റീസിലേക്ക് വന്നു. പിന്നെ, ഞാൻ ഒട്ടും ബുദ്ധിമുട്ടാതെ തടി വെച്ച് എൺപതിലേക്ക് തിരിച്ചെത്തി. തിരുവനന്തപുരം വിഎസ്എസ്സിയിൽ  ജോലി ഉണ്ടായിരുന്നതു കൊണ്ട്  അച്ഛനും അമ്മയ്ക്കുണ്ടാകുന്ന അസുഖത്തിന്റെ ചെലവൊക്കെ സർക്കാർ നോക്കുമായിരുന്നു. എന്റെ തടികൂടുന്നത് കണ്ടപ്പോൾ, സുജിത്തേട്ടൻ പറഞ്ഞു എനിക്ക് അങ്ങനെ ഗവൺമെന്റ് കോട്ടയിൽ നിന്നൊന്നും മരുന്ന് കിട്ടാൻ വകുപ്പില്ല. നീ തടി കുറച്ചില്ലെങ്കിൽ അവസാനം  അസുഖം പിടിച്ചു കിടക്കേണ്ടി വരുമെന്ന്. അങ്ങനെ ഡയറ്റീഷ്യൻ ല ക്ഷ്മിയുടെ സഹായം കൊണ്ട് ഞാൻ തിരിച്ച് അറുപതിലേക്ക് എത്തി.

ജയകുമാർ : ആ ഹ.. ഹ...എത്ര മനോഹരമായ മിനിക്കഥ.

മഞ്ജു: ഇത് മിനീടെ കഥയൊന്നുമല്ല. എന്റെ കഥയാ.

manju-jaya4

ഫീൽഗുഡ്.......

ജയകുമാർ: പണ്ടേ അഭിനയിക്കാൻ  ഇഷ്ടമാണ്. ആദ്യ നാടകത്തിലെ ആദ്യ കഥാപാത്രമൊക്കെ ഓർമയുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പൊ ‘ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ കുരുക്കൾ’. അത് ചെയ്തപ്പോ ജനം  പ്രേത്സാഹിപ്പിച്ചു. പിന്നെ, പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു ഡിഗ്രി പഠനം. അവിടെ അറിയപ്പെടുന്ന മോണോ ആക്ട് കലാകാരാനായിരുന്നു ഞാൻ. പിന്നെ, ബിഎഡ് പഠിക്കാൻ കർണാടകത്തിൽ പോയി അവിടെ വച്ചായിരുന്നു പ്രേമം. ജീവിക്കാൻ ആ സമയത്ത് എന്തെങ്കിലും പണി അ ത്യാവശ്യമായിരുന്നു. ‘അനിശ്ചിതത്വം’ എന്ന് കുട്ടി കേട്ടിട്ടില്ലേ?

മഞ്ജു: പിന്നെ, ഞാനത് ഒരുപാട് കേട്ടിട്ടുണ്ട്. ഒന്നു രണ്ടു തവണ നേരിൽ കണ്ടിട്ടുമുണ്ട്.

ജയകുമാർ:  അങ്ങനെയാണ്  ജോലിക്ക് കേറിയത്.  ഇടയ്ക്ക്  സിനിമയിൽ ചാൻസ് കിട്ടിയെങ്കിലും ജോലിയും ട്രാൻസ്ഫറുമൊക്കെ കൊണ്ട് അത്  തുടർന്നുപോകാൻ പറ്റിയില്ല. എന്തായാലും  ഇപ്പോൾ എന്റെ നായികയാകാനുള്ള ഭാഗ്യമൊക്കെ കിട്ടിയില്ല, സുകൃതം.  സ്റ്റാറായിട്ടും  മഞ്ജു എന്താ സിനിമയിൽ നായികയായിട്ടൊന്നും നിൽക്കാഞ്ഞത്

മഞ്ജു:  അതൊരുമാതിരി കൊല്ലുന്നു ചോദ്യമായിപ്പോയി

ജയകുമാർ : ഞാനൊരു ആവേശത്തിന്..

മഞ്ജു: ശ്രീകുമാരൻ തമ്പി സാറിന്റെ ‘ശബരിമലയിൽ തങ്ക സൂര്യോദയം’ സിനിമയിലൂടെയാണ്  ഞാൻ സിനിമയിലെത്തുന്നത്. സാർ അതു കഴിഞ്ഞൊരു സീരിയിലിലും എന്നെ അഭിനയിക്കാൻ വിളിച്ചു. അന്ന് സാറെന്നോട് പറഞ്ഞു, എന്റെ റേഞ്ച്  കെപിഎസി ലളിത അമ്മയുടെയും സുകുമാരി അമ്മയുടെയും ഒക്കെയാണെന്ന്. അതോണ്ട് നായികയാകാൻ നോക്കണ്ട, ക്യാരക്ടർ റോൾ ചെയ്താൽ മതിയെന്ന് പറഞ്ഞു.

ജയകുമാർ : എന്തായാലും ലളിത ചേച്ചി ഇതറിയേണ്ട. തമ്പി സാർ പറഞ്ഞതു കൊണ്ടാണോ മഞ്ജു നായികയായി അഭിനയിക്കാഞ്ഞത്?  

മഞ്ജു: ഏയ് ... ആരേലും വിളിച്ചാലല്ലേ പോകാൻ പറ്റൂ.

ജയകുമാർ: അപ്പോ നമ്മൾ തൂവൽ പക്ഷികളാണല്ലേ...

മഞ്ജു: ചുമ്മാതാണോ, നമ്മൾ ടോപ് ജോഡിയായത്.