Friday 29 September 2023 11:53 AM IST

‘ഫിറ്റ്നസ് പ്രധാനമാണ്.. ചാടാനും ഓടാനും തലകീഴ് മറിയാനും എനിക്കു പ്രയാസമില്ല’; മനസ് തുറന്ന് മിർന മേനോൻ

Rakhy Raz

Sub Editor

mirna-menon775fhh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മുഖത്തു ചോര ചീറ്റി വീഴുമ്പോൾ നൈസ് ആയിട്ട് ടിഷ്യു പേപ്പർ എടുത്തു തുടയ്ക്കുക. ഹാ! എന്തൊരു ഷോട്ട്.  ‘‘ഈസിയായി ആർക്കുമതു ചെയ്യാമെന്നു തോന്നും. എന്നാൽ എതിർവശത്തു തലൈവർ (രജനീകാന്ത്) ആണെങ്കിൽ അതൊരു എടുത്താൽ പൊങ്ങാത്ത ഷോട്ടാണേ.’’പറയുന്നതു മിർന മേനോൻ. ജയിലറിൽ തലൈവരുടെ മരുമകളായി അഭിനയിച്ച ത്രിൽ ഇപ്പോഴും മാറിയിട്ടില്ല ഈ മലയാളി താരത്തിന്. ആദ്യ ചിത്രം മുതൽ ഒന്നിച്ചഭിനയിച്ചവരെല്ലാം പ്രമുഖ താരങ്ങൾ. പുതുമുഖത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണതെന്നു മിർന.

ആര്യ, മൈ ഫസ്റ്റ് ഹീറോ

‘‘ഇടുക്കിക്കാരിയാണെങ്കിലും അഭിനയത്തിന്റെ തുടക്കം തമിഴിലാണ്. സംവിധായകൻ അമീർ സുൽത്താന്റെ സുന്ദരതേവൻ എന്ന ചിത്രത്തിൽ ആര്യയ്ക്കൊപ്പം. യുവൻ ശങ്കർ രാജയുടെ മ്യൂസിക്. അഭിനയ പരിചയം ഉണ്ടായിരുന്നില്ലെങ്കിലും ടെൻഷൻ ഒന്നും തോന്നിയില്ല. ഞാനിതു ചെയ്യേണ്ടയാളാണ് എന്നൊരു ചിന്തയായിരുന്നു. അഭിനയരംഗത്തു കുടുംബത്തിൽ നിന്ന് ആരും  തന്നെയില്ല. എന്നിട്ടും എട്ടാം ക്ലാസ് മുതൽ സിനിമയായിരുന്നു ലക്ഷ്യം. സുഹൃത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത എന്റെ ചിത്രം കണ്ട് കാസ്റ്റിങ് ഏജൻസി തമിഴ് ചിത്രത്തിലേക്കു വിളിക്കുകയായിരുന്നു. അത്രയധികം ഞാൻ ആ വിളിക്കായി ആഗ്രഹിച്ചിരുന്നെങ്കിലും ഒരു ചുവടു പോലും അതിനു വേണ്ടി വച്ചിട്ടില്ല. എന്നിട്ടും  സിനിമ എന്ന സ്വപ്നം എന്നെ തേ ടി വന്നു. 

അദിതി എന്നാണു യഥാർഥ പേര്. ബിഗ് ബ്രദർ സിനിമയുടെ സമയത്തു സംവിധായകൻ സിദ്ദിക്ക് സാറാണു പേരുമാറ്റം നിർദേശിച്ചത്. ‘ആ പേരിൽ വേറെയും നടിമാരുണ്ടല്ലോ. നല്ലൊരു പേര് കണ്ടുപിടിക്കൂ’ എന്ന് സാർ പറഞ്ഞു. പലരോടും ആലോചിച്ചു. നടൻ ദിലീപേട്ടനോട് അഭിപ്രായം ചോദിച്ചപ്പോൾ. ‘A യേക്കാൾ  ‘M’ ൽ തുടങ്ങുന്ന പേരായിരിക്കും നല്ലതെന്നു പറഞ്ഞു.പിന്നെ, ആ വഴിക്കായി അന്വേഷണം. പലരും പല പേരുകൾ പറഞ്ഞു. ഒടുവിൽ  സുഹൃത്തു നിർദേശിച്ച മിർന ഞാൻ തിരഞ്ഞെടുത്തു. വാഹനങ്ങളുടെയൊക്കെ പേരു പോലെ വ്യത്യസ്തമാണ് എന്നു തോന്നി. ഐറിഷ് പേരാണത്. വാത്സല്യഭാജനം, ഓമനത്തമുള്ളവൾ, അലിവുള്ള വ്യക്തി എന്നൊക്കെയാണ് വാക്കിന്റെ അർഥം. സിദ്ദിക്ക് സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇഷ്ടമായി.  അങ്ങനെ അതു തന്നെ മതിയെന്നു തീരുമാനിച്ചു. സർട്ടിഫിക്കറ്റുകളിലും പേര് മിർന എന്നു മാറ്റി.  

എന്നെ വീട്ടിൽ വിളിക്കുന്നത് സൈന എന്നാണ്. അച്ഛൻ സന്തോഷ്, അമ്മ ശോഭന, ആര്യ, അരുണ്യ എന്നിവർ സഹോദരിമാർ. എല്ലാവരും ദുബായിൽ  ജോലി ചെയ്യുന്നു. പത്താം ക്ലാസ്സ് വരെ ഇടുക്കിയിൽ അച്ഛന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നാണ് പഠിച്ചത്.  ഹയർസെക്കൻഡറി കൊച്ചിയിലും എൻജിനീയറിങ് കോയമ്പത്തൂരിലും. രണ്ടു വർഷം ഐടി രംഗത്തു സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്തു. ദുബായ്, കുവൈത്ത്,  കൊച്ചിൻ ഇൻഫോ പാർക്ക് എന്നിവിടങ്ങളിൽ. 

അച്ഛനും ഞാനും അമ്മാവനുമടക്കം അഞ്ചുപേരുമായാണ് ആദ്യ ഒഡിഷനു പോയത്. ഒരു സിനിമ ചെയ്യുന്നതോടെ ക്രെയ്സ് കുറയും എന്നാണ് അവർ വിചാരിച്ചത്. ഇന്നു ജയിലർ വരെയെത്തി നിൽക്കുമ്പോൾ  ലക്ഷ്യത്തിനു കൂടുതൽ തെളിച്ചം കൈവന്നിരിക്കുന്നു. 

മോഹൻലാൽ മൈ ബിഗ് ബ്രദർ 

സംവിധായകൻ സിദ്ധിക്ക് എന്റെ ആന്റി ജ്യോതിയുടെ അ ടുത്ത സുഹൃത്തായിരുന്നു.  ആന്റിയോടൊപ്പം അദ്ദേഹത്തിന്റെ ഓഫിസിലെത്തിയ ദിവസം ഞാൻ അഭിനേത്രിയാണ് എന്ന് പറഞ്ഞു. ജ്യോതി ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് അദ്ദേഹം അതിശയിച്ചു. അടുത്ത സിനിമയിൽ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ട്. ഫോട്ടോഷൂട്ട് ചെയ്യൂ എന്നു പറഞ്ഞു. ഷൂട്ട് കഴിഞ്ഞയുടൻ തന്നെ കാസ്റ്റ് ചെയ്യുകയാണ് എന്നും അറിയിച്ചു. 

അപ്പോൾ അറിയില്ല  മോഹൻലാൽ സാറിന്റെ ജോഡിയാണ് എന്ന്. ബിഗ് ബ്രദറിന്റെ റിലീസ് കഴിഞ്ഞതിനു പിന്നാലെ ലോക്ഡൗൺ വന്നു. പിന്നീട് രണ്ടു വർഷത്തിനു ശേഷമാണു തമിഴിൽ നിന്നു  ബുർഖ എന്ന ചിത്രം. അതിലെ റോളിനു ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ട്രസ് നോമിനേഷൻ ലഭിച്ചിരുന്നു. പിന്നീട് തെലുങ്കി ൽ ഉഗ്രം, ക്രേസി ഫെല്ലോ എന്നീ ചിത്രങ്ങൾ

ബിഗ് ബ്രദറിനു ശേഷം ഏതു സിനിമയിലേക്കു ക്ഷണം ലഭിച്ചാലും ഞാൻ സിദ്ധിക്ക് സാറിനെ വിളിച്ചു പറയുമായിരുന്നു. ജയിലറിൽ അവസരം കിട്ടിയപ്പോഴും വിളിച്ചു. 

സാർ ആശുപത്രിയിലായിരുന്നപ്പോൾ രണ്ടുമൂന്നു തവണ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജയിലറിന്റെ റിലീ സിന്റെ തലേന്നു സാറിനെ ഒന്നു കാണാനായി രാത്രി ഒൻപതു മണി വരെ കാത്തു നിന്നു. വെന്റിലേറ്ററിൽ ആയിരുന്നതുകൊണ്ട് അന്നും സാധിച്ചില്ല. ചെന്നൈയിലേക്കുള്ള  യാത്രയ്ക്കിടയിലാണ് ആ ദുഃഖ വാർത്ത അറിയുന്നത്. വല്ലാത്ത സങ്കടത്തോടെയാണു ജയിലറിന്റെ റിലീസിൽ പങ്കു ചേർന്നത്.

രജനി സാറിന്റെ അഭിനന്ദനം

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ രജനി സാറുമായി സംസാരിക്കാൻ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട്  കഴിഞ്ഞാലും കാരവനിലേക്കു പോകാതെ ഞങ്ങൾക്കൊപ്പമിരിക്കും. എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അറിയാനുള്ള കൗതുകമായിരുന്നു എനിക്ക്. 

ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എന്താണു ചെയ്യുക,  പതിവുകൾ എന്താണ്,  എന്തു ഭക്ഷണം ആണ് ഇഷ്ടം, അങ്ങനെയങ്ങനെ. എല്ലാം  അദ്ദേഹം ശാന്തമായി കേൾക്കും. മറുപടിയും തരും. ചിലപ്പോൾ അതേ ചോദ്യം നമ്മളോടും തിരിച്ചു ചോദിക്കും.

ഞാൻ അതിരാവിലെ എഴുന്നേറ്റു ഫിസിക്കൽ ട്രെയിനിങ് ചെയ്യും എന്നു പറഞ്ഞതോടെ അദ്ദേഹത്തിന് കൗതുകമായി. കുതിരയോട്ടവും മാർഷൽ ആർട്സും അക്രൊബാറ്റിക് ഡാൻസുമാണ് ഇഷ്ടങ്ങൾ എന്നു പറഞ്ഞപ്പോൾ എന്തിനാണ് ഇതെല്ലാം എന്നായി ചോദ്യം.

‘ആക്‌ഷൻ, ഡാൻസ് എന്നിവ ചെയ്യാൻ സാധിക്കണം. അതിന് ഫിറ്റ്നസ് പ്രധാനമാണ്. ചാടാനും ഓടാനും തലകീഴ് മറിയാനും എനിക്കു പ്രയാസമില്ല. മറുപടി ഇഷ്ടപ്പെട്ടിട്ടുണ്ടാകണം. അതു പറഞ്ഞു തീർന്നപ്പോൾ രജനി സാർ എന്നെ അഭിനന്ദിച്ചു.’

Tags:
  • Celebrity Interview
  • Movies