ADVERTISEMENT

കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി, ആരെയും ആകർഷിക്കുന്ന സംസാരം, ഇടയ്ക്കിടെ ‘എന്റെ ഗുരുവായൂരപ്പനാണെ സത്യം’ എന്ന ഓർമപ്പെടുത്തൽ, ചെറിയ തമാശകൾക്ക് പോലും കിലുക്കാംപെട്ടി പോലെയുള്ള പൊട്ടിച്ചിരി... ഇത് പഴയ നവ്യ തന്നെ.

ആകെയുള്ള ഒരു മാറ്റം, പഴയ നീണ്ട തലമുടിക്കുള്ളിൽ ഇടയ്ക്കിടെ ഓരോ സ്വർണത്തിളക്കം. പ്രായത്തെ ചെറുത്തുനിർത്താനുള്ള സൂത്രപ്പണി യാണോ ഈ സ്വർണമുടിയെന്ന് ചോദിച്ചാൽ ന വ്യ കണ്ണുകളടച്ച് ചിരിക്കും. ‘മുംബൈ വാസത്തിനിടെ തോന്നിയ ഒരിഷ്ടം, പെർമനന്റ് ഗ്ലിറ്റർ ഹെയർ. എവിടെപ്പോയാലും ആളുകളിപ്പോള്‍ ഇതേ കുറിച്ച് ചോദിക്കും. സ്വർണ മുടിയുള്ള രാജകുമാരിയാണിപ്പോൾ ഞാൻ.’

ADVERTISEMENT

കൃഷ്ണഭക്തിയെ കുറിച്ച് ചോദിച്ചാൽ നവ്യയിലെ ബാലാമണി ഉയർത്തെഴുന്നേൽക്കും. ജീവിതത്തിൽ കൃഷ്ണൻ തന്നിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ചും അദ്ഭുതങ്ങളെ കുറിച്ചും വാചാലയാകും. ഈ പുതുവർഷത്തിലും കൃഷ്ണൻ നൽകിയ ആ വലിയ ഭാഗ്യത്തെ കുറിച്ചാണ് നവ്യക്ക് പറയാനുള്ളത്.

ആ വലിയ സർപ്രൈസ് എന്താണ് ?

ADVERTISEMENT

എട്ടു വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ മടങ്ങി വരികയാണ് സുഹൃത്തുക്കളെ (ഉറക്കെ ചിരിക്കുന്നു). നല്ലൊരു പ്രോജക്ടിന്റെ ഭാഗമാകുകയാണ്. ‘തീ’ എന്നാണ് ചിത്രത്തിന്റെ പേര്. മനോരമ ആഴ്ചപ്പതിൽ വന്ന കവർ ചിത്രം കണ്ടിട്ടാണ് പണ്ട് സിബി മലയില്‍ സാർ ‘ഇഷ്ട’ത്തിലേക്ക് വിളിച്ചത്. രണ്ടാം വരവിൽ ‘വനിത’യാണ് നിമിത്തം. ‘വനിത’യിൽ വന്ന ഒരു ഫീച്ചറിൽ നിന്നാണ് ഈ സിനിമാകഥ തുടങ്ങുന്നത്. ഒരുപക്ഷേ, ദൈവം എനിക്കായി കാത്തുവച്ച സിനിമയായിരിക്കണം അത്. നിരവധി സിനിമകളുടെ തിരക്കഥ ഒരുക്കിയ സുരേഷ് ബാബു ആണ് ‘തീ’ യുടെ തിരക്കഥാകൃത്ത്. സംവിധാനം വി.കെ പ്രകാശ്. 2018 അവസാനം കൈ കൊടുത്ത കഥയാണ്. ഒരു വർഷം കാത്തിരിക്കേണ്ടി വന്നു അത് യാഥാർഥ്യമാകാൻ.

‘തീ’ യിലെ തീപ്പൊരിയാണോ ?

ADVERTISEMENT

ഉറപ്പായും. സാധാരണക്കാരിയായ ഒരു സ്ത്രീ. അവരുടെ ജീ വിതത്തിലെ ഏക സമ്പാദ്യമാണ് കഴുത്തിലെ താലി മാല. ഈ മാല കള്ളൻ പൊട്ടിച്ചു കൊണ്ടു പോവുകയാണ്. മാലയ്ക്ക് വേണ്ടി അവൾ നടത്തുന്ന ഓട്ടമാണ് ചിത്രം. ഇതിനുള്ളിൽ നിസ്സഹായയായ ഒരു സ്ത്രീയുടെ ജീവിതമുണ്ട്. സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ശക്തിപ്പെടുത്തുന്നത് എന്നു കേട്ടിട്ടില്ലേ. ഓരോ സ്ത്രീയും ജീവിതത്തിൽ ഒരു തവണയെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത സത്യങ്ങൾ ഒരുപാടുണ്ട്.

എട്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും തിരിച്ചു വരാൻ തോന്നിയിട്ടില്ലേ ?

എട്ട് വർഷങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാലയളവല്ല. കാരണം ആ കാലമത്രയും തിരക്കിൽ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപേ മകൻ ജനിച്ചു. പിന്നെ അവന്റെ കാര്യങ്ങൾക്കായി മുൻഗണന. അതിനിടയിൽ ‘ദൃശ്യ’ത്തിന്റെ കന്നഡ ചെയ്തിരുന്നു. അന്നു പാലുകുടി പോലും മാറാത്ത മോനെ എടുത്താണ് ലൊക്കേഷനിൽ പോയത്. ഇടയ്ക്കൊക്കെ കഥകൾ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, തിരിച്ചു വരവിൽ ചെയ്യേണ്ട സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മഞ്ജു ചേച്ചി ശക്തമായി തിരിച്ചുവന്നത് കണ്ടപ്പോൾ കോൺഫിഡൻസ് കൂടി. എന്നിട്ടും എല്ലാം ഒത്തുവരാൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു.

നവ്യ പോയ കാലത്തെ സിനിമയല്ല ഇപ്പോൾ, പേടി തോന്നുന്നുണ്ടോ ?

കലയ്ക്ക് കാലമില്ല എന്നാണ് വിശ്വസിക്കുന്നത്. ഞാൻ അ ഭിനയം തുടങ്ങിയ സമയത്തും റിയലിസം ഉണ്ടായിരുന്നു. ‘നന്ദ ന’ത്തിലെ ബാലാമണി റിയലിസ്റ്റിക്കായിരുന്നില്ലേ? അഭിനേതാക്കൾ വെള്ളം പോലെയാണ്. ഏതു പാത്രത്തിലേക്കാണോ ഒഴിക്കുന്നത് ആ രൂപം സ്വീകരിക്കും. നെടുമുടി വേണു ചേട്ടനെ നോക്കൂ. ഏതൊക്കെ കാലഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ കയ്യിലൂടെ ഭദ്രമായി കയറിയിറങ്ങി പോകുന്നത്. അതുകൊണ്ട് സിനിമ തെല്ലും മാറിയിട്ടില്ല. കാലം മാറുന്നതിനുസരിച്ച് ഒഴുകുന്നു എന്നു മാത്രം. ഞാനും ആ ഒഴുക്കിനൊപ്പം പരമാവധി ശ്രമിക്കും. ലതാ മങ്കേഷകറിന്റെ ശബ്ദത്തിൽ ‘ലഗ് ജാ ഗലേ...’ കേട്ടാൽ ഏതു കാലത്തും നമ്മൾ ആസ്വദിക്കില്ലേ? ‘ജിമിക്കി കമ്മൽ’ കേട്ടാൽ രണ്ടു ചുവട് വയ്ക്കില്ലേ? അതുകൊണ്ടാണ് കലയ്ക്ക് കാലമില്ല എന്നു പറയുന്നത്.

സിനിമയിലിപ്പോള്‍ ഡബ്ളിയൂസിസി പോലുള്ള സംഘടനകളൊക്കെ സജീവമാണ് ?

പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാർ വിമർശിക്കപ്പെടുന്നത് കാണുമ്പോൾ ഓർക്കാറുണ്ട്, പണ്ട് ഞാ നും ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്. അ ന്ന് സോഷ്യൽമീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല എന്നു മാത്രം.

ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞത്രു വലിയ ചർച്ചയായി. ഞാൻ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു. പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്.

ഇന്നത്തെ കുട്ടികൾ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്. പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോൾ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്.

ADVERTISEMENT