പ്രിയപ്പെട്ട മഹേന്ദ്ര സിങ് ധോണി, എങ്ങനെ മറക്കും, ആ സിക്സർ. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ചരിത്രത്തിൽ രണ്ടാമതും ഇന്ത്യ ലോകകപ്പിൽ മുത്തമിട്ട അദ്ഭുത മുഹൂർത്തം. ആ ഷോട്ട് കണ്ട് എത്ര പേർ കയ്യടിച്ചുണ്ടാകും. അന്നു ടിവിക്കു മുന്നിൽ നിന്നു തുള്ളിച്ചാടിയവരിൽ വയനാട്ടിലെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. വയനാട് മാനന്തവാടി ഒണ്ടയങ്ങാടിയിലെ മണിയുടെയും വസന്തയുടെയും മകൾ മിന്നു മണി.
ഇരമ്പുന്ന ഗാലറിക്കു മുന്നിൽ ക്രിക്കറ്റ് ബുദ്ധനെ പോ ലെ ശാന്തനായി എം.എസ്. ധോണി. ടിവിയിൽ നോക്കി നിൽക്കെ അവളുടെ മനസ്സിലൊരു റോൾമോഡലായി ധോ ണി തിളങ്ങി. ആരവങ്ങളടങ്ങി, ആരാധകർ പ ല വഴിക്കു പിരിഞ്ഞു. പക്ഷേ, ആ പെൺകുട്ടി ഒന്നു മനസ്സിലുറപ്പിച്ചിരുന്നു. ഒരുനാൾ ഇ ന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകണം. അന്നു നല്ലൊരു വീടില്ല. അച്ഛനും അമ്മയും കൂലിപ്പണിക്കാർ. എങ്ങനെ അവിടെ എത്തുമെന്ന് അറിയില്ല.
മിന്നലിനേക്കാൾ വോൾട്ടേജുള്ള ആ സ്വപ്നത്തിന്റെ വെള്ളിവെളിച്ചത്തിൽ ആ ദിവസമെത്തി. ജൂലൈ രണ്ടിനു മിന്നുമണിക്കു ട്വന്റി 20 ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിലേക്ക് സെലക്‌ഷൻ കിട്ടിയെന്ന വാർത്തയെത്തി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാംപിലായിരുന്നു അപ്പോൾ മിന്നു.
വിമൻസ് ലീഗിലെ ആദ്യമലയാളി
വനിതാ ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസ് 30 ലക്ഷം രൂപയ്ക്കാണു മിന്നു മണിയെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്. വിമൻസ് പ്രീമിയർ ലീഗിലെത്തിയ ആദ്യ മലയാളിയായ മിന്നു മണി പക്ഷേ, കടന്നുവന്ന വഴികളൊന്നും മറക്കുന്നില്ല.
മാനന്തവാടി ഒണ്ടയങ്ങാടിയിലെ വീട്ടിൽ നിന്നു ബസില്‍ കയറിയും സ്കൂട്ടറോടിച്ചും സ്റ്റേഡിയത്തിലെത്തുന്ന ഇന്ത്യന്‍ താരം. ‘കണ്ടം ക്രിക്കറ്റി’ല്‍നിന്ന് ഇന്ത്യന്‍ ട്വന്റി 20 ടീമിലേക്കെത്തിയ മിന്നു മണിയുടെ ജീവിതത്തിന് ഇപ്പോഴും വലിയ മാറ്റങ്ങളില്ല.
നാട്ടിലിറങ്ങി നടക്കുമ്പോള്‍ പഴയ കൂട്ടുകാര്‍ എപ്പോഴും കൂടെയുണ്ടാകും. കേരളക്കരയുടെ അഭിമാനമുയര്‍ത്തിയ പ്രതിഭയാണെന്ന ഭാവമൊന്നും ആ മുഖത്തില്ല. വയനാട് ക്രിക്കറ്റ് അക്കാദമിയിലെ ഭാവിതാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു മിന്നുവും നില്‍ക്കുമെങ്കിലും അക്കാദമിയിലെ കുട്ടികളിലൊരാളായേ കാണുന്നവര്‍ക്കു തോന്നൂ. പെരുമാറ്റവും അതുപോലെതന്നെ. അതിലൊരു മാറ്റമുണ്ടാകുന്നതു കളിക്കാന്‍ ഇറങ്ങുമ്പോള്‍ മാത്രം. തികച്ചും പ്രഫഷനലായ രാജ്യാന്തര താരം എന്ന നിലയിലേക്കാണു മിന്നുവിന്റെ അതിവേഗ വളര്‍ച്ചയെന്നു പരിശീലകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
പാടത്തു നിന്നു വളർന്ന താരം
കൊയ്ത്തൊഴിഞ്ഞു കഴിഞ്ഞാൽ പിന്നെ, വയനാട്ടിലെ പാടങ്ങൾ ക്രിക്കറ്റ് മൈതാനങ്ങളായി മാറും. പക്ഷേ, കളിക്കളം നിറയെ ആൺകുട്ടികൾ. അവർക്കു പെൺകുട്ടിയെ ഒപ്പം കൂ ട്ടാൻ മടി. ആണ്‍കുട്ടികളാരും അന്നു മിന്നുവിനു ബാറ്റോ ബോളോ കൊടുക്കുമായിരുന്നില്ല. ബൗണ്ടറിക്കു പുറത്തേക്കു വരുന്ന പന്തുകൾ ഓടിയും ചാടിയും പിടിച്ചു തിരിച്ചെറിഞ്ഞു കൊടുക്കൽ മാത്രമേ ചെയ്യാൻ പറ്റൂ.
പാടത്തിന്റെ ബൗണ്ടറിക്കരികില്‍ ഔട്ട് പെറുക്കാനുള്ള കുട്ടിയായിരുന്നു അവള്‍. ആത്മവിശ്വാസത്തിന്റെ പാഡ് കെട്ടി വീട്ടിൽ നിന്നിറങ്ങുന്ന മിന്നുവുണ്ടോ വിടുന്നു. ആ അവഗണനയും അവൾ അവസരമാക്കി.
പന്തിന്മേലുള്ള കൈയടക്കം പരിശീലിച്ചതു പാടത്തെ ഫീല്‍ഡിങ്ങിലൂടെയാണെന്നു മിന്നു പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകണമെന്ന മോഹം മനസ്സിൽ നട്ടപ്പോൾ അതിനൊപ്പം മറ്റൊന്നു കൂടി വളർന്നു. ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സിനെ പോലെ മികച്ചൊരു ഫീൽഡർ ആകണം.
ഇന്ന് ഇന്ത്യൻ വനിതാടീമിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് മിന്നു. ഇപ്പോഴും ബാറ്റിങ്ങിനേക്കാളും ബോളിങ്ങിനേക്കാളും മിന്നുവിനിഷ്ടം ഫീല്‍ഡ് ചെയ്യാനാണ്. സ്പെഷല്‍ ക്ലാസുണ്ടെന്നു നുണ പറഞ്ഞുവരെ വീട്ടില്‍നിന്നു ക്രിക്കറ്റ് കളിക്കാന്‍ മുങ്ങിയിട്ടുണ്ട്. അത്രമേൽ ക്രിക്കറ്റിനെ സ്നേഹിച്ചാണു മിന്നുവിന്റെ ഓരോ ദിവസവും നീങ്ങുന്നത്. ‘‘കായികരംഗത്തേക്കു പൂര്‍ണമായി കടന്നുവന്നതിൽ പിന്നെ, വിവേചനങ്ങളൊന്നുമുണ്ടായില്ല. കളി തുടങ്ങിയ കാലത്തു എതിര്‍പ്പുകളുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനോ? അത് ആണ്‍കുട്ടികളുടെ കളിയല്ലേ... എന്നൊക്കെ സംസാരമുണ്ടായി. പക്ഷേ, അതൊന്നും വകവയ്ക്കാതെ കളി തുടര്‍ന്നു.’’ മിന്നു പറയുന്നു.
ക്രിക്കറ്റ് ഇഷ്ടം തുടങ്ങിയപ്പോൾ ധോണി ആയിരുന്നു റോൾ മോഡൽ. പിന്നീട് കളിയെക്കുറിച്ചു കൂടുതലായി അറിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നു മനസ്സിലായി. അതിനു ശേഷം അങ്ങനെ ഒരാളെ മാത്രമായി റോള്‍ മോഡല്‍ എന്ന രീതിയില്‍ മിന്നു കണ്ടിട്ടില്ല. പിന്നെ, ആരാധന ക്രിക്കറ്റിനോടായി.
‘‘എല്ലാ കളിക്കാരുടെയും പെര്‍ഫോമന്‍സ് ഫോളോ ചെയ്യാറുണ്ട്.’’ ഒണ്ടയങ്ങാടിയില്‍നിന്നു വയനാട്ടിലെ ക്രിക്കറ്റ് പരിശീലകര്‍ കണ്ടെടുത്ത മിന്നു മണിയുടെ കരിയറില്‍ തൊടുപുഴയിലെ കെഎസിഎ അക്കാദമിയില്‍ പരിശീലനത്തിന് അവസരം ലഭിച്ചതാണു നിര്‍ണായകമായത്.
വിക്കറ്റോടെ ആദ്യ ഓവർ
ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ആദ്യ പരമ്പരയില്‍ത്തന്നെ അഞ്ചു വിക്കറ്റുകളാണു മിന്നു നേടിയത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടിയായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് എല്ലാ കളിയിലും മിന്നു തിളങ്ങി. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാകുക എന്നതാണു മിന്നുവിന്റെ ഇനിയുള്ള സ്വപ്നം.
നാട്ടിലെ സ്വീകരണത്തിരക്കുകള്‍ക്കിടയിലും ആ ല ക്ഷ്യം മറന്നുകളയാന്‍ മിന്നു ഒരുക്കവുമല്ല. മിന്നുവിന്റെ ഈ വിജയയാത്രയ്ക്കു പിന്തുണ നൽകിയവർ ഏറെയുണ്ട്. ഒരിക്കൽ മിന്നു ഇന്ത്യൻ ക്യാപ്റ്റൻ ആകും എന്നു വിശ്വസിക്കുന്നവർ.
അധ്യാപകരുടെ തണൽ
‘‘അധ്യാപകരുടെ പിന്തുണയാണു പ്രധാനം. ഒൻപതാം ക്ലാസ് മുതൽ ഡിഗ്രി വരെയും ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പഠനവും പ്രാക്ടീസും. അണ്ടര്‍ 16 മുതല്‍ കേരള ടീമില്‍ വരെ കളിച്ചുകൊണ്ടിരിക്കുന്ന കാലം. ക്ലാസ്സില്‍ കയറാനോ പഠിക്കാനോ സമയം ഉണ്ടായിരുന്നില്ല.
എന്റെ ഭാഗ്യത്തിന് എല്ലാ ക്ലാസിലും സ്പോര്‍ട്സിനോടു താല്‍പര്യമുള്ള ടീച്ചേഴ്സ് ഉണ്ടാകുമായിരുന്നു. അവര്‍ ഏറെ സഹായിച്ചു. ഫോണില്‍ വിളിച്ചു പോലും പാഠഭാഗങ്ങള്‍ പറഞ്ഞുതന്നു. പരീക്ഷാസമയത്ത് സ്പെഷല്‍ ക്ലാസ്സും തന്നു. അതൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല.
ക്രിക്കറ്റ് ഒരു പ്രഫഷന്‍ ആയി സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കേരള ടീം കോച്ച് സുമന്‍ ശര്‍മ ആണ്. ക്രിക്കറ്റര്‍ എന്ന നിലയില്‍ ശാരീരികവും മാനസികവുമായി മോള്‍ഡ് ചെയ്തെടുത്തതില്‍ സുമൻ ശർമയ്ക്ക് വലിയ പങ്കുണ്ട്.
മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായിരുന്ന എല്‍സമ്മ, കോച്ച് കെ. പി. ഷാനവാസ്, ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, ജാഫര്‍ സേട്ട്, ടി. ആര്‍. ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെപ്പേരോടു വലിയ കടപ്പാടുണ്ട്.’’
ക്രിക്കറ്റിനെക്കുറിച്ചൊന്നും കാര്യമായി അറിവില്ലെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നിന്ന മണിയും വസന്തയുമായാണ് ഈ മിന്നുന്ന നേട്ടത്തിനു പിന്നിലെ കാണാ താരകങ്ങൾ. ടൂർണമെന്റിനു പോകാനായി പൈസ മിച്ചം പിടിച്ചും കടം വാങ്ങിയും അവർ മകളെ യാത്രയാക്കിയ എത്ര ദിവസങ്ങൾ. ‘‘ക്യാംപിലെത്തിക്കഴിഞ്ഞാൽ പിന്നെയുള്ള ചെലവൊക്കെ അസോസിയേഷൻ വഹിക്കും. പക്ഷേ, അവിടെ വരെയത്താനുള്ള പണം സംഘടിപ്പിക്കാൻ അന്നൊക്കെ അച്ഛനും അമ്മയും ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.’’
തേച്ചുമിനുക്കി മൂർച്ച വരുത്തിയ അമ്പ് പോലെയുള്ള ലക്ഷ്യബോധമാണു മിന്നുമണിയെ മറ്റു പല താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. പോർമുഖത്തു നിന്നു പിന്തിരിഞ്ഞോടാത്ത കുറിച്യപാരമ്പര്യത്തിന്റെ കരുത്തും.
പരിഭവങ്ങളില്ലാതെ മുന്നോട്ട്
അവഗണനയും ബുദ്ധിമുട്ടും ഉണ്ടാകുമ്പോൾ അതിനെ മറികടന്നു കൂടുതൽ കരുത്തു നേടിയാണ് മിന്നുവിന്റെ ജീവിതയാത്ര. ഏഴാം ക്ലാസ് വരെ നാലു കിലോമീറ്റർ നടന്നാണ് മിന്നു സ്കൂളിൽ എത്തിയിരുന്നുത്. പക്ഷേ, ആ നടത്തം ബുദ്ധിമുട്ടായല്ല, സ്റ്റാമിന കൂട്ടാൻ സഹായിച്ചു എന്നേ മിന്നു പറയൂ.
400 മീറ്റർ ഓട്ടമത്സരത്തിൽ സമ്മാനം വാരിക്കൂട്ടിയ അ ത്‌ലീറ്റായാണു കായിക രംഗത്തെ തുടക്കം. എട്ടാം ക്ലാസ്സിലെത്തിയപ്പോഴാണു മിന്നു എന്ന ക്രിക്കറ്റർ മൈതാനത്തു വരവറിയിക്കുന്നത്. കായികാധ്യാപികയായ എൽസമ്മയാണ് അണ്ടർ 13 ടീമിന്റെ സെലക്‌ഷനു മിന്നുവിനെ അയയ്ക്കുന്നത്. എൽസമ്മ ടീച്ചറുടെ കണ്ടെത്തൽ കിറുക്യത്യമായിരുന്നു.
വയനാട് ജില്ലാ ടീമിൽ സ്ഥാനം കിട്ടിയതോടെ മിന്നുവിന്റെ കരിയറിനു തുടക്കമായി. കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ ജൂനിയർ ഗേൾസ് സ്റ്റേറ്റ്സ് ക്യാംപിലെത്തി. പഠനം തൊടുപുഴയിലെ അക്കാദമിയിൽ. പത്താം ക്ലാസ് കഴിഞ്ഞതോടെ വീണ്ടും വയനാട്ടിലേക്ക്. പ്ലസ്ടു പഠനവും അക്കാദമിയുടെ കീഴിൽ. ഡിഗ്രി പഠനത്തിനായി തിരുവനന്തപുരത്തെത്തി. കേരള ടീമിലും ഇന്ത്യൻ എ ടീമിലും കളിച്ച മിന്നു ഒടുവിൽ ഇന്ത്യൻ ടീമംഗം എന്ന സ്വപ്ന നേട്ടം സ്വന്തമാക്കി.
രണ്ടു മുറികളുള്ള ഓടിട്ട കുഞ്ഞുവീടാണു മിന്നുവിന്റേത്. ഡ ല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചപ്പോള്‍ കിട്ടിയ മാച്ച് ഫീ ഉപയോഗിച്ചാണു വീട് അറ്റകുറ്റപ്പണി നടത്തിയത്. ഇപ്പോഴും വീട്ടുമുറ്റത്തേക്കു വണ്ടി കയറില്ല.
വിവിധ ടീമുകള്‍ക്കായി ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും പിതാവ് മണിക്കും മാതാവ് വസന്തയ്ക്കും ഇതുവരെ മിന്നുവിന്റെ കളി നേരില്‍ കാണാനായിട്ടില്ല. ഒാരോ മാച്ചിനിറങ്ങുമ്പോഴും മകൾ പൊന്മണിയായി തിളങ്ങണേ എന്നവർ നാട്ടിലിരുന്നു പ്രാർഥിക്കും.
അവരെയും സഹോദരി മിമിതയെയും മുത്തശ്ശി ശ്രീദേവിയെയും വിമാനത്തില്‍ കയറ്റി സ്റ്റേഡിയത്തിലെത്തിച്ചുകളി കാണിക്കണമെന്നാണു മിന്നുവിന്റെ ആഗ്രഹം.
സ്റ്റാഫ് പ്രതിനിധി